/indian-express-malayalam/media/media_files/2025/06/13/R4IVlALVBqCE4HEdBgax.jpg)
പ്രതീകാത്മക ചിത്രം (എക്സ്‌പ്രസ് ഫൊട്ടോ)
ഡൽഹി: ഇസ്രായേൽ - ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ, ഇറാൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് വിമാനക്കമ്പനികൾ പിൻവാങ്ങിയതായി റിപ്പോർട്ട്. ആയിരക്കണക്കിന് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തതായാണ് വിവരം.
സംഘർഷം രൂക്ഷമാകുന്നത് വിമാന സർവീസുകളുടെ സുരക്ഷയെ അടക്കം ബാധിക്കുമെന്നാണ് വിലയിരുത്തൽ. വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത് ഇന്ധനച്ചെലവിനൊപ്പം യാത്രാ സമയവും വർദ്ധിപ്പിക്കും. ടിക്കറ്റ് നിരക്ക് വർധനയ്ക്കും ഇത് ഇടയാക്കിയിട്ടുണ്ട്.
ഇന്ത്യ- പാക് സംഘർഷത്തിനു പിന്നാലെ പാക്കിസ്ഥാൻ വ്യോമാതിർത്തി (ഇന്ത്യൻ വിമാനങ്ങൾക്ക്) അടച്ചിട്ടിരിക്കുന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള പടിഞ്ഞാറൻ യാത്രയെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. ഇറാൻ, ഇറാഖ് വ്യോമാതിർത്തികൾ ദീർഘകാലത്തേക്ക് അടച്ചിട്ടാൽ ഇന്ത്യൻ വിമാനങ്ങളെ സംബന്ധിച്ച്, ലഭ്യമായ വ്യോമപാതകൾ കൂടുതൽ പരിമിതപ്പെടും.
Also Read: ഇറാനിൽ കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ; ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ഈ വ്യോമപാതകൾ ഒഴിവാക്കാനായി ഇന്ത്യൻ വിമാനങ്ങൾ കൂടുതൽ തെക്കോട്ട് പറക്കേണ്ടതായും വരും. ഇത് ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള യാത്രകളുടെ സമയവും യാത്ര ചെലവും വർധിപ്പിക്കും. നിലവിൽ, ഇന്ത്യൻ വിമാനക്കമ്പനികളിൽ എയർ ഇന്ത്യയെ ആണ് സംഘർഷം ഏറ്റവും കൂടുതൽ ബാധിക്കുക.. ഇൻഡിഗോ ഇതിനകം തന്നെ മാഞ്ചസ്റ്ററിലേക്കും ആംസ്റ്റർഡാമിലേക്കുമുള്ള വിമാനങ്ങൾ ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത മാസം ആദ്യം തന്നെ അവ ആരംഭിക്കും.
Also Read: വ്യോമപാത അടച്ചു; ഇസ്രായേലിന് കഠിന ശിക്ഷ നൽകുമെന്ന് ഇറാൻ: സംഘർഷഭരിതം പശ്ചിമേഷ്യ
അതേസമയം, കനത്ത വ്യോമാക്രമണമാണ് ഇസ്രായേൽ ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ നടത്തിയത്. ഇറാൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും അടക്കമുള്ളവർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇറാനിലെ റെവല്യൂഷണറി ഗാർഡ് മേധാവി ഹുസൈൻ സലാമി കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. സലാമിയെ കൂടാതെ മുതിർന്ന നിരവധി നേതാക്കൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read: ഇസ്രായേലിന് ഇറാന്റെ മറുപടി; തിരിച്ചടിച്ചത് 100 ഡ്രോണുകൾ ഉപയോഗിച്ച്
അറ്റോമിക് എനർജി ഓർഗനൈസേഷന്റെ മുൻ മേധാവി ഫെറെയ്ദൗൻ അബ്ബാസിയും തെഹ്റാനിലെ ഇസ്ലാമിക് ആസാദ് സർവകലാശാലയിലെ പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്റാഞ്ചിയും കൊല്ലപ്പെട്ടെന്നും ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയും ഇസ്രയേലും ആക്രമണത്തിൽ വലിയ വില നൽകേണ്ടി വരുമെന്ന് ഇറാന്റെ സായുധ സേന വക്താവ് അബോൽഫസൽ ഷെകാർച്ചി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. തിരിച്ചടി മുൻകൂട്ടി കണ്ട് ഇസ്രയേലിൽ നിലവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ജെറുസലേമിൽ സൈറണുകൾ മുഴങ്ങി.
Read More: വിമാന ദുരന്തം: അപകടസ്ഥലം സന്ദർശിച്ച് എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.