scorecardresearch

കാലം മനസിലാക്കി തരുന്ന ചില കാര്യങ്ങള്‍; എസ് ഹരീഷ് അഭിമുഖം

ഈ കാലം മനസിലാക്കി തരുന്ന ഒരു കാര്യം, മനുഷ്യൻ ഇതു വരെ ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങളും ആവശ്യമില്ലാത്തതായിരുന്നു എന്നുള്ളതാണ്. ഭക്ഷണം, പാർപ്പിടം, വസ്ത്രം, സെക്സ് എന്നിങ്ങനെയാണ് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ മനുഷ്യന് വളരെ അത്യാവശ്യം വേണ്ടതായിട്ടുള്ളു, അത് മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ.

ഈ കാലം മനസിലാക്കി തരുന്ന ഒരു കാര്യം, മനുഷ്യൻ ഇതു വരെ ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങളും ആവശ്യമില്ലാത്തതായിരുന്നു എന്നുള്ളതാണ്. ഭക്ഷണം, പാർപ്പിടം, വസ്ത്രം, സെക്സ് എന്നിങ്ങനെയാണ് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ മനുഷ്യന് വളരെ അത്യാവശ്യം വേണ്ടതായിട്ടുള്ളു, അത് മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ.

author-image
Goutham V S
അപ്‌ഡേറ്റ് ചെയ്‌തു
New Update
s hareesh, s hareesh moustache, s hareesh stort stories, s hareesh meesha, s hareesh maoist story, s hareesh maoist story pdf download, s hareesh malayalam writer, s hareesh maoist story pdf, s hareesh maoist stories, എസ് ഹരീഷ്, എസ് ഹരീഷ് മീശ, എസ് ഹരീഷ് ആദം, എസ് ഹരീഷ് കഥകള്‍, എസ് ഹരീഷ് സിനിമ

സ്വതസിദ്ധമായ ശൈലി കൊണ്ടും, നിർഭയമായ എഴുത്തിലൂടെയും സമകാലിക മലയാള സാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരണാണ് എസ് ഹരീഷ്. ആദ്യകാല ചെറുകഥകളിലൂടെ തന്നെ ആസ്വാദകമനസ്സില്‍ ചലനങ്ങൾ സൃഷ്‌ടിച്ച ഹരീഷ്, 'മീശ' എന്ന  ആദ്യ നോവലിലൂടെ മലയാളത്തിലെ 'വായിക്കപ്പെടേണ്ട എഴുത്തുകാരുടെ' നിരയിലേക്ക് വളര്‍ന്നു. തുടർന്ന് ഹിന്ദുത്വ ഫാസ്‌സിസ്റ് ശക്തികൾ തുടങ്ങി വെച്ച അനാവശ്യ വിവാദങ്ങൾ അദ്ദേഹത്തെയും, 'മീശ' എന്ന നോവലിനെയും, സാഹിത്യത്തെ തന്നെയും പല തരത്തിൽ വേട്ടയാടുന്ന കാഴ്ചയ്ക്കും കേരളം സമൂഹം സാക്ഷ്യം വഹിച്ചു.

Advertisment

എന്നാൽ അത്തരം സന്ദർഭങ്ങളിൽ ഒന്നും തന്നെ തന്റെ നിലപാടുകളിലും, എഴുത്തിലും വിട്ടുവീഴ്ച ചെയ്യാതെ മലയാള സാഹിത്യത്തിന്റെ ശ്രേഷ്ഠമായ അന്തസത്ത കാത്തുസൂക്ഷിച്ചു ഹരീഷ്, തന്റെ എഴുത്തിനെ കുറിച്ചും, കൊറോണ കാല ജീവിതത്തെക്കുറിച്ചും ഈ പുസ്തക ദിനത്തിൽ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തോട് സംസാരിക്കുന്നു.

Read Here: കൊറോണ കാലം മനുഷ്യൻ രൂപാന്തരപ്പെടുമോ? സക്കറിയ സംസാരിക്കുന്നു

അത്ഭുതത്തോടെ കാണുന്ന കൊറോണക്കാലം

സാധാരണ ഗതിയിൽ വീട്ടിലിരിക്കാൻ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. പക്ഷേ നിർബന്ധിച്ചു വീട്ടിലിരിക്കേണ്ടി വരുന്ന അവസ്ഥ അത്ര സുഖകരമല്ല. ജയിലിൽ കിടക്കുന്ന ഒരവസ്ഥ പോലെയാണിത്, അതു കൊണ്ടു തന്നെ എഴുത്തും അങ്ങനെ കാര്യമായിട്ട് നടക്കുന്നില്ല. ചുറ്റും നടക്കുന്ന കാര്യങ്ങൾ എപ്പോൾ തീരുമെന്നോ ഒന്നും അറിയാൻ പറ്റാത്ത ഒരു അനിശ്ചിതാവസ്ഥ ഉണ്ട്. അത്തരം ആകുലതകൾ ഉള്ളത് കൊണ്ട് തന്നെ എഴുത്തിൽ അധികം ശ്രദ്ധിക്കാൻ പറ്റുന്നില്ല എന്നുള്ളതാണ് വാസ്തവം. ഇപ്പോൾ സമയം കൂടുതൽ ചെലവഴിക്കുന്നത് വായിക്കാനും, സിനിമ കാണാനുമാണ്. ഞാൻ അങ്ങനെ സിനിമകൾ കാണുന്ന ഒരു ആളല്ല, പക്ഷേ ഇപ്പോൾ നെറ്ഫ്ലിക്സിലും മറ്റുമുള്ള സിനിമകളും, സീരീസുകളും കാണാൻ സമയം കിട്ടുന്നുണ്ട്.

ഞാൻ ഈ കാലത്തെ വളരെ അത്ഭുതത്തോടെയാണ് കാണുന്നത്. മനുഷ്യൻ ഉണ്ടായിട്ടു ലക്ഷകണക്കിന് വർഷങ്ങൾ ആയിട്ടുണ്ടാകാം, നമുക്ക് അറിയാൻ കഴിയാത്ത ഒരുപാട് പ്രതിസന്ധികളിലൂടെയൊക്കെ മനുഷ്യൻ തീർച്ചയായിട്ടും കടന്നു പോയിട്ടുണ്ടാകാം. പക്ഷേ നമ്മുടെ അറിവിലും അനുഭവത്തിലും ഇത്രയും വലിയൊരു പ്രതിസന്ധി ആദ്യമായിട്ടാണ്. പ്ലേഗ് ഉണ്ടായിട്ടുണ്ട്, മഹായുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്, സുനാമി ഉണ്ടായിട്ടുണ്ട്, അങ്ങനെ ഒരുപാടു ദുരന്തങ്ങൾ മുൻപും ഉണ്ടായിട്ടു, ഇതിൽ കൂടുതൽ ആളുകൾ അത്തരം ദുരന്തങ്ങളിൽ മരണപ്പെടുകയും ചെയ്തിട്ടുണ്ട്, പക്ഷേ ഈ കാലത്തു നാം കാണുന്നത്, മനുഷ്യകുലം മുഴുവൻ ഒരു പ്രതിസന്ധി അഭിമുഖീകരിക്കുന്നതാണ്. അത് ഒരുപക്ഷേ നമുക്ക് അറിവുള്ള ചരിത്രത്തിൽ ആദ്യമായിട്ടാകും. ഇതിൽ നിന്ന് എങ്ങനെ കരകയറാമെന്നുളത് മനുഷ്യൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അതു കൊണ്ടു തന്നെ ഇതൊരു വിചിത്രമായ അനുഭവമായാണ് ഞാൻ കാണുന്നത്.

