/indian-express-malayalam/media/media_files/8gBAaR7l1R0h84PlbDXM.jpg)
മുതിർന്ന നേതാക്കളടക്കമുള്ളവർ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാവണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു
ഡൽഹി: പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധിയോട് ഐക്യകണ്ഠേന നിർദ്ദേശം സമർപ്പിച്ച് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ ഇത് സംബന്ധിച്ച പ്രമേയം പാസ്സാക്കി. അതേ സമയം പദവി ഏറ്റെടുക്കുന്ന കാര്യം സജീവമായ പരിഗണനയിലാണെന്നും ആലോചനകൾക്ക് ശേഷം ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു.
രാഹുൽ തന്നെ പ്രതിപക്ഷ നേതാവായി എത്തുമെന്നും അദ്ദേഹത്തിനാണ് അതിനുള്ള എല്ലാ യോഗ്യതയുമുള്ളതെന്നും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഈ മാസം 17 ന് ഉണ്ടാകും. രാഹുൽ വിജയിച്ച് വയനാട്, റായ്ബറേലി മണ്ഡലങ്ങളിൽ ഏത് നിലനിർത്തണമെന്നുള്ള കാര്യത്തിലും 17 ന് തീരുമാനമുണ്ടാകുമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിക്കും കോൺഗ്രസിനും വലി മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതായാണ് കോൺഗ്രസ് പ്രവർത്തക സമിതിയുടെ വിലയിരുത്തൽ. ബിജെപിയുടെ സ്വേച്ഛാധിപത്യ നിലപാടിന് തക്കതായ തിരിച്ചടിയാണ് ജനങ്ങൾ നൽകിയതെന്നും ഇന്ത്യാ മുന്നണിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകേണ്ടെതുണ്ടെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ യോഗത്തിൽ വ്യക്തമാക്കി.
“ഞങ്ങളുടെ ആഗ്രഹം 140 കോടി ജനങ്ങളുടെ ആവശ്യം തന്നെയാണ്. രാഹുൽ ഗാന്ധി ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണം" തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കടന്നുപോയ മേഖലകളിൽ വലിയ മുന്നേറ്റങ്ങളുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞുവെന്ന് പ്രവർത്തക സമിതി വിലയിരുത്തി.
രാഹുലിന്റെ ആദ്യ യാത്രയിൽ 12 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 75 ജില്ലകളിലും 71 ലോക്‌സഭാ മണ്ഡലങ്ങളിലുമാണ് പര്യടനം നടന്നത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് കാശ്മീരിൽ സമാപിച്ച യാത്ര 71 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ കടന്നുപോയിരുന്നു. അതിൽ 56 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുകയും 23 സീറ്റുകളിൽ വിജയിക്കുകയും ചെയ്തുവെന്നും പ്രവർത്തക സമിതി വ്യക്തമാക്കി.
ഈ വർഷം ജനുവരി 14 മുതൽ മാർച്ച് 16 വരെ 82 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയാണ് രാഹുലിന്റെ രാണ്ടാം ജോഡോ യാത്ര കടന്നുപോയത്. മണിപ്പൂരിലെ ഇംഫാലിൽ നിന്ന് മഹാരാഷ്ട്രയിലെ മുംബൈയിലേക്ക് 6,713 കിലോമീറ്റർ ദൂരമാണ് കോൺഗ്രസ് നേതാവ് സഞ്ചരിച്ചത്. ആ 82 മണ്ഡലങ്ങളിൽ 49 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 17 സീറ്റുകളിൽ വിജയിച്ചു.
"ഭാരത് ജോഡോ യാത്ര പോയ കടന്നുപോയ ഇടങ്ങളിലെല്ലാം കോൺഗ്രസ് പാർട്ടിയുടെ വോട്ട് ശതമാനത്തിലും സീറ്റുകളുടെ എണ്ണത്തിലും വർധനയുണ്ടായി എന്ന വസ്തുതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." ഖാർഗെ പറഞ്ഞു.
പ്രവർത്തക സമിതി യോഗത്തിന് ശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരുമായി കോൺഗ്രസ് പാർലമെന്ററി പാർട്ടിയും യോഗം ചേരും. നിലവിൽ സോണിയ ഗാന്ധിയാണ് പാർലമെന്ററി പാർട്ടി അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. സോണിയ ഗാന്ധി ലോക്സഭ വിട്ട് രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമാണ് ഇപ്പോൾ.
അതേ സമയം എൻഡിഎ മുന്നണിയിൽ മന്ത്രിസഭാ രൂപീകരണത്തിന്റെ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. മൂന്നാമൂഴത്തിനായെത്തുന്ന നരേന്ദ്ര മോദി ഞായറാഴ്ച്ച വൈകിട്ട് 7.15 ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരമേൽക്കും. മോദിക്കൊപ്പം പ്രധാന മന്ത്രിപദങ്ങളിലേക്കുള്ളവരുടെ സത്യപ്രതിജ്ഞയും നടക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.