/indian-express-malayalam/media/media_files/2025/05/05/En5DtYQZUJvqbFJTgsHy.jpg)
എക്സ്പ്രസ് ഫോട്ടൊ: ഷുഹൈബ് മസൂദി
ന്യൂഡൽഹി: പഹഗാം ഭീകരാക്രമണത്തിനുപിന്നാലെ നിരവധി പാക് ചാരന്മാരെ പൊലീസ് വിവിധ സംസ്ഥാനങ്ങളിൽനിന്നായി അറസ്റ്റ് ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിലെ (സിആർപിഎഫ്) ഒരു അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഇയാൾ പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ചില നിർണായക വിവരങ്ങൾ ചോർത്തി നൽകിയിരുന്നു. ടിവി ജേർണലിസ്റ്റായി വേഷമിട്ട് എത്തിയ പാക്കിസ്ഥാൻ ഉദ്യോഗസ്ഥർക്കാണ് ഇയാൾ വിവരങ്ങൾ ചോർത്തികൊടുത്തത്. ഇതിന് പ്രതിമാസം 3,500 രൂപയും നിർണായക വിവരങ്ങൾക്ക് 12,000 രൂപയും പ്രതിഫലമായി വാങ്ങിയിരുന്നുവെന്ന് ദി ഇന്ത്യൻ എക്‌സ്പ്രസിന് വിവരം ലഭിച്ചു.
ഡൽഹിയിൽ നിന്ന് സിആർപിഎഫ് എഎസ്ഐ മോത്തി റാം ജാട്ടിനെ അറസ്റ്റ് ചെയ്തതായും ചോദ്യം ചെയ്തുവരികയാണെന്നും ഈ ആഴ്ചയുടെ തുടക്കത്തിലാണ് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചത്. ഇയാൾ പാക്കിസ്ഥാൻ ഏജന്റുമാരുമായി രഹസ്യ വിവരങ്ങൾ പങ്കുവെച്ചതായും അവരിൽ നിന്ന് പണം കൈപ്പറ്റിയതായും കേന്ദ്ര ഏജൻസി പിന്നാലെ വ്യക്തമാക്കി. ജമ്മു കശ്മീരിലെ പഹൽഗാമിൽ സിആർപിഎഫ് ബറ്റാലിയനിൽ നിയമിതനായ ഇയാളെ ഏപ്രിൽ 22 ന് ഭീകരാക്രമണത്തിന് അഞ്ച് ദിവസം മുമ്പാണ് ഡൽഹിയിലേക്ക് മാറ്റിയത്.
Also Read: ഫോണിലെ ബാറ്ററി അതിവേഗം കുറയുന്നതായി വ്യാപക പരാതി; കാരണം ആ ജനപ്രിയ ആപ്പ്; പരിഹാരവുമായി ഗൂഗിൾ
ഭീകരാക്രമണത്തെക്കുറിച്ചുള്ള കേസ് എൻഐഎയ്ക്ക് കൈമാറുന്നതിനുമുമ്പ്, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സിആർപിഎഫിലെ മുതിർന്ന ഉദ്യോഗസ്ഥരും ജാട്ടിനെ ചോദ്യം ചെയ്തിരുന്നു. ''ഛണ്ഡീഗഡ് ആസ്ഥാനമായുള്ള ഒരു പ്രമുഖ ടിവി ചാനലിലെ റിപ്പോർട്ടറെന്ന് പറഞ്ഞ് ഒരു സ്ത്രീ ഇയാളെ സമീപിക്കുകയും അവർ ആവശ്യപ്പെട്ടതുപ്രകാരം ചില വിവരങ്ങൾ കൈമാറുകയും ചെയ്തു. ചില മെസേജുകൾക്കും ഫോൺ കോളുകൾക്കും ശേഷം, വീഡിയോ വഴി ഉൾപ്പെടെ, ജാട്ട് രഹസ്യ രേഖകൾ ആ സ്ത്രീക്ക് കൈമാറാൻ തുടങ്ങി. രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം, പാക്കിസ്ഥാൻ ഇന്റലിജൻസ് ഓഫീസറായ ഒരാൾ അതേ വാർത്താ ചാനലിലെ പത്രപ്രവർത്തകനായി വേഷമിട്ട് ജാട്ടുമായി സംസാരിക്കാൻ തുടങ്ങി," ഒരു സിആർപിഎഫ് വൃത്തം പറഞ്ഞു.
കേന്ദ്ര ഇന്റലിജൻസ് ഏജൻസികളിലെയും സിആർപിഎഫിലെയും ഉദ്യോഗസ്ഥർ ജാട്ടിന്റെ ഫോൺ പരിശോധിച്ചപ്പോൾ അതിൽനിന്നും ഒരു മെസേജും ഡിലീറ്റ് ചെയ്തിരുന്നില്ല. "സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം, സൈനിക നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ, ഇന്റലിജൻസ് ഏജൻസികളുടെ മൾട്ടി-ഏജൻസി സെന്റർ (എംഎസി) റിപ്പോർട്ടുകൾ, തീവ്രവാദികൾ തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി രഹസ്യ രേഖകൾ ജാട്ട് നൽകി. ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷം, എല്ലാ മാസവും നാലാം തീയതി 3,500 രൂപ വീതം ജാട്ടിന് നൽകാൻ തുടങ്ങി, നിർണായക വിവരങ്ങൾക്ക് 12,000 രൂപയും നൽകി. അയാളുടെയും ഭാര്യയുടെയും അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചത്," വൃത്തങ്ങൾ പറഞ്ഞു.
Also Read: ജമ്മു കശ്മീരിൽ രണ്ട് ലഷ്‌കർ ഭീകരർ പിടിയിൽ
ആഴ്ചകളായി ജാട്ടിന്റെ പ്രവർത്തനങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും പഹൽഗാം ഭീകരാക്രമണത്തിന് അഞ്ച് ദിവസം മുമ്പ് അദ്ദേഹത്തെ ഡൽഹിയിലേക്ക് മാറ്റിയതായും വൃത്തങ്ങൾ അറിയിച്ചു. “പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഷായുടെ ജമ്മു കശ്മീർ സന്ദർശനത്തെക്കുറിച്ചുള്ള വാർത്താ ചാനലുകളിൽനിന്നുള്ള വിവരങ്ങൾ, ഡൽഹിയിൽ എത്തിയതിനുശേഷവും ജാട്ട് അവരുമായി പങ്കുവച്ചു. സുരക്ഷാ കാരണങ്ങളാൽ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടിയതായും അയാൾ അവരെ അറിയിച്ചു,” വൃത്തങ്ങൾ പറഞ്ഞു.
പട്യാല ഹൗസ് കോടതിയിലെ പ്രത്യേക കോടതി അദ്ദേഹത്തെ ജൂൺ 6 വരെ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. “ജാട്ടിനെ ഞങ്ങൾ അറസ്റ്റ് ചെയ്തു. 2023 മുതൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ അയാൾ പാക്കിസ്ഥാനുമായി പങ്കുവെച്ചിരുന്നു. അതിന് അയാൾക്ക് പണം ലഭിച്ചിരുന്നുവെന്നും ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്,” എൻഐഎ വക്താവ് പറഞ്ഞു. ജാട്ടിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതായി സിആർപിഎഫ് വക്താവ് പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.