scorecardresearch

കിങ് മേക്കറാവുന്നതാര്? എല്ലാ കണ്ണുകളും നീതീഷിലും നായിഡുവിലും

രാഷ്ട്രീയ ലോകമാകെ ഉറ്റുനോക്കുന്നത് ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിലേക്കും ജെഡിയുവിന്റെ നിതീഷ് കുമാറിലേക്കുമാണ്

രാഷ്ട്രീയ ലോകമാകെ ഉറ്റുനോക്കുന്നത് ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിലേക്കും ജെഡിയുവിന്റെ നിതീഷ് കുമാറിലേക്കുമാണ്

author-image
WebDesk
New Update
Naydu

നിതീഷ് കുമാർ എൻഡിഎ യോഗത്തിൽ പങ്കെടുക്കാം എന്ന് മാത്രമാണ് നിലവിൽ അറിയിച്ചിരിക്കുന്നത്

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നതോടെ ബി.ജെ.പിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം മറികടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. നിലവിൽ രാഷ്ട്രീയ ലോകമാകെ ഉറ്റുനോക്കുന്നത് ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിലേക്കും ജെഡിയുവിന്റെ നിതീഷ് കുമാറിലേക്കുമാണ്. ഇരുവരും എൻഡിഎ ഘടകകക്ഷികളാണെങ്കിലും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയിൽ മാത്രമാണ് ബിജെപിക്ക് നിലവിൽ ആത്മവിശ്വാസമുള്ളതെന്നാണ് സൂചന. നിതീഷ് കുമാർ എൻഡിഎ യോഗത്തിൽ പങ്കെടുക്കാം എന്ന് മാത്രമാണ് നിലവിൽ അറിയിച്ചിരിക്കുന്നത്. 

Advertisment

അവസാന കണക്കുകൾ പ്രകാരം 240 സീറ്റുകളാണ് ബിജെപിക്ക് ഒറ്റയ്ക്ക് നേടാനായിട്ടുള്ളത്. അതായത് കേവല ഭൂരിപക്ഷത്തിന് 32 സീറ്റുകൾ കൂടിയാണ് ഇനി ബിജെപിക്ക് അധികാരം പിടിക്കാൻ ആവശ്യമുള്ളത്. നിലവിൽ ടിഡിപിക്ക് 16 സീറ്റുകളും നിതീഷ് കുമാറിന്റെ ജെഡിയുവിന് 12 സീറ്റുകളുമാണുള്ളത്. അതിനാൽ തന്നെ ഇവരുടെ പിന്തുണയെ ആശ്രയിച്ചിരിക്കും എൻഡിഎയുടെ സർക്കാർ രൂപീകരണം എന്നുറപ്പ്. 

