/indian-express-malayalam/media/media_files/Zsvw3wBK7V9DDHqINCU6.jpg)
35 മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തിയ ബിഎസ്പിയാണ് 2024 ൽ സമുദായത്തിന് ഏറ്റവും കൂടുതൽ പ്രാതിനിധ്യം നൽകിയിരിക്കുന്നത്
ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്താകമാനം മത്സരിക്കുന്ന മുസ്ലീം വിഭാഗത്തിലെ സ്ഥാനാർത്ഥികളിൽ മുൻകാല തിരഞ്ഞെടുപ്പുകളേക്കാൾ ഏറ്റവും വലിയ കുറവാണ് ഇത്തവണയുള്ളത്. 2019 ലെ 115 ൽ നിന്നും 2024 ലേക്കെത്തുമ്പോൾ 78 ആയി തിരഞ്ഞെടുപ്പിലെ മുസ്ലീം സ്ഥാനാർത്ഥിത്വം കുറഞ്ഞിട്ടുണ്ട്. ന്യൂനപക്ഷ സംരക്ഷണവും സിഎഎയോടുള്ള എതിർപ്പുമടക്കം തിരഞ്ഞെടുപ്പ് ഗോദയിലെ പ്രധാന ആയുധങ്ങളാക്കി മാറ്റുന്ന പ്രതിപക്ഷ പാർട്ടികൾക്ക് പോലും തങ്ങളുടെ മുസ്ലീം സ്ഥാനാർത്ഥി പ്രാതിനിധ്യത്തിൽ മെച്ചപ്പെട്ട കണക്കുകളല്ല എടുത്തുപറയാനുള്ളത് എന്നതും ശ്രദ്ധേയമാണ്.
ഇത്തവണ ബിജെപിയിൽ നിന്നും ഒരു മുസ്ലീം സ്ഥാനാർത്ഥിയും അവരുടെ സഖ്യകക്ഷിയായ ജെഡിയുവിന്റെ ഒരാളുമാണ് എൻഡിഎയിൽ നിന്നുമുള്ള മുസ്ലീം സ്ഥാനാർത്ഥികളുടെ എണ്ണം. പ്രധാന പ്രതിപക്ഷ കക്ഷികളിലും, സമുദായത്തിനുള്ള പ്രാതിനിധ്യം കുറഞ്ഞു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ആർജെഡി, എൻസിപി, സിപിഐ(എം) എന്നീ പാർട്ടികൾ ഇത്തവണ 78 മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തി, 2019ൽ 115 സ്ഥാനാർത്ഥികളായിരുന്നു.
2019-ൽ 26 മുസ്ലീം സ്ഥാനാർത്ഥികൾ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടു; അവരിൽ നാലുപേർ വീതം കോൺഗ്രസിൽ നിന്നും ടിഎംസിയിൽ നിന്നും, ബിഎസ്പിയിൽ നിന്നും എസ്പിയിൽ നിന്നും മൂന്ന് വീതവും എൻസിപിയുടെയും സിപിഐഎമ്മിന്റേയും ഓരോരുത്തർ വീതവുമായിരുന്നു എത്തിയത്. അസമിലെ എഐയുഡിഎഫ്, ലോക് ജനശക്തി പാസ്വാൻ (ഇപ്പോൾ രണ്ട് വിഭാഗങ്ങളായി പിരിഞ്ഞത്), മുസ്ലീം ലീഗ്,നാഷണൽ കോൺഫറൻസ് എന്നിവയിൽ പെട്ടവരാണ് ബാക്കിയുള്ളവർ.
35 മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തിയ ബിഎസ്പിയാണ് 2024 ൽ സമുദായത്തിന് ഏറ്റവും കൂടുതൽ പ്രാതിനിധ്യം നൽകിയിരിക്കുന്നത്. ഇതിൽ പകുതിയിലധികം ഉത്തർപ്രദേശിൽ (17) നിന്നുമാണ്. മധ്യപ്രദേശിൽ നാല്, ബിഹാറിലും ഡൽഹിയിലും മൂന്ന് വീതവും, ഉത്തരാഖണ്ഡിൽ രണ്ട്, രാജസ്ഥാൻ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, തെലങ്കാന, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോന്നും വീതവുമാണ് ബിഎസ്പിയുടെ മുസ്ലീം സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്.
സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ച 2019 ലെ തിരഞ്ഞെടുപ്പിൽ ബിഎസ്പി രാജ്യത്താകെ 39 മുസ്ലീം സ്ഥാനാർത്ഥികളെയാണ് നിർത്തിയിരുന്നത്. അതിൽ മൂന്ന് പേർ വിജയിച്ചിരുന്നു. യുപിയിൽ 17 മുസ്ലീം സ്ഥാനാർത്ഥികളാണ് ഇത്തവണ ബിഎസ്പി മത്സരിപ്പിക്കുന്നതെങ്കിൽ 2019ൽ യുപിയിൽ അത് ആറ് പേരെ മാത്രമായിരുന്നു. സഖ്യകക്ഷിയായ എസ് പി ആയിരുന്നു അന്ന് മുസ്ലീം സ്ഥാനാർത്ഥികൾക്ക് കൂടുതൽ ടിക്കറ്റുകൾ നൽകിയത്.
