/indian-express-malayalam/media/media_files/2025/09/13/pm-modi-2025-09-13-12-22-54.jpg)
ചിത്രം: എക്സ്
ഡൽഹി: മണിപ്പൂരിൻ സമാധാനം പുനഃസ്ഥാപിക്കണമെന്നും സർക്കാർ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കലാപശേഷമുള്ള ആദ്യ സന്ദർശനത്തിൽ മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കനത്ത മഴയെ തുടർന്ന് ഹെലികോപ്റ്റര്‍ യാത്ര ഒഴിവാക്കി റോഡ് മാര്‍ഗം 12 മണിയോടെയാണ് പ്രധാനമന്ത്രി മണിപ്പൂരിലെത്തിയത്.
ഇംഫാലിൽ നിന്ന് ചുരാചന്ദ്പൂരിലേക്കുള്ള യാത്രയിലുടനീളം ലഭിച്ച സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 'മണിപ്പൂർ ധൈര്യത്തിന്റെയും മനക്കരുത്തിന്റെയും നാടാണ്. ഈ കുന്നുകൾ പ്രകൃതിയുടെ സമ്മാനമാണ്. ഈ നാടിന്റെ ഊർജ്ജസ്വലതയും വൈവിധ്യവുമാണ് ഇന്ത്യയുടെ ശക്തി. മണിപ്പൂരെന്ന പേരിൽ തന്നെ മണി (രത്നം) ഉണ്ട്. ഭാവിയിൽ, ഇത് ഈ മേഖലയുടെ തിളക്കം വർദ്ധിപ്പിക്കുകയേയുള്ളൂ,' പ്രധാനമന്ത്രി പറഞ്ഞു.
Also Read: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കർക്കി അധികാരമേറ്റു; രാജ്യത്തെ നയിക്കുന്ന ആദ്യ വനിത
ഇന്ന് ഉദ്ഘാടനം ചെയ്ത 7,000 കോടി രൂപയുടെ വിവിധ പദ്ധതികൾ സംസ്ഥാനത്തെ ജനജീവിതം മെച്ചപ്പെടുത്തുമെന്നും, ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ പുതിയ സൗകര്യങ്ങൾ സൃഷ്ടിക്കുമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും മണിപ്പൂരിലെ ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാ സംഘടനകളോടും താൻ അഭ്യർത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു. 'നിങ്ങളുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുക. ഞാൻ നിങ്ങളോടൊപ്പമുണ്ട്,' പ്രധാനമന്ത്രി പറഞ്ഞു.
മണിപ്പൂരിൽ 7000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മണിപ്പൂരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ നിരോധിത സംഘടനകൾ രം​ഗത്തുവന്നിട്ടുണ്ട്. മോദി പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കാൻ ആറ് സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ദി കോർഡിനേഷൻ കമ്മിറ്റി മോദി സംസ്ഥാനം വിടുംവരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതേസമയം, കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മോദി സന്ദർശിക്കുകയും പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
2023 മെയ് മാസത്തിലാണ് മണിപ്പൂരിൽ സംഘർഷം ആരംഭിച്ചത്. കലാപശേഷം ഇതുവരെ മോദി മണിപ്പൂർ സന്ദർശിക്കാതിരുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രി കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരന്തബാധിതരെ ആശ്വസിപ്പിക്കുകയും വേണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായിരുന്നില്ല.
Also Read: ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകം: 22 കാരനായ പ്രതി പിടിയിൽ; പേരു വിവരങ്ങൾ പുറത്തുവിട്ട് എഫ്ബിഐ
മണിപ്പൂരിൽ മെയ്‌തേയ്- കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 260-ലേറെ പേരാണ് കൊല്ലപ്പെട്ടത്. അറുപതിനായിരത്തിലേറേ പേർ ഇപ്പോഴും അഭയാർത്ഥി ക്യാംപുകളിലാണ് താമസിക്കുന്നത്.
Read More: മോദിയുടെ അമ്മയെ കഥാപാത്രമാക്കി എഐ വീഡിയോ; കോൺഗ്രസ് എല്ലാ അതിരുകളും ലംഘിക്കുന്നുവെന്ന് ബിജെപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us