Advertisment

എന്താണ് മനുഷ്യൻ ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ ഉത്തരമില്ല

ഈ കാലം മനസിലാക്കി തരുന്ന ഒരു കാര്യം, മനുഷ്യൻ ഇതു വരെ ചെയ്തുകൊണ്ടിരുന്ന പല കാര്യങ്ങളും ആവശ്യമില്ലാത്തതായിരുന്നു എന്നുള്ളതാണ്. ഭക്ഷണം, പാർപ്പിടം, വസ്ത്രം, സെക്സ് എന്നിങ്ങനെയാണ് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ മനുഷ്യന് വളരെ അത്യാവശ്യം വേണ്ടതായിട്ടുള്ളു, അത് മാത്രമേ ഇപ്പോൾ നടക്കുന്നുള്ളൂ. ബാക്കിയെല്ലാം വര്‍ഷങ്ങള്‍ക്ക് മുൻപ് കൃഷി തുടങ്ങിയതിനു ശേഷം, സംസ്കാരത്തിന്റെ ഭാഗമായിട്ട് മനുഷ്യൻ ആലോചിച്ചു ഉണ്ടാക്കിയ കാര്യങ്ങളാണ്. അതിൽ നിന്നെല്ലാം വിട്ടുമാറിയാണ് ഇപ്പോൾ വീട്ടിലിരിക്കേണ്ടി വരുന്നത്. നമ്മുടെ എല്ലാ രംഗവും ഇപ്പോൾ പ്രതിസന്ധിയിലാണ്. സാമ്പത്തിക രംഗം പ്രധാനമായും വല്യ തിരിച്ചടി നേരിടുകയാണ്, സാമ്പത്തിക പ്രവർത്തനങ്ങൾ നടക്കുന്നില്ല. എന്താണ് മനുഷ്യൻ ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ ഉത്തരമില്ല. തത്കാലം ഈ കാലം ഒരു പ്രശ്നം തന്നെയാണ്. മനുഷ്യന്റെ നിലനിൽപ്പ് പലപ്പോഴും സാമ്പത്തികത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്. യുവാൻ നോഹ ഹരാരി-യുടെ 'സാപിയൻസ്' എന്ന പുസ്തകത്തിൽ പറയുന്നത് പോലെ മനുഷ്യൻ പലതും വിശ്വാസത്തിന്റെ പുറത്താണ് ചെയുന്നത്, ഉദാഹരണത്തിന് ഒരു പത്തു രൂപ നോട്ടിൽ, പത്തു രൂപയുടെ മൂല്യം ഉണ്ടെന്നു നമ്മൾ വിശ്വസിച്ചിരിക്കുകയാണ്. അത്തരം വിശ്വാസങ്ങൾ എല്ലാം തകർന്ന്, യഥാർത്ഥത്തിൽ അതിനു കടലാസിന്റെ മൂല്യമേ ഉള്ളൂവെന്ന് മനസിലാക്കുന്ന അവസ്ഥ വരെ ചിലപ്പോൾ എത്താം കാര്യങ്ങൾ. അങ്ങനെ ചിന്തിക്കുമ്പോൾ മനുശ്യരാശിയുടെ നിലനിൽപ്പിനു തന്നെ വല്യ ഭീഷണി തന്നെയാണ് ഇപ്പോഴത്തെ സാഹചര്യം.

ഇതിന്റെ കൂടെ വരുന്ന ഒരുപാടു മനുഷ്യാവകാശ പ്രശ്നങ്ങളും നമുക്ക് കാണാനാകും. ഇപ്പോൾ തന്നെ ലോക്ക്ഡൗൺ വേണ്ടായെന്നു പറയുന്ന ഒരുപാടു പേരുണ്ട്.അമേരിക്കയിലൊക്കെ ലോക്ക് ഡൗണിനെതിരെ പ്രതിഷേധക്കാർ രംഗത്ത് വരുന്ന കാഴ്ചയൊക്കെ നമ്മൾ കണ്ടു. അത് കൂടുതലും ചെറുപ്പക്കാരും, ആരോഗ്യമുള്ളവരുമാണ്, കാരണം അവർക്കറിയാം അവരെ ഈ വൈറസ് അധികം ബാധിക്കില്ലെന്ന്. അതേ സമയം പ്രായമായവർക്ക് ഇവിടെ ജീവിക്കാൻ അവകാശമുണ്ട്, ആരോഗ്യമില്ലാത്തവർക്കു ഇവിടെ ജീവിക്കാൻ അവകാശമുണ്ട്, അത്തരം കാര്യങ്ങൾ നമ്മൾ കണക്കിലെടുത്തെ മതിയാകൂ, മനുഷ്യാവകാശത്തിനൊപ്പം. ഇതെല്ലാം കൂടി വരുമ്പോൾ ഈ കാലഘട്ടം എങ്ങനെ പരിഹരിക്കപ്പെടുമെന്ന് നമുക്ക് വ്യക്തമായ ഒരു ഉത്തരമില്ല.

s hareesh withdraw his novel meesha

Read Here: ഹരിശ്രീ: വിനോയ് തോമസ്

സ്വത്ത്വത്തെ നിർണയിക്കുന്ന എഴുത്ത്

എന്നെ സംബന്ധിച്ച് എഴുത്ത് എന്ന് പറയുന്നത് എന്നെ നിലനിർത്തുന്ന ഒരു സാധനമായിട്ടാണ് ഞാൻ കാണുന്നത്. എഴുത്തില്ലെങ്കിൽ എനിക്ക് ജീവിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞാൽ മരിച്ചു പോകുമെന്നല്ല അതിനർത്ഥം. എന്റെ സ്വത്ത്വത്തെ നിർണയിക്കുന്ന ഒരു പ്രധാന ഘടകം തന്നെയാണ് എഴുത്ത്. ഞാൻ അതിലോട്ടു വൈകി വന്നൊരാളാണ്, ഇരുപതു വയസ്സ് കഴിഞ്ഞാണ് എഴുതാനൊക്കെ തുടങ്ങിയത്, ഇപ്പോൾ അതെന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അതിന്റെ അർത്ഥം തുടർച്ചയായി എഴുതുന്നു എന്നുള്ളതല്ല, എഴുതേണ്ട ആളാണ് എന്നൊരു ബോധം ഉള്ളിലുണ്ട്. ഒരു കള്ളന് മോഷ്ടിക്കണം എന്നൊരു ചിന്ത പോലെയാണ്, എഴുതണം എന്നുള്ള ചിന്ത. ബോധപൂർവ്വം നമ്മൾ ഒരു സൃഷ്ടിക്കായി ഇരിക്കുമല്ലോ, എന്ത് കൊണ്ട് എന്റെ കൈയിൽ ഒരു കഥയില്ല, അല്ലെങ്കിൽ എന്ത് കൊണ്ട് എഴുതാൻ പറ്റുന്നില്ല, അങ്ങനെ ഒരു ആകുലത മനസ്സിനെ നിരന്തരം അലട്ടും, അതേ സമയം ബോധപൂർവ്വം, അല്ലെങ്കിൽ നിർബന്ധപൂർവ്വം ഒരു വിഷയം സ്വീകരിച്ചു എഴുതാനും പറ്റില്ല. എഴുതാനുള്ള ആശങ്കയിൽ നിന്ന് വളരെ സ്വാഭാവികമായി ഒരു വിഷയം വരുമ്പോഴാണ് ഒരു കഥയോ, സൃഷ്ടിയോ ഉണ്ടാകുന്നത്. കാരണം ആശങ്ക നമ്മുടെ ആഗ്രഹം ആണല്ലോ.

ഞാനിപ്പോൾ 'ചുരുളി' എന്ന് പേരുള്ള സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കിട്ടുണ്ട്. വിനോയ് തോമസിന്റെ കഥയാണ്. ലിജോ ജോസ് പല്ലിശ്ശേരിയാണ് സംവിധായകൻ. ഷൂട്ടിങ്ങൊക്കെ കഴിഞ്ഞു. ഒരു നോവലിന്റെ എഴുത്ത് പിന്നാമ്പുറത്ത് പതുക്കെ നടക്കുന്നുണ്ട്, ലോക്ക്ഡൗൺ കാലത്ത് അങ്ങനെ എഴുതുന്നില്ലെങ്കിലും.

'മീശ'യുടെ വഴികള്‍

നോവലുകൾ ഞാൻ ഒരുപാട് വായിച്ചിട്ടുള്ളത് കൊണ്ട് ഒരു നോവൽ സ്വന്തമായി എഴുതാൻ ഒരു ആശങ്ക ഉണ്ടായിട്ടുണ്ട്, എഴുതാൻ പറ്റുമോ എന്നൊക്കെയുള്ള ആശങ്ക. കാരണം, മഹാന്മാർ കൈവെച്ച മേഖലയായതു കൊണ്ട് തന്നെ. പിന്നെ ഏതോ ഒരു സന്ദർഭത്തിൽ 'മീശ' എഴുതി. 'മീശ' എഴുതിയപ്പോൾ തോന്നി ഒരു എഴുത്തുകാരന് കൂടുതൽ സന്തോഷം തരുന്നത് നോവലിനാണെന്ന്. അതിനു ഒരു കാരണം , നോവലിന് വേണ്ടി ചെയ്യുന്ന പണി കൂടുതലാണ്. ചിലപ്പോൾ രണ്ടോ മൂന്നോ വര്‍ഷം വേണ്ടി വരും നോവൽ എഴുതാൻ. അത്രയും നാൾ നമ്മുടെ മനസ്സിൽ കത്തി നിൽക്കുന്ന വിഷയമായിരിക്കണം അത്. 'മീശ'യുടെ കാര്യത്തിൽ എനിക്ക് അധികം റിസർച്ച് ചെയേണ്ടി വന്നിട്ടില്ല എന്ന് വേണമെങ്കിൽ പറയാം, എനിക്ക് ചെറുപ്പം മുതൽ അറിയാവുന്ന കഥകളും, എനിക്ക് അറിയാവുന്ന നാടും തന്നെയാണ് ആ കഥ. കുട്ടനാട് ഭാഗങ്ങളിൽ ഞാൻ ഒരുപാട് നടന്നു, പ്രായം ചെന്ന ആൾക്കാരുമായി പല ആവർത്തി സംസാരിച്ചു, അതിൽ നിന്ന് കിട്ടിയ അറിവുകൾ 'മീശ'ക്കായി ഉപയോഗിച്ചിട്ടുണ്ട്. അത്തരം സംഭാഷണങ്ങളായിരുന്നു 'മീശ'യുടെ മൂലധനം എന്ന് വേണമെങ്കിൽ പറയാം.

