/indian-express-malayalam/media/media_files/2025/09/28/vijay-stampede4-2025-09-28-09-09-38.jpg)
Vijay Rally Stampede Updates
Vijay Rally Stampede Updates: ചെന്നൈ: വിജയ്യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം 38 പേർ മരിച്ച സംഭവത്തിൽ റാലി നടന്ന സ്ഥലത്തിനെതിരെ വിമർശനം ഉയരുന്നു. ഇത്രയേറെ ആളുകളെ ഉൾക്കൊള്ളാൻ ശേഷിയില്ലാത്ത സ്ഥലത്താണ് റാലി സംഘടിപ്പിച്ചതെന്നാണ് വിവരം. ടിവികെ അറിയിച്ചതിനേക്കാൾ കൂടുതൽ ആളുകൾ റാലിയിൽ പങ്കെടുത്തിരുന്നു. ഇത്രയേറെ ആളുകളെ നിയന്ത്രിക്കാനുള്ള പൊലീസ് സംവിധാനവും സ്ഥലത്ത് ഉണ്ടായിരുന്നില്ല.
കരൂരിലെ മൂന്ന് സ്ഥലങ്ങളാണ് പാർട്ടി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ റാലിയിൽ ഇത്രയേറെ ജനങ്ങൾ പങ്കെടുക്കുന്നത് അപകടത്തിന് കാരണമാകില്ലേയെന്ന് മദ്രാസ് ഹൈക്കോടതി ആശങ്ക ഉന്നയിക്കുകയും ചെയ്തിരുന്നു. കോടതി ഇടപെടലിനെ തുടർന്നാണ് നിലവിൽ റാലി നടന്ന സ്ഥലം അനുവദിച്ചത് എന്നാണ് റിപ്പോർട്ട്. ഇത്തരം റാലികളും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ നിന്നും സംഘടനകളിൽ നിന്നും പൊതു-സ്വകാര്യ സ്വത്തുക്കൾക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളുടെ പരിഹാരം എന്ന് കണക്കാക്കി മുൻകൂർ പണം വാങ്ങാനും കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു.
Also Read:നെഞ്ചുപൊട്ടി ഉറ്റവർ; ഹൃദയഭേദകം കരൂരിൽ നിന്നുള്ള കാഴ്ചകൾ
സംഭവത്തിൽ വലിയ സുരക്ഷാ വീഴ്ച്ച ഉണ്ടായെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കി. 10,000 പേരെ മാത്രം ഉൾക്കൊള്ളാൻ കഴിയുമായിരുന്ന മൈതാനത്തിൽ 40,000 പേർ തടിച്ചു കൂടിയതും ദുരന്തത്തിന് കാരണമായി. ഗർഭിണികളും കുട്ടികളുമുൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കരുതെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും ഇത് അനുസരിക്കാതെയാണ് പലരും എത്തിയത്.
നിയമ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ എവിടെ പരിപാടി നടത്തണമെന്ന കാര്യത്തിൽ പോലും അവസാനഘട്ടത്തിലാണ് തീരുമാനമായത്. ടിവികെ മുന്നേ തീരുമാനിച്ചിരുന്ന സ്ഥലമാണ് പരിപാടിക്കായി തിരഞ്ഞെടുത്തതെങ്കിൽ ഇതിലും വലിയ ദുരന്തമുണ്ടാകുമായിരുന്നെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിലും പരിമിതമായ സ്ഥലം ടിവികെ ആവശ്യപ്പെട്ടെങ്കിലും പൊലീസും സർക്കാരും അനുമതി നൽകിയില്ല. ഇതിന് പിന്നാലെ ടിവികെ കോടതിയെ സമീപിച്ചതിന് ശേഷമാണ് പരിപാടി നടന്ന കരൂരിൽ സ്ഥലം അനുവദിച്ച് നൽകിയത്.
