/indian-express-malayalam/media/media_files/kFhCMR6RGJta4bo2BxLK.jpg)
എക്സ്പ്രസ് ഫൊട്ടോ
ഗ്യാൻവാപി പള്ളിയിലെ നിലവറയിൽ ഹൈന്ദവ ആരാധന അനുവദിച്ച് ജില്ലാ കോടതിയുടെ വിധി വന്നതിന് പിന്നാലെ പള്ളി സമുച്ചയത്തിലെ അടച്ചിട്ടിരിക്കുന്ന മുഴുവൻ നിലവറകളിലും പരിശോധന വേണമെന്ന് ഹർജി. സമുച്ചയത്തിലെ അടച്ചിട്ടിരിക്കുന്ന മറ്റെല്ലാ ബേസ്‌മെന്റുകളുടെയും എഎസ്ഐ സർവേ ആവശ്യപ്പെട്ട് ഒരു ഹിന്ദു സംഘടനാ അംഗം തിങ്കളാഴ്ച ഹർജി നൽകി. വിശ്വ വേദ സനാതൻ സംഘിന്റെ സ്ഥാപക അംഗമായ രാഖി സിംഗാണ് ഹർജിക്കാരി. വാരണാസി ജില്ലാ കോടതി ചൊവ്വാഴ്ച ഹർജി പരിഗണിക്കും.
ഹർജിക്കാരിയായ രാഖി സിംഗ് വിശ്വ വേദ സനാതൻ സംഘിന്റെ സ്ഥാപക അംഗം എന്നതിന് പുറമേ നേരത്തേ ഗ്യാൻവാപിയിൽ നടന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) സർവേയിലേക്ക് നയിച്ച മാ ശൃംഗർ ഗൗരി കേസിലെ കക്ഷികളിൽ ഒരാളുമാണ്. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ അടച്ചിട്ടിരിക്കുന്ന എല്ലാ നിലവറകളും എഎസ്ഐയെക്കൊണ്ട് അളന്ന് തിട്ടപ്പെടുത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടതായി അവരുടെ അഭിഭാഷകൻ അനുപം ദ്വിവേദി പറഞ്ഞു. അടഞ്ഞുകിടക്കുന്ന നിലവറകളുടെ ഭൂപടവും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബേസ്‌മെന്റുകൾക്കുള്ളിൽ “രഹസ്യ നിലവറകൾ” ഉണ്ടെന്നും ഗ്യാൻവാപി പള്ളിയുടെ “മുഴുവൻ സത്യവും” വെളിപ്പെടുന്നതിന് അവയും സർവേ ചെയ്യേണ്ടതുണ്ടെന്നും ഹർജിയിൽ പറയുന്നു.
അഞ്ച് സ്ത്രീ ഭക്തർ നേരത്തെ നൽകിയ ഹർജിയെത്തുടർന്ന്, നമാസിന് മുമ്പുള്ള ആചാരപരമായ വുദുവിന് ഉപയോഗിക്കുന്ന “വസുഖാന” ഒഴിവാക്കി, ജ്ഞാനവാപി പള്ളി സമുച്ചയത്തിന്റെ സർവേ നടത്താൻ എഎസ്ഐയോട് കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്ന് നടന്ന സർവ്വേയിൽ സമുച്ചയത്തിൽ നിന്നും ഹിന്ദു ശിലകൾ കണ്ടെത്തിയിരുന്നു. തുടർന്ന് പള്ളിയുടെ നിലവറയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകൾ വാരണാസി ജില്ലാ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തിരുന്നു.
കോടതി ഉത്തരവിന് പിന്നാലെ ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറ കഴിഞ്ഞയാഴ്ച തുറന്ന് ഒരു പുരോഹിതൻ പ്രാർത്ഥന നടത്തി. 1993 ഡിസംബർ വരെ തന്റെ മാതൃപിതാവായ പുരോഹിതനായ സോമനാഥ് വ്യാസ് അവിടെ പ്രാർത്ഥന നടത്തിയിരുന്നുവെന്ന ശൈലേന്ദ്ര കുമാർ പതക്കിന്റെ ഹർജിയിൽ കോടതി നിലവറയിൽ പതിവ് പ്രാർത്ഥന അനുവദിച്ചിരുന്നു.
മുലായം സിംഗ് യാദവ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പുരോഹിതന് നിലവറയിലേക്കുള്ള പ്രവേശനം അടച്ചിട്ടിരുന്നതായി പഥക്കിന്റെ അഭിഭാഷകൻ പറയുന്നു.
കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നോമിനേറ്റ് ചെയ്ത പൂജാരിയാണ് നിലവറയിലെ പ്രാർത്ഥനകൾ നടത്തുന്നത്. കോടതി ഉത്തരവിനെത്തുടർന്ന് നിർമ്മിച്ച ബാരിക്കേഡ് മറികടന്ന് നിലവറ ദർശിക്കുന്നതിനായി ക്ഷേത്രത്തിലേക്കുള്ള ഭക്തരും പോകാൻ തുടങ്ങിയിട്ടുണ്ട്. ഔറംഗസേബിന്റെ ഭരണകാലത്ത് ഗ്യാൻവാപി പള്ളി പണിയുന്നതിനായി ഒരു ക്ഷേത്രം തകർത്തുവെന്ന് ഹിന്ദു വ്യവഹാരക്കാർ അവകാശപ്പെടുന്നു. അടുത്തിടെ നടത്തിയ എഎസ്ഐ സർവേയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
Read More:
- ജനാധിപത്യത്തെ കൊലപ്പെടുത്താൻ അനുവധിക്കില്ല:" ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഢ്
- സംസ്ഥാനങ്ങൾക്കുള്ള വിഹിതം നൽകുന്നതിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ല; നിർമ്മലാ സീതാരാമൻ
- മത്സരപരീക്ഷകളിലെ ക്രമക്കേട്; 10 വർഷംവരെ ജയിൽ ശിക്ഷയും ഒരു കോടിവരെ പിഴയും
- അഡ്വാനിയിലൂടെ മുന്നോക്ക വോട്ട് ബാങ്കും കർപ്പൂരി വഴി പിന്നാക്കക്കാരിലേക്കും; ഭാരതരത്നയിലൂടെ ബിജെപി നൽകുന്ന തിരഞ്ഞെടുപ്പ് സന്ദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.