/indian-express-malayalam/media/media_files/Y8GoAauEtcuFD4V6hsjZ.jpg)
എക്സ്പ്രസ് ഫൊട്ടോ-നിർമ്മൽ ഹരീന്ദ്രൻ
രാജ്കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സോണിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. ഇതിൽ 4 പേർ കുട്ടികളാണെന്നാണ് വിവരം. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റിന്റെ സഹായം വേണ്ടി വരുമെന്നാണ് സൂചന. രണ്ട് നിലകളുള്ള കെട്ടിടത്തിന് ഫയർ ക്ലിയറൻസോ സർക്കാരിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാപനത്തിന്റെ സഹ ഉടമയെയും മാനേജരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗെയിമിംഗ് സോണിലുണ്ടായ തീ നിമിഷങ്ങൾക്കകമാണ് പടർന്നു പിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടുങ്ങിയ ഗേറ്റുകൾ രക്ഷാപ്രവർത്തനത്തിന് തടസ്സമായെന്നും ഇവർ വ്യക്തമാക്കി.“പ്രദേശത്ത് കിടന്നിരുന്ന പ്ലൈവുഡും മറ്റ് നിർമ്മാണ സാമഗ്രികളുമാണ് പെട്ടെന്ന് തീ പടരാൻ കാരണമായത്.. നിമിഷങ്ങൾക്കകം തീ പടർന്നത് ആളുകളിൽ പരിഭ്രാന്തി പരത്തി. ഏതാനും ജീവനക്കാർ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല, ”ഗെയിമിംഗ് സോണിലെ സന്ദർശകനായ യാഷ് പടോലിയ പറഞ്ഞു.
തീ ആളിപ്പടരുമ്പോൾ താൻ റിസപ്ഷൻ ഏരിയയിൽ ഇരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഗെയിമിംഗ് സോൺ രണ്ട് നിലകളുള്ള ഒരു കെട്ടിടമായിരുന്നു. ഗ്രൗണ്ട്-ഫ്ലോറിൽ റിസപ്ഷൻ ഏരിയയും മുകളിലത്തെ നിലയിൽ ട്രാംപോളിൻ, ബൗളിംഗ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരുന്നു. ആളുകളെ രക്ഷിക്കാൻ ഞങ്ങൾ മുകളിലത്തെ നിലയിലേക്ക് പോകാൻ ശ്രമിച്ചു, പക്ഷേ പുക പടർന്നതിനാൽ അവിടേക്കെത്താൻ ഏറെ പ്രയാസമായിരുന്നു, ”പടോലിയ പറഞ്ഞു.
താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നതെന്ന് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ടിആർപിയിലെത്തിയ പ്രഥ്വിരാജ്‌സിംഗ് ജഡേജ പറഞ്ഞു. “ഞങ്ങൾ ബൗൾ ചെയ്യുകയായിരുന്നു, ഗ്രൗണ്ട് ഫ്ലോറിൽ തീപിടിത്തമുണ്ടായെന്നും പെട്ടെന്ന് ഇറങ്ങണമെന്നും ജീവനക്കാർ ഞങ്ങളോട് പറഞ്ഞു. താമസിക്കാതെ തന്നെ പരിസരമാകെ പുക കൊണ്ട് നിറഞ്ഞു... ഞങ്ങൾ പിൻവാതിലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല. തുടർന്ന് ഞാൻ ടിൻ ഷീറ്റ് താഴെയിട്ടു, ഞങ്ങൾ അഞ്ച് പേർ ഒന്നാം നിലയിൽ നിന്ന് ചാടി പുറത്തേക്ക് പോയി, ”അദ്ദേഹം പറഞ്ഞു, എന്നാൽ തന്റെരണ്ട് സുഹൃത്തുക്കളെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തീപിടിത്തം ഉണ്ടാകുമ്പോൾ ഒന്നാം നിലയിൽ കുട്ടികളടക്കം 70-80 പേരെങ്കിലും ഉണ്ടായിരുന്നതായി ജഡേജ പറഞ്ഞു. "താഴത്തെ നിലയിൽ കുറച്ച് വെൽഡിംഗ് ജോലികൾ നടക്കുന്നുണ്ടായിരുന്നു, അവിടെ നിന്നാണ് തീ പടർന്നത്," അദ്ദേഹം പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.