Also Read:വിജയ്‌യുടെ റാലിയിൽ അപകടം; സംഘാടനത്തിൽ ഗുരുതരവീഴ്ച, പ്രതികരിക്കാതെ വിജയ്
ഉദ്ദേശിച്ചതിലും പതിന്മടങ്ങ് ആളുകൾ മൈതാനത്തേക്ക് എത്തുകയായിരുന്നു. കൂടാതെ മൈതാനത്തിൽ ആറര മണിക്കൂറിലധികം കാത്ത് നിന്നതിന് ശേഷമായിരുന്നു വിജയ് എത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക് എത്തേണ്ടിയിരുന്ന വിജയ് വൈകീട്ട് ഏഴരയോടെയാണ് സ്ഥലത്ത് എത്തിയത്. അത്രയും സമയം ആളുകൾ ഭക്ഷണം പോലും കഴിക്കാതെ അദ്ദേഹത്തെ കാണാൻ കാത്ത് നിൽക്കുകയായിരുന്നു. ഇത് ആളുകളിൽ ശാരീരിക അസ്വസ്ഥ്യമുണ്ടാക്കി. ഇതിനിടയിൽ മരച്ചില്ല ഒടിഞ്ഞുവീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടി.
Also Read:വിജയ്‌യുടെ റാലിയ്ക്കിടെ അപകടം; പ്രധാനമന്ത്രി അനുശോചിച്ചു, സ്റ്റാലിൻ സംഭവസ്ഥലത്തേക്ക്
അപകടമുണ്ടായെന്ന് മനസിലായതോടെ ആളുകൾ പരിഭ്രാന്തരായി പല ഭാഗങ്ങളിലേക്ക് ഓടാൻ തുടങ്ങിയിരുന്നു. ഇതോടെ പൊലീസ് ലാത്തി ചാർജ് ആരംഭിച്ചു. ആംബുലൻസുകൾക്ക് പോലും അപകട സ്ഥലത്തേക്ക് എത്താൻ കഴിയാത്ത സാഹചര്യമായിരുന്നു ആദ്യഘട്ടത്തിൽ. പിന്നീട് എത്രയും പെട്ടെന്ന് അടിയന്തര സഹായത്തിനുള്ള സാഹചര്യമൊരുക്കണം എന്ന് വ്യക്തമാക്കി വിജയ് റാലി അവസാനിപ്പിക്കുകയായിരുന്നു.
അഞ്ചിരട്ടി ആളുകളെത്തിയെന്ന് പോലീസ്
കരൂറിൽ ദുരന്തമുണ്ടായ ടിവികെ റാലിയിലേക്ക് എത്തിയത് അനുമതി നൽകിയതിലും അഞ്ചിരട്ടിയിലേറെ ആളുകളെന്ന് പോലീസ്്. പതിനായിരം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നത്. എന്നാൽ അൻപതിനായിരത്തോളം റാലിക്കെത്തിയെന്നാണ് കണക്കാക്കുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ചതിനുശേഷം എഡിജിപി ഡേവിഡ്‌സൺ ദേവാശിർവാദം മാധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തിൽ നിലവിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും അന്വേഷണം പൂർത്തിയായ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 10,000 പേർക്കാണ് അനുമതി നൽകിയതെങ്കിൽ അഞ്ചിരട്ടിയിലധികം ആളുകൾ റാലിക്കെത്തി. 500 പൊലീസുകാരെ വിന്യസിച്ചിരുന്നു. എന്നാൽ അമ്പതിനായിരത്തിലധികം പേരാണ് എത്തിയത്. സോഷ്യൽമീഡിയ വഴി പ്രചാരണം നടത്തിയതോടെ നിരവധി പേരാണ് വന്നെത്തിയത്. രാവിലെ പത്തു മണി മുതൽ ആളുകൾ ഇവിടെ കാത്തുനിൽപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read More:മരണനിരക്ക് ഉയരുന്നു; തമിഴ്‌നാടിനെ നടുക്കി വിജയ്‌യുടെ റാലിയ്ക്കിടയിലെ അപകടം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.