/indian-express-malayalam/media/media_files/2024/10/28/KuENxOZWf80NXvAQpUe0.jpg)
15.56 ലക്ഷം പരാതികളാണ് 2023-ൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത്
ന്യൂഡൽഹി:ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്ന് പ്രധാനമന്ത്രി ഞായറാഴ്ചയാണ് മൻ കി ബാത്തിലൂടെ രാജ്യത്തെ ഓർമ്മപ്പെടുത്തിയത്. ഇത്തരം സൈബർ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
കേന്ദ്ര സർക്കാരിന്റെ സൈബർ ക്രൈം ഡാറ്റകൾ പരിശോധിക്കുമ്പോൾ ഇത്തരം തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യത്ത് വിവിധയിടങ്ങളിൽ ഇത്തരം തട്ടിപ്പിനിരയായവർക്ക് നഷ്ടമായത് 120 കോടി 30 ലക്ഷം രൂപയാണ്. വെറും നാല് മാസത്തെ കണക്ക് മാത്രമാണിതെന്ന് കേൾക്കുമ്പോഴാണ് തട്ടിപ്പിന്റെ തോത് മനസ്സിലാകുന്നത്.
വേരുകൾ തെക്കുകിഴക്കൻ എഷ്യൻ രാജ്യങ്ങളിൽ
സൈബർ തട്ടിപ്പിന്റെ ഏറ്റവും പുതിയ രീതികളിലൊന്നാണ് ഡിജിറ്റൽ അറസ്റ്റ്.തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മ്യാൻമർ, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിലാണ് തട്ടിപ്പിന്റെ സൂത്രധാരൻമാർ ഒളിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റെറിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവരിൽ 46ശതമാനവും ഇന്ത്യയിലാണ്.
പെരുകുന്ന പരാതികൾ
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ (എൻസിആർപി) കണക്കുകൾ പ്രകാരം ഈ വർഷം ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെ മാത്രം ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട് രാജ്യത്ത് 7.4ലക്ഷം പരാതികൾ ലഭിച്ചു.
15.56 ലക്ഷം പരാതികളാണ് 2023-ൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത്. 2022ൽ റിപ്പോർട്ട് ചെയ്തതാകട്ടെ 9.66ലക്ഷം പരാതികളും. 2021-ൽ 4.52 ലക്ഷം പരാതികളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തത്. ഓരോ വർഷവും ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ചുള്ള കേസുകളുടെ എണ്ണം വർധിക്കുകയാണെന്ന് എൻസിആർപിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.
നാല് തരം സൈബർ തട്ടിപ്പ്
സൈബർ തട്ടിപ്പിന് നിരവധി മുഖങ്ങളുണ്ട്. അവയിൽ നാലെണ്ണമാണ് ഇന്ത്യയിൽ പ്രബലം. ഡിജിറ്റൽ അറസ്റ്റ്, ട്രേഡിംഗ് തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്്, പ്രണയം/ഡേറ്റിംഗ് തട്ടിപ്പ് എന്നിവയാണ് ഇവയിൽ പ്രമുഖം.
ഡിജിറ്റൽ അറസ്റ്റിൽ ഇന്ത്യക്കാർക്ക് കഴിഞ്ഞ നാല് മാസത്തിനിടെ 120.30 കോടി രൂപ നഷമായപ്പോൾ ട്രേഡിംഗ് തട്ടിപ്പിൽ 1420.48 കോടി രൂപയും നിക്ഷേപ തട്ടിപ്പിൽ 222.58 കോടി രൂപയും പ്രണയം/ഡേറ്റിംഗ് തട്ടിപ്പിൽ 13.23 കോടി രൂപയും നഷ്ടപ്പെട്ടു- ഇന്ത്യൻ സൈബർ ക്രൈം ഓർഡിനേഷൻ സെന്റെർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാജേഷ് കുമാർ പറഞ്ഞു.
തട്ടിപ്പിന്റെ കണ്ണികൾ
ഒരു കോളിലൂടെ ആളുകളെ മുൾമുനയിൽ നിർത്തിയാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. എന്തെങ്കിലും ഗുരുതര കുറ്റകൃത്യങ്ങളിൽ അകപ്പെട്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഇരകളെ ഇവർ വരുതിയിലാക്കുന്നത്. ഇത്തരം തട്ടിപ്പ് സംഘങ്ങളിൽ നിന്ന് ഇരകളെ വിളിക്കുന്നതും ഇന്ത്യൻ പൗരൻമാരാകുമെന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
മ്യാൻമർ, ലാവോസ്, കംബോഡിയ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തൊഴിൽ തട്ടിപ്പ് സംഘങ്ങളാണ് ഇന്ത്യയിൽ നിന്നുള്ളവരെ ഇതിനായി റിക്രൂട്ട് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങൾ വഴി ഇവർ വ്യാജ തൊഴിൽ അവസരങ്ങൾ പരസ്യപ്പെടുത്തും. ഇതിൽ ആകർഷകരാകുന്ന യുവാക്കളെ ഈ രാജ്യങ്ങളിലേക്ക് റിക്രൂട്ട് ചെയ്യും.
നല്ലൊരു ജോലി ലക്ഷ്യം കണ്ട് ഇത്തരം രാജ്യങ്ങളിലെത്തുമ്പോഴാണ് തട്ടിപ്പ് മനസ്സിലാകുന്നത്. തട്ടിപ്പ് സംഘങ്ങളുമായി ചേർന്ന പ്രവർത്തിക്കാൻ വിമുഖത കാട്ടുന്നവരെ ക്രൂര മർദ്ദനങ്ങൾക്കും ഇത്തരം സംഘങ്ങൾ വിധേയമാക്കുമെന്ന് ആഭ്യന്ത മന്ത്രാലയത്തിന്റെ അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട.
Read More
- ഡിജിറ്റൽ അറസ്റ്റ് രാജ്യത്തില്ല; തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി മോദി
- നയം വ്യക്തമാക്കാൻ വിജയ്; തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനം ഇന്ന്
- കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവ് ശിക്ഷ
- കോൾഡ് പ്ലേയുടെ വ്യാജടിക്കറ്റുകൾ; അഞ്ച് സംസ്ഥാനങ്ങളിൽ ഇഡി പരിശോധന
- ദുരന്തമുഖത്തെ ധൈര്യവും മനക്കരുത്തും; വയനാടിനെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമെന്ന് പ്രിയങ്കാ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.