/indian-express-malayalam/media/media_files/2025/02/01/sDe2aWJhbuWWNwKAXFC4.jpg)
പുതിയ ആദായനികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
ന്യൂഡൽഹി: പുതിയ ആദായനികുതി ബിൽ ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിച്ചു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടാൻ സ്പീക്കർ ഓം ബിർലയോട് ധനമന്ത്രി ആവശ്യപ്പെട്ടു.
പുതിയ ആദായനികുതി ബിൽ അവതരിപ്പിക്കുന്നതിനെ പ്രതിപക്ഷം എതിർത്തു. ശബ്ദ വോട്ടോടെ പ്രമേയം പാസാക്കിയതിന് ശേഷമാണ് ബിൽ അവതരിപ്പിച്ചത്. കരട് നിയമം സഭയുടെ സെലക്ട് കമ്മിറ്റിക്ക് വിടാൻ ധനമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു.
അടുത്ത സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സെലക്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. നിർദ്ദിഷ്ട പാനലിന്റെ ഘടനയും ചട്ടങ്ങളും സംബന്ധിച്ച് തീരുമാനമെടുക്കാനും ധനമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു.
536 വകുപ്പുകളും 622 പേജുകളും 23 അധ്യായങ്ങളുമുള്ള ആദായനികുതി ബിൽ 2025 ആണ് അവതരിപ്പിച്ചത്.1961 ലെ ആദായനികുതി നിയമത്തിന് പകരമായാണ് പുതിയ ബിൽ കൊണ്ടുവന്നത്.നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമനിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്നത്.
മുൻവർഷം എന്ന് പദം ഇനിയില്ല
1961 ലെ ആദായനികുതി നിയമത്തിൽ പറയുന്ന 'മുൻ വർഷം' എന്ന പദത്തിന് പകരം 'നികുതി വർഷം' എന്ന പദമാണ് പുതിയ ബില്ലിൽ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ അസസ്‌മെന്റ് വർഷം എന്ന പദവും ഒഴിവാക്കിയിട്ടുണ്ട്.ഉദാഹരണമായി മുൻവർഷമായ 2023-24ൽ നേടിയ വരുമാനത്തിന് അസസ്‌മെന്റ് വർഷമായ 2024-25ൽ നികുതി അടയ്ക്കുന്നതാണ് തുടരുന്ന രീതി. എന്നാൽ പുതിയ ബില്ലിൽ ഈ രണ്ടു പദപ്രയോഗങ്ങളും ഒഴിവാക്കി നികുതി വർഷമാണ് ഇടംപിടിച്ചിരിക്കുന്നത്.
1961 ലെ ആദായനികുതി നിയമത്തിൽ 298 വകുപ്പുകളാണ് ഉള്ളത്. എന്നാൽ പുതിയ ബില്ലിൽ വകുപ്പുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ട്.നിലവിലുള്ള നിയമത്തിൽ 14 ഷെഡ്യൂളുകൾ ഉണ്ട്. അത് പുതിയ ബില്ലിൽ 16 ആയി വർധിക്കും.അധ്യായങ്ങളുടെ എണ്ണം 23 ൽ നിലനിർത്തി.
നിലവിലെ നിയമത്തിൽ 52 അധ്യായങ്ങളുണ്ട്.പേജുകളുടെ എണ്ണം 622 ആയി കുറച്ചു. നിലവിലെ നിയമത്തിൽ 880 പേജുകൾ ഉണ്ട്.ബജറ്റ് അവതരണ വേളയിലാണ് നടപ്പുസമ്മേളന കാലയളവിൽ തന്നെ പുതിയ ആദായനികുതി ബിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.
Read More
- മൂന്ന് ടവറുകൾ, 300 മുറികൾ, ഓഡിറ്റോറിയങ്ങൾ; ഡൽഹിയിൽ ആർഎസ്എസിന് പുതിയ മന്ദിരം
- പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ, ട്രംപുമായി കൂടിക്കാഴ്ച നടത്തും
- സൗജന്യം വാരിക്കോരി നൽകി ജനങ്ങളെ ഇത്തിൾക്കണ്ണികളാക്കുന്നു; വിമർശനവുമായി സുപ്രീം കോടതി
- ഇവിഎമ്മിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി; സ്ഥാനാർഥികൾക്ക് വ്യക്തത ആവശ്യമെങ്കിൽ നൽകണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.