ചന്ദ്രബാബു നായിഡുവിന്റെ നിലപാടെന്താവും

ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആന്ധ്രാപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിലും നായിഡുവിന്റെ ടിഡിപിയും ബിജെപിയും ജനസേന പാർട്ടിയും (ജെഎസ്പി) സഖ്യത്തിലാണ് മത്സരിച്ചത്. ആന്ധ്രയിലെ 175 നിയമസഭാ സീറ്റുകളിൽ 134 എണ്ണത്തിൽ ലീഡ് ചെയ്യുകയോ വിജയിക്കുകയോ ചെയ്ത നായിഡുവിന് സംസ്ഥാന സർക്കാർ രൂപീകരിക്കാൻ ബിജെപിയുടെ പിന്തുണ ആവശ്യമില്ല, എന്നാൽ അടുത്ത കേന്ദ്രസർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് ടിഡിപിയുടെ പങ്ക് നിർണായകമാണ്. നായിഡുവിന്റെ മകൻ നാരാ ലോകേഷ് നായിഡു ആദ്യമായി നിയമസഭയിലെത്താൻ ഒരുങ്ങുകയാണ്. ലോകേഷ് മംഗളഗിരിയിൽ നിന്നുമാണ് വിജയിച്ചിരിക്കുന്നത്. ടിഡിപി എൻഡിഎയിൽ തുടരുമെന്ന് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മറ്റെല്ലാ വിഷയങ്ങളിലും ബിജെപിയുമായി സമവായത്തിലെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വൻ നേട്ടമുണ്ടാക്കിയ ഇന്ത്യാ സഖ്യവും നായിഡുവിന് മുന്നിൽ ഓഫറുകൾ വെച്ചിട്ടുണ്ടെന്നാണ് വിവരം. ആന്ധ്രപ്രദേശിന് പ്രത്യേക കാറ്റഗറി പദവി (എസ്‌സിഎസ്) നൽകുന്നതിനെക്കുറിച്ചുള്ള സൂചനകൾ കോൺഗ്രസ് നായിഡുവിന് നൽകിക്കഴിഞ്ഞു. അതുവഴി അവർക്ക് അധിക ഫണ്ട് സ്വീകരിക്കാനും നിക്ഷേപം കൊണ്ടുവരുന്നതിന് സബ്‌സിഡികൾ നൽകാനും കഴിയും. കോൺഗ്രസ് നേതാവ് ജയറാം രമേശ് ആന്ധ്രാപ്രദേശിന് എസ്സിഎസ് വാഗ്ദാനം ചെയ്യുന്ന കോൺഗ്രസിന്റെ പ്രകടനപത്രിക ട്വീറ്റ് ചെയ്തു.

Advertisment

അതേ സമയം 2014ലെ സംസ്ഥാന വിഭജനത്തിന് ശേഷം ആന്ധ്രാപ്രദേശിലെ ജനങ്ങൾക്കിടയിൽ കോൺഗ്രസിനോട് ശക്തമായ എതിർപ്പാണുള്ളതെന്ന് ടിഡിപി വൃത്തങ്ങൾ പറഞ്ഞു. “10 വർഷത്തെ ഇടവേള കഴിഞ്ഞിട്ടും കോൺഗ്രസ് വിജയിക്കാത്തതിന്റെ പിന്നലെ കാര്യം ആന്ധ്രാ വിഭജനമാണ്.  ആന്ധ്രാപ്രദേശിലെ ഒറ്റ നിയമസഭ അല്ലെങ്കിൽ ലോക്‌സഭാ സീറ്റിലും കോൺഗ്രസിന് കര കയറാനായിട്ടില്ല. 2014ലും 2019ലും അവർ ജയിച്ചില്ല. ആ നിലയക്ക് കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യവുമായി ചേരുക എന്നാൽ അത്  ജനങ്ങളുടെ രോഷം വിളിച്ചുവരുത്തും എന്നതാണ് നായിഡുവിന്റെ ഭയം.  നായിഡുവിനും ടിഡിപിക്കും അചഞ്ചലമായ പിന്തുണ വാഗ്ദാനം ചെയ്ത ജെഎസ്പി അധ്യക്ഷൻ പവൻ കല്യാണും ആ നിലപാടിനോട് യോജിക്കുന്നില്ല” ഒരു ടിഡിപി നേതാവ് പറഞ്ഞു.

ഇതാദ്യമായല്ല നായിഡു ഇത്തരത്തിൽ ചർച്ചകളിൽ സ്ഥാനം പിടിക്കുന്നത്. 1996-ൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ഭിന്നിപ്പുള്ള ജനവിധി നൽകിയപ്പോൾ, നായിഡു, യുണൈറ്റഡ് ഫ്രണ്ടിന്റെ കൺവീനറെന്ന നിലയിൽ, കോൺഗ്രസുമായോ ബിജെപിയുമായോ യോജിച്ചിട്ടില്ലാത്ത പാർട്ടികളുടെ ഒരു കൂട്ടായ്മയിൽ എച്ച് ഡി ദേവഗൗഡ സർക്കാരിനെ പിന്തുണച്ചു. ഈ കാലയളവിൽ ഐ കെ ഗുജറാളിനൊപ്പം കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനും അദ്ദേഹം സഹായിച്ചു.

