/indian-express-malayalam/media/media_files/j5dVZVrriiYirK3rDkZq.jpg)
എംഎൽഎമാരുടെ കാര്യത്തിൽ വിവരങ്ങളില്ലെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്
ഷിംല: ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് വീണ്ടും തലവേദന സൃഷ്ടിച്ച് വിമത എംഎൽഎമാരുടെ തിരോധാനം. എംഎൽഎമാരുടെ കാര്യത്തിൽ വിവരങ്ങളില്ലെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അയോഗ്യരാക്കപ്പെട്ട ആറ് വിമത കോൺഗ്രസ് എംഎൽഎമാർ വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഋഷികേശിലെത്തിയതായാണ് വിവരം. മൂന്ന് സ്വതന്ത്ര എംഎൽഎമാരും രണ്ട് ബിജെപി എംഎൽഎമാരും ഇവർക്കൊപ്പമുണ്ടായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
റിപ്പോർട്ടുകൾ പ്രകാരം 11 എംഎൽഎമാരും ഋഷികേശിലെ താജ് ഹോട്ടലിൽ താമസിച്ചിരുന്നു. എംഎൽഎമാർക്ക് സുരക്ഷയൊരുക്കാൻ ഹരിയാന പൊലീസ് ഉദ്യോഗസ്ഥർ ഹോട്ടലിൽ എത്തിയതായും വിവരമുണ്ട്. ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ആറ് വിമത എംഎൽഎമാരോടുള്ള നിലപാട് മയപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവങ്ങൾ.
മൂന്ന് സ്വതന്ത്രർക്കൊപ്പം ആറ് എംഎൽഎമാരെയും ചണ്ഡീഗഡ് ഹോട്ടലിൽ നിന്ന് അജ്ഞാത സ്ഥലത്തേക്ക് സ്ഥലം മാറ്റിയതായി മുഖ്യമന്ത്രി സുഖു വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
“ആറു വിമത എംഎൽഎമാരെയും മൂന്ന് സ്വതന്ത്രരെയും ചണ്ഡീഗഡ് വിമാനത്താവളത്തിൽ നിന്ന് ചാർട്ടേഡ് വിമാനത്തിൽ കയറ്റി അയച്ചതായി ഞങ്ങൾ മനസ്സിലാക്കി. അവർ ലളിത് ഹോട്ടലിലില്ല. ഈ അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ കുടുംബാംഗങ്ങൾ അവരോട് മടങ്ങിവരാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനിടയിൽ ചില രാഷ്ട്രീയ ശക്തികൾ അവരെ ചണ്ഡീഗഢിൽ നിന്ന് മാറ്റി" ബൈജ്‌നാഥിലെ ശിവരാത്രി ഉത്സവത്തിൽ പങ്കെടുക്കവേ, സുഖു പറഞ്ഞു,
എംഎൽഎമാരെ ആദ്യം ഡെറാഡൂണിലേക്കും പിന്നീട് ഋഷികേശിലേക്കും കൊണ്ടുപോയതായി വൃത്തങ്ങൾ അവകാശപ്പെട്ടു. വ്യാഴാഴ്ച മുഖ്യമന്ത്രി സുഖു ഡൽഹിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തിന് ശേഷം വിമത എംഎൽഎമാരോടുള്ള അദ്ദേഹത്തിന്റെ നിലപാട് മയപ്പെടുത്തിയിരുന്നു.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.