/indian-express-malayalam/media/media_files/YHNe1K0aW2BbiN9NOq1X.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെയും, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന്റെയും തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ നിന്ന് വാക്കുകളും പരാമർശങ്ങളും നീക്കംചെയ്ത് ദൂരദര്‍ശന്‍. ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും നടത്തിയ പ്രസംഗങ്ങളിൽ നിന്ന് "വർഗീയ സ്വേച്ഛാധിപത്യ ഭരണം", "കാടൻ നിയമം", "മുസ്ലിംകൾ" എന്നീ പദങ്ങളാണ് ഒഴിവാക്കിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാലാണ് വാക്കുകൾ നീക്കം ചെയ്തതെന്നാണ് പ്രസാർ ഭാരതി ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. 'എന്റെ പ്രസംഗത്തിന്റെ ഹിന്ദി പതിപ്പിൽ അവർ ഒരു തെറ്റും കണ്ടെത്തിയില്ല, അതാണ് വിചിത്രം. അത് യഥാർഥത്തിൽ ഇംഗ്ലീഷിന്റെ വിവർത്തനം മാത്രമായിരുന്നു. എന്നാൽ അവരുടെ നിർദ്ദേശപ്രകാരം ഇംഗ്ലീഷ് പതിപ്പ് പരിഷ്ക്കരിച്ചു,' സീതാറാം യെച്ചൂരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിലെ വിവേചനപരമായ വകുപ്പുകളെ കുറിച്ച് പരാമർശിക്കുന്ന ഒരു വരി തന്റെ പ്രസംഗത്തിലുണ്ടായിരുന്നു എന്നാണ് ദേവരാജന്റെ പ്രതികരണം. മുസ്ലിം എന്ന വാക്കാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടെന്നും, എന്നാൽ പൗരത്വത്തിന് അർഹതയുള്ള മറ്റെല്ലാ ന്യൂനപക്ഷ സമുദായങ്ങളെയും നിയമം പരാമർശിക്കുന്നതിനാൽ മുസ്ലീങ്ങളോട് വിവേചനപരമാണ് കാണിക്കുന്നതെന്ന വസ്തുത ഊന്നിപ്പറയാൻ ഈ വാക്ക് ഉപയോഗിക്കണമെന്ന് താൻ വാദിച്ചതായും ദേവരാജൻ പറഞ്ഞു.
ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള പരാമർശങ്ങൾ ഒഴവാക്കണമെന്നും യെച്ചൂരിക്ക് നിർദേശം ലഭിച്ചു. "ഒരു പാർലമെൻ്ററി ജനാധിപത്യത്തിൽ ഭരണത്തിൻ്റെ സ്വഭാവത്തെക്കുറിച്ചും സവിശേഷതകളെ കുറിച്ചും അഭിപ്രായം പ്രകടിപ്പിക്കാൻ എല്ലാ പാർട്ടികൾക്കും അവകാശമുണ്ട്. ഭരണത്തിൻ്റെ 'പാപ്പരത്തം' എന്ന വാക്ക് നീക്കം ചെയ്യുകയും പകരം 'പരാജയം' എന്നാക്കാനുള്ള നിർദ്ദേശം സർക്കാരിൻ്റെ സ്വേച്ഛാധിപത്യ സ്വഭാവത്തെ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്," ദൂരദർശൻ ഡയറക്ടർ ജനറലിന് അയച്ച കത്തിൽ യെച്ചൂരി പറഞ്ഞു.
പരാമർശങ്ങളും വാക്കുകളും നീക്കംചെയ്ത രണ്ട് നേതാക്കളുടെ പ്രസംഗങ്ങളും ഏപ്രിൽ 16ന് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തു. പരാമർശങ്ങൾ നീക്കം ചെയ്തത് പുനപരിശോധിക്കണമെന്ന് ദൂരദർശൻ ഡിജിയോട് യെച്ചൂരി ആവശ്യപ്പെട്ടെങ്കിലും അംഗീകരം ഉണ്ടായിട്ടില്ല.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.