/indian-express-malayalam/media/media_files/vwK1CENpFn6fC6lGKDoL.jpg)
ഫയൽ ചിത്രം
ഡൽഹി: സർക്കാർ പദ്ധതികളുടെ വാർത്തകൾ കൂടുതൽ ആളുകളിലേക്ക് എത്താനായി സോഷ്യൽ മീഡിയയിലൂടെ പരസ്യം ചെയ്യാനൊരുങ്ങി കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം. നിലവിലെ പരസ്യോപാധികളായ പത്രം, റേഡിയോ, ടെലിവിഷൻ, പരസ്യ ബോർഡുകൾ എന്നിവയ്ക്ക് പുറമെ യൂട്യൂബ് പോലുള്ള നവമാധ്യമങ്ങളെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും കൂടി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര നീക്കം.
നവമാധ്യമങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയാണ് സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാനുള്ള പുത്തൻ മാർഗ്ഗമായി തിരഞ്ഞെടുക്കാൻ ഇടയാക്കിയത്. സർക്കാർ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് ഉത്തരവാദിത്തമുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലെ ഉപവിഭാഗമായ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ (സിബിസി) നവമാധ്യമങ്ങൾക്കായുള്ള നിരക്കുകൾ തയ്യാറാക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കുകയും ചെയ്യും. ഇവ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ അറിയിക്കുമെന്ന് വകുപ്പ് സെക്രട്ടറി അപൂർവ ചന്ദ്ര ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
പരമ്പരാഗത മാധ്യമങ്ങളിൽ പരസ്യം നൽകുന്നതിന്റെ ചിലവ് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കുത്തനെ കുറഞ്ഞിരുന്നു. 2017-18ൽ 1,200 കോടി രൂപയായിരുന്ന ചിലവ്, 2021-22ൽ 264.78 കോടി രൂപയായി കുറഞ്ഞു. നിലവിൽ വിവിധ സർക്കാർ പദ്ധതികളുടെ വിഹിതത്തിന്റെ 2 ശതമാനം പബ്ലിസിറ്റിക്കും പ്രചാരണ പ്രവർത്തനങ്ങൾക്കുമായി മാറ്റിവെക്കുന്നുണ്ട്. ഈ തുകയിൽ നിന്നാണ് സിബിസി പരസ്യങ്ങൾക്കും പരസ്യ കാമ്പെയ്‌നുകൾക്കുമായി ഫണ്ട് അനുവദിക്കുന്നത്.
പദ്ധതികൾ ലക്ഷ്യം വെക്കുന്ന ജനങ്ങളിലേക്ക് നവമാദ്ധ്യമങ്ങൾക്ക് നേരിട്ടെത്താനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാണ്, പുതിയ നടപടികളിലേക്ക് സർക്കാർ എത്തിയതെന്ന് സെക്രട്ടറി പറഞ്ഞു. ഉദാഹരണമായി ഉജ്ജ്വല, ബേട്ടി പഠാവോ ബേട്ടി ബച്ചാവോ, പ്രധാനമന്ത്രി മാതൃവന്ദന യോജന (പ്രസവ ആനുകൂല്യങ്ങൾ നീട്ടുന്നതിന്) പോലുള്ള സ്ത്രീകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും യൂട്യൂബ് ചാനലുകളിലും പരസ്യം ചെയ്യും. ഷോപ്പിംഗ്, പാചകം, തുടങ്ങിയ സ്ത്രീകൾ കൂടുതലായി കാണുന്ന ചാനലുകളിലും, സ്ത്രീകൾ കൂടുതൽ ഉപയോഗിക്കുന്ന സൈബറിടങ്ങളിലും പരസ്യം ചെയ്യുന്നതിലൂടെ ഇത് ലക്ഷ്യംവെക്കുന്ന ആളുകളിലേക്ക് നേരിട്ടെത്തും.
അതുപോലെ, യുവാക്കളെ സംബന്ധിക്കുന്ന പദ്ധതികൾ പ്രചരിപ്പിക്കാനായി യൂട്യൂബ് ചാനലുകളടക്കമുള്ള മറ്റ് ന്യൂസ് വെബ്‌സൈറ്റുകളെയാണ് ലക്ഷ്യം വെക്കുന്നത്. കാരണം ഇത്തരം സേവനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നത് 18 മുതൽ 28 വയസ് വരെ പ്രായമുള്ള യുവാക്കളാണെന്നും അപൂർവ ചന്ദ്ര പറഞ്ഞു. പ്രേക്ഷകരെ പ്രാദേശികമായി നഗര, ഗ്രാമ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച്, കൂടാതെ പദ്ധതി കാമ്പെയ്‌നുകൾ എത്തിക്കാനും നവമാധ്യമ പരസ്യങ്ങൾ സഹായിക്കുന്നുണ്ട്.
2022 ഡിസംബറിൽ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പാർലമെന്റിൽ നൽകിയ വിവരമനുസരിച്ച്, 2017നും 2022നും ഇടയിൽ സർക്കാർ പരസ്യങ്ങൾക്കായി 3,700 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. പത്രമാധ്യമങ്ങൾ, ഇലക്‌ട്രോണിക് മാധ്യമങ്ങൾ, ഔട്ട്‌ഡോർ പബ്ലിസിറ്റി കാമ്പെയ്‌നുകൾ എന്നിവയിൽ പ്രസിദ്ധീകരിച്ച പരസ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഡയറക്ടറേറ്റ് ഓഫ് അഡ്വർടൈസിംഗ് ആൻഡ് വിഷ്വൽ പബ്ലിസിറ്റി, ഡയറക്ടറേറ്റ് ഓഫ് ഫീൽഡ് പബ്ലിസിറ്റി, സോംഗ് ആൻഡ് ഡ്രാമ ഡിവിഷൻ എന്നീ വിഭാഗങ്ങൾ സംയോജിച്ചാണ് 2017ൽ സിബിസി നിലവിൽ വന്നത്. വിവിധ സർക്കാർ മന്ത്രാലയങ്ങൾ, വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം ആശയവിനിമയപരമായ പരിഹാരങ്ങൾ സാധ്യമാക്കേണ്ട ചുമതല സിബിസിക്കാണ് നൽകിയിട്ടുള്ളത്. വിവിധ മാധ്യമങ്ങളിലൂടെ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ജനശാക്തീകരണം നടത്തി, കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായ ഉയർത്തുകയാണ് ഈ ഡിപ്പാർട്ട്മെന്റിന്റെ പ്രധാന ഉത്തരവാദിത്തം.
കഴിഞ്ഞ 5 വർഷത്തിലേറെയായി, വർദ്ധിച്ചുവരുന്ന നവമാധ്യമങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ശ്രമങ്ങൾ കൂടിയിട്ടുണ്ട്. കൂടാതെ പരമ്പരാഗത മാധ്യമങ്ങളിലെ പരസ്യ ചിലവ് കുറയുന്ന പ്രവണതയും കണ്ടുവരുന്നു. അതുകൊണ്ട് തന്നെ ഡിജിറ്റൽ മാധ്യമങ്ങളെ ഇക്കാലത്ത് ഒരു മികച്ച പരസ്യ മാധ്യമമായി ഉപയോഗിക്കാനാകുമെന്ന് അപൂർവ ചന്ദ്ര പറയുന്നു. ഇതാദ്യമായാണ് സർക്കാർ പദ്ധതികളുടെ ഭാഗമായുള്ള പരസ്യങ്ങളിലും വിജ്ഞാപനങ്ങളിലും പരസ്യ നിരക്കുകളിലും വാർത്തേതര മാധ്യമങ്ങൾ ഇടപെടുന്നത്.
Check out More Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.