അതേ സമയം പ്രതിപക്ഷ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്തിക്കൊണ്ട് ബി.ജെ.പിയെ സഹായിക്കാനാണ് ബി.എസ്.പി ഇത്തവണ യു.പിയിൽ മുസ്ലീം സ്ഥാനാർത്ഥികളെ കൂടുതലായി മത്സര രംഗത്തേക്കിറക്കിയിരിക്കുന്നതെന്ന ആരോപണമാണ് കോൺഗ്രസും എസ്പിയും ഉൾപ്പെടുന്ന ഇന്ത്യാ മുന്നണി ഉന്നയിക്കുന്നത്.
മുസ്ളീം സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ ബിഎസ്പിക്ക് തൊട്ടുപിന്നിൽ കോൺഗ്രസാണുുള്ളത്. 19 മുസ്ലീം സ്ഥാനാർത്ഥികളാണ് കോൺഗ്രസ് ടിക്കറ്റിൽ ഇത്തവണ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. പശ്ചിമ ബംഗാളിലാണ് കോൺഗ്രസിന്റെ മുസ്ലീം സ്ഥാനാർത്ഥികൾ കൂടുതലുള്ളത്. ആറ് പേരാണ് ബംഗാളിലെ അവിടെ കോൺഗ്രസിനായി രംഗത്തിറങ്ങുന്നത്. ആന്ധ്രാപ്രദേശ്, അസം, ബിഹാർ, യുപി എന്നിവിടങ്ങളിൽ രണ്ട് വീതവും, കർണാടക, കേരളം, ഒഡീഷ, തെലങ്കാനയും ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്നു.
മുസ്ലീം സ്ഥാനാർത്ഥികളെ മത്സരരംഗത്തിറക്കിയവരിൽ മൂന്നാം സ്ഥാനത്തുള്ളത് മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസാണ്. ബംഗാളിൽ നിന്നും അഞ്ച് പേരെയും അസമിൽ നിന്നും ഒരാളെയുമാണ് മുസ്ലീം വിഭാഗത്തിൽ നിന്നും ടിഎംസി ഇത്തവണ മത്സര രംഗത്തിറക്കുന്നത്. 2019-ൽ പശ്ചിമ ബംഗാൾ, ഒഡീഷ, ത്രിപുര, അസം, ബീഹാർ എന്നീ സംസ്ഥാനങ്ങളിലായി 13 മുസ്ലീം സ്ഥാനാർത്ഥികളെ തൃണമൂൽ മത്സരിപ്പിച്ചിരുന്നു. സമുദായത്തിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ചിട്ടും നാല് മുസ്ലീം സ്ഥാനാർത്ഥികളെ മാത്രമാണ് എസ്പി ഇത്തവണ മത്സരിപ്പിക്കുന്നത്.
മുസ്ലീം-യാദവ വോട്ട് ബാങ്കുള്ള മറ്റൊരു പാർട്ടിയായ ആർജെഡി ഇത്തവണ രണ്ട് മുസ്ലീങ്ങളെ ബീഹാറിൽ മത്സരിപ്പിക്കുന്നു. 2019 ൽ അഞ്ച് പേരെ ആർജെഡി മത്സര രംഗത്തിറക്കിയിരുന്നെങ്കിലം ആർക്കും വിജയിക്കാനായില്ല. 2019-ൽ എൻസിപി മൂന്ന് മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തി, അതിൽ ഒരാൾ വിജയിച്ചു. ഇത്തവണ, പാർട്ടിയുടെ രണ്ട് വിഭാഗങ്ങൾ - എൻസിപിയും എൻസിപിയും (ശരദ്ചന്ദ്ര പവാർ) - ലക്ഷദ്വീപിൽ ഓരോ മുസ്ലീം സ്ഥാനാർത്ഥിയെ വീതം നിർത്തിയിട്ടുണ്ട്.
2019-ൽ മൂന്ന് മുസ്ലീം സ്ഥാനാർത്ഥികളെ ബിജെപി നിർത്തിയിരുന്നു. പക്ഷേ അവരിൽ ആരും വിജയിച്ചില്ല.പശ്ചിമ ബംഗാളിൽ ഏഴും, ലക്ഷദ്വീപിലും കേരളത്തിലും 1 വീതവും ഉൾപ്പെടെ 13 മുസ്ലീം സ്ഥാനാർത്ഥികളെ 2019 ൽ സിപിഐയും സിപിഐഎമ്മും ഒരുമിച്ച് നിർത്തി. അവരിൽ ഒരാൾ വിജയിച്ചിരുന്നു. എന്നാൽ 2024ൽ ബംഗാളിൽ അഞ്ചും കേരളത്തിൽ നാലും തെലങ്കാനയിൽ ഒന്നുമുൾപ്പെടെ ആകെ 10 പേരെയാണ് ഇടതുപക്ഷം മത്സര രംഗത്തിറക്കിയിരിക്കുന്നത്.
Read More
- 'എട്ടോളം തവണ തല്ലി, മാറിലും വയറിലും ചവിട്ടി'; ബിഭവ് കുമാറിനെതിരായ പരാതിയിൽ സ്വാതി മലിവാളിന്റെ മൊഴി
- ബുർഖയും ഹിജാബും ധരിക്കരുത്; മതപരമായ വസ്ത്രങ്ങൾക്ക് നിരോധനവുമായി ചെമ്പൂർ കോളേജ്
- പരസ്യ ബോർഡ് അപകടം; അറസ്റ്റിലായ കമ്പനി ഉടമയെ കോടതിയിൽ ഹാജരാക്കും
- നൂറോളം പേരുടെ അപകടത്തിനിടയാക്കിയ പരസ്യ ബോർഡിന് അനുമതിയില്ല; ഉടമ ബലാത്സംഗ കേസിലെ പ്രതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.