/indian-express-malayalam/media/media_files/T4RbyTJvqcCfBu4P4c0I.jpg)
നോയൽ ടാറ്റ
Noel Tata:മുംബൈ: അന്തരിച്ച വ്യവസായി രത്തൻ ടാറ്റയുടെ പിൻഗാമിയായി ടാറ്റ ട്രസ്റ്റുകളുടെ ചെയർമാൻ സ്ഥാനത്തേക്ക് നോയൽ എൻ ടാറ്റ. ഇന്ന് മുംബൈയിൽ ചേർന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് അറുപത്തിയേഴുകാരനായ നോയൽ.
ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിൾ ഫൗണ്ടേഷനുകളിൽ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനുകീഴിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങൾ. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്റെ പതിനൊന്നാമത്തെ ചെയർമാനും സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെ ആറാമത്തെ ചെയർമാനുമായാണ് നോയൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ 52 ശതമാനത്തോളം ഓഹരിയാണ് ഇരു ട്രസ്റ്റുകളും ചേർന്ന് കൈവശം വെച്ചിരിക്കുന്നത്. സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും സർ ദൊറാബ്ജി ട്രസ്റ്റിന്റെയും കീഴിൽ മൂന്ന് ട്രസ്റ്റുകൾ വീതമുണ്ട്.
ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ ചെയർമാനും നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നോയൽ ടാറ്റ നാല് പതിറ്റാണ്ടായി ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ്. ട്രെന്റ്, വോൾട്ടാസ് ആൻഡ് ടാറ്റ ഇൻവെസ്റ്റ്‌മെന്റ് കോർപറേഷൻ എന്നിവയുടെ ചെയർമാനായും ടാറ്റ സ്റ്റീൽ ആൻഡ് ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ വൈസ് ചെയർമാനായും സേവനമനുഷ്ഠിക്കുന്നത് ഉൾപ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകളിൽ നോയൽ സ്ഥാനങ്ങൾ വഹിക്കുന്നു.
സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോർഡ് ട്രസ്റ്റി പദവി വഹിച്ചുകൊണ്ടിരുന്ന നോയൽ, ടാറ്റ ഗ്രൂപ്പിന്റെ വ്യാപാര-വിതരണ വിഭാഗമായ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറുമാണ്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ2 010 ഓഗസ്റ്റിനും 2021 നവംബറിനുമിടയിൽ 500 മില്യൺ ഡോളറിന്റെ വിറ്റുവരവിൽനിന്ന് മൂന്ന് ബില്യൺ ഡോളറിലേക്ക് കമ്പനിയുടെ വളർച്ച പ്രാപിച്ചു.
ടാറ്റ ട്രെന്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനവും നോയൽ വഹിച്ചിരുന്നു. കമ്പനിയുടെ വിപുലീകരണത്തിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. 1998-ൽ ഒരു സ്റ്റോർ മാത്രമുണ്ടായിരുന്ന കമ്പനി ഇന്ന് എഴുന്നൂറിലധികം സ്റ്റോറുകളായി വളർന്നു.
യുകെയിലെ സസെക്സ് യൂണിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടി നോയൽ ടാറ്റ ഐഎൻഎസ്ഇഎഡിയിൽനിന്ന് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് പ്രോഗ്രാമും പൂർത്തിയാക്കി. നവൽ എച്ച് ടാറ്റയും സിമോൺ എൻ ടാറ്റയുമാണ് മാതാപിതാക്കൾ. നവൽ എച്ച് ടാറ്റയ്ക്ക് രണ്ട് ഭാര്യമാണുണ്ടായിരുന്നത്. ആദ്യ ഭാര്യ സൂനി ടാറ്റയിലുള്ള മക്കളാണ് രത്തൻ ടാറ്റയും ജിമ്മി ടാറ്റയും.
രത്തൻ ടാറ്റയ്ക്കുശേഷം ഇടക്കാലത്ത് ടാറ്റ സൺസ് ചെയർമാൻ സ്ഥാനം വഹിച്ച സൈറസ് മിസ്ത്രിയുടെ സഹോദരി അലൂ മിസത്രിയാണ് നോയലിന്റെ ഭാര്യ. ലിയ ടാറ്റ, നെവിൽ ടാറ്റ, മായ ടാറ്റ എന്നിവരാണ് നോയൽ ടാറ്റ- അലൂ മിസ്ത്രി ദമ്പതികളുടെ മക്കൾ. മൂവരും ടാറ്റ ട്രസ്റ്റ് ബോർഡ് അംഗങ്ങളാണ്.നോയൽ ടാറ്റയുടെ മകൾ മായ ടാറ്റ, മെഹർജി പല്ലോൻജി ഗ്രൂപ്പിന്റെ ഡയരക്ടർ മെഹ്ലി മിസ്ത്രി എന്നീ പേരുകളും ടാറ്റ ട്രസ്റ്റ് ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ കസിൻ കൂടിയാണ് മെഹ്ലി.
Read More
- രത്തൻ ടാറ്റ: മനുഷ്യ സ്നേഹിയായ വ്യവസായ ഇതിഹാസം
- രത്തൻ ടാറ്റ ഇനി ഓർമ്മ
- രത്തൻ ടാറ്റയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്
- ഡൽഹി മുഖ്യമന്ത്രിയോട് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടതായി ആരോപണം
- ജമ്മു കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
- ഹരിയാനയെ പെട്ടിയിലാക്കി ബിജെപി, ഇനി ലക്ഷ്യം മഹാരാഷ്ട്ര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.