/indian-express-malayalam/media/media_files/iGVtELMqSpAg4BBGPkEL.jpg)
ഫൊട്ടോ- (Photo: K Kavitha/ X)
ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവുമായ കെ കവിത അറസ്റ്റിൽ. കവിതയുടെ ഹൈദരാബാദിലെ വസതിയിൽ ഇഡിയും ഐടി ഉദ്യോഗസ്ഥരും പരിശോധന നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് അറസ്റ്റ്. ഡൽഹി എക്‌സൈസ് പോളിസി കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയും അറസ്റ്റുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കവിതയുടെ മൊഴി രേഖപ്പെടുത്താൻ ഹാജരാകാൻ ഐടിയും ഇഡിയും നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും നോട്ടീസിനെതിരെ അവർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുകയും ഹാജരാകാൻ വിസമ്മതിക്കുകയും ചെയ്തിരുന്നു.
നിയമസഭാ കൗൺസിൽ അംഗമായ (എംഎൽസി) കവിതയുടെയും ഭർത്താവ് ഡി അനിൽകുമാറിന്റേയും സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ നിന്നും രണ്ട് ഏജൻസികളിൽ നിന്നുമുള്ള 10 ഉദ്യോഗസ്ഥരാണ് ഇന്ന് അവരുടെ വസതിയിൽ റെയ്ഡ് നടത്തിയത്. കവിതയെ കസ്റ്റഡിയിലെടുത്തതിന് തൊട്ടുപിന്നാലെ അവരുടെ സഹോദരനും ബിആർഎസ് വർക്കിംഗ് പ്രസിഡന്റുമായ കെ ടി രാമറാവുവും ബന്ധുവായ ടി ഹരീഷ് റാവുവും അവരുടെ വസതിയിലെത്തി. ട്രാൻസിറ്റ് വാറണ്ട് കാണണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഇഡി ഉദ്യോഗസ്ഥരുമായി തർക്കിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്ന് രാത്രിയോടെ കവിതയെ ഇ.ഡി ഡൽഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
റദ്ദാക്കിയ ഡൽഹി എക്‌സൈസ് നയത്തിന് കീഴിലുള്ള അനാവശ്യ ആനുകൂല്യങ്ങൾക്കായി ആം ആദ്മി പാർട്ടി നേതാക്കൾക്ക് 100 കോടി രൂപ കിക്ക്ബാക്ക് നൽകിയ ‘സൗത്ത് ഗ്രൂപ്പിന്റെ’ ഭാഗമാണ് കവിതയെന്ന് ഇ.ഡി കുറ്റപത്രത്തിൽ ആരോപിച്ചു. ആരോപണങ്ങൾ നിഷേധിച്ച കവിത, ഇഡി നോട്ടീസുകളെ മോദി നോട്ടീസ് എന്നാണ് വിശേഷിപ്പിച്ചത്. മൂന്ന് പ്രധാന എഎപി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായർ എന്നിവർ കേസുമായി ബന്ധപ്പെട്ട് നിലവിൽ ജയിലിലാണ്.
2022 ഡിസംബർ 1 ന്, സിബിഐ ഉദ്യോഗസ്ഥരുടെ ഒരു സംഘം കവിതയുടെ ഹൈദരാബാദിലെ വസതിയിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസം, ഡൽഹി സർക്കാരിന്റെ വിവാദമായ എക്സൈസ് നയത്തിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഡിസംബർ 6 ന് അന്വേഷണത്തിന് ഹാജരാവാൻ സിആർപിസി സെക്ഷൻ 160 പ്രകാരം സിബിഐ അവർക്ക് നോട്ടീസ് നൽകി.
തെലങ്കാന പ്രത്യേക സംസ്ഥാന ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളിൽ സജീവമായിരുന്ന കവിത 2014-ൽ തെലങ്കാന രൂപീകരണത്തിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചു. നിസാമാബാദ് പാർലമെന്റ് മണ്ഡലത്തിൽ നിന്ന് മത്സരിച്ച് 1,67,184 വോട്ടുകൾക്ക് വിജയിക്കുകയും രണ്ട് തവണ കോൺഗ്രസിന്റെ എംപിയായ മധുവിനെ പരാജയപ്പെടുത്തുകയും ചെയ്തു.
വില നിയന്ത്രിക്കാൻ മഞ്ഞൾ ബോർഡ് ആവശ്യപ്പെട്ട മഞ്ഞൾ കർഷകർക്കിടയിൽ വർദ്ധിച്ചുവരുന്ന രോഷം പരിഹരിക്കുന്നതിൽ അവർ പരാജയപ്പെട്ടു. തെലങ്കാനയിലേക്ക് ചുവടുവെക്കാൻ ശ്രമിച്ച ബിജെപി ഇതിലൂടെ നേട്ടമുണ്ടാക്കി, 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ധർമപുരി അരവിന്ദ് കവിതയെ പരാജയപ്പെടുത്തി. തുടർന്ന് 2020, 2021 വർഷങ്ങളിൽ നിസാമാബാദിൽ നിന്ന് എംഎൽസിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
Read More:
- തൊഴിലാളിയിൽനിന്നും ലോട്ടറി രാജാവായി മാറിയ സാന്റിയാഗോ മാർട്ടിൻ; തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരിൽ നമ്പർ 1
- ഇലക്ട്രൽ ബോണ്ട്; ആദ്യ അഞ്ചിൽ മൂന്നു കമ്പനികളും ബോണ്ട് വാങ്ങിയത് ഇഡി- ഐടി അന്വേഷണം നേരിടുമ്പോൾ
- ഇലക്ടറൽ ബോണ്ടിലെ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ
- ഇലക്ടറൽ ബോണ്ട്; പകുതിയും ബിജെപിയ്ക്ക്, മൂന്നിലൊന്നും സ്വന്തമാക്കിയത് 2019ൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.