/indian-express-malayalam/media/media_files/7YBlyqs25TrModtbIRdQ.jpg)
ഒഎംആർ ഷീറ്റിൽ കൃത്രിമം കാണിച്ചതിന് അന്വേഷണം നേരിടുന്ന ഗോധ്രയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നായി എത്തിയ 98 ശതമാനം വിദ്യാർത്ഥികളും 500ൽ താഴെ മാർക്ക് നേടിയവരാണ് (ഫയൽ ചിത്രം)
പാറ്റ്ന: ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെ നീറ്റ് പരീക്ഷയുടെ നടത്തിപ്പിനെച്ചൊല്ലിയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെ പാറ്റ്നയിലും ഗോധ്രയിലും ആരോപണവിധേയരായ വിദ്യാർത്ഥികളുടെ മാർക്കിൽ അസാധാരണമായ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വിദ്യാഭ്യാസ മന്ത്രാലയത്തെ അറിയിച്ചു.
ചോദ്യപ്പേപ്പർ ചോർന്നെന്ന ആരോപണത്തിൽ ബിഹാർ പൊലീസിൻ്റെ അന്വേഷണ പരിധിയിലുള്ള, പട്‌നയിൽ നിന്നുള്ള 13 വിദ്യാർത്ഥികളിൽ എട്ടു പേർക്ക് ആകെ 720ൽ 500ൽ താഴെ മാർക്കാണ് ലഭിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഒഎംആർ ഷീറ്റിൽ കൃത്രിമം കാണിച്ചതിന് അന്വേഷണം നേരിടുന്ന ഗോധ്രയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നായി എത്തിയ 98 ശതമാനം വിദ്യാർത്ഥികളും 500ൽ താഴെ മാർക്ക് നേടിയവരാണ്.
ഒരു സർക്കാർ മെഡിക്കൽ കോളേജിൽ അഖിലേന്ത്യാ ക്വാട്ടയിൽ സീറ്റ് ലഭിക്കുന്നതിന് 650ലധികം സ്കോർ വേണമെന്നതാണ് മാനദണ്ഡമായി കണക്കാക്കുന്നത്. ഈ വർഷത്തെ നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഏജൻസി മന്ത്രാലയത്തിന് സമർപ്പിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ റിപ്പോർട്ടിലാണ് ഈ വിശദീകരണമുള്ളത്. ജൂലൈ 8ന് മെഡിക്കൽ പ്രവേശന പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി പരിഗണിക്കാനിരിക്കെ ഈ റിപ്പോർട്ടുകൾ കോടതി മുമ്പാകെ കേന്ദ്ര സർക്കാർ സമർപ്പിക്കുമെന്നാണ് സൂചന.
പട്‌നയിൽ അന്വേഷണം നേരിടുന്ന 13 ഉദ്യോഗാർത്ഥികളിൽ നാല് പേർ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരും, എട്ട് പേർ ഒബിസി വിഭാഗത്തിൽ നിന്നുമുള്ളവരുമാണ്. ബീഹാർ പൊലീസ് നൽകിയ ഒരു സ്ഥാനാർത്ഥിയുടെ വിവരങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ രേഖകളുമായി പൊരുത്തപ്പെടുന്നില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.
12 പേരിൽ (അഞ്ച് സ്ത്രീകളും ഏഴ് പുരുഷന്മാരും) നാല് പേർ മാത്രമാണ് 500ൽ കൂടുതൽ മാർക്ക് നേടുകയും അവരുടെ ഫലങ്ങളിൽ 90 ശതമാനത്തിലധികം നേടുകയും ചെയ്തിട്ടുള്ളത്. കൂടാതെ, ഈ കൂട്ടത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥിക്ക് 609 മാർക്ക് ലഭിച്ചു. ഇയാൾ 71,000ൽ താഴെ റാങ്കിലാണ്. നിലവിൽ 13 വിദ്യാർത്ഥികളിൽ നാല് പേരെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കേരളത്തിൽ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാണ്. ഡൽഹിയിൽ ഇന്ന് കേന്ദ്രമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പാർട്ടിയും പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്.
Read More
- 'ചെറിയൊരു തീപ്പൊരി മതി ഈ സർക്കാർ വീഴാൻ'; എൻഡിഎ സർക്കാർ ദുർബലമെന്ന് രാഹുൽ ഗാന്ധി
- ലോക്സഭ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ്; കണക്കുകൂട്ടലുകളുമായി ഭരണ-പ്രതിപക്ഷ പാർട്ടികൾ
- ബംഗാളിൽ കാഞ്ചൻജംഗ എക്‌സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 മരണം; രക്ഷാപ്രവർത്തനം തുടരുന്നു
- സമവായത്തിന്റെ ‘ക്ലാസിക് ഉദാഹരണം’; അയോധ്യാ തർക്കത്തിൽ തിരുത്തിയെഴുത്തുമായി എൻസിഇആർടി പാഠപുസ്തകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.