/indian-express-malayalam/media/media_files/rhfEXiPG2dY8P3C6GQww.jpg)
നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ബില്ലുകൾ അവതരിക്കുക
ന്യൂഡൽഹി: ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്താൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള രണ്ടു ബില്ലുകൾ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും. നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ബില്ലുകൾ അവതരിക്കുക. അതിനുശേഷം ബില്ലുകൾ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിടാനാണ് സാധ്യത. ഇന്നലെ ബിൽ അവതരിപ്പിക്കാനായി കാര്യപരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ബിജെപി സർക്കാരിന്റെ ഏറെക്കാലങ്ങളായുള്ള ആവശ്യം നടപ്പിലാക്കാൻ നരേന്ദ്ര മോദി സർക്കാർ ബിൽ കൊണ്ടുവരാൻ ഒരുങ്ങുന്നുവെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. മൂന്നാം തവണ അധികാരത്തിലേറിയ നരേന്ദ്ര മോദി, നിലവിലെ സർക്കാർ കാലയളവ് അവസാനിക്കും മുൻപുതന്നെ ബിൽ അവതരിപ്പിക്കുമെന്ന് വ്യക്തമായിരുന്നു.
ലോക്സഭാ പ്രകടനപത്രികയിലെ ബിജെപിയുടെ പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'. സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിനായി രാജ്യം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ഒരേസമയം ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള ഉന്നതതല കമ്മിറ്റി 2024 മാർച്ചിലാണ് അനുകൂല റിപ്പോർട്ട് നൽകിയത്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമായി ലോക്‌സഭ-നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താമെന്നായിരുന്നു ഉന്നതതല സമിതിയുടെ നിർദേശം. തുടർന്ന് 100 ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.