/indian-express-malayalam/media/media_files/D145B6AvG3DbYjZh7QcN.jpg)
Express photo by Santosh Singh
News: സ്ത്രീധനം ആവശ്യപ്പെട്ടു കൊണ്ടുള്ള ഭർതൃവീട്ടുകാരുടെ ആർത്തിക്കും അതിക്രമത്തിനും മുന്നിൽ കേരളം വീണ്ടും വീണ്ടും തലതാഴ്ത്തുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. എന്നാൽ, സ്ത്രീധനം നൽകാതെ വിവാഹം ചെയ്യുന്ന ഒരു സമ്പ്രദായം ഉണ്ട്, അങ്ങ് ബിഹാറിൽ. പക്ഷേ അത് വരനെ തോക്കിൻമുനയിൽ നിർത്തിയാണെന്ന് മാത്രം.
പലയിടത്തും സ്ത്രീകളെയും പെൺകുട്ടികളെയും വിവാഹത്തിനായി തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളാണ് കേൾക്കുന്നതെങ്കിൽ വിവാഹത്തിനായി ആൺകുട്ടികളെയും പുരുഷന്മാരെയും തട്ടിക്കൊണ്ടു പോകുന്നതും തോക്കിൻമുനയിൽ വിവാഹം നടത്തിക്കുന്നതുമായ കഥയാണ് ബീഹാറിൽ നിന്നുള്ളത്.
നാല് ദശകങ്ങളിലേറെ പഴക്കമുണ്ട് പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി നടത്തുന്ന ബീഹാർ കല്ല്യാണത്തിന്. മുൻകാലങ്ങളിൽ ജാതിയും ഗോത്രവുമൊക്കെയായിരുന്നു പ്രധാനമായി പരിഗണിച്ചിരുന്നത്. എന്നാൽ, ജാതിയും ഗോത്രവുമൊക്കെ പരിഗണിക്കുന്നത് പോലെ തന്നെ സർക്കാർ ജോലിയും ഒരു പ്രധാന ആകർഷകഘടകമാണ്. സർക്കാർ ജോലിയുള്ള പയ്യനെ കൂടുതൽ സ്ത്രീധനം കൊടുത്ത് മകൾക്ക് വാങ്ങിക്കൊടുക്കുന്ന കേരളത്തിൽ നിന്ന് തുലോം വ്യത്യസ്തമാണ് ബീഹാറിലെ കഥ.
സർക്കാർ ജോലി കിട്ടിയെത്തുന്ന ചെറുപ്പക്കാരെ തട്ടിക്കൊണ്ട് പോയി വിവാഹം ചെയ്യിപ്പിക്കുകയാണ് അവിടെ. തോക്കിൻമുനയിലാണ് അവിവാഹിതരായ ചെറുപ്പക്കാരുടെ ജീവിതം. മലയാളിയുടെ ഭാവനാഭൂപടത്തിൽ പോലും വരാത്ത അസംബന്ധമെന്ന് തോന്നിക്കുന്ന സംഭവങ്ങളുടെ നേർച്ചിത്രമാണ് ബീഹാറിലെ പക്ടവാ വിവാഹവും തോക്കിൻ മുനയിലെ തട്ടിക്കൊണ്ടു പോകലുമൊക്കെ. അങ്ങനെയുള്ള അനുഭവങ്ങളുടെ അവസാന കണ്ണികളിലൊരാൾ ഇപ്പോൾ അധ്യാപക നിയമനം ലഭിച്ച ഗൗതം കുമാർ എന്ന യുവാവാണ്. നാൽപ്പത് വർഷം മുമ്പ് തോക്കിൻ മുനയിൽ വിവാഹതിനാകേണ്ടി വന്ന ചന്ദ്രശേഖർ ചൗധരി സ്വന്തം കഥ പറയുന്നു.
