/indian-express-malayalam/media/media_files/2024/10/31/TOJwbDynBd25RpPzKTjO.jpg)
നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്തിന് പുതിയ ഊർജം നൽകുന്നതാകും ഇത്തവണത്തെ ബജറ്റെന്നും ചരിത്രപരമായ ബില്ലുകൾ ഈ സമ്മേളനകാലയളവിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മഹാലക്ഷ്മിയുടെ അനുഗ്രഹം തേടിയാണ് പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്. ''തന്റെ മൂന്നാം സർക്കാരിലെ മൂന്നാം സമ്പൂർണ ബജറ്റാണ് വരുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം രാജ്യം സമ്പൂർണ വികസനം നേടും. ഈ ബജറ്റിന്റെ ലക്ഷ്യം സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് ശക്തി പകരലാണ്. സമസ്ത മേഖലകളിലെയും വികസനമാണ് ലക്ഷ്യം. യുവാക്കളുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണ്. സ്ത്രീകൾക്കും യുവാക്കൾക്കും ബജറ്റിൽ പ്രത്യേക പരിഗണന നൽകുമെന്നും സ്ത്രീശാക്തീകരണത്തിന് ഊന്നലുണ്ടാകും''- പ്രധാനമന്ത്രി പറഞ്ഞു.
Speaking at the start of the Budget Session of Parliament. https://t.co/IC4Sk4Ppub
— Narendra Modi (@narendramodi) January 31, 2025
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. രാവിലെ 11 മണിക്കാണ് സംയുക്ത സഭാ സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്തത്. ഇതിനുപിന്നാലെ 2024-25 വർഷത്തെ സാമ്പത്തിക സർവ്വെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സഭയുടെ മേശപ്പുറത്ത് വെച്ചതോടെ ലോക്‌സഭാ നാളത്തേക്ക് പിരിഞ്ഞു. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി.അനന്ത നാഗേശ്വരന്റെ നേതൃത്വത്തിലാണ് സാമ്പത്തിക സർവേ തയ്യാറാക്കിയത്. നടപ്പുസാമ്പത്തിക വർഷത്തിലെ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തിന്റെ ഔദ്യോഗിക വിലയിരുത്തലാകുമിത്.
നാളെയാണ് രാജ്യം ഉറ്റുനോക്കുന്ന പൊതുബജറ്റ്. വയനാട് പാക്കേജ് ഉൾപ്പടെ കേരളം വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ നോക്കിക്കാണുന്നത്. വഖഫ് നിയമ ഭേദഗതി ബില്ല് ഈ സമ്മേളനത്തിൽ തന്നെ പാസാക്കാൻ സാധ്യതയുണ്ട്. വഖഫ് ബില്ലിന്മേലുള്ള ജെപിസി റിപ്പോർട്ട് ഇന്ന് സഭയിൽ വെച്ചേക്കും. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ സർവ്വകക്ഷി യോഗം ചേർന്നിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.