/indian-express-malayalam/media/media_files/2025/05/01/9SpaHsEVqgezK07AhoEt.jpg)
നിയന്ത്രണരേഖയിൽ പാക്ക് വെടിവെപ്പ്
Jammu Kashmir Pahalgam Terrorist Attack:ശ്രീനഗർ: ജമ്മുകശ്മീർ നിയന്ത്രണ രേഖയിൽ വീണ്ടും പാക്ക് സൈന്യത്തിന്റെ പ്രകോപനം. കുപ്വാര, ഉറി, അഖ്‌നൂർ എന്നിവിടങ്ങളിലെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടർച്ചയായി ഇത് ഏഴാം തവണയാണ് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാൻ വെടിയുതിർക്കുന്നത്. പാക് വെടിവെപ്പിന് തക്കതായ മറുപടി നൽകിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, അതിർത്തിയിൽ തുടർച്ചയായി പാക്ക് പട്ടാളം പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈന്യം മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും അതിർത്തിയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും സുരക്ഷാസേന അറിയിച്ചു.
നേരത്തെ, തിങ്കളാഴ്ച രാത്രി പാകിസ്ഥാൻ നിയന്ത്രണ രേഖയ്ക്ക് എതിർവശത്തുള്ള നൗഷേര, സുന്ദർബനി, അഖ്നൂർ മേഖലകളിൽ പ്രകോപനമില്ലാതെ നിറയൊഴിച്ചതായി പ്രതിരോധ വക്താവ് ജമ്മുവിൽ പറഞ്ഞു. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീർ താഴ്വരയിലെ നിയന്ത്രണ രേഖയിലുള്ള ബാരാമുള്ള, കുപ്വാര ജില്ലകളിലും പർഗ്വാൽ മേഖലയിലും പാക് സൈനിക പോസ്റ്റിൽ നിന്ന് വെടിവയ്പുണ്ടായി.
കുപ്വാര, ബാരാമുള്ള ജില്ലകളിൽ ആരംഭിച്ച വെടിവയ്പ് പിന്നീട് പൂഞ്ച്, അഖ്നൂർ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. പിന്നീടിത് രജൗരി ജില്ലയിലെ സുന്ദർബനി, നൗഷേര മേഖലകളിലേക്കും പടർന്നു. തുടർന്ന് ജമ്മുവിലെ പർഗ്വാൽ സെക്ടറിലും വെടിവയ്പുണ്ടായി.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഏപ്രിൽ 24ന് ഇന്ത്യ സിന്ധു നദീ ജലകരാർ റദ്ദാക്കിയതിന് പിന്നാലെയാണ് പാകിസ്ഥാൻ പ്രകോപനമില്ലാതെ വെടിനിർത്തൽ ലംഘനം തുടങ്ങിയത്. അതേദിവസം തന്നെ പാകിസ്ഥാൻ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഒപ്പം ഇന്ത്യയുമായുള്ള എല്ലാ വാണിജ്യ ബന്ധങ്ങളും അവസാനിപ്പിച്ചു. വാഗാ അതിർത്തിയും അടച്ചു. വെള്ളം നിഷേധിക്കുന്ന നടപടി യുദ്ധ സമാനമാണെന്ന പ്രഖ്യാപനവും പാകിസ്ഥാൻറെ ഭാഗത്ത് നിന്നുണ്ടായി.
2021ൽ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാർ പുതുക്കൽ ധാരണയിലെത്തിയിരുന്നു. 2003ലെ വെടിനിർത്തൽ കരാറിനോട് തങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്ന് ഇരുരാജ്യങ്ങളിലെയും സൈനിക മേധാവിമാർ നടപടിയിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. 3323 കിലോമീറ്റർ ദൈർഘ്യമാണ് ഇന്ത്യ പാക് അതിർത്തി. ഗുജറാത്ത് മുതൽ ജമ്മുവിലെ അഖ്നൂർ വരെ നീളുന്ന 2400 കിലോമീറ്റർ രാജ്യന്തര അതിർത്തിയും ജമ്മു മുതൽ ലേ വരെ നീളുന്ന 740കിലോമീറ്റർ നിയന്ത്രണ രേഖയും സിയാച്ചിൻ മേഖലയിലെ 110 കിലോമീറ്റർ യഥാർത്ഥ ഗ്രൗണ്ട് പൊസിഷൻ ലൈനും ചേർന്നതാണ് ഇത്.
വ്യോമാതിർത്തി അടച്ച് ഇന്ത്യ
പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് ഇന്ത്യ വിലക്ക് ഏർപ്പെടുത്തി. പാക് വിമാനങ്ങൾക്ക് ഇന്ത്യക്കു മുകളിൽ പറക്കാനുള്ള അനുമതിയാണ് റദ്ദാക്കിയത്. പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.
പ്രധാനമന്ത്രിയുടെ വസതിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കരസേന മേധാവിയും നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമാതിർത്തി അടക്കാനുള്ള തിരുമാനത്തിലേക്ക് ഇന്ത്യ കടന്നത്.
Read More
- പാക്കിസ്ഥാന് തിരിച്ചടി; പാക്ക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്ക്
- അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
- Jammu Kashmir Terror Attack: കശ്മീരിന്റെ ടൂറിസം പ്രതീക്ഷകൾ തകർത്ത പഹൽഗാം ഭീകരാക്രമണം
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പ്രത്യേക മന്ത്രിസഭായോഗം ഇന്ന്
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം: കശ്മീരിലെ 50ഓളം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us