/indian-express-malayalam/media/media_files/2025/01/29/iuLxW4DRJb5Uu2JSwXFL.jpg)
എക്സ്‌പ്രസ് ഫൊട്ടോ
ഡൽഹി: യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുകയാണെന്ന പ്രസ്താവനയിൽ ആം ആദ്മി പാർട്ടി (എഎപി) കൺവീനർ അരവിന്ദ് കെജ്രിവാളിനെതിരെ നിയമ നടപടിക്കൊരുങ്ങി ഹരിയാന സർക്കാർ. കെജ്‌രിവാളിൻ്റെ പ്രസ്താവന ഡൽഹിയിലെയും ഹരിയാനയിലെയും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടർത്തിയെന്ന്, ഹരിയാന മന്ത്രി വിപുൽ ഗോയൽ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
വിവാദ പ്രസ്താവനയിൽ അരവിന്ദ് കെജ്രിവാളിനെതിരെ എഫ്ഐആർ ഫയൽ ചെയ്യാൻ ഹരിയാന സർക്കാർ തീരുമാനിച്ചെന്നും നടപടിക്രമങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും, വിപുൽ ഗോയൽ പറഞ്ഞു. ഹരിയാനയിലെയും ഡൽഹിയിലെയും ജനങ്ങളോട് കെജ്രിവാൾ മാപ്പ് പറയണമെന്നും അല്ലെങ്കിൽ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സൈനി നേരത്തെ പറഞ്ഞിരുന്നു.
തിരഞ്ഞെടുപ്പ് പരാജയം ഭയന്ന് കെജ്‌രിവാളിൻ്റെ മാനസികനില നഷ്ടപ്പെട്ടെന്നും, താൻ ജനിച്ച നാടിനെയാണ് കെജ്രിവാൾ അപമാനിച്ചതെന്നും സൈനി പറഞ്ഞു. 'വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജലവകുപ്പ് ഡൽഹിയിലേക്ക് വെള്ളം വരുന്നത് തടഞ്ഞതെന്നാണ് കെജ്‌രിവാൾ പറയുന്നത്. വിഷം കലർന്നതാണെന്ന നിഗമനത്തിൽ എൻജിനീയർമാർ എത്തിയതെങ്ങനെ? കെജ്‌രിവാൾ വിശദീകരണം നൽകണം. ഹരിയാനയിലെ ജനങ്ങൾ യമുനയെ പുണ്യ നദിയായി കാണുകയും ആരാധിക്കുകയും ചെയ്യുന്നു. എന്തിനാണ് അവർ അതിൽ വിഷം കലർത്തുന്നത്,' നയാബ് സൈനി ചോദിച്ചു.
അതേസമയം, ബിജെപി, കോൺഗ്രസ് നേതാക്കളുടെ പരാതികൾ പരിഗണിച്ച്, ആരോപണത്തിൽ തെളിവ് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച കെജ്രിവാളിനോട് ആവശ്യപ്പെട്ടു. വൈകിട്ട് എട്ട് മണിക്ക് മുൻപ് വിശദീകരണം നൽകണമെന്നാണ് നിർദേശം. തിരഞ്ഞെടുപ്പ് കാലത്ത് ഡൽഹി നിവാസികളുടെ വെള്ളം കുടി മുട്ടിക്കാൻ ഹരിയാന സർക്കാർ വിഷം ചേർക്കുന്നുവെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിൻറെ ആരോപണം.
Read More
- മുത്തലാഖ് നിയമപ്രകാരം രജിസ്റ്റർചെയ്ത കേസുകളുടെ വിവരം തേടി സുപ്രീം കോടതി
- മഹാകുംഭമേള; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്
- സെഞ്ച്വറിയടിച്ച് ശ്രീഹരിക്കോട്ട; ഐഎസ്ആർഒയുടെ എൻവിഎസ്-02 വിക്ഷേപണം വിജയം
- രാത്രി ഷോയ്ക്ക് കുട്ടികൾ വേണ്ട; തിയേറ്ററുകൾക്ക് നിർദേശവുമായി തെലങ്കാന ഹൈക്കോടതി
- യുഎസിലെ അനധികൃത കുടിയേറ്റം; ഇന്ത്യ ശരിയായ നടപടികൾ സ്വീകരിക്കുമെന്ന് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.