/indian-express-malayalam/media/media_files/yCx3fDNeVVlvHasR82iD.jpg)
ഫൊട്ടോ: കിരൺ റിജ്ജു (എക്സ്)
മാർച്ച് 15-നകം തങ്ങളുടെ രാജ്യത്ത് നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് മാലിദ്വീപ്. മാലി പ്രസിഡന്റ് മുഹമ്മദ് മുയിസു ഇക്കാര്യം ഇന്ത്യയോട് വ്യക്തമാക്കിയതായാണ് വിവരം. കേന്ദ്ര സർക്കാരിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 88 ഇന്ത്യൻ സൈനികരാണ് മാലിദ്വീപിലുള്ളത്. മാർച്ച് 15-നകം സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ പ്രസിഡന്റ് മുയിസു ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി പ്രസിഡന്റിന്റെ ഓഫീസിലെ പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നസിം ഇബ്രാഹിം പത്രസമ്മേളനത്തിൽ പറഞ്ഞു.
'ഇന്ത്യൻ സൈനികർക്ക് മാലിദ്വീപിൽ തങ്ങാനാകില്ല. ഇതാണ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവിന്റെയും മാലി ഭരണകൂടത്തിന്റെയും നയം,” ഇബ്രാഹിം വ്യക്തമാക്കി.
മാലിദ്വീപും ഇന്ത്യയും സൈനികരെ പിൻവലിക്കാനുള്ള ചർച്ചകൾക്കായി ഒരു ഉന്നതതല കോർ ഗ്രൂപ്പിനെ രൂപീകരിച്ചിരുന്നു. ഞായറാഴ്ച രാവിലെ മാലെയിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്താണ് സംഘം ആദ്യ യോഗം ചേർന്നത്. യോഗത്തിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറും പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 15നകം സൈന്യത്തെ പിൻവലിക്കണമെന്ന അഭ്യർത്ഥനയാണ് യോഗത്തിന്റെ അജണ്ടയായതെന്ന് നസിം വെളിപ്പെടുത്തി.
അതേ സമയം ഇന്ത്യൻ ഇത് സംബന്ധിച്ച് പുറത്തുവന്ന വാർത്തകൾ സ്ഥിരീകരിക്കുകയോ അതേക്കുറിച്ച് പ്രതികരിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം നവംബർ 17 ന് മാലദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത മുയിസു ചൈനയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്ന നേതാവായാണ് കണക്കാക്കപ്പെടുന്നത്. തന്റെ രാജ്യത്ത് നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യയോട് ഔപചാരികമായി അഭ്യർത്ഥിച്ചു കഴിഞ്ഞുവെന്നും, മാലിദ്വീപ് ജനങ്ങൾ അതിന് തനിക്ക് ശക്തമായ അധികാരം നൽകിയിട്ടുണ്ടെന്നുമാണ് മുയിസു പ്രതികരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി മുയിസു സർക്കാരിലെ മൂന്ന് ഉപമന്ത്രിമാർ പോസ്റ്റ് ചെയ്ത അപകീർത്തികരമായ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിനിടെയാണ് ഇന്ത്യൻ സൈനികരെ പിൻവലിക്കാനുള്ള മാലിയുടെ ആവശ്യം വന്നിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. മൂന്ന് മന്ത്രിമാരെയും അവരുടെ സോഷ്യൽ മീഡിയ പോസ്റ്റിംഗുകൾക്ക് ശേഷം മുയിസു സസ്പെൻഡ് ചെയ്തിരുന്നു. ഇത് ഇന്ത്യയിൽ ആശങ്കയുണ്ടാക്കുകയും റഷ്യയ്ക്ക് തൊട്ടുപിന്നാലെ ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികൾ മാലി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ചൈനയിലേക്കുള്ള തന്റെ സന്ദർശന വേളയിൽ, മുയിസു മാലദ്വീപിനെ ചൈനയുമായി കൂടുതൽ അടുപ്പിക്കാൻ ശ്രമങ്ങൾ നടത്തി എന്നാണ് സൂചന. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രസിഡന്റ് മുയിസു ഇന്ത്യയെ പരോക്ഷമായി ആക്രമിച്ചത്.
ഒരു രാജ്യത്തിന്റെയും പേര് പറയാതെ അദ്ദേഹം പറഞ്ഞു: "ഞങ്ങൾ ചെറുതായിരിക്കാം, പക്ഷേ അത് ഞങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് നിങ്ങൾക്ക് നൽകുന്നില്ല." മറ്റ് രാജ്യങ്ങളിൽ നിന്നുള്ള അവശ്യ ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും ഉപഭോഗവസ്തുക്കളുടെയും ഇറക്കുമതി സുരക്ഷിതമാക്കുന്നത് ഉൾപ്പെടെ, ഇന്ത്യയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതികളും മുയിസു പ്രഖ്യാപിച്ചു.
“ഞങ്ങൾ ആരുടെയും വീട്ടുമുറ്റത്തല്ല കഴിയുന്നത്, ഞങ്ങൾ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്, ”വെലാന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒത്തുകൂടിയ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് മുയിസു ഇന്ത്യയുടെ പേര് പരാമശിക്കാതെ പറഞ്ഞു. വലിപ്പം നോക്കാതെ ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ സ്വാധീനം ചെലുത്താൻ ഒരു രാജ്യത്തിനും അവകാശമില്ലെന്നും മുയിസു വ്യക്തമാക്കി.
മാലിദ്വീപിന്റെ ആഭ്യന്തര കാര്യങ്ങളിൽ ബാഹ്യ സ്വാധീനം അനുവദിക്കില്ലെന്നും മുൻ സർക്കാർ ഇവിടെ ഒപ്പുവെച്ച 100-ലധികം ഉഭയകക്ഷി കരാറുകളും വിശദമായി അവലോകനം ചെയ്യുമെന്നും മുയിസു പറഞ്ഞു.
അധികാരമേറ്റതിന് ശേഷമുള്ള മുയിസുവിന്റെ ആദ്യ ചൈനാ സന്ദർശനത്തിന് ശേഷമാണ് ഇന്ത്യക്കെതിരായ പ്രതികരണമെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതാണ്. അഞ്ച് ദിവസത്തെ സന്ദർശനത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മുയിസു ചർച്ച നടത്തുകയും ഇരു രാജ്യങ്ങളും 20 കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു.
Read More
- മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ല; നഷ്ടപ്പെട്ടതെല്ലാം കോൺഗ്രസ് തിരിച്ചുപിടിക്കും: രാഹുൽ ഗാന്ധി
- യുവ മോഡലിന്റെ കൊലപാതകം: മൃതദേഹം കണ്ടെടുത്തത് കനാലിൽ നിന്ന്
- ബംഗാളിലെ സീറ്റ് ധാരണയ്ക്കായി കോൺഗ്രസുമായി ചർച്ചയ്ക്കില്ല: ഇന്ത്യാ മുന്നണിയെ സമ്മർദ്ദത്തിലാക്കി മമത
- ലോക്സഭാ തിരഞ്ഞെടുപ്പ്: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനത്തോടെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.