/indian-express-malayalam/media/media_files/uploads/2020/02/insurance.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: ഒക്‌ടോബർ 1 മുതൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് ഓഫ് ഇന്ത്യ (ഐആർഡിഎഐ) നിർബന്ധമാക്കിയ പുതിയ നിയമങ്ങളുടെ പശ്ചാത്തലത്തിൽ ലൈഫ് ഇൻഷുറൻസ് പോളിസി ഉടമകൾക്ക് പോളിസികൾ നിർത്തലാക്കിയാലും റീഫണ്ട് ഇനത്തിൽ ഉയർന്ന തുക ലഭിക്കും. പ്രീമിയം അടയ്ക്കാൻ കഴിയാതെ പോളിസി ഹോൾഡർമാർ ഇടയ്ക്ക് പുറത്തുകടന്നാലും അവരുടെ സറണ്ടർ മൂല്യത്തിലെ തുക വർധിക്കുമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. നേരത്തെ ഒരു വർഷത്തിനുശേഷം പോളിസി തുക അടയ്ക്കുന്നത് നിർത്തിയാൽ മുഴുവൻ പ്രീമിയം ഉപേക്ഷിക്കേണ്ടി വരുമായിരുന്നു.
പ്രീമിയം അടയ്ക്കുന്നത് നിർത്തിയാൽ പോളിസി ഉടമയ്ക്ക് ലഭിക്കുന്ന തുകയാണ് സറണ്ടർ മൂല്യം. ഇൻഷുറൻസ് കമ്പനികൾ പോളിസികൾ നിർത്തലാക്കിയാൽ സറണ്ടർ മൂല്യമായി ചെറിയ തുക മാത്രമേ നൽകാറുള്ളൂ. ഇതിലാണ് പുതിയ നിയമം മൂലം മാറ്റം വരുന്നത്. ഈ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ലൈഫ് ഇൻഷുറൻസ് പോളിസികൾ എടുക്കുന്നത് ഇടത്തരം കാലയളവിൽ ഉയരാൻ സാധ്യതയുണ്ടെന്ന് റേറ്റിങ് സ്ഥാപനമായ കെയർഎഡ്ജ് പറഞ്ഞു.
നിലവിൽ, ഒരു വർഷത്തിനു ശേഷം പ്രീമിയം അടയ്‌ക്കാതിരുന്നാൽ പോളിസി നിർത്തലാക്കുകയോ ലാപ്‌സ് ആകുകയോ ചെയ്യും. പോളിസി ഉടമകൾക്ക് റീഫണ്ട് തുകയൊന്നും ലഭിക്കില്ല. എന്നാൽ, ഇനി മുതൽ ഒരു വർഷത്തിനുശേഷം അടച്ച പ്രീമിയത്തിന്റെ 80-85 ശതമാനം അവർക്ക് ലഭിക്കും. പോളിസി ഉടമ 20,000 രൂപ (ഒരു വർഷത്തേക്ക് 240,000 രൂപ) പ്രതിമാസ പ്രീമിയം അടച്ചിട്ടുണ്ടെങ്കിൽ, സറണ്ടർ മൂല്യമായി 2 ലക്ഷം രൂപയിൽ കൂടുതൽ ലഭിക്കും. ഇതുവരെ, ഒരു വർഷത്തേക്ക് റീഫണ്ട് പൂജ്യമായിരുന്നു.
ഉപഭോക്താവ് രണ്ട് വർഷത്തേക്ക് പ്രതിമാസം 20,000 രൂപ പ്രീമിയം അടച്ചാൽ, 4.80 ലക്ഷം രൂപ അടച്ച പ്രീമിയത്തിൽ നിന്ന് 4.50 ലക്ഷം രൂപ അയാൾക്ക് ലഭിക്കും. നിലവിലുള്ള ഫോർമുല അനുസരിച്ച്, നിർത്തലാക്കുന്ന പോളിസികൾക്ക് പോളിസി ഉടമകൾക്ക് ലഭിക്കുന്നത് ഏകദേശം 2.50 ലക്ഷം രൂപ മാത്രമാണ്. തുടർന്നുള്ള വർഷങ്ങളിൽ അതനുസരിച്ച് സറണ്ടർ മൂല്യം വർദ്ധിക്കുകയും അടച്ച പ്രീമിയത്തിൻ്റെ 85 ശതമാനം പോളിസി ഉടമകൾക്ക് ലഭിക്കുകയും ചെയ്യും.
അതേസമയം, പുതിയ നിയമത്തിനെതിരെ ചില എതിർപ്പുകളും ഉയർന്നിട്ടുണ്ട്. ഉയർന്ന സറണ്ടർ മൂല്യം ഇൻഷുറർമാരുടെ പ്രീമിയത്തിൽ വർധനവിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ചില ഇൻഷുറൻസ് കമ്പനികൾ ഐആർഡിഎഐയുടെ സറണ്ടർ മൂല്യം വർധിപ്പിച്ച തീരുമാനം പുനഃപരിശോധിക്കാൻ റെഗുലേറ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More
- ലെബനനിൽ ഇസ്രായേൽ കരയുദ്ധം തുടങ്ങി, ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശക്തമായ ആക്രമണം
- രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പ്രാർത്ഥനയോടെ ആരാധകർ
- പ്രളയക്കെടുതിയിൽ നേപ്പാൾ; മരണസംഖ്യ 193
- ഇന്ത്യക്കാർക്കായി 2.5 ലക്ഷം വിസാ സ്ലോട്ടുകൾ തുറന്ന് അമേരിക്ക
- സൈബർ അടിമകളായി ഇന്ത്യക്കാർ;തടവിൽ കഴിയുന്നത് 30000ത്തോളം പേർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.