/indian-express-malayalam/media/media_files/RN6cvbMzcWUwR93Itzbp.jpg)
റിൻസൺ ജോസ്
ലെബനനിലെ പേജർ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് 37 കാരനായ ഇന്ത്യൻ വംശജനായ സംരംഭകനും നോർവീജിയൻ പൗരനുമായ റിൻസൺ ജോസിന്റെ പങ്കും അന്വേഷിക്കുന്നു. ബൾഗേറിയ ആസ്ഥാനമായുള്ള കമ്പനിയായ നോർട്ട ഗ്ലോബൽ ലിമിറ്റഡിന്റെ ഉടമയാണ് ജോസ്. സ്‌ഫോടനത്തിന് ഉപയോഗിച്ച പേജറുകൾ ഹിസ്‌ബുള്ളയ്ക്ക് കൈമാറാൻ ഇടനില നിന്നത് റിൻസൺ ആണെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 17 ന് നടന്ന സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച പേജറുകൾക്ക് പിന്നിൽ വിവിധ കമ്പനികളുടെ പങ്കാളിത്തത്തെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഹംഗേറിയൻ കമ്പനിയായ ബിഎസി കൺസൾട്ടിങ് ആണ് പേജറുകൾ നിർമ്മിച്ചത്. അവ നോർട്ട ഗ്ലോബൽ വഴി ഹിസ്‌ബുള്ളയ്ക്ക് കൈമാറിയതായാണ് മെയിൽ ഓൺലൈൻ പറയുന്നത്. സ്ഫോടനമുണ്ടായതിനുശേഷം ജോസിനെ കാണാനില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഗോൾഡ് അപ്പോളോയുമായുള്ള കരാർ ഒപ്പിട്ടത് ബിഎസി കൺസൾട്ടിംഗ് ആയിരുന്നുവെങ്കിലും ഇടപാടുകാരായി നിലനിന്നത് നോർട്ട ഗ്ലോബൽ ആയിരുന്നുവെന്ന് ഹംഗേറിയൻ മാധ്യമമായ ടെലക്‌സ്, പേജേഴ്‌സ് ഇടപാടിന്റെ ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ബൾഗേറിയയുടെ ദേശീയ സുരക്ഷാ ഏജൻസിയായ സാൻസ് നടത്തിയ അന്വേഷണത്തിൽ സ്‌ഫോടകവസ്തുക്കൾ കയറ്റുമതി ചെയ്യുന്നതിൽ ജോസിനും നോർട്ട ഗ്ലോബലിനും നേരിട്ട് പങ്കുണ്ടെന്നു കണ്ടെത്തി. എന്നാൽ, സ്ഫോടനത്തിന് ഉപയോഗിച്ചതിന് സമാനമായ ഒരു ആശയവിനിമയ ഉപകരണങ്ങളും ബൾഗേറിയയിൽ ഇറക്കുമതി ചെയ്യുകയോ കയറ്റുമതി ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്തിട്ടില്ലെന്ന് സാൻസ് വ്യക്തമാക്കി.
എന്നാൽ, സ്ഫോടനത്തിൽ മകന് പങ്കുണ്ടെന്ന റിപ്പോർട്ടുകൾ വയനാട്ടിലെ ജോസിന്റെ ബന്ധുക്കൾ നിഷേധിച്ചു. ബിസിനസിൽ റിൻസണെ ആരോ വഞ്ചിച്ചുവെന്ന് കരുതുന്നു. സംഭവത്തിനുശേഷം റിൻസണിനെ ബന്ധപ്പെടാൻ കുടുംബത്തിന് കഴിഞ്ഞിട്ടില്ലെന്ന് അമ്മാവൻ തങ്കച്ചൻ പറഞ്ഞു. ലെബനൻ സ്ഫോടനത്തിൽ റിൻസന്റെ പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചതായി വയനാട് ഡെപ്യൂട്ടി എസ്പി സ്പെഷ്യൽ ബ്രാഞ്ച് പി.എൽ.ഷൈജു മനോരമ ഓൺലൈനോട് പറഞ്ഞു.
ആരാണ് റിൻസൺ ജോസ്?
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎയും ഓസ്‌ലോ മെട്രോപൊളിഷ്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻ്റർനാഷണൽ സോഷ്യൽ വെൽഫെയർ ആൻഡ് ഹെൽത്ത് പോളിസിയിൽ മാസ്റ്റേഴ്‌സും പൂർത്തിയാക്കിയ ജോസ് വർഷങ്ങൾക്കു മുൻപേയാണ് നോർവേയിലേക്ക് പോയത്. നവംബറിലാണ് ജോസ് അവസാനമായി വീട്ടിലെത്തിയത്. ജനുവരിയിൽ തിരികെ പോയെന്നും അമ്മാവൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. റിൻസന്റെ പിതാവ് തയ്യൽക്കാരനാണ്. മാനന്തവാടിയിൽ സ്വന്തമായി കടയുണ്ട്.
റിൻസണ് നോർവേയിലെ ഒരു ജോബ് കൺസൾട്ടൻസി സ്ഥാപനവുമായി ബന്ധമുണ്ട്. ഡിഎൻ മീഡിയ ഗ്രൂപ്പിൽ ജോലി ചെയ്യുന്നയാളാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒരു ഐടി, കൺസൾട്ടിംഗ് സ്ഥാപനമായ നോർട്ടലിങ്ക് നടത്തുന്ന ഒരു സംരംഭകനാണെന്നും പ്രൊഫൈലിൽ കാണുന്നുണ്ട്.
Read More
- പൊലീസ് സ്റ്റേഷനിൽ സൈനിക ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധുവിനോട് അതിക്രമം, കുറ്റവാളികളെ ശിക്ഷിക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി
- മ്യാൻമറിൽനിന്ന് 900-ലധികം കുക്കി തീവ്രവാദികൾ മണിപ്പൂരിലേക്ക് കടന്നതായി വിവരം, അതീവ ജാഗ്രതയിൽ സൈന്യം
- സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല് ഹാക്കു ചെയ്യപ്പെട്ടു
- ടിവികെയുടെ ആദ്യ സമ്മേളനം പ്രഖ്യാപിച്ച് വിജയ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.