/indian-express-malayalam/media/media_files/5OM6IRXT2IbQTSczpWyL.jpg)
ഇന്ന് രാവിലെ ഉണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു (Photo: X)
സിലിഗുരി: പശ്ചിമ ബംഗാളിലെ ന്യൂ ജൽപായ്ഗുരിക്ക് സമീപം സീൽഡയിലേക്ക് പോയ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 9 മരണം. രാവിലെയുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റെയിൽവേ ഔദ്യോഗികമായി പുറത്തുവിട്ട വിവരം. ട്രെയിനിന്റെ രണ്ട് കോച്ചുകൾ പാളം തെറ്റിയ നിലയിലാണ്. മരണസംഖ്യ ഉയരാനുള്ള സാധ്യതയും റെയിൽവേ തള്ളിക്കളയുന്നില്ല.
രാവിലെ കാഞ്ചൻജംഗ എക്‌സ്‌പ്രസിന്റെ ലോക്കോ പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അഡീഷണൽ എസ്പി കുർസിയോങ് അഭിഷേക് റോയ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് പൊലീസ് എന്നും അദ്ദേഹം പറഞ്ഞു. ഗുഡ്സ് ട്രയിൻ സിഗ്നൽ തെറ്റിച്ച് പാളത്തിലേക്ക് കടന്നുവന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു.
സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് അറിയിച്ചു. “ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവ പ്രദേശത്ത് നടന്ന ഒരു ദാരുണമായ ട്രെയിൻ അപകടത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണ്. കാഞ്ചൻജംഗ എക്സ്പ്രസ് ഒരു ചരക്ക് ട്രെയിനിൽ ഇടിച്ചതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം, വൈദ്യസഹായം എന്നിവയ്ക്കായി ഡിഎം, എസ്പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ സ്ഥലത്തെത്തിട്ടുണ്ട്, യുദ്ധകാല അടിസ്ഥാനത്തിൽ നടപടി ആരംഭിച്ചു,” മമതാ ബാനർജി പറഞ്ഞു.
സിലിഗുരിയിൽ രാവിലെ മുതൽ പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ നിന്ന് സിലിഗുരിയിലേക്കുള്ള പ്രധാന റെയിൽ പാതയിലാണ് അപകടമുണ്ടായിരിക്കുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ പാതയിലൂടെയുള്ള ദീർഘദൂര ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
Read More
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
- കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ, 16 പേരെ തിരിച്ചറിഞ്ഞു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.