/indian-express-malayalam/media/media_files/a2QGJ7k64rWMmzYPvgAs.jpg)
കേസിൽ ഇതുവരെ അറസ്റ്റിലായ 13 പേരിൽ നാല് പേർ നീറ്റ് പരീക്ഷ എഴുതിയവരാണ്
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ അന്വേഷണത്തിൽ ചോദ്യ പേപ്പർ ചോർന്നെന്ന സൂചനകൾ ലഭിച്ചതായി അന്വേഷണ സംഘം. നീറ്റ് പേപ്പർ ചോർന്നെന്ന ആരോപണങ്ങൾ അന്വേഷിക്കുന്ന ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് (ഇഒയു) ആണ് ഇത് സംബന്ധിച്ച തങ്ങളുടെ അന്വേഷണ വിവരങ്ങൾ ഇന്ത്യൻ എക്സ്പ്രസുമായി പങ്കുവെച്ചത്.
“നീറ്റ് സംഘടിപ്പിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ഞങ്ങൾ ഒട്ടേറെ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ഞങ്ങളുടെ ടീമിന് അതിന് വ്യക്തമായ മറുപടികളുംലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി തുടർചോദ്യം ചെയ്യൽ ഉണ്ടായേക്കാം. ഞങ്ങളുടെ അന്വേഷണത്തിനിടയിൽ ഞങ്ങൾക്ക് ലഭിച്ച ചില കോൺടാക്റ്റുകളിൽ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ഇത് പേപ്പർ ചോർച്ചയെ സൂചിപ്പിക്കുന്നു. ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിച്ച പോലീസ് അഡീഷണൽ ഡയറക്ടർ ജനറൽ എൻ എച്ച് ഖാൻ പറഞ്ഞു.
കഴിഞ്ഞ മാസം പട്‌ന പോലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ബീഹാർ ഇഒയു യുടെ പ്രത്യേക അന്വേഷണ സംഘം സംഘടിത അന്തർ സംസ്ഥാന തട്ടിപ്പ് സംഘങ്ങളിൽ നിന്ന് നിരവധി ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡുകളും പോസ്റ്റ്-ഡേറ്റഡ് ചെക്കുകളും സർട്ടിഫിക്കറ്റുകളും പിടിച്ചെടുത്തതായി വ്യക്തമാക്കിയിരുന്നു. “അന്വേഷണ സംഘം ഇപ്പോൾ ആർക്കൊക്കെ ചോദ്യോത്തരക്കടലാസുകൾ ലഭിച്ചു, എവിടെ നിന്ന്, അത് എങ്ങനെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താം എന്നിങ്ങനെയുള്ള സ്ഥിരീകരണ തെളിവുകൾ സ്ഥാപിക്കാൻ ശ്രമിക്കുകയാണ്,” ഖാൻ പറഞ്ഞു.
“തട്ടിപ്പ് സംഘത്തിന് വിദ്യാർത്ഥികൾ പണം നൽകിയെന്ന് സൂചിപ്പിക്കുന്ന പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ എസ്ഐടി പിടിച്ചെടുത്തു. നീറ്റിന് ശേഷം ഒരു കേന്ദ്രത്തിൽ ചോദ്യപേപ്പറുകൾ കത്തിച്ചതായി സൂചിപ്പിക്കുന്ന തെളിവുകൾ ഞങ്ങളുടെ പക്കലുണ്ട്, പക്ഷേ പേപ്പർ ചോർച്ചയുണ്ടെന്ന് സ്ഥിരീകരിക്കാൻ ഇത് മതിയായ തെളിവല്ല. ഞങ്ങൾ വിഷയം അന്വേഷിക്കുകയാണ്," അന്വേഷണ സംഘത്തിലെ വൃത്തങ്ങൾ പറഞ്ഞു.
കേസിൽ ഇതുവരെ അറസ്റ്റിലായ 13 പേരിൽ നാല് പേർ നീറ്റ് പരീക്ഷ എഴുതിയവരാണ്. രാമകൃഷ്ണ നഗർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഒരു സ്‌കൂളിൽ പരീക്ഷയ്‌ക്ക് മുമ്പ് 35 ഉദ്യോഗാർത്ഥികളെ വരുത്തി മോക്ക് എക്‌സാം നടത്തിയ സംഘത്തിലെ രക്ഷിതാക്കളുമാണ് ബാക്കിയുള്ളവർ. അവർക്ക് ഉത്തരങ്ങളുള്ള നീറ്റ് ചോദ്യപേപ്പർ അവിടെ നിന്ന് ലഭിച്ചതായി ആരോപിക്കപ്പെടുന്നു,” ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേ സമയം ഏകദേശം 4,500 കേന്ദ്രങ്ങളിൽ ആറ് കേന്ദ്രങ്ങളിൽ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒഴികെ, രാജ്യത്തുടനീളം നീറ്റ് തൃപ്തികരമായി നടത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. പേപ്പർ ചോർച്ചയെക്കുറിച്ചുള്ള ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു, എന്നാൽ എന്തെങ്കിലും തരത്തിലുള്ള കുറ്റം തെളിയിക്കപ്പെട്ടാൽ, കുറ്റക്കാരാരും തന്നെ രക്ഷപ്പെടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആരോപണങ്ങളിലെ എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണ്. എവിടെയെങ്കിലും പോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ വീഴ്ചയുടെ സ്വഭാവമനുസരിച്ച് നടപടി സ്വീകരിക്കുകയും ചെയ്യും. ഒരു പരീക്ഷയുടെ നടത്തിപ്പിലും ക്രമക്കേടുകൾക്ക് സാധ്യതയില്ലെന്നാണ് കരുതുന്നത്. അഥവാ പിഴവുകൾ കണ്ടെത്തിയാൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) ഉത്തരവാദിത്തവും പരിഹരിക്കപ്പെടും,” പ്രധാൻ പറഞ്ഞു.
നീറ്റ് പരീക്ഷാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ ആശങ്കകൾ ന്യായമായും തുല്യതയോടെയും പരിഹരിക്കും. നീറ്റുമായി ബന്ധപ്പെട്ട വസ്തുതകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കൗൺസിലിംഗ് നടപടികൾ ഉടൻ ആരംഭിക്കുമെന്നും ആശയക്കുഴപ്പം കൂടാതെ ഈ ദിശയിൽ മുന്നോട്ട് പോകേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
Read More
- കുവൈത്തിലെത്തിയത് 5 ദിവസം മുൻപ്, ഒരു വിളിപ്പാടകലെ അച്ഛൻ; വിങ്ങലായി ശ്രീഹരി
- കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ധനസഹായം, കൈത്താങ്ങായി പ്രമുഖ വ്യവസായികളും
- കുവൈത്ത് തീപിടിത്തത്തിൽ മരിച്ചത് 24 മലയാളികൾ, 16 പേരെ തിരിച്ചറിഞ്ഞു
- 'മകളുടെ കോളേജ് അഡ്മിഷനായി നാട്ടിൽ വരാനിരിക്കുകയായിരുന്നു': കുവൈത്ത് ദുരന്തത്തിൽ ആശ്രയമറ്റ് കുടുംബങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.