/indian-express-malayalam/media/media_files/x7i74Mqr5GETaVNHOF7e.jpg)
മമത ബാനർജി
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളെയും ഉടൻ കണ്ടെത്തണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുമെന്നും കൊല്ലപ്പെട്ട പി.ജി ട്രെയിനി ഡോക്ടറുടെ കുടുംബത്തെ നേരിൽ കണ്ടശേഷം മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ചയ്ക്കകം പ്രതികളെയെല്ലാം അറസ്റ്റു ചെയ്തില്ലെങ്കിൽ കേസ് സിബിഐക്ക് കൈമാറുമെന്ന് മമത പറഞ്ഞു. "കേസ് എത്രയും പെട്ടന്ന് പൂർത്തിയാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. എങ്ങനെയാണ് ഒരു ആശുപത്രിയിൽ ഇത്തരമൊരു സംഭവം ഉണ്ടായതെന്ന് എനിക്ക് മനസിലാകുന്നില്ല. കേസിൽ കൂടുതൽ പ്രതികളുണ്ടെങ്കിൽ, ഞായറാഴ്ചയ്ക്കകം എല്ലാവരെയും അറസ്റ്റ് ചെയ്യണം. അല്ലാത്തപക്ഷം കേസ് സിബിഐക്ക് കൈമാറും, അവർക്ക് വിജയ ശതമാനം കുറവാണെങ്കിൽപോലും." മമത ബാനർജി പറഞ്ഞു.
കുറ്റവാളികൾക്ക് വധശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെടുമെന്നും മമത പറഞ്ഞു. കുറ്റവാളികളെ തിരിച്ചറിയാൻ പൊലീസിനോട് ഉത്തരവിട്ടിട്ടുണ്ട്. പ്രതികളെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാക്കും. കുടുംബവുമായി പൊലീസ് നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇതിനകം മെഡിക്കൽ സൂപ്രണ്ടിനെയും വൈസ് പ്രിൻസിപ്പലിനേയും നീക്കം ചെയ്തിട്ടുണ്ട്. പ്രിൻസിപ്പൽ രാജിവയ്ക്കുകയും ചെയ്തു. കൂടാതെ സ്ഥലത്തെ അസിറ്റന്റ് കമ്മീഷണറെയും സ്ഥാനത്തുനിന്ന് നീക്കം ചെയ്തിട്ടുണ്ട്, മമത ബാനർജി കൂട്ടിച്ചേർത്തു.
കേസിൽ കൂടുതൽ പ്രതികളുണ്ടെങ്കിൽ അവരെ ഉടൻ കണ്ടെത്തുമെന്ന് കൊൽക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയൽ പറഞ്ഞു. 'കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എല്ലാവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിനെ അറിയിക്കുന്നതിനായി ഹെൽപ്പ് ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ട്. അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ കൂടുതൽ പ്രതികൾ ഉണ്ടെങ്കിൽ അവരെയെല്ലാം പിടികൂടും. കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവുമായി പൊലീസ് നിരന്തരം ബന്ധം പുലർത്തുന്നുണ്ട്,' കമ്മീഷണർ പറഞ്ഞു.
മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ നാലാംനിലയിലുള്ള സെമിനാർ ഹാളിലാണ് വെള്ളിയാഴ്ച വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അർധനഗ്നയായ നിലയിലായിരുന്നു മൃതദേഹം. സ്വകാര്യഭാഗങ്ങളടക്കം ദേഹമാസകം മുറിവേറ്റനിലയിലായിരുന്നു. ശനിയാഴ്ചയാണ് പ്രതിയെന്ന് സംശയിക്കുന്ന സഞ്ജയ് റോയ്‌യെ പിടികൂടിയത്. ഇയാൾ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നും ആ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നതായി സംശയിക്കുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു.
Read More
- ഡൽഹി മദ്യനയ അഴിമതിക്കേസ്; അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കേജ്രിവാൾ
- ബിഹാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം
- കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതി മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്
- ക്രിക്കറ്റ് കളിക്കിടെ പന്തെടുക്കാൻപോയ പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ചു
- കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം: മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ നടപടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.