/indian-express-malayalam/media/media_files/LW8RfoFDCUQiVXvWLkDt.jpg)
പ്രസാദം കഴിച്ചതിനുശേഷം പനി, ഛർദ്ദി, അയവ് തുടങ്ങിയ ലക്ഷണങ്ങൾ പലരിലും കണ്ടുതുടങ്ങി
അഗർത്തല: വടക്കൻ ത്രിപുര ജില്ലയിലെ ഒരു ശിവക്ഷേത്രത്തിൽ നിന്നുള്ള പ്രസാദത്തിൽ നിന്നും ഭക്ഷ്യവിഷബാധ. പ്രസാദം കഴിച്ചതിനെ തുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഒരു 59 കാരൻ മരിച്ചു. ഭക്ഷ്യവിഷബാധയേറ്റ് 51 പേർ ചികിത്സ തേടിയതായാണ് പൊലീസിന്റെ റിപ്പോർട്ട്. പ്രസാദം കഴിച്ചതോടെ പനി, ഛർദ്ദി, വയറിളക്കം, തലവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെയാണ് ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.
ജൂലൈ 11 നാണ് സംഭവം. വടക്കൻ ത്രിപുരയിലെ ധർമ്മനഗറിലെ ദേവൻപാസ ഗ്രാമപഞ്ചായത്തിലുള്ള അരുൺ ദേബ്‌നാഥിന്റെ വീട്ടിൽ നടന്ന ചടങ്ങിലായിരുന്നു പ്രസാദം വിതരണം ചെയ്തത്. ചടങ്ങിൽ പങ്കെടുത്ത നിരവധിയാളുകളിൽ ഒരാളാണ് മരിച്ച ശൈലേന്ദ്ര ദേബ്‌നാഥ്. പ്രസാദം കഴിച്ചതിനുശേഷം പനി, ഛർദ്ദി, അയവ് തുടങ്ങിയ ലക്ഷണങ്ങൾ പലരിലും കണ്ടുതുടങ്ങി. തുടർന്ന് ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശൈലേന്ദ്രയെ സകൈബാരിയിലെ ഒരു പ്രാദേശിക നഴ്സിംഗ് ഹോമിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ അദ്ദേഹം ശനിയാഴ്ച രാത്രി മരിച്ചു. ഭക്ഷ്യവിഷബാധയേറ്റതായി സംശയിക്കുന്ന മറ്റുള്ളവർ ധർമനഗർ ജില്ലാ ആശുപത്രി, സകൈബാരി നഴ്‌സിംഗ് ഹോം, ബൻരാംഗ് ആശുപത്രികൾ എന്നിവിടങ്ങളിലായി ചികിത്സയിലാണ്.
“മരിച്ചയാളുടെ കുടുംബത്തിൽ നിന്ന് ആരും ഇതുവരെ ഒരു പരാതിയും നൽകിയിട്ടില്ല. പ്രസാദത്തിൽ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ പാക്കറ്റ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ചുവരികയാണ്. വിഷയം അന്വേഷണത്തിലാണ്,” നോർത്ത് ജില്ലാ പോലീസ് സൂപ്രണ്ട് ഭാനുപാദ ചക്രവർത്തി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.