/indian-express-malayalam/media/media_files/uploads/2017/05/pushpa-kamalprachanda-759.jpg)
പുഷ്പ കമാൽ ദഹൽ (ഫയൽ ചിത്രം)
കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ 'പ്രചണ്ഡ' അധികാരത്തിൽ നിന്നും പുറത്തേക്ക്. ഇന്ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടതോയെയാണ് പ്രചണ്ഡയ്ക്ക് അധികാരം നഷ്ടമാകുന്നത്. സഖ്യകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ-യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പ്രചണ്ഡയ്ക്കുള്ള പിന്തുണ പിൻവലിച്ച് സർക്കാരിനെ തങ്ങൾ നയിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ നേപ്പാളി കോൺഗ്രസിന്റെ പിന്തുണയോടെ സിപിഎൻ-യുഎംഎൽ ചെയർമാൻ കെ പി ശർമ ഒലി നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
275 അംഗ പ്രതിനിധി സഭയിൽ 63 അംഗങ്ങൾ മാത്രമാണ് പ്രചണ്ഡ അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ പിന്തുണച്ച് വോട്ട് രേഖപ്പെടുത്തിയത്. 194 പേർ പ്രചണ്ഡയുടെ നേതൃത്വത്തിനെതിരായി വോട്ട് ചെയ്തപ്പോൾ ഒരാൾ വിട്ടുനിന്നു. 2022 ഡിസംബറിലാണ് പ്രചണ്ഡയുടെ മൂന്നാമത്തെ ഭരണകാലം ആരംഭിച്ചത്. ഇടയ്ക്കിടെ സഖ്യകക്ഷികളുമായി തെറ്റിയതിനെ തുടർന്ന് നാല് തവണയാണ് അദ്ദേഹത്തിന് വിശ്വാസ വോട്ടെടുപ്പിനെ നേരിടേണ്ടി വന്നത്. അപ്പോഴെല്ലാം വിശ്വാസ വോട്ടെടുമ്പെന്ന കടമ്പയെ അദ്ദേഹം അതിജീവിച്ചെങ്കിലും ഇത്തവണ ആ ഭാഗ്യം പ്രചണ്ഡയെ പിന്തുണച്ചില്ല.
വിശ്വാസ വോട്ടെടുപ്പിൽ പ്രചണ്ഡയുടെ പരാജയം സ്പീക്കർ ദേവ് രാജ് ഗിമിരെ അറിയിച്ചതിന് തൊട്ടുപിന്നാലെ അംഗങ്ങൾ കെ പി ശർമ ഒലിയെ അഭിനന്ദിക്കുന്നത് കാണാമായിരുന്നു. ഒലിയും നേപ്പാളി കോൺഗ്രസ് മേധാവി ഷേർ ബഹാദൂർ ദേയുബയും സംയുക്തമായി പ്രസിഡന്റ് രാം ചന്ദ്ര പൗഡലിനെ കാണുകയും ഇരു പാർട്ടികളിലെയും എംപിമാരുടെ ഒപ്പുകൾ സാക്ഷ്യപ്പെടുത്തി പുതിയ പ്രധാനമന്ത്രിയായി ഒലിയെ നിയമിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കുകയും ചെയ്യും. ഇരു പാർട്ടികളും ചേർന്ന് 167 അംഗങ്ങളുടെ പിന്തുണയാണ് സഭയിലുള്ളത്. പുതിയ സർക്കാർ രൂപീകരിച്ച് 30 ദിവസത്തിനകം പാർലമെന്റിൽ വിശ്വാസവോട്ട് നേടണം.
Read More
- ജൂൺ 25 ഇനി 'ഭരണഘടനാഹത്യ ദിവസ്' ; പ്രതിപക്ഷത്തിനെതിരെ അടിയന്തരാവസ്ഥ ആയുധമാക്കി കേന്ദ്ര സർക്കാർ
- മദ്യനയ അഴിമതി; കെജ്രിവാളിൻ്റെ അറസ്റ്റിൽ നിയമസാധുത സംബന്ധിച്ച സുപ്രീം കോടതി വിധി ഇന്ന്
- കൂട്ടത്തോൽവി; ഡൽഹിയിൽ സർക്കാർ സ്കൂളുകളിൽ പരാജയപ്പെട്ടത് ഒരു ലക്ഷത്തിലധികം ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ
- ഇന്ത്യ ലോകത്തിന് നൽകിയത് ബുദ്ധനെ, യുദ്ധമല്ല: നരേന്ദ്ര മോദി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.