വിവാഹം തോക്കിൻ മുനയിൽ
1980-കളുടെ തുടക്കത്തലാണ്. ചൂടുള്ളതും പൊടി നിറഞ്ഞതുമായ ഒരു ഏപ്രിൽ ദിനത്തിൽ, താരാപൂരിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള ഖരഗ്പൂർ ബ്ലോക്കിലെഷാഷൻ ഗ്രാമത്തിലേക്ക് തന്റെ മോട്ടോർ സൈക്കിളിൽ വരാനായി ദീർഘനാളത്തെ പരിചയക്കാരനായ അനിരുദ്ധ് ചൗധരി തന്നോട് ആവശ്യപ്പെട്ടതായി ചന്ദ്രശേഖർ ചൗധരി ഓർക്കുന്നു.
ബിരുദത്തിനായി മുൻഗർ കോളേജിൽ പഠിക്കുന്ന, 18 കാരനായ ചന്ദ്രശേഖർ ചൗധരിയോട് താരാപൂരിലേക്ക് മടങ്ങുന്നതിന് മുമ്പ്, ബീഹാറിലെ മുൻഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന തന്റെ വീട്ടിൽ വന്നൊരു ചായ കുടിക്കാൻ അനിരുദ്ധ് പറഞ്ഞു. അവിടെയെത്തി ചായ കുടിച്ചതോടെ ചന്ദ്രശേഖറിന്റെ ജീവിതം എന്നെന്നേക്കുമായി മാറി.
“പത്തോളം പേർ, അവരിൽ ചിലർ ആയുധധാരികൾ, മുറിയിലേക്ക് അതിക്രമിച്ചു കയറി. ഒരു നാടൻ പിസ്റ്റൾ എന്റെ മുഖത്തേക്ക് മുട്ടിച്ചു വെക്കുകയും വിവാഹത്തിനായി തട്ടിക്കൊണ്ടു പോകുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ചായ കുടിക്കുന്നതിനിടയിൽ അനിരുദ്ധ് അപ്രത്യക്ഷനായി എന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി,” ചന്ദ്രശേഖർ ഓർമ്മിക്കുന്നു.
1980-കളിലും 1990-കളിലും ബിഹാറിലെ മുൻഗർ, ഖഗാരിയ, ബെഗുസരായ് ജില്ലകളിൽ 'പക്ടവ വിവാഹമോ തോക്കിന് മുനയിലെ നിർബന്ധിത വിവാഹമോ' അസാധാരണമായിരുന്നില്ല. എന്നിരുന്നാലും, കാലഹരണപ്പെട്ട ഈ സമ്പ്രദായം ഭൂതകാലത്തേക്ക് മറയാൻ വിസമ്മതിക്കുകയാണ്. ഈ വർഷം നവംബർ 29 ന് വൈശാലി ജില്ലയിലെ റെപുര ഗ്രാമത്തിലെ ഒരു സ്കൂളിൽ പുതുതായി നിയമിതനായ സർക്കാർ അധ്യാപകനായ ഗൗതം കുമാറിനെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയി 20-കളുടെ തുടക്കത്തിലെത്തിയ സ്ത്രീയെ വിവാഹം കഴിക്കാൻ നിർബന്ധിച്ചു. നവാഡ ആസ്ഥാനമായുള്ള ഒരു സൈനിക ഉദ്യോഗസ്ഥന്റെ, 10 വർഷം മുമ്പ് ലഖിസാരായി യുവതിയുമായി നടത്തിയ 'പക്ടവ വിവാഹം' അസാധുവാക്കിയ പട്ന ഹൈക്കോടതി വിധിയിൽ തനിക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞുകൊണ്ട് ഗൗതം കുമാർ വിവാഹിതനാകാൻ വിസമ്മതിച്ചു. സപ്തപദി (ഹിന്ദു ആചാര പ്രകാരം വധൂവരന്മാർ ചേർന്ന് നടത്തുന്ന പ്രദക്ഷിണം) നടത്തുകയോ വിവാഹം പൂർത്തിയാകുകയോ ചെയ്യുന്നത് വരെ അതിനെ വിവാഹം എന്ന് വിളിക്കാനാവില്ലെന്ന് സൈനികനുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി പറഞ്ഞിരുന്നു.
ബിഹാറിലെ സമീപകാലത്ത് നടന്ന കൂട്ടത്തോടെയുള്ള അധ്യാപക നിയമനങ്ങളെയും അവിടെ നിലനിൽക്കുന്ന സ്ത്രീധന സമ്പ്രദായത്തെയും ചന്ദ്രശേഖർ കുറ്റപ്പെടുത്തുന്നുണ്ട്. ഇത് നിരാശരായ ബന്ധുക്കളെ ഇന്നും യോഗ്യതയുള്ള അവിവാഹിതരെ തട്ടിക്കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
“പുരുഷന്മാർ പൊലീസിലും കോടതിയിലും സഹായത്തിനായി പോകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. 1980-കളിൽ, എന്റെ കേസിലുൾപ്പെടെ, പൊലീസിന്റെ സഹായം തേടുന്നത് പബ്ലിക് ഷെയിമിങ് പോലെയായിരുന്നു," സാമൂഹികമായ ഇടപെടൽ മാത്രമായിരുന്നു അന്നു രക്ഷയെന്നും അദ്ദേഹം പറയുന്നു.
/indian-express-malayalam/media/media_files/CpLtvkHGNPhWkaJjJQgg.webp)
സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എസ് സി ആർ ബി) കണക്കുകൾ പ്രകാരം 2020-ൽ വിവാഹങ്ങൾക്കായി 2,695 തട്ടിക്കൊണ്ടു പോകലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2019-ലെ കണക്ക് 4,498 ആണ്. ഈ വർഷമാദ്യം ബീഹാർ സർക്കാർ പുറത്തു വിട്ട തട്ടിക്കൊണ്ടു പോകൽ കണക്കുകൾ വെളിപ്പെടുത്തുന്നത് 2013-നും 2020-നും ഇടയിലുള്ള ഇത്തരം കേസുകളിൽ 40 ശതമാനവും പക്ടവാ വിവാഹങ്ങളാണെന്നാണ്.
“ഡാറ്റ ശ്രദ്ധാപൂർവ്വം വായിക്കേണ്ടതുണ്ട്. ഒളിച്ചോട്ട കേസുകൾ പോലും പക്ടവാ വിവാഹ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന്.” ഒരു മുതിർന്ന ബിഹാർ പൊലീസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
1980 കളിൽ വിവാഹ പാർട്ടികളിൽ പങ്കെടുക്കുന്ന യോഗ്യതയുള്ള അവിവാഹിതരെയായിരുന്നു ലക്ഷ്യം വച്ചിരുന്നത്.
“പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് ഈ അവിവാഹിതരുടെ ജാതിയെ കുറിച്ച് അവരുടെ പരിചയക്കാരിൽ നിന്ന് മുൻകൂട്ടി വിവരം ലഭിക്കും. അനുയോജ്യനായ വരനെ തട്ടിക്കൊണ്ടു പോകാൻ, ബന്ധുക്കൾ ഇരു വീട്ടുകാർക്കും അറിയാവുന്ന ഒരാളെ വരുതിയിലാക്കും. പക്ടവാ വിവാഹത്തെ ഭയപ്പെട്ടിരുന്നന്നതിനാൽ, ജോലിയുള്ള അവിവാഹിതരായ യുവാക്കളുടെ മാതാപിതാക്കൾ വിവാഹങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് അവരെ വിലക്കുന്ന പതിവുണ്ടായിരുന്നു 1970 കൾക്കും 1990 നും ഇടയിൽ,” ചന്ദ്രശേഖർ പറയുന്നു. വിവാഹശേഷം പെൺകുട്ടിയുടെ സാമൂഹിക സ്വീകാര്യത ഉറപ്പാക്കാൻ അതേ ജാതിയിൽ നിന്നുള്ള ആൺകുട്ടികളെ ലക്ഷ്യം വയ്ക്കുമെന്നും ചന്ദ്രശേഖർ പറയുന്നു.
“എന്റെ മാതാപിതാക്കളുടെ സമ്മതമില്ലാതെ ഞാൻ വിവാഹം കഴിക്കില്ലെന്ന് തതട്ടിക്കൊണ്ടുപോയ പുരുഷന്മാരോട് പറഞ്ഞപ്പോൾ അവർ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മുഴുവൻ സമയവും ഞാൻ ആ വഞ്ചകനായ അനിരുദ്ധിനെ തിരഞ്ഞു കൊണ്ടിരുന്നു. ഒരു മണിയോടെ, ഞാൻ കീഴടങ്ങി. ഒരു മഞ്ഞ ധോത്തി ധരിക്കുമ്പോൾ എന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.” സ്വന്തം അനുഭവം അനുസ്മരിച്ചു കൊണ്ട് ചന്ദ്രശേഖർ പറഞ്ഞു.
വധു 13 വയസ്സുള്ള ബേബി ചൗധരിക്കും ഈ വിവാഹം ഞെട്ടലുണ്ടാക്കി. മാതാപിതാക്കൾ വളരെ ചെറിയ ഗ്രാമത്തിൽ താമസിച്ചിരുന്നതിനാൽ, ബേബിയെ ഷാഷൻ ഗ്രാമത്തിലെ അമ്മാവൻ നിരഞ്ജൻ ചൗധരിയുടെ വീട്ടിൽ താമസിക്കാൻ അയച്ചു. ബേബി ചൗധരിയുടെ അച്ഛൻ ഉപേന്ദ്ര നാരായൺ ഝാ, കതിഹാർ ആസ്ഥാനമായുള്ള ഒരു ബാങ്കിൽ ക്ലർക്കായിരുന്നു.
ചടങ്ങിന്റെ തലേദിവസം വരെ വിവാഹത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് ബേബി ചൗധരി പറയുന്നു.
“വൈകുന്നേരം വരെ (ഏപ്രിൽ 19, 1983) സുഹൃത്തുക്കളോടൊപ്പം ഞാൻ ചുറ്റിനടന്നു, ചില പ്രായമായ സ്ത്രീകൾ എനിക്ക് ഒരു ജോഡി സൽവാർ-കമ്മീസ് നൽകുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞാൻ വിവാഹിതയാകുമെന്ന് എന്നെ അറിയിക്കുകയും ചെയ്തു. വഴങ്ങുന്നതിന് മുമ്പ് ഞാൻ കരഞ്ഞു. എനിക്കറിയാവുന്ന മിക്ക പെൺകുട്ടികളും കൗമാരപ്രായത്തിൽ തന്നെ വിവാഹിതരായി, ”ബേബി ചൗധരി പറഞ്ഞു.
/indian-express-malayalam/media/media_files/CQ7aJdb6nCgrv6ZLEfbV.webp)
“വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിലും എല്ലാം പങ്കെടുക്കാൻ ഞാൻ നിർബന്ധിതനായി. ബാൻഡ്-ബാജ ഇല്ലെങ്കിലും, സ്ത്രീകൾ പാട്ടും നൃത്തവും ചെയ്തു. വിവാഹശേഷം കുഞ്ഞിനെ സ്വീകരിക്കുമോ എന്ന് ചില സ്ത്രീകൾ കുറച്ച് ഉച്ചത്തിൽ തന്നെ അടക്കം പറഞ്ഞു. കാലക്രമേണ എല്ലാം ശരിയാകുമെന്ന് പുരുഷന്മാർക്ക് ഉറപ്പുണ്ടായിരുന്നു.”ബേബി ചൗധരി പറഞ്ഞതിനോട് യോജിച്ചു കൊണ്ട് ചന്ദ്രശേഖർ പറഞ്ഞു,
'വിവാഹം' കഴിഞ്ഞ്, ചന്ദ്രശേഖറിന് കുറച്ച് മധുരപലഹാരങ്ങൾ നൽകി വധുവിന്റെ മുറിയിലേക്ക് അയച്ചു.
