/indian-express-malayalam/media/media_files/2025/07/21/2006-mumbai-local-train-blasts-2025-07-21-12-43-08.jpg)
(Express Archive)
2006 Mumbai Local Train Blasts: 2006 ലെ മുംബൈ ലോക്കൽ ട്രെയിൻ സ്ഫോടനക്കേസിൽ പ്രതികളായ അഞ്ചുപേർക്ക് വധശിക്ഷ വിധിച്ച പ്രത്യേക കോടതി വിധി റദ്ദാക്കി ബോംബെ ഹൈക്കോടതി. ശിക്ഷ സ്ഥിരീകരിക്കണമെന്ന മഹാരാഷ്ട്ര സർക്കാരിന്റെ ആവശ്യം നിരസിച്ചാണ് ഹൈക്കോടതി വിധി. ജീവപര്യന്തം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർ ഉൾപ്പെടെ കേസിലെ 12 പ്രതികളെയും ഹൈക്കോടതി കുറ്റവിമുക്തരാക്കി.
പ്രോസിക്യൂഷൻ സാക്ഷികളുടെ വിശ്വാസ്യതയെയും ചില പ്രതികളുടെ ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡിനെയും (ടിഐപി), ജസ്റ്റിസുമാരായ അനിൽ എസ്. കിലോർ, ശ്യാം സി. ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ച് ചോദ്യം ചെയ്തു. മറ്റു കേസുകളിൽ തടങ്കലിൽ പാർപ്പിക്കേണ്ട ആവശ്യമില്ലെങ്കിൽ എല്ലാവരെയും വിട്ടയക്കാൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു. എല്ലാവരും 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ഒപ്പിടാനും ഹൈക്കോടതി നിർദ്ദേശിച്ചു.
Also Read: പാർലമെന്‍റ് സമ്മേളനത്തിനു തുടക്കം; ചർച്ചയായി പഹൽഗാം ആക്രമണം; സഭയിൽ പ്രതിപക്ഷ ബഹളം
പ്രതികൾക്കെതിരെ സംശയാതീതമായി കുറ്റകൃത്യങ്ങൾ സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് നീരീക്ഷിച്ചാണ് കോടതിയുടെ സുപ്രധാന വിധി. ജനുവരി 31 നായിരുന്ന കേസിലെ വാദം അവസാനിച്ചത്. കഴിഞ്ഞ വർഷം ജൂലൈ മുതൽ ആറു മാസക്കാലമായിരുന്നു വാദം. അഞ്ചു മാസത്തിനു ശേഷമാണ് പ്രത്യേക ബെഞ്ചിന്റെ വിധി വരുന്നത്.
2006 ജൂലൈ 11നായിരുന്നു രാജ്യത്തെ നടുക്കിയ മുംബൈ ലോക്കൽ ട്രെയിൻ സ്ഫോടനം നടന്നത്. 11 മിനിറ്റിനുള്ളിൽ ഏഴു ബോംബുകളാണ് മുംബൈയിലെ വിവിധ ലോക്കൽ ട്രെയിനുകളിലായി പൊട്ടിത്തെറിച്ചത്. സ്ഫോടന പരമ്പരയിൽ 189 യാത്രക്കാർ കൊല്ലപ്പെടുകയും 824 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എട്ടു വർഷത്തിലേറെ നീണ്ട വിചാരണയ്ക്ക് ശേഷം, MCOCA-യ്ക്കു കീഴിലുള്ള പ്രത്യേക കോടതി 2015 സെപ്റ്റംബറിൽ അഞ്ചു പ്രതികൾക്ക് വധശിക്ഷയും മറ്റു ഏഴു പ്രതികൾക്ക് ജീവപര്യന്തം തടവും വിധിച്ചു.
Also Read: എയർ ഇന്ത്യ വിമാനാപകടം; യുഎസ് മാധ്യമങ്ങളുടെ വാദം തള്ളി സിവിൽ ഏവിയേഷൻ മന്ത്രി
ഭീകരത പ്രചരിപ്പിക്കൽ, സംഘടിത കുറ്റകൃത്യം, ക്രിമിനൽ ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങൾക്ക്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ), 1908 ലെ സ്ഫോടകവസ്തു ലഹരിവസ്തു നിയമം, എംസി ഒസിഎ, ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), 1989 ലെ റെയിൽവേ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.
ബിഹാറിൽ നിന്നുള്ള കമാൽ അഹമ്മദ് മുഹമ്മദ് വക്കിൽ അൻസാരി, മുംബൈയിൽ നിന്നുള്ള മുഹമ്മദ് ഫൈസൽ അതൗർ റഹ്മാൻ ഷെയ്ഖ്, താനെയിൽ നിന്നുള്ള എഹ്തിഷാം ഖുതുബുദ്ദീൻ സിദ്ദിഖ്, സെക്കന്തരാബാദിൽ നിന്നുള്ള നവീദ് ഹുസൈൻ ഖാൻ, മഹാരാഷ്ട്രയിലെ ജൽഗാവിൽ നിന്നുള്ള ആസിഫ് ഖാൻ ബഷീർ ഖാൻ എന്നിവർക്കായിരുന്നു കോടതി വധശിക്ഷ വിധിച്ചത്.
Also Read:3,500 കോടിയുടെ മദ്യ അഴിമതി; ആന്ധ്രാ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി കൈക്കൂലി വാങ്ങിയതായി കുറ്റപത്രം
തൻവീർ അഹമ്മദ് മുഹമ്മദ് ഇബ്രാഹിം അൻസാരി, മുഹമ്മദ് മജീദ് മുഹമ്മദ് ഷാഫി, ഷെയ്ഖ് മുഹമ്മദ് അലി ആലം ഷെയ്ഖ്, മുഹമ്മദ് സാജിദ് മർഗുബ് അൻസാരി, മുസമ്മിൽ അതൗർ റഹ്മാൻ ഷെയ്ഖ്, സുഹൈൽ മെഹ്മൂദ് ഷെയ്ഖ്, സമീർ അഹമ്മദ് ലത്തീഫർ റഹ്മാൻ ഷെയ്ഖ് എന്നിവർക്കായിരുന്നു ജീവപര്യന്തം വിധിച്ചത്. പ്രതികളിലൊരാളായ വാഹിദ് ഷെയ്ഖിനെ ഒമ്പത് വർഷം ജയിലിൽ കഴിഞ്ഞതിന് ശേഷം വിചാരണ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
Read More: മഹാരാഷ്ട്ര നിയമസഭയിൽ മന്ത്രിയുടെ റമ്മി കളി; ജനാധിപത്യത്തിന് അപമാനമെന്ന് പ്രതിപക്ഷം; വിവാദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.