/indian-express-malayalam/media/media_files/2025/08/14/operation-sindoor-2025-08-14-10-16-10.jpg)
എക്സ്പ്രസ് ഫൊട്ടോ: പ്രവീൺ ഖന്ന
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതി വഴി അഗ്നിവീർ ആകുന്നവരുടെ നിയമന കാലാവധി നീട്ടുന്നത് സംബന്ധിച്ച് സായുധ സേനയിൽ ചർച്ചകൾ ചെയ്യുന്നുണ്ടെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കര, നാവിക, വ്യോമ സേനകളിലേക്കു സൈനികരെ റിക്രൂട്ട് ചെയ്യാന്‍ 2022 ൽ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണ് അഗ്നിപഥ്. പദ്ധതിയിൽ നാലു വർഷത്തേക്ക് നിയമനം. ഈ നിയമന കാലാവധി നീട്ടുന്നതിനെക്കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്.
അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് സേനകളും പ്രതിരോധവകുപ്പും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഇതുവരെ വലിയ മാറ്റങ്ങളൊന്നും അംഗീകരിച്ചിട്ടില്ല. എന്നാൽ, മേയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിനുശേഷം, പരിശീലനം, അനുഭവം, നാല് വർഷത്തിനിടെ അവർ നേടിയ വൈദഗ്ദ്ധ്യം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി, അഗ്നിവീറുകളുടെ നിയമന കാലാവധി നീട്ടുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിലെ അഗ്നിവീറുകളുടെ പ്രകടനം മികച്ചതാണെന്ന് വൃത്തങ്ങൾ പറഞ്ഞു.
2026 അവസാനത്തോടെ അഗ്നിവീർമാരുടെ ആദ്യ ബാച്ച് നാല് വർഷം പൂർത്തിയാക്കും. ആ സമയത്താണ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാകാൻ സാധ്യത. നിലവിലെ നിയമങ്ങൾ അനുസരിച്ച്, നാല് വർഷത്തെ കാലാവധി അവസാനിക്കുമ്പോൾ, മൊത്തം റിക്രൂട്ട്മെന്റില്‍ 25 ശതമാനം പേരെ മാത്രമേ സ്ഥിരം കമ്മിഷനായി 15 വര്‍ഷത്തേക്കു കൂടി തുടരാന്‍ അനുവദിക്കൂ. ഈ 25 ശതമാനം വർധിപ്പിക്കുന്നതിനുള്ള ചർച്ചകൾ സൈന്യത്തിൽ നടന്നുവരികയാണെന്ന് വൃത്തങ്ങൾ പറഞ്ഞു.
Also Read: ചികിത്സ ചെലവ് താങ്ങാനാവുന്നില്ല; സങ്കടക്കയത്തിൽ പരിശീലനത്തിനിടെ വികലാംഗരായ ബ്രേവ്ഹാർട്ട് കേഡറ്റുകൾ
ഈ ശതമാന വർധനവ് സംബന്ധിച്ച് ഇപ്പോഴും സൈന്യത്തിനുള്ളിൽ ചർച്ചകൾ നടക്കുന്നുണ്ട്. അന്തിമ നിർദേശം സർക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കുന്നതിന് മുമ്പ് അടുത്ത ആർമി കമാൻഡർമാരുടെ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. നിലവില്‍, സേനയിലെ ശരാശരി പ്രായം 32 ആണ്. ഇത് ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ 26 ആയി കുറയാന്‍ ലക്ഷ്യമിടുന്നതാണു അഗ്നിപഥ് പദ്ധതി.
Read More: ഗാസയെ ഹമാസിൻറെ കൈകളിൽ നിന്ന് മോചിപ്പിക്കും:നിലപാടിലുറച്ച് ബെഞ്ചമിന്‍ നെതന്യാഹു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.