scorecardresearch

'വ്യാജ വോട്ടർമാർ, വിലാസങ്ങൾ, ഫൊട്ടോകൾ'; തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുമായി ചേർന്ന് വോട്ടു മോഷ്ടിക്കുന്നു: രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ച് തിരഞ്ഞെടുപ്പ് സംവിധാനത്തെ നശിപ്പിക്കുകയാണെന്നും വിഷയത്തിൽ ജുഡീഷ്യറി ഇടപെടണമെന്നും രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ച് തിരഞ്ഞെടുപ്പ് സംവിധാനത്തെ നശിപ്പിക്കുകയാണെന്നും വിഷയത്തിൽ ജുഡീഷ്യറി ഇടപെടണമെന്നും രാഹുൽ ഗാന്ധി

author-image
WebDesk
New Update
Rahul Gandhi

ഡൽഹിയിലെ ഇന്ദിരാ ഭവനിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ക്രിമിനൽ തട്ടിപ്പു നടത്തിയെന്നും വോട്ട് മോഷണം നടന്നതായും രാഹുൽ ഗാന്ധി ആരോപിച്ചു.

Advertisment

തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി വാർത്താ സമ്മേളനത്തിൽ ആരോപിച്ച രാഹുൽ ഇതിന്റെ തെളിവുകളും പുറത്തുവിട്ടു. കഴിഞ്ഞ വർഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ബെംഗളൂരു സെൻട്രൽ ലോക്‌സഭാ സീറ്റിൽ വോട്ടു മോഷണം നടന്നത് അഞ്ച് വ്യത്യസ്ത വഴികളിലൂടെയാണെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ, ഇത് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിക്കൂട്ടിലാക്കുമെന്ന് പറഞ്ഞു.

ബെംഗളൂരു സെന്‍ട്രലിലെ മഹദേവപുര നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളും അദ്ദേഹം പുറത്തുവിട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 32,707 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപി ബെംഗളൂരു സെൻട്രൽ സീറ്റ് നേടിയിരുന്നു. ഇവിടെ 1,00,250 വോട്ടുകൾ മോഷ്ടിക്കപ്പെട്ടന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

Also Read: വ്‌ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്; ഓഗസ്റ്റ് അവസാനത്തോടെ സന്ദർശനം

Advertisment

മഹാദേവപുര ഒഴികെയുള്ള എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിച്ചുവെന്നും, മഹാദേവപുരയിലെ ഭൂരിപക്ഷമാണ് ബിജെപിക്ക് സീറ്റ് നേടിക്കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർ, വ്യാജവും അസാധുവുമായ വിലാസങ്ങൾ, ഒറ്റ വിലാസത്തിലെ നിരവധി വോട്ടർമാർ, അസാധുവായ ഫോട്ടോകൾ, ഫോം 6 ന്റെ ദുരുപയോഗം എന്നിങ്ങനെ അഞ്ചു വ്യത്യസ്ത രീതികളിലാണ് വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കോൺഗ്രസ് നടത്തിയ വോട്ടർ പട്ടികയുടെ വിശകലനത്തിൽ, 11,965 വ്യാജ വോട്ടുകളും 40,009 വ്യാജവും അസാധുവുമായ വിലാസങ്ങളും ഒറ്റ വിലാസത്തിലെ 10,452 ബൾക്ക് വോട്ടർമാരെയും 4,132 അസാധുവായ ഫോട്ടോകളും ഫോം 6 ദുരുപയോഗം ചെയ്യപ്പെട്ട 33,692 കേസുകളും കണ്ടെത്തിയതായി രാഹുൽ ഗാന്ധി പറഞ്ഞു. ഒരു വ്യക്തി തന്നെ നാലു പോളിംഗ് ബൂത്തുകളിൽ എത്തി ഒന്നിലധികം വോട്ടു ചെയ്ത സംഭവങ്ങൾ നിരവധിയുണ്ട്. 11,000-ത്തോളം വോട്ടുകൾ ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: രാജ്യതാൽപര്യത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്; ട്രംപിന് മറുപടിയുമായി മോദി

11,965 വ്യാജ വോട്ടർമാരുടെ വിവരങ്ങൾ രാഹുൽ ഗാന്ധി പത്രസമ്മേളനത്തിൽ പുറത്തുവിട്ടു. ഗുർകിരത് സിങ് ഡാങ് എന്ന വ്യക്തിയുടെ ഫോട്ടോയുള്ള വോട്ടർ പട്ടികകൾ മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ച അദ്ദേഹം, മണ്ഡലത്തിലെ നാലു വ്യത്യസ്ത പോളിംഗ് ബൂത്തുകളിലെ വോട്ടർ പട്ടികയിൽ ഇതേ പേരുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

വിലാസമില്ലാത്തതും അസാധുവായ വിലാസമുള്ളതുമായ ആയിരക്കണക്കിന് വോട്ടർമാരാണ് ഉള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. "ഇവ മൂന്നു തരത്തിലാണ്. നിലവിലില്ലാത്ത വിലാസം, വീട്ടു നമ്പർ പൂജ്യമായവ, വിലാസം പരിശോധിക്കാൻ കഴിയാത്തവ. പിതാവിന്റെ പേര് അടക്കമുള്ള കോളങ്ങളിൽ വ്യാജ വിവരങ്ങളാണ് നൽകിയിരിക്കുന്നത്," രാഹുൽ പറഞ്ഞു. വ്യാജ വിലാസത്തിൽ 40,009 വോട്ടർമാർ ഉള്ളതായി കോൺഗ്രസ് കണ്ടെത്തിയിട്ടുണ്ട്. 68 വോട്ടർമാരുള്ള ഒരു ബ്രൂവറിയുടെ ഫോട്ടോയും രാഹുൽ ഗാന്ധി പുറത്തുവിട്ടു. 'അതൊരു വാണിജ്യ സ്ഥാപനമാണെന്നും അവിടെ താമസക്കാരായി ആരുമില്ലെന്നും,' രാഹുൽ ഗാന്ധി പറഞ്ഞു.

Also Read: ഉദ്ദംപൂരിൽ സിആർപിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികർ മരിച്ചു

തിരഞ്ഞെടുപ്പ് കമ്മീഷൻ തങ്ങൾക്ക് വിവരങ്ങൾ നൽകുന്നില്ലെന്നും അത് ക്രിമിനൽ തട്ടിപ്പിന്റെ തെളിവാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ഒത്തുകളിച്ച് തിരഞ്ഞെടുപ്പ് സംവിധാനത്തെ നശിപ്പിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വിഷയത്തിൽ ജുഡീഷ്യറി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More: അന്വേഷണ റിപ്പോർട്ട് റദ്ദാക്കണം; ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഹർജി സുപ്രീംകോടതി തളളി

Rahul Gandhi Bjp Congress Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: