/indian-express-malayalam/media/media_files/zj6IjQz7g5WIt7fkwnOR.jpg)
(Express file photo by Ganesh Shirsekar)
ഡൽഹി: ഏപ്രിൽ 19 ന് ആരംഭിച്ച ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന് പൂർത്തിയാവുമ്പോൾ എല്ലാ കണ്ണുകളും പുറത്തുവരാനിരിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളിലാണ്. ഇന്ന് വൈകിട്ട് ആറ് മണിയോടെ അവസാന ഘട്ട തിരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിക്കുന്ന സമയം മുതൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങും. മുൻ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിച്ച എക്സിറ്റ് പോൾ സർവ്വേകളുടെ കൃത്യത ഏറെക്കുറെ കണക്കുകളോട് ചേർന്ന് നിക്കുന്നവയായിരുന്നു എന്ന് വേണം പറയാൻ.
ഫലം പ്രഖ്യാപിക്കുന്ന ജൂൺ 1 നും ജൂൺ 4 നും ഇടയിൽ, എക്‌സിറ്റ് പോളുകളായിരിക്കും പാർട്ടികളെ പ്രതീക്ഷയിലോ നിരാശയിലോ നിർത്തുന്നത്. കഴിഞ്ഞ രണ്ട് തവണയും എൻഡിഎ വിജയിക്കുമെന്ന് പ്രവചിച്ച ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും ശരിയായിരുന്നുവെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ പ്രകടമായിരുന്നു. എന്നാൽ 2009ൽ യുപിഎ വിജയിച്ചപ്പോൾ മാർജിൻ പ്രവചിച്ചതിലും വളരെ കൂടുതലായിരുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച 2014ലും 2019ലും എക്‌സിറ്റ് പോളുകൾ പലങ്ങളുമായി എത്ര അടുത്തായിരുന്നു? 2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 7 നും മെയ് 12 നും ഇടയിൽ നടന്നപ്പോൾ, മെയ് 16 ന് ഫലങ്ങൾ പ്രഖ്യാപിച്ചു, 2019 പതിപ്പ് ഏപ്രിൽ 11 മുതൽ മെയ് 19 വരെ ആയിരുന്നു, ഫലങ്ങൾ മെയ് 23 നുമാണ് പുറത്തുവന്നത്.
2014-ൽ, ശരാശരി എട്ട് എക്‌സിറ്റ് പോൾ ഫലങ്ങൾ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ 283 സീറ്റുകളും കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എ 105 സീറ്റുകളും നേടുമെന്ന് പ്രവചിച്ചിരുന്നു. ആ വർഷം 'മോദി തരംഗ'ത്തിന്റെ വ്യാപ്തി കണക്കാക്കുന്നതിൽ പല പോളുകളും പരാജയപ്പെട്ടു. ഫലം വന്നപ്പോൾ എൻ.ഡി.എ 336 സീറ്റുകളിലേക്ക് കുതിക്കുകയും യുപിഎ 60 സീറ്റിൽ ഒതുങ്ങുകയുമായിരുന്നു.
2019ൽ, ശരാശരി 13 എക്‌സിറ്റ് പോളുകൾ എൻഡിഎയുടെ നേട്ടം 306 ഉം യുപിഎയുടെ 120 ഉം ആയാണ് പ്രവചിക്കപ്പെട്ടത്. എന്നാൽ വീണ്ടും 353 സീറ്റുകൾ നേടിയ എൻഡിഎ സർവ്വേ ഏജൻസികളെ ഞെട്ടിച്ചു. യുപിഎയ്ക്ക് അന്ന് 93 സീറ്റുമാണ് ലഭിച്ചത്.
2009ലും യുപിഎ വീണ്ടും അധികാരത്തിൽ വന്നപ്പോൾ ശരാശരി നാല് എക്‌സിറ്റ് പോളുകൾ വിജയികളുടെ എണ്ണത്തെ കുറച്ചുകാണിച്ചിരുന്നു. അന്ന് യുപിഎയ്ക്ക് 195 സീറ്റും എൻഡിഎയ്ക്ക് 185 സീറ്റുമാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. എന്നാൽ എൻഡിഎ 158 സീറ്റും യുപിഎ 262 സീറ്റുകളുമായി അധികാരത്തിലേക്ക് തിരികെയെത്തുകയുമായിരുന്നു.
Read More
- 'പോളിംഗ് റെക്കോർഡ് ശതമാനത്തിലേക്കെത്തിക്കുക'; യുവ വോട്ടർമാരോടും സ്ത്രീകളോടും പ്രധാനമന്ത്രിയുടെ ആഹ്വാനം
- ബലാത്സംഗ കേസിൽ പ്രജ്വൽ രേവണ്ണ അറസ്റ്റിൽ; ചോദ്യം ചെയ്ത് പ്രത്യേകാന്വേഷണ സംഘം
- അച്ഛനെയും സഹോദരനെയും കൊന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച 15കാരി അറസ്റ്റിൽ
- പോർഷെ അപകടം: കൗമാരക്കാരന് പകരം രക്തസാമ്പിൾ നൽകിയത് അമ്മ
- സ്റ്റാർട്ടപ്പിൽ ആകാശം മുട്ടുന്ന നേട്ടവുമായി അഗ്നികുൽ; ആദ്യത്തെ ത്രീഡി പ്രിന്റഡ് റോക്കറ്റ് വിക്ഷേപണം വിജയകരം
- മോദിയെ മഹാവിഷ്ണുവിന്റെ അവതാരമാക്കാൻ ശ്രമിക്കുന്നു; ബിജെപിക്കെതിരെ മല്ലികാർജ്ജുൻ ഖാർഗെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.