“ചന്ദ്രശേഖർ മുറിയിൽ വന്ന് കട്ടിലിൽ കിടന്നു. എന്നോട് ഒന്നും സംസാരിച്ചില്ല. സീലിങ്ങിലേക്ക് തന്നെ നോക്കി കിടന്നു. അടുത്ത ദിവസങ്ങളിൽ, ചന്ദ്രശേഖർ വരുന്നതിനുമുമ്പ് ഞാൻ ഉറങ്ങാൻ പോകുകയും പുലർച്ചെ മുറിയിൽ നിന്ന് ഇറങ്ങുകയും ചെയ്യും.” ബേബി ഓർക്കുന്നു.
നാല് ദിവസത്തിന് ശേഷം, ചന്ദ്രശേഖറിന്റെ ഗ്രാമത്തിൽ നിന്ന് 150 പേർ പുള്ളിയുടെ 'മോചനം' ഉറപ്പാക്കാൻ എത്തി.
“ചൂടേറിയ വാഗ്വാദം നടന്നു. പക്ഷേ, അപ്പോൾ ബന്ധുക്കളാണെന്ന് പറഞ്ഞ് ഗ്രാമത്തിലെ മുതിർന്നവർ ഇടപെട്ട് അവിടെയുണ്ടാകുമായിരുന്ന സംഘർഷം തടഞ്ഞു. വിവാഹം അംഗീകരിക്കപ്പെടാത്തതിനാൽ അതിന് ശേഷം ഈ വിഷയം ഒരിക്കലും ചർച്ച ചെയ്തിട്ടില്ല.” ചന്ദ്രശേഖർ പറഞ്ഞു.
ചന്ദ്രശേഖറിന്റെ വിവാഹസമയത്ത്, അദ്ദേഹത്തിന്റെ പിതാവ്, പരമാനന്ദ് ചൗധരി, എട്ട് ബിഗാസ് ഭൂമിയും വീടും ഉള്ള കർഷകനായിരുന്നു.
“1983 ഏപ്രിൽ 19 ലെ സംഭവങ്ങൾ ഞാൻ എന്റെ മനസ്സിൽ ആവർത്തിച്ചു ഓർത്ത് കൊണ്ടേയിരിക്കും. എന്റെ വിവാഹത്തിന് മുമ്പ് ഞാൻ ഒരു നല്ല വിദ്യാർത്ഥിയായിരുന്നു, പക്ഷേ ഞാൻ എന്റെ ബിരുദ പരീക്ഷകളിൽ വിജയിച്ചില്ല. ഞങ്ങൾ ഒരുമിച്ചല്ലാത്ത സമയങ്ങളിൽ ബേബിയെക്കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല,” ബിരുദപഠനത്തിന് ശേഷം സർക്കാർ ജോലിയിൽ പ്രവേശിക്കാമെന്നപ്രതീക്ഷയുണ്ടായിരുന്ന ചന്ദ്രശേഖർ പറഞ്ഞു, ചന്ദ്രശേഖർ 2006-ൽ പദ്ഭദ പഞ്ചായത്ത് മുഖിയയായി.
മകളുടെ വിവാഹത്തെക്കുറിച്ച് ഉപേന്ദ്ര ഝാ തന്നെ ഇരുട്ടിൽ തപ്പുകയായിരുന്നു. സത്യത്തിൽ ഒരു ദിവസം കഴിഞ്ഞാണ് അദ്ദേഹം ഇക്കാര്യം അറിഞ്ഞത്. കൂട്ടുകുടുംബത്തിന്റെ കാരണവർ എടുത്ത തീരുമാനത്തെ എതിർക്കാൻ ബേബി ചൗധരിയുടെ അമ്മയും ധൈര്യപ്പെട്ടില്ല.
/indian-express-malayalam/media/post_attachments/9ea67c8ea16b20d2f6ab628f69c82fa3f7c09b5d54c1410366d973e8714b18be.jpg)
അക്കാലത്ത്, മാതാപിതാക്കളുടെ സമ്മതത്തോടെയോ അല്ലാതെയോ കുടുംബത്തിലെ എല്ലാ പെൺകുട്ടികളുടെയും വിവാഹം മുത്തച്ഛനോ മൂത്ത അമ്മാവനോ ഉറപ്പിക്കുമായിരുന്നു. ബേബി ചൗധരിയുടെയുടെ കാര്യത്തിലും, അമ്മാവൻ തീരുമാനമെടുത്തു, ബേബി ചൗധരി വളരെ സാധാരണ കുടുംബത്തിലെ കുട്ടിയായിരുന്നു, സ്ത്രീധനം നൽകില്ലെന്ന് പക്ടവാ വിവാഹം ഉറപ്പാക്കും.
വിവാഹശേഷം തന്റെ കൗമാരക്കാരിയായ മകളെ ഗോസിപ്പുകളിൽ നിന്ന് സംരക്ഷിക്കാൻ, അച്ഛൻ താരാപൂരിനടുത്തുള്ള തന്റെ പിതൃഗ്രാമത്തിലേക്ക് മാറ്റി. ആളുകളെ ഒഴിവാക്കാൻ എല്ലാ സമയത്തും വീടിനുള്ളിൽ താമസിച്ചതിനാൽ സ്കൂൾ വിദ്യാഭ്യാസം തടസ്സപ്പെട്ടു. വിവാഹം കഴിഞ്ഞ് ഒരു വർഷത്തോളമായി ഇരു വീട്ടുകാരും തമ്മിൽ ആശയവിനിമയമൊന്നും നടന്നില്ല.
1984 മധ്യത്തോടെ ബേബിയുടെ അമ്മാവൻ ചന്ദ്രശേഖറിന്റെ അച്ഛനെ സമീപിച്ചത്. ഭഗൽപൂരിലെ പിർപൈറ്റിയിലെ അമ്മയുടെ മുത്തച്ഛൻ ഭോല നാഥ് മിശ്ര പ്രധാന മധ്യസ്ഥനായി .
“അവൾ (ബേബി) ഒരു ബ്രാഹ്മണന്റെ മകളാണെന്നും അവർ ഒരു തവണ മാത്രമാണ് വിവാഹം കഴിച്ചതെന്നും അദ്ദേഹം (ഭോലനാഥ്) എന്നോട് ന്യായം പറഞ്ഞു. ഞാൻ ഉപേക്ഷിച്ചാൽ ആരാണ് ബേബിയെ വിവാഹം കഴിക്കുക എന്ന് എന്നോട് ചോദിച്ചു?” ചന്ദ്രശേഖർ പറഞ്ഞു.
അമ്മായിയപ്പനെ അംഗീകരിക്കാൻ അച്ഛൻ നിർബന്ധിതനായെങ്കിലും ചന്ദ്രശേഖർ തന്റെ നിലപാടിൽ ഉറച്ചു നിന്നു.
“എന്റെ മുത്തച്ഛനെയും പിതാവിനെയും ഗൗന ചടങ്ങിന് (വധു അവളുടെ വിവാഹ വീട്ടിലേക്ക് പോകുന്നതിനെ അടയാളപ്പെടുത്തുന്ന ഒരു ആചാരം) അനുഗമിക്കാൻ ഞാൻ വിസമ്മതിച്ചു,” ചന്ദ്രശേഖർ പറഞ്ഞു.
“ചന്ദ്രശേഖറിന്റെ വീട്ടിൽ വന്നപ്പോൾ, അദ്ദേഹം ഇപ്പോഴും അസ്വസ്ഥനാണെന്ന് ഞാൻ മനസ്സിലാക്കി. ഞങ്ങൾ ഒരു മുറി പങ്കിട്ടെങ്കിലും, മാസങ്ങൾക്ക് ശേഷവും ഞങ്ങൾ പരസ്പരം സംസാരിച്ചില്ല. പലപ്പോഴും അത് ഒറ്റവാക്കിൽ ഒതുങ്ങി,”
ബേബി തുടരുന്നു.
