/indian-express-malayalam/media/media_files/2025/02/04/pngfwaa3gpM1tMUJI6cH.jpg)
പ്രതീകാത്മക ചിത്രം
ഡൽഹി: സൈബർ കുറ്റകൃത്യങ്ങളെ നേരിടാൻ കേന്ദ്ര സർക്കാർ ആരംഭിച്ച ഏകോപിത സംവിധാനമായ ഓൺലൈൻ 'സസ്പെക്റ്റ് രജിസ്ട്രി'യിലൂടെ പത്തു മാസത്തിനുള്ളിൽ 10 ലക്ഷത്തോളം വഞ്ചനാപരമായ ഇടപാടുകൾ നിരസിച്ചു. 5,111.80 കോടി രൂപയുടെ തട്ടിപ്പാണ് ഇതിലൂടെ തടയാനായത്. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (എൻസിആർപി) അടിസ്ഥാനമാക്കി സൃഷ്ടിച്ച രജിസ്‌ട്രിയിൽ സാമ്പത്തിക തട്ടിപ്പുമായും വിവിധ സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 1.4 ദശലക്ഷം സൈബർ കുറ്റവാളികളുടെ വിവരങ്ങൾ അടങ്ങിയിട്ടുണ്ട്.
ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ വികസിപ്പിച്ച ഓൺലൈൻ സസ്പെക്റ്റ് രജിസ്ട്രി, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുറത്തിറക്കിയത്. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്ര അന്വേഷണ, രഹസ്യാന്വേഷണ ഏജൻസികൾക്കും ഇതിൽ നിന്ന് വിവരങ്ങൾ ആക്സസ് ചെയ്യാൻ കഴിയും.
Also Read: ജപ്പാനില്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്ത് നരേന്ദ്ര മോദി, ഇന്ന് വൈകീട്ട് ചൈനയിലെത്തും
2024 സെപ്റ്റംബർ മുതൽ ഈ വർഷം ഓഗസ്റ്റ് 1 വരെ, വഞ്ചനാപരമായ രീതികളിൽ പണം നേടിയ ഏകദേശം 3,54,884 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 11,10,566 യുണീക് അക്കൗണ്ടുകൾ തിരിച്ചറിഞ്ഞതായും, തട്ടിപ്പ് തടഞ്ഞതിലൂടെ ലഭിച്ച 5,111.80 കോടി രൂപ മരവിപ്പിച്ചതായുമാണ് വിവരം. സസ്പെക്റ്റ് രജിസ്ട്രിയിലൂടെ ഏകദേശം 14.13 ലക്ഷം ആളുകളുടെ വിവരങ്ങളും സംശയിക്കുന്ന 13.06 ലക്ഷം വിവരങ്ങളും ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കൈമാറിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടെയാണ് രജിസ്ട്രി വികസിപ്പിച്ചിരിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ആളുകളെക്കുറിച്ചുള്ള ഏകീകൃത വിവരങ്ങൾ അടങ്ങിയ ഒരു കേന്ദ്ര-തല ഡാറ്റാബേസായാണ് രജിസ്ട്രിയുടെ പ്രവർത്തനം. ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സേവനങ്ങൾ നൽകുന്നതിനു മുമ്പായി അവരുടെ വിവരങ്ങൾ പരിശോധിക്കാൻ സഹായിക്കുക എന്നതാണ് സസ്പെക്റ്റ് രജിസ്ട്രി സംവിധാനത്തിന്റെ ലക്ഷ്യം.
Also Read:ജമ്മു കശ്മീരിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; നിരവധി മരണം
അതേസമയം, ഈ വർഷം മാത്രം വിവിധ തരത്തിലുള്ള സൈബർ തട്ടിപ്പുകളിലൂടെ 1,000 കോടിയിലധികം രൂപയാണ് ഓരോമാസവും രാജ്യത്ത് നഷ്ടപ്പെട്ടതെന്ന് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ജനുവരിയിൽ 1,837 കോടി, ഫെബ്രുവരിയിൽ 1,573 കോടി, മാർച്ചിൽ 1,683, ഏപ്രിലിൽ 1,314 രൂപയും, മേയിൽ 1,644 കോടി, ജൂണിൽ 1,584 കോടി, ജൂലൈയിൽ 1,829 കോടി എന്നിങ്ങനെയാണ് തട്ടിപ്പ് നടന്നതെന്ന്, ഉദ്യോഗസ്ഥർ പറയുന്നു.
Read More: പ്രതീക്ഷയ്ക്കപ്പുറം ഇന്ത്യയുടെ ജിഡിപി വളർച്ച; ആദ്യപാദത്തിൽ 7.8 ശതമാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.