1999-ൽ നായിഡു ബിജെപിയുമായി സഖ്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ആന്ധ്രാപ്രദേശിൽ 29 സീറ്റുകൾ നേടുകയും ചെയ്തു. ഭൂരിപക്ഷത്തിന് കുറവുണ്ടായിരുന്ന അന്നത്തെ അടൽ ബിഹാരി വാജ്‌പേയി സർക്കാരിനെ അദ്ദേഹം പിന്തുണച്ചു. വാസ്തവത്തിൽ, 29 സീറ്റുകളുള്ള ടിഡിപി സർക്കാരിൽ ചേർന്നില്ലെങ്കിലും ബിജെപിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്നു.

2014ലും നായിഡു ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച് മോദി സർക്കാരിൽ ചേർന്നു. 2018ൽ ആന്ധ്രാപ്രദേശിലെ നിയമസഭാ അതേ 2014 ൽ തന്നെ  സംസ്ഥാനത്തിന് എസ്സിഎസ് അനുവദിക്കാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നായിഡു അവരുമായി തെറ്റി. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് നായിഡു പ്രതീക്ഷിച്ചിരുന്നതായി വൃത്തങ്ങൾ പറഞ്ഞു. 

നിതീഷ് കുമാർ

ബീഹാറിലെ സാമൂഹ്യനീതി രാഷ്ട്രീയത്തിൽ പരിചയസമ്പന്നനായ നിതീഷ് കുമാർ ഹ്രസ്വകാലത്തേക്ക് കേന്ദ്ര റെയിൽവേ മന്ത്രിയും ഉപരിതല ഗതാഗത മന്ത്രിയും പിന്നീട് 1998-'99ൽ വാജ്‌പേയിയുടെ എൻഡിഎ സർക്കാരിൽ കൃഷി മന്ത്രിയുമായിരുന്നു. 2000 മുതൽ 2004 വരെ വാജ്‌പേയി സർക്കാരിൽ അദ്ദേഹത്തിന് വീണ്ടും പോർട്ട്‌ഫോളിയോ ലഭിച്ചു.

ഏറ്റവും കൂടുതൽ കാലം, നിതീഷ് ബിഹാറിലെ എൻഡിഎയിലെ മുതിർന്ന പങ്കാളിയായി തുടർന്നു, 2009 ൽ ബിജെപിയുടെ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്നു ജെഡിയു. ദേശീയ തലത്തിൽ ബിജെപി മോശം പ്രകടനം കാഴ്ചവച്ചപ്പോഴും സംസ്ഥാനത്ത് 20 സീറ്റുകൾ നേടി. എന്നാൽ നിതീഷിന്റെ രാഷ്ട്രീയം എപ്പോഴും എങ്ങോട്ട് വേണമെങ്കിലും ചാടാം എന്നുള്ളതായിരുന്നു. 2014-ൽ നരേന്ദ്ര മോദിയോടുള്ള വിയോജിപ്പിന്റെ പേരിൽ എൻ.ഡി.എ വിട്ട നിതീഷ്  ബിഹാർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും രണ്ട് സീറ്റുകൾ മാത്രമാണ് നേടാനായത്. പിന്നീട് 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവുമായി കൈകോർക്കുകയും സഖ്യം തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയും ചെയ്തു. 

എന്നാൽ രണ്ട് വർഷത്തിനുള്ളിൽ സഖ്യം വിട്ട് എൻഡിഎയിൽ ചേരുകയും ബിഹാർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 40 ൽ 39 സീറ്റുകൾ നേടി സഖ്യം തൂത്തുവാരുകയും ചെയ്തു. അവിടെയും ഉറച്ചുനിക്കാതെ  2020 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു  ബിജെപിയുമായി അകന്ന് 2022 ൽ ആർജെഡിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ സഖ്യം തകർക്കുകയും ചെയ്തു. എല്ലാത്തിലുമൊടുവിൽ ഈ ജനുവരിയിൽ നിതീഷ് കുമാർ വീണ്ടും എൻഡിഎയിലേക്ക് മടങ്ങി.

Read More

Narendra Modi Nitish Kumar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: