/indian-express-malayalam/media/media_files/2025/09/01/census-2025-09-01-08-34-16.jpg)
ഫയൽ ചിത്രം
ന്യൂഡൽഹി: 2027 ലെ സെൻസസ് നടത്തുന്നതിന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർജിഐ) 14,618.95 കോടി രൂപ ആവശ്യപ്പെട്ടതായി ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു. സെൻസസിന്റെ രണ്ട് ഘട്ടങ്ങൾക്കുമായാണ് ഇത്രയും തുക ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ഡിസംബറിൽ, 8,754.23 കോടി രൂപയ്ക്ക് 2021 ലെ സെൻസസ് നടത്താനും 3,941.35 കോടി രൂപയ്ക്ക് ദേശീയ ജനസംഖ്യാ രജിസ്റ്റർ (NPR) അപ്ഡേറ്റ് ചെയ്യാനുമുള്ള നിർദേശത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.
ഇത്തവണ രണ്ടുഘട്ടമായാണ് സെൻസസ് നടക്കുക. ഹൗസ് ലിസ്റ്റിങ് ഓപ്പറേഷനാണ് ആദ്യഘട്ടം. ഇതിൽ വീടുകളുടെ നിലവാരം, ഓരോ കുടുംബത്തിന്റെയും ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. ജനസംഖ്യാ കണക്കെടുപ്പാണ് രണ്ടാംഘട്ടം. ഇതിൽ ജാതിക്കുപുറമേ കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക വിവരങ്ങളുൾപ്പെടെ ശേഖരിക്കും.
Also Read: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ; 19 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി
ലഡാക്ക്, ജമ്മു-കശ്മീർ എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെയും ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെയും മഞ്ഞുവീഴ്ചമേഖലകളിൽ 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയും മറ്റിടങ്ങളിലെല്ലാം 2027 ഫെബ്രുവരി ഒന്നുമുതലുമാണ് സെൻസസ് ആരംഭിക്കുക. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതിസെൻസസും ഇതോടൊപ്പം നടക്കും.
രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആയിരിക്കും ഇതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് വിവരങ്ങൾ ശേഖരിക്കുക. ജനങ്ങൾക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള സംവിധാനവുമുണ്ടാകുമെന്നും ജാതി വിവരങ്ങൾ ഇലക്ട്രോണിക് രീതിയിൽ ശേഖരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. സെൻസസ് തത്സമയ നിരീക്ഷണത്തിനും മാനേജ്മെന്റിനുമായി ആർജിഐ സെൻസസ് മോണിറ്ററിങ് ആൻഡ് മോണിറ്ററിങ് സിസ്റ്റം (സിഎംഎംഎസ്) എന്ന വെബ്‌സൈറ്റും ആർജിഐ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
Read More: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; പത്തുപേരെ കാൺമാനില്ല
2027 ലെ സെൻസസ് നടത്താൻ 35 ലക്ഷത്തിലധികം എന്യൂമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും വിന്യസിക്കും. ഇത് 2011 ലെ സെൻസസ് നടത്താൻ നിയോഗിച്ച പ്രവർത്തകരേക്കാൾ 30% കൂടുതലാണ് (27 ലക്ഷം). 2021 ലെ സെൻസസ് രണ്ട് ഘട്ടങ്ങളിലായി നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് നടത്താൻ കഴിഞ്ഞില്ല.
Also Read: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും; നിരവധി മരണം
രാജ്യത്ത് പത്തുവർഷം കൂടുമ്പോഴാണ് സെൻസസ് നടത്തുന്നത്. 1872 മുതലാണ് സെൻസസ് നടത്താൻ തുടങ്ങിയത്. സെൻസസ് അവസാനമായി നടത്തിയത് 2011-ലാണ്. ജാതിസെൻസസ് അവസാനമായി നടന്നത് ബ്രിട്ടീഷ് ഭരണകാലത്ത് 1931-ലാണ്. 2011 ലെ സെൻസസ് പ്രകാരം 121 കോടിയായിരുന്നു രാജ്യത്തെ ജനസംഖ്യ. 2027 ലെ സെൻസസ് മൊത്തത്തിൽ 16-ാമത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെയും ആയിരിക്കും.
Read More: രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് സമാപിക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.