/indian-express-malayalam/media/media_files/2025/03/07/2ZDkQnTZR7ThqB5msdCW.jpg)
ചിത്രം: എക്സ്
ചെന്നൈ: തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തിനെതിരെ (എസ്ഐആർ) സുപ്രീം കോടതിയെ സമീപിക്കാൻ തമിഴ്നാട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ അധ്യക്ഷതയിൽ ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. പ്രക്രിയയെ ജനാധിപത്യ വിരുദ്ധമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കുന്ന പരിഷ്‍കരണത്തിലൂടെ വോട്ടവകാശം നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നീക്കം.
അന്തരിച്ച നടൻ വിജയകാന്തിന്റെ പാർട്ടിയായ ഡിഎംഡികെ ഉൾപ്പെടെ 44 പാർട്ടികളാണ് സർവകക്ഷി യോഗത്തിൽ പങ്കെടുത്തത്. എസ്ഐആറിനെതിരായ പ്രമേയം യോഗത്തിൽ പാസാക്കി. എസ്ഐആറിനെ അനുകൂലിക്കുന്ന എഐഎഡിഎംകെയെയും ബിജെപിയെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ), എസ്. രാമദോസിന്റെ പിഎംകെ, എൻഡിഎയിൽ നിന്ന് അടുത്തിടെ വേർപിരിഞ്ഞ ടിടിവി ദിനകരന്റെ എഎംഎംകെ എന്നീ പാർട്ടകൾക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും യോഗത്തിൽ നിന്ന് വിട്ടുനിന്നു.
தமிழ்நாட்டு மக்களின் வாக்குரிமையைப் பறித்து, ஜனநாயகத்தைப் படுகொலை செய்யும் நோக்கோடு அவசரகதியில் மேற்கொள்ளப்படும் #SIR-க்கு எதிராக ஒன்றிணைந்து குரல் கொடுப்பது அனைத்துக் கட்சிகளின் கடமை!
— M.K.Stalin - தமிழ்நாட்டை தலைகுனிய விடமாட்டேன் (@mkstalin) November 2, 2025
வாக்காளர் பட்டியல் திருத்தத்தைக் குழப்பங்கள் - ஐயங்கள் இல்லாமல் போதிய கால அவகாசத்துடன், 2026… pic.twitter.com/3OYmvB1Czu
ബിഹാറിലെ എസ്‌ഐആറുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, തമിഴ്നാട്ടിൽ വോട്ടർ പട്ടിക പരിഷ്‍കരണം നടപ്പാക്കുന്നത്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യ വിരുദ്ധപരമായ നടപടിയാണെന്നും പ്രമേയം പറഞ്ഞു. 2026 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം മതിയായ സമയം നൽകണമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.
ബിജെപി സർക്കാരിന്റെ പാവയായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. 'പരിഷ്കരണം ന്യൂനപക്ഷങ്ങളുടെയും പ്രതിപക്ഷ ചായ്‌വുള്ള വോട്ടർമാരുടെയും വോട്ടവകാശം ഇല്ലാതാക്കും. ഏകപക്ഷീയമായി ആസൂത്രണം ചെയ്ത എസ്‌ഐആർ ജനങ്ങളുടെ വോട്ടവകാശം കവർന്നെടുക്കുകയും ജനാധിപത്യത്തെ കുഴിച്ചുമൂടാനു ലക്ഷ്യമിട്ടുള്ളതാണെന്നതിൽ സംശയമില്ല,' പ്രമേയത്തിൽ പറയുന്നു.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; കൊലപാതക കേസിൽ ജെഡിയു സ്ഥാനാർഥി അറസ്റ്റിൽ
കേരളം അടക്കം 12 സംസ്ഥാനങ്ങളിലാണ് രണ്ടാം ഘടത്തിൽ എസ്ഐആർ നടപ്പാക്കുന്നത്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രണ്ടാം ഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്ഐആറിനെതിരെ നേരത്തെ ഭരണപക്ഷവും പ്രതിപക്ഷവും കൊണ്ടുവന്ന സംയുക്ത പ്രമേയം കേരള നിയമസഭ പാസാക്കിയിരുന്നു. തിടുക്കപ്പെട്ട് എസ്ഐആർ നടത്തുന്നത് ദുരുദ്ദേശ്യപരമാണെന്നും സുതാര്യമായി വോട്ടർപട്ടിക പുതുക്കൽ നടത്തണമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു.
Read More: തെരുവ് നായ പ്രശ്‌നം; രൂക്ഷവിമർശനവുമായി സുപ്രീം കോടതി, ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us