നിർബന്ധിത വിവാഹത്തിൽ നിന്ന് ഉപേക്ഷിക്കലിലേക്കും പിന്നീട് പിരിമുറുക്കം നിറഞ്ഞ സ്വീകരിക്കലിലേക്കും, ഒടുവിൽ അത്, സ്നേഹത്തിലേക്കും ബഹുമാനത്തിലേക്കും വളർന്ന ഒരു യാത്രയായിട്ടാണ് ബേബി തന്റെ വിവാഹത്തെ വിശേഷിപ്പിക്കുന്നത്.
“ചന്ദ്രശേഖറിനെ തട്ടിക്കൊണ്ടുവന്നതിൽ പങ്കാളിയായിരുന്നില്ലെന്നും വളരെ ചെറിയ കുട്ടിയായിരുന്നുവെന്നും ഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെ എന്നോടുള്ള പെരുമാറ്റം ക്രമേണ മയപ്പെട്ടു തുടങ്ങി. 1986 ആയപ്പോഴേക്കും ഞങ്ങൾ പ്രണയത്തിലായി,” ബേബി പറയുന്നു.
ദമ്പതികൾക്ക് അഞ്ച് മക്കൾ ജനിച്ചു. മകൾ ശാലു, തുടർന്ന് മകൻ ശുഭം, മകൾ ആദ്യ, മകൻ ഋഷവ്, മകൾ രുചി. ഭാര്യയും അമ്മയും ആയതിനു പുറമേ, ബേബി മൂന്നു പ്രാവശ്യം പദ്ഭദ പഞ്ചായത്തിന്റെ മുഖിയായി. ചന്ദ്രശേഖറും പഞ്ചായത്ത് മുഖിയയായിരുന്നു, ഇപ്പോൾ ലോക് ജനശക്തി പാർട്ടിയുടെ (രാം വിലാസ്) സജീവ അംഗമാണ് ചന്ദ്രശഖർ. പദ്ഭദയിൽ ഈ ദമ്പതികൾക്ക് നിർണ്ണായകമായ സ്വാധീനമുണ്ട്.
“ഇതിലും നല്ലൊരു ജീവിത പങ്കാളി എനിക്ക് കിട്ടുമായിരുന്നോ എന്ന് സംശയമാണ്. അവളുടെ ബന്ധുക്കൾ തെറ്റ് ചെയ്തു, പക്ഷേ എനിക്ക് ഒരു നല്ല ഭാര്യയെ ലഭിച്ചത് ഭാഗ്യമാണ്. എല്ലാവരും എന്നെപ്പോലെ ഭാഗ്യവാന്മാരല്ല.” നിർബന്ധിത വിവാഹങ്ങൾക്ക് താൻ എതിരാണെന്ന് അടിവരയിട്ടു കൊണ്ട് ചന്ദ്രശേഖർ പറഞ്ഞു.
Read Here
- പ്രത്യേക വിമാനത്തിൽ ഉപകരണങ്ങൾ, എട്ട് മണിക്കൂർ നീണ്ട പ്രയത്നം; കുഴൽ കിണറിൽ വീണ കുഞ്ഞിനെ പുറത്തെടുത്തു
- മൂന്ന് ക്രിമിനൽ നിയമ ബില്ലുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം
- മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം വരെ പിഴ, ആറ് മാസം തടവ്, ജാമ്യമില്ലാത്ത കുറ്റം; മാലിന്യ സംസ്കരണ ഓർഡിനൻസിനെ കുറിച്ച് അറിയാം
- എ ഐ യോട് അയവ് വേണ്ട, എ ഐ യെ നിയന്ത്രിക്കാനുള്ള ചരിത്ര നിയമവുമായി യൂറോപ്യൻ യൂണിയൻ. നിയമത്തിൽ പറയുന്നത് എന്തൊക്കെ
- പാർലമെന്റ് പാസാക്കിയ അഭിഭാഷക ഭേദഗതി ബിൽ ലക്ഷ്യമിടുന്നത് എന്ത്?
- ടൂറിസ്റ്റ് വാഹനങ്ങൾക്കുള്ള കേന്ദ്രത്തിന്റെ പുതിയ പെർമിറ്റ് നിയമങ്ങളെ കെ എസ് ആർ ടി സി എതിർക്കുന്നത് എന്തുകൊണ്ട്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us