/indian-express-malayalam/media/media_files/uploads/2017/08/meenakshi-lekhi-par-759.jpg)
ഫയൽ ചിത്രം
ഡൽഹി: പലസ്തീൻ ഗ്രൂപ്പായ ഹമാസിനെ ഇന്ത്യയിൽ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട രേഖയിൽ താൻ ഒപ്പുവച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. ലോക്സഭാ വെബ്‌സൈറ്റിൽ ലഭ്യമായ പാർലമെന്റ് ചോദ്യത്തിനുള്ള മറുപടിയെക്കുറിച്ചുള്ള രേഖ സാമൂഹിക മാധ്യമ ഉപയോക്താക്കളും മാധ്യമ പ്രവർത്തകരും പങ്കുവച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രതികരണം.
ഹമാസിനെ ഇന്ത്യയിൽ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ഒരു രേഖയിലും താൻ ഒപ്പിട്ടിട്ടില്ലെന്ന് മീനാക്ഷി ലേഖി എക്സിൽ കുറിച്ചു. വിഷയത്തിൽ ഔദ്യോഗിക അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിചേർത്തു. കോൺഗ്രസ് എംപിയും കെപിസിസി അധ്യക്ഷനുമായ കെ സുധാകരൻ പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയെ ചൊല്ലിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്.
ലോക്സഭയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും വെബ്‌സൈറ്റിൽ ലഭ്യമായ രേഖയിൽ ഹമാസിനെ ഇന്ത്യയിൽ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് എന്തെങ്കിലും നിർദേശമുണ്ടോയെന്നും ഇസ്രായേൽ അത്തരത്തിലുള്ള എന്തെങ്കിലും ആവശ്യം ഉന്നയിച്ചിട്ടുണ്ടോയെന്നും കെ സുധാകരൻ ചോദിച്ചത്. ഒരു സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന്റെ പരിധിയിൽ വരുമെന്നും, ഏതെങ്കിലും സംഘടനയെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നത് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പരിഗണിക്കുമെന്നും മീനാക്ഷി ലേഖി മറുപടിയിൽ പറയുന്നു.
അതേസമയം വിഷയത്തിൽ ശിവസേന എംപി പ്രിയങ്ക ചതുർവേദി വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടു. രേഖയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് മീനാക്ഷി ലേഖി പറയുന്നു. അപ്പോൾ അത് വ്യാജ പ്രതികരണമാണെന്നാണോ പറയുന്നത്. അങ്ങനെയാണെങ്കിൽ ഇത് നിലവിലുള്ള നിയമങ്ങളുടെ ഗുരുതരമായ ലംഘനവുമാണെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു.
Read More related News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.