/indian-express-malayalam/media/media_files/Sp7SElReSTZUsbTZHzrt.jpg)
ഇപ്പോഴും സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, സ്കൂളുകളുടെ സമയത്ത് മാത്രമായി കോച്ചിംഗ് ക്ലാസുകൾ നിയന്ത്രിക്കും. (പ്രതീകാത്മക ചിത്രം. എക്സ്പ്രസ് ഫോട്ടോ)
ഡൽഹി: രാജ്യത്ത് വർധിച്ച് വരുന്ന സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ അനിയന്ത്രിതമായ വളർച്ചയെ ചെറുക്കാനായി നിയമനിർമ്മാണവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് നടപ്പിലാക്കുന്നതിനുള്ള മാതൃകാ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
16 വയസിൽ താഴെയുള്ള വിദ്യാർഥികളെ കോച്ചിംഗ് സെന്ററുകളിൽ ചേർക്കരുതെന്ന് കേന്ദ്രം പുറത്തിറക്കിയ 'ഗൈഡ് ലൈൻസ് ഫോർ കോച്ചിംഗ് സെന്റർ 2024'ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. കോച്ചിംഗ് സെന്ററുകൾ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും തെറ്റിദ്ധാരണാജനകമായ വാഗ്ദാനങ്ങളോ, റാങ്കുകൾ ഉറപ്പുനൽകുകയോ ചെയ്യരുതെന്നും മാർഗ്ഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
ബിരുദത്തിൽ താഴെ യോഗ്യതയുള്ള ട്യൂട്ടർമാരെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിപ്പിക്കാൻ അനുവദിക്കരുതെന്നും കേന്ദ്രത്തിന്റെ പ്രത്യേക മാർഗ്ഗനിർദ്ദേശമുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് അമിതമായ ഫീസ് ഈടാക്കുന്നതോ, വിദ്യാർത്ഥികളുടെ ആത്മഹത്യയിലേക്കും മറ്റ് ക്രമക്കേടുകളിലേക്കും നയിക്കുന്നതുമായ കോച്ചിംഗ് സെന്ററുകൾക്ക് ഒരു ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കിൽ രജിസ്ട്രേഷൻ റദ്ദാക്കാനോ അനുമതിയും കേന്ദ്രം നൽകിയിട്ടുണ്ട്.
“ഒരു നയത്തിന്റെയും നിയന്ത്രണത്തിന്റെയും അഭാവത്തിൽ രാജ്യത്ത് നിയന്ത്രണമില്ലാത്ത സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം കേന്ദ്രങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്ന സംഭവങ്ങളും, അമിത സമ്മർദ്ദം മൂലം വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും, ഇത്തരം കേന്ദ്രങ്ങളിൽ തീപിടിത്തവും മറ്റു അപകടങ്ങളും മൂലം വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടുന്നതും, മറ്റ് നിരവധി കെടുകാര്യസ്ഥതകളും ഇത്തരം കേന്ദ്രങ്ങളിൽ സംഭവിക്കുന്നതായി മാധ്യമങ്ങളിൽ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുണ്ട്," ഉത്തരവിൽ പറയുന്നു.
മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി മൂന്ന് മാസത്തിനകം, രാജ്യത്തെ മുഴുവൻ കോച്ചിങ്ങ് സെന്ററുകൾക്കും (പുതിയതും, നിലവിലുള്ളതും ഉൾപ്പെടെ) രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്രം ഉത്തരവിറക്കി. കോച്ചിംഗ് സെന്ററിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും കോച്ചിംഗ് സെന്ററിന്റെ രജിസ്ട്രേഷന്റെ ആവശ്യമായ യോഗ്യതയും തൃപ്തികരമായ പ്രവർത്തനങ്ങളും നിറവേറ്റുന്നതിനെ കുറിച്ച് ഏതെങ്കിലും കോച്ചിംഗ് സെന്ററിനെക്കുറിച്ച് അന്വേഷിക്കുന്നതിനും സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ട്.
"പ്ലസ് ടു ലെവൽ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാന/ കേന്ദ്രഭരണ സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് കണക്കിലെടുത്ത്, അതിനാൽ ഈ സ്ഥാപനങ്ങളെ ഏറ്റവും നന്നായി നിയന്ത്രിക്കുന്നത് ഈ സർക്കാരുകളുടെ ചുമതലയാണെന്നും റിപ്പോർട്ടിൽ പറയുന്നു," രേഖ പറയുന്നു.
കോച്ചിംഗ് ഇൻസ്റ്റിറ്റ‌്യൂട്ടുകളിൽ ചേരാൻ കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനായി നല്ല റാങ്കോ മാർക്കോ പോലുള്ള തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ പരസ്യപ്പെടുത്തുന്ന, പ്രവണതകളെ തകർക്കാൻ ഉദ്ദേശിച്ചുള്ളവയാണ് പുതിയ കേന്ദ്ര നിർദ്ദേശങ്ങൾ. “ഒരു കോച്ചിംഗ് സെന്ററും, കോച്ചിംഗിന്റെ ഗുണനിലവാരത്തെക്കുറിച്ചോ, അതിൽ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളെക്കുറിച്ചോ, അല്ലെങ്കിൽ അത്തരം കോച്ചിംഗ് സെന്ററോ വിദ്യാർത്ഥിയോ നേടിയ ഫലത്തെക്കുറിച്ചോ, നേരിട്ടോ അല്ലാതെയോ ഏതെങ്കിലും അവകാശവാദവുമായി ബന്ധപ്പെട്ട തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിക്കരുത്,” മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
കോച്ചിംഗ് സെന്ററുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ മാനസിക ക്ഷേമം ഉറപ്പാക്കാൻ, വിദ്യാർത്ഥികൾക്ക് ആഴ്ച തോറുമുള്ള അവധിയും മാർഗ്ഗനിർദ്ദേശങ്ങളിലുണ്ട്. അനുയോജ്യമായ ഇടവേളകളുള്ള പാഠ്യപദ്ധതിയും, ദിവസത്തിൽ അഞ്ച് മണിക്കൂറിൽ കൂടാത്ത ക്ലാസുകളും നിർബന്ധമാക്കും.
പ്രത്യേകിച്ച് മത്സര-പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ആത്മഹത്യാ കേസുകൾ ക്രമാതീതമായി വർധിക്കുന്ന പശ്ചാത്തലത്തിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ. 2023ൽ മാത്രം, 28 വിദ്യാർത്ഥി ആത്മഹത്യകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതൽ കേസുകളും ഇന്ത്യയിലെ പ്രശസ്തമായ കോച്ചിംഗ് ജില്ല എന്നറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ടയിലാണ്.
അധ്യാപകരുടെ യോഗ്യത, കോഴ്‌സുകൾ അല്ലെങ്കിൽ പാഠ്യപദ്ധതി, പൂർത്തിയാക്കുന്ന കാലയളവ്, ഹോസ്റ്റൽ സൗകര്യങ്ങൾ, ഈടാക്കുന്ന ഫീസ് എന്നിവയുടെ പുതുക്കിയ വിശദാംശങ്ങളുള്ള ഒരു വെബ്‌സൈറ്റ് കോച്ചിംഗ് സെന്ററുകൾ പരിപാലിക്കേണ്ടതുണ്ട്. ഈസി എക്സിറ്റ് പോളിസിയും ഫീസ് റീഫണ്ട് പോളിസിയുടെ വിശദാംശങ്ങളും വെബ്‌സൈറ്റിൽ നൽകേണ്ടതുണ്ട്. ഒരു വിദ്യാർത്ഥി കോഴ്‌സിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 10 ദിവസത്തിനുള്ളിൽ പ്രോ-റേറ്റാ അടിസ്ഥാനത്തിൽ അടച്ച ഫീസ് പൂർണ്ണമായും തിരികെ നൽകാനും മാർഗ്ഗനിർദ്ദേശങ്ങൾ കോച്ചിംഗ് സെന്ററുകൾക്ക് ശുപാർശ ചെയ്യുന്നു.
വിദ്യാർത്ഥിയോ രക്ഷിതാവോ അദ്ധ്യാപകനോ പോലും കോച്ചിംഗ് സെന്ററുകൾക്കെതിരെ "ഒരു യോഗ്യതയുള്ള അധികാരി" മുമ്പാകെ പരാതികൾ ഫയൽ ചെയ്യുന്നതിനുള്ള വ്യവസ്ഥയും മാർഗ്ഗനിർദ്ദേശങ്ങളിലുണ്ട്. പരാതികൾ മുപ്പത് ദിവസത്തിനകം തീർപ്പാക്കേണ്ടതുണ്ടെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. ഇപ്പോഴും സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്, സ്കൂൾ സമയങ്ങളിൽ കോച്ചിംഗ് ക്ലാസുകൾ നിയന്ത്രിക്കപ്പെടും. അതിനാൽ അത്തരം സ്ഥാപനങ്ങളിലെ അവരുടെ സ്ഥിരമായ ഹാജർ നിലയെ ബാധിക്കില്ല.
വിദ്യാർത്ഥികളെ കുടുംബവുമായി ബന്ധിപ്പിക്കുന്നതിനും, വൈകാരിക ഉത്തേജനം ലഭിക്കുന്നതിനും, കോച്ചിംഗ് സെന്ററുകൾ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കണം. കോ-കരിക്കുലർ പ്രവർത്തനങ്ങൾ, ജീവിത നൈപുണ്യങ്ങൾ, ഒരു സൈക്കോളജിസ്റ്റിൽ നിന്നുള്ള കൗൺസിലിംഗ്, വൈകാരിക അടുപ്പം, മാനസിക ക്ഷേമം എന്നിവയ്ക്ക് കോച്ചിംഗ് സെന്ററുകൾ മുൻഗണന നൽകണമെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
Read More
- രാമക്ഷേത്രത്തിലേക്ക് പൊതുജന പ്രവേശനം എന്നുമുതൽ? വിഗ്രഹ പ്രതിഷ്ഠക്ക് മുന്നോടിയായി നടക്കുന്ന പൂജാവിധികൾ; 'രാം ലല്ലയുടെ' പ്രതിഷ്ഠാ വിശേഷങ്ങൾ
- ദേശീയ നേതൃത്വത്തിന്റെ എതിർപ്പിനിടയിലും അയോധ്യ സന്ദർശിച്ച് യു പിയിലെ കോൺഗ്രസ് നേതൃത്വം
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
- അയോധ്യയിൽ രാം ലല്ലയുടെ ഉപാസകരാകാൻ തയ്യറെടുക്കുന്നത് 21 യുവാക്കൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.