'മീശ'യെ തുടർന്നുണ്ടായേ വിവാദങ്ങളെ കുറിച്ച് എനിക്ക് ഒറ്റ കാര്യമേ പറയാനുള്ളു. വിവാദം എന്ന് പറയുന്നത് ഒരു പുസ്തകത്തോട് ചെയുന്ന ഏറ്റവും വല്യ ദ്രോഹമാണ്. ആ വിവാദത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ആ പുസ്തകം വായിക്കുന്നത്, കുറെ നാളത്തേക്കെങ്കിലും. സത്യം പറഞ്ഞാൽ, 'മീശ'യെ കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ കിട്ടുന്നത് ഇപ്പോഴാണ്, ആ പുസ്തകം ഇറങ്ങി ഒന്നോ രണ്ടോ വർഷത്തിന് ശേഷം. ഇപ്പോഴാണ് ആ വിവാദത്തിൽ നിന്ന് മാറി നിന്നു കൊണ്ട് ആളുകൾ അത് വായിക്കാൻ തുടങ്ങിയത്. എനിക്ക് 'മീശ'യെ കുറിച്ച് ആദ്യത്തെ നല്ല അഭിപ്രായം കിട്ടിയത് ഷുക്കൂർ എന്ന വ്യക്തിയിൽ നിന്നാണ്, അദ്ദേഹം ബേക്കറി നടത്തുന്ന ആളാണ്. നല്ലൊരു വായനക്കാരനാണ്. അത് കഴിഞ്ഞു ഇപ്പോഴാണ് കൂടുതൽ അഭിപ്രായങ്ങൾ കിട്ടുന്നത്. നടൻ സലിം കുമാർ ഈയടുത്ത് വിളിച്ചു നല്ല അഭിപ്രായം പറഞ്ഞിരുന്നു, ശരിക്കും സന്തോഷം തോന്നി.

വിവാദം കാരണം കുറച്ച് കുപ്രസിദ്ധിയും കിട്ടി. സ്ത്രീകളൊക്കെ എന്നെ കാണുമ്പോൾ ടി ജി രവിയെ കാണുന്ന പോലെയാണ് (ചിരിക്കുന്നു).

ഇപ്പോഴും ഇതിന്റെ പേരിൽ എന്നോട് മിണ്ടാത്ത ചില ആൾക്കാരെങ്കിലുമുണ്ട്. എന്നെ സംബന്ധിച്ചു, സമൂഹത്തെ കൂടുതൽ തിരിച്ചറിയാൻ ആ വിവാദം സഹായിച്ചു. ഒരു അർത്ഥവുമില്ലാത്ത കാര്യങ്ങളിലാണ് ആളുകൾക്ക് താല്പര്യം, ചർച്ചയൊക്കെ അത്തരം വിഷയങ്ങളെ ആസ്പദമാക്കിയാണ്. വ്യക്തിപരമായി പറയുകയാണെങ്കിൽ, നമ്മൾ സുഹൃത്തുക്കൾ ആണെന്ന് കരുതിയിരുന്ന ചിലരെങ്കിലും വർഗീയതയുടെ പേരിൽ നമുക്കെതിരെ തിരിയുന്നത് കാണാനായി. ഞാനിതൊക്കെ തമാശയോടെയാണ് കാണുന്നത്. ഇപ്പോഴും സംസാരിക്കാത്ത ആളുകളുണ്ട്. അത്ഭുതവും തമാശയുമൊക്കെയാണ് എനിക്ക്, ഒരു നോവൽ എഴുതിയതിന്റെ പേരിൽ ആളുകൾ പിണങ്ങുക എന്നൊക്കെ പറയുന്നത് അപൂർവ്വ സംഭവമല്ലേ? (ചിരിക്കുന്നു). ഈ പറയുന്ന ആളുകൾ വായിക്കുന്നവർ കൂടിയല്ല എന്നുള്ളതാണ് കൂടുതൽ തമാശ.

e santhoshkumar,meesha,s hareesh

Read Here: വാക്കെഴുതിയ ജീവിതം

മാധ്യമ സെന്‍സര്‍ഷിപ്പ്

'മീശ'ക്കു ശേഷമുള്ള മാറ്റം എന്ന് ഞാൻ പറയുന്നില്ല, ശബരിമല വിഷയത്തിന് ശേഷം നമ്മൾ നോക്കുകയാണെങ്കിൽ ഹിന്ദുത്വ പ്രീണനം വ്യക്തമായി കേരളത്തിലെ മാധ്യമങ്ങൾ കാണിക്കുന്നുണ്ട്. മലയാളത്തിൽ വരുന്ന മാസികകൾ നിരീക്ഷിച്ചാൽ അറിയാം, ഒരു അബോധപൂർവ്വമായ സെന്‍സര്‍ഷിപ്പ്‌ തുടരുന്നുണ്ട്, ചില കാര്യങ്ങളിലെങ്കിലും. ഇത് ആരും പറഞ്ഞു ചെയ്യുന്നതല്ല . അതു പോലെ, നമ്മുടെ മുഖ്യധാരാ പത്രങ്ങൾ എടുത്താൽ കാണാൻ കഴിയുന്നത് ഒരു നാൽപ്പതു ശതമാനത്തോളം വാർത്തകളും അമ്പലങ്ങൾക്കും പള്ളികൾക്കുമായി നീക്കി വെച്ചിരിക്കുന്ന കാഴ്ചയാണ്. അത്തരത്തിൽ മത പ്രീണനം, പ്രത്യേകിച്ചു ഹിന്ദുത്വ പ്രീണനം വ്യക്തമായി ഉണ്ടെന്നുള്ളത് പറയാതിരിക്കാനാവാത്ത സത്യമാണ്. ഇത്തരം മത-രാഷ്ട്രീയ ശക്തികൾക്ക് പത്രങ്ങളെ എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയും, പരസ്യം കൊടുപ്പിക്കാതെയും മറ്റും.

'മീശ'യുടെ വിഷയത്തിൽ ആർ എസ് എസ് പ്രധാനമായും ചെയ്തത്, പരസ്യങ്ങൾ കൊടുപ്പിക്കാതിരിക്കുക എന്നുള്ളതാണ്. അതിൽ അവർ വിജയം കണ്ടതു കൊണ്ടാണ് 'മാതൃഭൂമി'ക്ക് വഴങ്ങേണ്ടി വന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു മാധ്യമ സ്ഥാപനത്തിന് ഇത്തരം ഒരു വിഷയം ഉണ്ടായാൽ, മറ്റു മാധ്യമ സ്‌ഥാപനങ്ങൾ എത്രത്തോളം അവരോടു ഐക്യപ്പെടുന്നുണ്ട് എന്നുള്ളതും ഒരു ചോദ്യമാണ്. 'മാതൃഭൂമി'ക്ക് അന്നുണ്ടായ പ്രശ്നത്തിൽ ബാക്കി മുഖ്യധാരാ മാധ്യമങ്ങൾ എത്ര പേർ 'മാതൃഭൂമി'യുടെ കൂടെ നിന്നു? ഏറ്റവും അവസാനമായി കണ്ട നാണം കെടുത്തുന്ന കാഴ്ച, കേരളത്തിലെ രണ്ടു ചാനലുകളെ കേന്ദ്ര മന്ത്രാലയത്തിന്‍റെ നിർദേശാനുസരണം ബാൻ ചെയ്ത സമയത്ത്, മറ്റു ചാനലുകളൊന്നും ഒരു വാർത്ത പോലും കൊടുക്കാൻ തയ്യാറായില്ല എന്നുള്ളതാണ്. നമ്മൾ അതിനെ കുറിച്ച് ചർച്ച പോലും ചെയ്തില്ലല്ലോ. അതിനെ പറ്റി ഒരു വാർത്ത പോലും കൊടുക്കാൻ നട്ടെലില്ലാത്ത മാധ്യമങ്ങൾ, മാധ്യമധര്‍മ്മത്തെ കുറിച്ചൊന്നും പറയുന്നതിൽ യാതൊരു അർത്ഥവുമില്ല.

Read Here: ഹരീഷിന്റെ 'മീശ'യും അതിഹൈന്ദവരുടെ ഭീരുത്വവും

Lockdown Malayalam Writer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: