/indian-express-malayalam/media/media_files/kpUaJnB32st5FYYxlfwq.jpg)
യുഡിഎഫിന് 16 മുതൽ 18 സീറ്റ് വരെയും എൽഡിഎഫിന് 2 മുതൽ നാല് സീറ്റ് വരെയും ലഭിക്കുമെന്നാണ് മനോരമാ-വിഎംആർ സർവ്വേയുടെ പ്രവചനം
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന ദേശീയ ഏജൻസികളുടെ എക്സിറ്റ് പോൾ സർവ്വേകൾ തള്ളി മനോരമാ ന്യൂസിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ. മനോരമ ന്യൂസും വിഎംആറും ചേർന്ന് നടത്തിയ സർവ്വേ പ്രകാരം കേരളത്തിൽ യുഡിഎഫിനാണ് മുൻതൂക്കം. ബിജെപിക്ക് ഒരു സീറ്റു പോലും ലഭിക്കില്ലെന്ന് പ്രവചിക്കുന്ന സർവ്വേ പ്രകാരം അവർ ഏറ്റവുമധികം പ്രതീക്ഷ വെക്കുന്ന തൃശ്ശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്താകുമെന്നാണ് വ്യക്തമാക്കുന്നത്. യുഡിഎഫിന് 16 മുതൽ 18 സീറ്റ് വരെയും എൽഡിഎഫിന് 2 മുതൽ നാല് സീറ്റ് വരെയും ലഭിക്കുമെന്നാണ് മനോരമാ-വിഎംആർ സർവ്വേയുടെ പ്രവചനം.
യു.ഡി.എഫിന് 42.06 ശതമാനവും എൽ.ഡി.എഫിന് 35.09 ശതമാനവും എൻ.ഡി.എയ്ക്ക് 18.64 ശതമാനവും വോട്ട് നേടുമെന്നാണ് എക്സിറ്റ് പോളിന്റെ പ്രവചനം. യു.ഡി.എഫിന്റേയും എൽ.ഡി.എഫിന്റേയും വോട്ട് വിഹിതം യഥാക്രമം 4.76 ശതമാനവും 0.64 ശതമാനവും കുറയുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ദേശീയ ഏജൻസികൾക്ക് സമാനമായി കേരളത്തിൽ എൻഡിഎ തങ്ങളുടെ വോട്ട് ശതമാനം വർദ്ധിപ്പിക്കുമെന്ന് മനോരമയുടെ സർവ്വേയും പ്രവചിക്കുന്നു. എന്നാൽ അത് മറ്റ് ഏജൻസികൾ പറഞ്ഞ അത്രയും വർദ്ധനവുണ്ടാകില്ലെന്നും വ്യക്തമാക്കുന്നു.
മനോരമ വിഎംആർ എക്സിറ്റ് പോൾ പ്രകാരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപി രണ്ടാം സ്ഥാനത്തെത്തും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ 35.35 ശതമാനം വോട്ടുകൾ നേടി മൂന്ന് തവണ സിറ്റിംഗ് എംപിയായ ശശി തരൂരിന് പിന്നിലായി രണ്ടാം സ്ഥാനത്തെത്തുമെന്ന് പ്രവചിക്കുന്ന സർവ്വേ 37.86 ശതമാനം വോട്ടുകൾ നേടി തരൂർ തിരുവനന്തപുരം നിലനിർത്തുമെന്നും പ്രവചിക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് 25.58 ശതമാനം വോട്ടുകളാണ് സർവ്വേ നൽകുന്നത്.
പത്തനംതിട്ടയിൽ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി രണ്ടാം സ്ഥാനത്തെത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. അനിൽ 32.17 ശതമാനം വോട്ട് നേടുമെന്നും സിറ്റിംഗ് എംപിയായ ആന്റോ ആന്റണിക്ക് 36.53 ശതമാനം വോട്ട് ലഭിക്കുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു. മുൻ മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസക്ക് 27.7 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്താകുമെന്നും സർവ്വേ പ്രവചിക്കുന്നു.
മനോരമയുടെ സർവ്വേ ബിജെപിക്ക് ഏറ്റവും വിഷമകരമായ അവസ്ഥ പ്രവചിക്കുന്നത് തൃശ്ശൂരിലാണ്. ബിജെപി ഏറ്റവും പ്രതീക്ഷയോടെ കാണുന്ന സീറ്റായ തൃശ്ശൂരിൽ അവരുടെ സ്റ്റാർ ക്യാൻഡിഡേറ്റായ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. കെ മുരളീധരനിലൂടെ 37.53 ശതമാനം വോട്ട് നേടി യു ഡി എഫ് സീറ്റ് നിലനിർത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 30.72 ശതമാനം വോട്ടുകളുമായി സി പി ഐ സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ രണ്ടാം സ്ഥാനത്തെത്തുമ്പോൾ സുരേഷ് ഗോപി 29.55 ശതമാനം വോട്ട് നേടി മൂന്നാമതാകുമെന്നുമാണ് സർവ്വേ പ്രവചിക്കുന്നത്. 2019 ൽ 28.19 ശതമാനം വോട്ടുകളാണ് സുരേഷ് ഗോപി തൃശ്ശൂരിൽ നേടിയത്.
യു.ഡി.എഫിലെ വി.കെ.ശ്രീകണ്ഠനിൽ നിന്ന് എ വിജയരാഘവനിലൂടെ പാലക്കാട് സീറ്റ് തിരിച്ചുപിടിക്കാൻ എൽ.ഡി.എഫിന് കഴിയുമെന്നാണ് മനോരമയുടെ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ പരാജയപ്പെടുത്തിക്കൊണ്ട് സീറ്റ് പിടിച്ചെടുക്കാൻ കെ.കെ ശൈലജയ്ക്ക് കഴിയുമെന്നും സർവ്വേ പ്രവചിക്കുന്നു. കണ്ണൂരും ആലത്തൂരും 2019 ലെ പോലെ യുഡിഎഫിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ലെന്നും രണ്ടിടങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും മനോരമ-വിഎംആർ എക്സിറ്റ് പോൾ പ്രവചിക്കുന്നു.
13.65 ശതമാനം വോട്ട് കുറയുമെങ്കിലും അനായാസ ജയത്തോടെ വയനാട് രാഹുൽ ഗാന്ധി നിലനിർത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. രാഹുലിന് 50.99 ശതമാനം വോട്ടും സിപിഐ സ്ഥാനാർഥി ആനി രാജയ്ക്ക് 35.48 ശതമാനം വോട്ടും ലഭിക്കുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് 10.65 വോട്ടുകൾ മാത്രമേ ലഭിക്കൂവെന്നും സർവ്വേ വിലയിരുത്തുന്നു.
ആലപ്പുഴയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ജയിച്ചു കയറുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. 2019 ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ ഏക പച്ചതുരുത്തായി മാറിയ ആലപ്പുഴയിൽ എഎം ആരിഫിനെ പരാജയപ്പെടുത്തിക്കൊണ്ട് വേണുഗോപാൽ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.
ദേശീയ എക്സിറ്റ് പോളുകളുടെ പ്രവചനം
സീറ്റുകളുടെയും വോട്ട് ഷെയറിന്റേയും കാര്യത്തിൽ ബി.ജെ.പി കേരളത്തിൽ വലിയ നേട്ടമുണ്ടാക്കുമെന്നാണ് ദേശീയ തലത്തിലെ മറ്റ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്.
എബിപി സി-വോട്ടർ എക്സിറ്റ് പോൾ യു.ഡി.എഫിന് 17 മുതൽ 19 സീറ്റുകളും ബി.ജെ.പിക്ക് ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകളുമാണ് പ്രവചിച്ചിച്ചിരിക്കുന്നത്. എൽഡിഎഫിന് ഒരു സീറ്റും ലഭിക്കില്ലെന്നു എബിപി സി-വോട്ടർ സർവ്വേ പ്രവചിക്കുന്നു. യു.ഡി.എഫിന് 17 മുതൽ 18 വരെ സീറ്റുകൾ ലഭിക്കുമെന്നും എൻ.ഡി.എ രണ്ട് മുതൽ മൂന്ന് വരെ സീറ്റുകളും, എൽഡിഎഫിന് പൂജ്യം മുതൽ ഒന്ന് വരെ സീറ്റുകളുമാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ സർവേ അവകാശപ്പെടുന്നത്.
ടൈംസ് നൗ-ഇടിജി എൽഡിഎഫിന് നാല് സീറ്റുകളും യുഡിഎഫിന് 14 മുതൽ 15 സീറ്റുകളും എൻഡിഎയ്ക്ക് ഒരു സീറ്റുമാണ് നൽകുന്നത്. ഇന്ത്യ ടിവി-സിഎൻഎക്സിന്റെ പ്രൊജക്ഷൻ എൽഡിഎഫിന് മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകളും യുഡിഎഫിന് 13 മുതൽ 15 സീറ്റുകളും എൻഡിഎയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെ സീറ്റുകളും പ്രവചിക്കുന്നു. ന്യൂസ് 18 എക്സിറ്റ് പോൾ പ്രകാരം 15 മുതൽ 18 വരെ സീറ്റുകൾ യുഡിഎഫ് നേടുമെന്നും എൻഡിഎ ഒന്നു മുതൽ 3 സീറ്റ് വരെ നേടുമെന്നുമാണ് പ്രവചിച്ചിരിക്കുന്നത്.
ഈ സർവ്വേ ഫലങ്ങളെയെല്ലാം പാടെ തള്ളിക്കൊണ്ടാണ് മനോരമ-വിഎംആർ എക്സിന്റെ പോളിന്റെ മണ്ഡലം തിരിച്ചുള്ള സമഗ്രമായ സർവ്വേ ഫലങ്ങൾ എന്നത് ശ്രദ്ധേയമാണ്.
Read More
- 'എക്സിറ്റ് പോളല്ലിത്..മോദി പോൾ'; 295 സീറ്റുമായി അധികാരം പിടിക്കുമെന്ന് കോൺഗ്രസ്
- തെക്കേ ഇന്ത്യയിൽ തളിരിടുമോ താമര? എക്സിറ്റ് പോളുകളിൽ പ്രതീക്ഷയർപ്പിച്ച് ബിജെപി
- 'വോട്ടർമാരെ സ്വാധീനിക്കുന്നതിൽ ഇന്ത്യ സഖ്യം പരാജയപ്പെട്ടു'; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
- 'പോളിംഗ് റെക്കോർഡ് ശതമാനത്തിലേക്കെത്തിക്കുക'; യുവ വോട്ടർമാരോടും സ്ത്രീകളോടും പ്രധാനമന്ത്രിയുടെ ആഹ്വാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.