scorecardresearch

ഇന്ത്യാ മുന്നണിക്ക് മേൽ സമ്മർദ്ദമുയർത്തി അഖിലേഷ് യാദവും; രാഹുലിന്റെ യാത്രയിൽ പങ്കെടുക്കില്ല

യു പിയിൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജനം അന്തിമമാക്കിയതിന് ശേഷം മാത്രമേ എസ് പി യാത്രയോടൊപ്പം ചേരുകയുള്ളൂവെന്ന് അഖിലേഷ്

യു പിയിൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജനം അന്തിമമാക്കിയതിന് ശേഷം മാത്രമേ എസ് പി യാത്രയോടൊപ്പം ചേരുകയുള്ളൂവെന്ന് അഖിലേഷ്

author-image
WebDesk
New Update
Akhilesh-Up Nw

ഫയൽ ചിത്രം

ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇന്ത്യാ സഖ്യത്തിന് മേൽ സമ്മർദ്ദം ശക്തമാക്കി സമാജ് വാദി പാർട്ടി. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് എസ് പി നേതാവ് അഖിലേഷ് യാദവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ നിന്നും വിട്ടു നിൽക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. യു പിയിൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജനം അന്തിമമാക്കിയതിന് ശേഷം മാത്രമേ എസ് പി യാത്രയോടൊപ്പം ചേരുകയുള്ളൂവെന്ന് അഖിലേഷ് വ്യക്തമാക്കി. നേരത്തേ അമേഠിയിലോ റായ്ബറേലിയിലോ യാത്ര എത്തുമ്പോൾ അഖിലേഷും രാഹുലിനൊപ്പം ചേരുമെന്ന്  കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞിരുന്നു. 

Advertisment

അമേഠിയിലോ റായ്ബറേലിയിലോ യാത്രയിൽ പങ്കെടുക്കുമെന്ന ഉറപ്പുനൽകിക്കൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തെഴുതി രണ്ടാഴ്ചയ്ക്ക് ശേഷമാണ് അഖിലേഷിന്റെ നിലപാട് മാറ്റം. അതേസമയം യാത്രയുടെ യുപിയിലെ പര്യടനം വിജയിക്കട്ടെയെന്നും എസ് പി അദ്ധ്യക്ഷൻ പറഞ്ഞു. 

ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ അവശേഷിക്കുന്ന ശക്തികേന്ദ്രങ്ങളാണ് അമേഠി, റായ്ബറേലി പാർലമെന്റ് മണ്ഡലങ്ങൾ. 
ഫെബ്രുവരി 16 ന് യുപിയിൽ പ്രവേശിച്ച രാഹുലിന്റെ യാത്രയിൽ ചേരാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ക്ഷണം ഫെബ്രുവരി 6 നാണ് അഖിലേഷിന് ലഭിച്ചത്. ഇതിന് മറുപടിയായി അമേഠിയിലോ റായ്ബറേലിയിലോ താൻ യാത്രയിൽ ചേരുമെന്ന് അഖിലേഷ് കോൺഗ്രസ് നേതൃത്വത്തിന് ഉറപ്പ് നൽകിയിരുന്നു. തന്റെ പാർട്ടി ഇന്ത്യൻ സഖ്യത്തോടൊപ്പം ഉണ്ടാകുമെന്നും എസ്പി മേധാവി വ്യക്തമാക്കിയിരുന്നു. 

രാഹുലിന്റെ യാത്ര തിങ്കളാഴ്ച അമേഠിയിലൂടെയാണ് പര്യടനം നടത്തുന്നത്.  അമേഠിയിൽ രാഹുൽ  ഖാർഗെയ്‌ക്കൊപ്പം ബാബുഗഞ്ച് ഏരിയയിലെ പൊതു റാലിയെ അഭിസംബോധന ചെയ്യും. രാത്രി അമേഠിയിൽ തങ്ങുന്ന രാഹുൽ ചൊവ്വാഴ്ച ഉച്ചവരെ കോടതി നടപടികൾക്കായി താൽക്കാലിക ഇടവേള എടുത്തതിന് ശേഷം ഉച്ചതിരിഞ്ഞ് റായ്ബറേലിക്ക് സമീപം യാത്ര പുനരാരംഭിക്കും.

Advertisment

അതേ സമയം ഉത്തർപ്രദേശിൽ കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾ തുടരുകയാണെന്ന് ലഖ്‌നൗവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അഖിലേഷ് പറഞ്ഞു. “പല റൗണ്ട് ഡയലോഗുകൾ നടക്കുകയും നിരവധി ലിസ്റ്റുകൾ (സീറ്റുകളുടെ) കൈമാറ്റം ചെയ്യുകയും ചെയ്തു. സീറ്റ് വിഭജനം അന്തിമമാകുമ്പോൾ, സമാജ്‌വാദി പാർട്ടി കോൺഗ്രസിന്റെ ന്യായ് യാത്രയിൽ ചേരും, ”അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനത്തിൽ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനാണ് അഖിലേഷിന്റെ  നീക്കമെന്ന് ഇതിലൂടെ വ്യക്തമാണ്.

കഴിഞ്ഞ മാസം, യുപിയിൽ കോൺഗ്രസിന് 11 ലോക്‌സഭാ സീറ്റുകൾ ഏകപക്ഷീയമായി പ്രഖ്യാപിച്ചുകൊണ്ട്  അഖിലേഷ് യാദവ് യു പിയിൽ ഇന്ത്യാ സഖ്യം മികച്ച രീതിയിലാണ് മുന്നോട്ട് പോകുക എന്ന സന്ദേശം നൽകിയിരുന്നു.അതേ സമയം എസ്പിയുമായി സീറ്റ് വിഭജന ചർച്ചകൾ തുടരുകയാണെന്ന് കോൺഗ്രസ് പറഞ്ഞു. കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. പിന്നീട് എസ്പി 16 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

എസ്പിയുടെ അമേഠി ജില്ലാ പ്രസിഡന്റ് രാം ഉദിത് യാദവ് പറഞ്ഞു, “ഞങ്ങളുടെ ദേശീയ അധ്യക്ഷന്റെ (അഖിലേഷ്) സന്ദർശനത്തെക്കുറിച്ച് പാർട്ടി ആസ്ഥാനത്ത് നിന്ന് എനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ല. അമേഠിയിലെ (കോൺഗ്രസ്) യാത്രയിൽ പങ്കെടുക്കേണ്ടി വന്നാൽ, വിവരങ്ങൾ മുൻകൂട്ടി അയക്കുമായിരുന്നു. കൂടാതെ, പാർട്ടി പ്രവർത്തകർക്ക് യാത്രയിൽ ചേരണോ വേണ്ടയോ എന്നൊരു നിർദ്ദേശവും വന്നിട്ടില്ല.

എസ്പിയുടെ റായ്ബറേലി യൂണിറ്റിനും അഖിലേഷിന്റെ സന്ദർശനത്തെക്കുറിച്ച് പാർട്ടി നേതൃത്വത്തിൽ നിന്ന് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. അതേ സമയം അപ്നാ ദൾ (കെ) നേതാവും എസ്പി എംഎൽഎയുമായ പല്ലവി പട്ടേലും അവരുടെ പാർട്ടി നേതാക്കളും ശനിയാഴ്ച വാരണാസിയിൽ യാത്രയിൽ ചേർന്നിരുന്നു. ഇവരുടെ നീക്കം എസ്പി നേതൃത്വത്തെ അസ്വസ്ഥമാക്കിയതായാണ് വിവരം.

നിലവിലെ സാഹചര്യത്തിൽ സീറ്റ് വിഭജനത്തേക്കാൾ പ്രധാനം ജനാധിപത്യം സംരക്ഷിക്കുന്നതിനാണെന്ന് കോൺഗ്രസ് വക്താവ് അൻഷു അവസ്തി പറഞ്ഞു. ഇന്ത്യൻ സഖ്യം ശക്തിപ്പെടുത്താൻ എസ്പി ഉൾപ്പെടെ എല്ലാവരും വലിയ മനസ്സ് കാണിക്കേണ്ടതുണ്ട്. അതിനാൽ തന്നെ യാത്രയിൽ അഖിലേഷും ചേരുമെന്ന് അവസ്തി പ്രത്യാശ പ്രകടിപ്പിച്ചു.

അടുത്തിടെ യുപിയിലെ ഇന്ത്യാ സഖ്യത്തിന് തിരിച്ചടി നൽകിക്കൊണ്ട്, അഖിലേഷിന്റെ പ്രധാന യുപി സഖ്യകക്ഷിയായ ആർഎൽഡി പ്രസിഡന്റ് ജയന്ത് ചൗധരി ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയിലേക്ക് കടന്നിരുന്നു. അമേഠിയിലും റായ്ബറേലിയിലും എസ്പിയുടെ പിന്തുണ കോൺഗ്രസിന് നിർണായകമാണ്, കാരണം സംസ്ഥാനത്തുടനീളം മോശം പ്രകടനമുണ്ടായിട്ടും കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി കോൺഗ്രസിന് ഈ സീറ്റുകൾ പതിവായി നേടാൻ കഴിഞ്ഞിരുന്നു. 

1999-ൽ അമേഠിയിൽ 2.67 ശതമാനം വോട്ട് നേടി നാലാം സ്ഥാനത്തെത്തിയ കമറുജ്ജമ ഫൗസിയെയാണ് എസ്പി അവസാനമായി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. 67 ശതമാനം വോട്ട് നേടിയാണ് സോണിയ ഗാന്ധി  അന്ന് അവിടെ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. 2004ലെ തിരഞ്ഞെടുപ്പിൽ അമേഠിയിൽ സ്ഥാനാർഥിയെ നിർത്താതെ എസ്പി രാഹുലിന് പിന്തുണ നൽകി. രാഹുലിന്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റമായിരുന്നു അത്. എന്നാൽ റായ്ബറേലിയിൽ സോണിയക്കെതിരെ എസ്പി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നെങ്കിലും സോണിയ വിജയം ആവർത്തിച്ചു.

2009ലും 2014ലും രാഹുലിനും സോണിയയ്ക്കും എതിരെ അമേഠിയിലും റായ്ബറേലിയിലും എസ്പി തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.  2019ൽ എസ്പി ബിഎസ്പിയുമായും ആർഎൽഡിയുമായും സഖ്യമുണ്ടാക്കിയപ്പോൾ അവരുടെ സഖ്യം അമേഠിയിൽ രാഹുലിനും റായ്ബറേലിയിൽ സോണിയയ്ക്കും പിന്തുണ നൽകി. എന്നാൽ റായ്ബറേലിയിൽ സോണിയാ ഗാന്ധി സീറ്റ് നിലനിർത്തിയപ്പോൾ അമേഠിയിൽ രാഹുൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.

Read More:

Rahul Gandhi Akhilesh Yadhav

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: