scorecardresearch
Latest News

വാക്കെഴുതിയ ജീവിതം

കല്ല് കൊത്തു തൊഴിലാളിയായും മീൻകച്ചവടക്കാരനായും ജീവിതത്തോട് മല്ലിടുമ്പോഴും അത് കൈവിട്ടുപോകുമെന്ന് തോന്നിച്ച സമയങ്ങളിൽ ഉളളിൽ തിരയിളകിയിരുന്ന സർഗാത്മകതയുടെ വേരുകൾ മണ്ണിലൂന്നി ജീവിതം തിരിച്ചുപിടിച്ച ഒരു മനുഷ്യന്റെ ആത്മകഥ

shukoor pedayangod, chayyakkada charcha, malayalma writer,

‘ജീവിതം നായ നക്കി’യെന്ന ഒരു കവിതയെഴുതിയാലോ ഷുക്കൂറേ, പാറ ഹരിയുടെ കളിയാക്കലുകളുടെ മുൾ മുനകളിൽ നിന്ന് ഞാൻ ആഞ്ഞാഞ്ഞ് കല്ല് കൊത്തികൊണ്ടിരുന്നു.  എന്നിട്ടും വൈകുന്നേരം കല്ല് എണ്ണുമ്പോൾ ഇരുപതോ ഇരുപത്തഞ്ചോ.  പാരപണയിലെ കഞ്ഞിച്ചെലവ് കഴിച്ചാൽ പതിനഞ്ചോളം രൂപ ബാക്കി.  ഇത് വരെയില്ലാത്ത ക്ഷീണം എന്നെ ആകെ തളർത്തി.  എപ്പോഴും ചുട്ടു പൊള്ളുന്നത് പോലെ.  ഓരോ ദിവസം കഴിയുന്തോറും ശരീരം മെലിഞ്ഞ് മറ്റൊരു കല്ല് കൊത്ത് മഴുവായി, ഏഴ് പോലെ വളഞ്ഞു.  നാളുകൾ കഴിയുന്തോറും കല്ല് കൊത്താനുള്ള ശേഷിക്കുറവും കല്ലിന്‍റെ എണ്ണവും കുറഞ്ഞു കുറഞ്ഞു വന്നു…, പക്ഷെ, ഹരിയുടെ കളിയാക്കലുകളുടെ എണ്ണം കൂടി കൊണ്ടിരുന്നു.

;നീയെന്ത് മാപ്ലയാടാ… നിനക്കെല്ലാം മീൻ വിൽക്കാൻ പോയിക്കൂടേ?’, ഒരിക്കൽ ഹരി എന്നോട് കളി വാക്കായി പറഞ്ഞു.

ആശുപത്രി കിടക്കയിൽ നിന്ന് ഹരി പറഞ്ഞ വാക്കുകൾ എന്‍റെ തലയിൽ നിന്നു പിടച്ചു.  ‘എന്താ എനിക്ക് മീൻ വിറ്റാല്?’, എന്‍റെ തലയിൽ മീനുകൾ പിടഞ്ഞ് പിടഞ്ഞ് ചത്തു.  ചത്ത മീനിനെ പെട്ടിയിലാക്കി ഞാൻ കൂവി കൊണ്ട് നടക്കുന്നതായി സ്വപനം കണ്ടു.

മീൻ ജീവിതം

എനിക്ക് മീൻ വിൽക്കണം.  ആശുപത്രിയിൽ നിന്ന് വാടക പുരയിലേക്ക് എത്തിയ രാത്രിയിൽ ഞാൻ ആയിഷയോട് പറഞ്ഞു.

‘മീനോ?’, അവൾ ഇരുട്ടിലേയ്ക്ക് തിരിഞ്ഞ് കിടന്നു.  ഒരു തേങ്ങൽ അവളിൽ നിന്ന് പിടഞ്ഞ്‌ തീരും പോലെ.

പിറ്റേന്ന് അവൾ ഊരിത്തന്ന കാതിലെ തക്കയിലേക്കും ആയിഷയുടെ മുഖത്തേക്കും ഞാൻ മാറി മാറി നോക്കി.  അവളുടെ ആകെയുള്ള സ്വത്താണ് എന്‍റെ ഉള്ളം കൈയ്യിൽ.

‘വിൽക്കുകയോ പണയം വെക്കുകയോ ചെയ്യ്’, അവൾ പറഞ്ഞു.

വിറ്റാൽ മുന്നൂറ് രുപ കിട്ടിയേക്കും.  ഞാൻ മനസ്സിൽ കണക്ക് കൂട്ടി.  മീൻ, മീൻ പെട്ടി, ത്രാസ് എന്നിവക്കെല്ലാം തികയുമോ? കൂട്ടിക്കിട്ടാത്ത കണക്ക് എന്‍റെ തലച്ചോറ് മാന്തി’; ത്രാസും മീൻ പെട്ടിയും ഞാനൊരു മീൻകാരനോട് വാടകക്ക് വാങ്ങി.  ദിവസം പത്ത് രൂപ.

‘തൽക്കാലം അങ്ങിനെ പോകട്ടെ’, ആയിഷ പറഞ്ഞു.

ഞാൻ മീൻ പെട്ടിയുമായ് ധൈര്യത്തോടെ ആയിക്കരയിലേക്ക് ബസ്സ് കയറി.  എന്‍റെ നാട്ടിൽ നിന്ന് മുപ്പത്തി രണ്ട് കിലോമീറ്ററുണ്ട് കണ്ണൂർ ആയിക്കര കടപ്പുറത്തേക്ക്.  ഞാൻ കടപ്പുറത്തേക്ക് നടക്കെ ബസ്സിൽ നിന്ന് പരിചയപ്പെട്ട മീൻകാരൻ സുഹൃത്തിന്‍റെ സഹായത്തോടെ ഒരു മീൻകാരനോട് നൂറ്റിയെഴുപത് രൂപയ്ക്ക് നൂറ്റി എഴുപത് മത്തി വാങ്ങി.

‘പത്ത് രൂപക്ക് നാല് വീതംവിറ്റോ’…

സുഹൃത്തിന്‍റെ ഉപദേശത്തിൽ ഞാൻ ബസ്സിൽ നിന്ന് കണക്കുകളുടെ കുന്ന്‌ കയറി. വറ്റി വരണ്ട തൊണ്ടയിൽ എന്‍റെ മീൻ കൂവലുകള്‍ വിറച്ച് വിറച്ച് പുറത്ത് ചാടി.  ഇടറി വീഴുന്ന ഓരോ കൂവലുകളിലും മണിക്കിലുക്കങ്ങളുടെ ഒച്ച നിറഞ്ഞു.  മീൻ പെട്ടി കഴുകി കൊണ്ടിരിക്കെ ആയിഷ എന്‍റെ പേഴ്സ് എടുത്തു പണം എണ്ണി നോക്കുന്നത് കണ്ടു.

‘ഇതാ നോക്കു ഇരുനൂറ്റി ഇരുപത് രൂപയേ ഇതിലുള്ളൂ’

‘അത് മീനിന്‍റെ ലാഭാ.  ഞാൻ മറ്റ് പൈസ മാറ്റി വെച്ചിട്ടുണ്ട്.’, ഞാൻ ആയിഷയെ നോക്കി ചിരിച്ചു.  അവളുടെ കണ്ണിൽ ആശ്ചര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും ഒരു തിളക്കം.  അവൾ പൈസ എണ്ണി കൊണ്ടേയിരുന്നു.

‘അത് തികച്ചും നിനക്കുള്ളതാ,സൂക്ഷിച്ച് വെച്ചോ.’,  ഞാൻ അവളെ നോക്കി.  അവളിൽ ആനന്ദത്തിന്‍റെ തരിപ്പ് അരിച്ച് കയറുന്നതായി എനിക്ക് തോന്നി.  അവളാകെ പൂത്ത് നിൽക്കുന്നു.

അഞ്ച്  ദിവസം കല്ല് കൊത്തിയാൽ കിട്ടാത്ത പണം ഞാൻ അവളെ ഏൽപ്പിക്കുമ്പോൾ മീനിന് വല്ലാത്തൊരു സുഗന്ധമാണെന്ന് ഞാനാദ്യമായി അറിഞ്ഞു.  പുരയിലും ആയിഷയിലും കുട്ടികളിലും മീൻ രുചി കൊഴുത്തു.  ഹൃദയം തണുത്തു.  രാത്രികളിൽ പുതപ്പിൽ ഞാനും അവളും സ്വപ്നങ്ങളുടെ തണുപ്പിലേക്ക് നുഴഞ്ഞു കയറി.  സ്ഥലത്തെക്കുറിച്ചും പുരയുടെ വിസ്തീർണ്ണവും പൂരിപ്പിച്ച് തീർക്കാൻ കഴിയാത്ത സമസ്യയായി നീണ്ടു നീണ്ട് കിടന്നു.

shukoor pedayangod, life sotry, malayalam writer,
ഇപ്പോൾ ജീവിതത്തിന് പുതിയ കാഴ്ച.  മോഹങ്ങൾക്കെല്ലാം വല്ലാത്ത നിറം. ലാഭക്കണക്കുകളുടെ കൂവലുകളിൽ നിന്ന് ഞാനും ആയിഷയും മക്കളും തടിച്ച് കൊഴുത്തു.  കൂവലുകളുടെ അറ്റത്ത് സ്വപ്നങ്ങളുടെ കവിതകൾ കൊരുത്ത് ഗ്രാമത്തിലുടെ ഞാൻ തലങ്ങും വിലങ്ങും പാഞ്ഞു.

ഇപ്പോൾ ആരോട് ചോദിച്ചാലും കാശ് കടം കിട്ടും.  ഒരു കാലം എന്നെ കാണുമ്പോൾ മുഖം തിരിച്ച് നടന്ന സുഹൃത്തുക്കളായവർ ചിരിക്കാൻ പഠിക്കുന്നതായ് ഞാനറിഞ്ഞു.  കല്യാണത്തിനും പുരയിൽ കയറിക്കുടന്നതിന്റേയും ക്ഷണക്കത്തുകളുടെ കുന്നുകൾ എനിക്ക് വന്ന് ചെരിഞ്ഞു.  പെട്ടെന്ന് വീണു കിട്ടിയ മാന്യതയിൽ ഞാനും ഞെളിഞ്ഞ് നടന്നു.  കാറ്റുള്ളപ്പോൾ തൂറ്റണമെന്ന മൊഴിയിൽ ഞാൻ മീൻകാലങ്ങളിൽ ഓടിക്കൊണ്ടേയിരുന്നു.

പഴയ ജീവിതത്തിലേക്ക് ഒരു കാൽ പിന്നോട്ട്

സന്തോഷം അധികനാൾ നീണ്ടു നിൽക്കില്ല.  ഉറക്കത്തിലും നടത്തങ്ങളിലും എന്തോ എനിക്ക് സംഭവിക്കാൻ പോവുന്നത് പോലുള്ള ഒരു ആധി ഉള്ളിൽ കിടന്ന് പിടച്ചു.  ഒരു ദിവസം മീനും കൊണ്ട് നടന്ന് പോകുമ്പോൾ ബൈക്ക് വന്ന് എന്നെ ഇടിച്ച് തെറിപ്പിച്ചു.  ഞാനും മീൻ പെട്ടിയും അയാളും മൂന്ന് ഭാഗത്തായി കിടന്നു.  മറ്റൊരു ദിവസം നടന്ന് പോകുന്നതിനിടയിൽ റോഡ് സൈഡിലെ കുഴിയിലേക്ക് വീണു.  അടിക്കടിയുള്ള അപകടങ്ങളിൽ എന്‍റെ ആധിയും വളർന്നു.  തീർന്നില്ലയെന്ന ഒരു തോന്നൽ, ഇതിലും വലിയ അപകടം കാത്തിരിക്കുന്നത് പോലെ.  ‘ആയിഷാ ഏതോ ഒരു വലിയ അപകടം നമ്മെ പൊതിയുന്നുണ്ട് എന്‍റെ മനസ്സ് വളരെ അസ്വസ്ഥമാണ്’, ഞാൻ ഒരു ദിവസം അവളോട് പറഞ്ഞു.

‘നിങ്ങളുടെ സ്വപ്നം കണ്ടുള്ള നടത്താ ഇതിനൊക്കെ കാരണം.  വേറൊന്നുമല്ല.  ഒര് കവിതയും കളിയും.’, അവൾ പിറുപിറുത്തു.

ആധിക്ക് തീ പിടിക്കുന്നു.

ഞങ്ങൾ കണ്ണുരിൽ നിന്ന് മീനും കൊണ്ടുള്ള മടക്കയാത്രയിലാണ്.  മുതുക്കോത്ത് എന്ന സ്ഥലത്ത് എത്തിയതേയുള്ളൂ.  ഞങ്ങളുടെ ഇടത് വശത്ത് കൂടി ഒരു ജീപ്പ് ഞങ്ങളുടെ ജീപ്പിനെ മറികടക്കാൻ ശ്രമിച്ചു.  സൈഡ് സീററിലിരുന്ന എന്‍റെ കൈയ്യിൽ എന്തോ വന്ന് ഇടിച്ചു.   ജീപ്പുകൾ തമ്മിലിപ്പോൾ ഉരഞ്ഞ് നിൽപ്പാണ്.  ജീപ്പിനോ മറ്റുള്ളവർക്കോ ഒരു പോറൽ പോലുമില്ല.  പക്ഷെ എന്‍റെ കൈയ്യ് പൊട്ടി തകർന്നിരിക്കുന്നു.  ഞാൻ ആയിഷയേയും കുട്ടികളേയും പഴയ എന്‍റെ ജീവിതത്തേയും ഓർത്തു.  ഇതാ ഞാൻ പേടിച്ച ആ സമയം എത്തിയിരിക്കുന്നു.  ഞാൻ ആശുപത്രിയിലും പുരയിലുമായി നീണ്ട അഞ്ച് മാസത്തോളം പണിയൊന്നും ചെയ്യാനാവാതെ കിടന്നു.  അത് വരെ സ്വരൂപിച്ച പണമെല്ലാം തീർന്നു കൊണ്ടിരുന്നു.

അപ്പോഴും ഞാൻ വായിച്ച് തീർത്ത പുസ്തകങ്ങളുടെ കനം ഞാനറിഞ്ഞു.  വായനയുടെ ഫലമായി പത്ത് വർഷത്തോളം ഒന്നും എഴുതാതിരുന്ന എന്‍റെ തലച്ചോറിലേക്ക് പല ചിന്തകളും വന്ന് ചുരണ്ടി.  നോവിറങ്ങിയ ഞരമ്പിലൂടെ മീൻ ജീവിത കവിതകൾ വന്നെന്നെ അലോസരപ്പെടുത്തി കൊണ്ടിരുന്നു.

shukkur pedayangad, vishnu ram, writer,

പല കടലാസിലായി എഴുതിയിട്ട മീൻ ജീവിതാനുഭവങ്ങളെ അവൾ എടുത്ത് അടുക്കി വെച്ചു.  ഓരോ കടലാസിലും എന്‍റെ ജീവിത പേടിയുടെ ഭാരം കവിതകളായി നിറഞ്ഞ് കൊണ്ടിരുന്നു.  ഞങ്ങളിൽ നിന്നും മീൻ മണം അകന്നകന്ന് പോയി കൊണ്ടിരുന്നു. കറിച്ചട്ടി വറ്റി വരണ്ടു.  പണിയെന്തെങ്കിലും ഇനി ചെയ്യണം.  ഇവിടെ ഇങ്ങനെയിരുന്നാൽ വീണ്ടും പട്ടിണിക്കാലമായിരിക്കും ഗതി.  അവൾ പിറുപിറുത്തു.

വീണ്ടും മീൻകാലങ്ങളിലേക്ക്

‘ഇനി ചെറിയ ഭാരങ്ങളെല്ലാം തൂക്കിയെടുക്കാം, എന്നാലും സൂക്ഷിക്കണം’,  ഡോക്ടറെ കാണാൻ ചെന്നപ്പോൾ അദ്ദേഹം എന്‍റെ കൈയ്യ് പരിശോധിച്ച് കൊണ്ട് പറഞ്ഞു.  എനിക്ക് ആശ്വാസമായി.

‘ആയിഷാ, ഈ വെള്ളിയാഴ്ച കഴിഞ്ഞ് ഞാൻ മീനിന് പോവ്വാ’, മീൻ പെട്ടിയുടെ അവസ്ഥ പരിശോധിച്ച് കൊണ്ട് പറഞ്ഞു.  പെട്ടിക്ക് മുന്ന് നാല് തുള വീണിരിക്കുന്നു.  എന്‍റെ പേഴ്‌സ് പോലെ.  ഞാൻ മീനുമായ് നടക്കുമ്പോൾ മുന്ന് നാല് പേരുടെ മീൻ കൂവലുകളുടെ ഒച്ച എനിക്ക് മുന്നിൽ നിന്ന് തിറയാടി തിമിർത്തു.  ഇരിക്കൂറിലെ രണ്ട് മീൻകാരുടെ പണിയാണെന്ന അറിവിൽ ഞാൻ കൂവാതെ ഓരോ പുരയും വഴിയുo മാറി മാറി ചവിട്ടി.  എന്‍റെ മുന്നിൽ നിന്ന്, എന്‍റെ പകുതി വില പറഞ്ഞ് വിളിച്ച് കൂവിയവർ, എന്‍റെ നിഴൽ കാണാതെ നിന്ന് പരുങ്ങുന്നത് ഞാൻ ഒളിച്ച് നിന്ന് കണ്ടു.  എന്‍റെ മീൻ പണി നിർത്തിക്കാനുള്ള പരിപാടിയാണ്   അവരുടേതെന്നറിഞ്ഞ ഞാൻ വഴികൾ മാറി മാറി നടന്ന് കൊണ്ടേയിരുന്നു.

മീൻ മാത്രം വിറ്റാൽ തികയില്ലെന്ന അറിവിൽ ഞാൻ എനിക്ക് ചെയ്യാൻ പറ്റുന്ന പണി ആലോചിച്ചു.  എന്‍റെ ചിന്ത വായിക്കാൻ വേണ്ടി വാങ്ങിയ പുസ്തകത്തിൽ ചെന്ന് തറച്ചു.  വാങ്ങി വെച്ച പുസ്തകം വിറ്റ് തന്നെയാവട്ടെ പുതിയൊരു പണി.  പുസ്തകങ്ങൾ എളുപ്പം വിറ്റുതീരുന്നതായി ഞാനറിഞ്ഞു.  നല്ല പുസ്തകങ്ങളും വായനക്കാരേയും കണ്ടെത്തുകയാണ് ആദ്യത്തെ പ്രശ്നം, ഞാൻ അതിൽ വിജയിച്ചിരിക്കുന്നു.  എഴുത്തുകാരന്‍റെ നിരീക്ഷണങ്ങളും പുസ്തകം വെച്ച് നീട്ടുന്ന കാര്യ ഗൗരവങ്ങളെ കുറിച്ചെല്ലാമുള്ള എന്‍റെ സംസാരത്തിൽ വായനക്കാർ എന്നിലേക്ക് ഒട്ടി.  മീനും പുസ്തകവും വിൽക്കുന്ന ഒരു മാന്ത്രിക വിദ്യ ഞാൻ പരിശീലിച്ചെടുക്കുകയായിരുന്നു.  തുണിയുടെ മാടിക്കുത്തിൽ രണ്ടും മൂന്നും പുസ്തകം കുത്തി തിരുകി, മീൻ കൂവലിലേക്ക് കവിത ചൊല്ലിയും മനസ്സിൽ കവിത കുറിച്ചിട്ടും ഞാൻ നീട്ടിവലിച്ച് നടന്നു.  ജീവിതം പച്ചപ്പ് കണ്ടു തുടങ്ങിയിരിക്കുന്നു. ഇതിനിടയിലാണ് ഞാൻ ആയിഷ പെറുക്കിക്കൂട്ടി വെച്ച കവിതകൾ മിനുക്കിക്കൂട്ടി അറ്റ്‌ലസ് കൈരളി കവിതാ പുരസ്കാരത്തിന് അയക്കുന്നത്.  ലാഭവും ഭാഗ്യവും ഒരേ വഴിയിൽ വന്ന് കൊണ്ടിരുന്നു.  2008 ലെ അറ്റ്‌ലസ് കൈരളി കവിതാ പുരസ്കാരത്തിൽ എനിക്കും ലോട്ടറി അടിച്ച കാര്യം സുഹൃത്തുക്കൾ വിളിച്ച് പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്.  സന്തോഷങ്ങൾക്ക് മേൽ സന്തോഷം.  ഇതിനകം ഞാൻ പത്ത് സെന്റ് സ്ഥലത്തിന്‍റെ മുതലാളിയും അതിൽ പുര പണിയാനും തൂടങ്ങിയിരിക്കുന്നു.  2009 ആഗസ്റ്റ് പതിനഞ്ചിനായിരുന്നു പുരയുടെ വാർപ്പ് കഴിഞ്ഞത്.  ജനാലയും വാതിലുകളുമില്ലാത്ത ഒരു പുരയിലായിരുന്നു പിന്നെ ഞങ്ങളുടെ പാർപ്പ്.

ജനാലയും വാതിലുകളുമില്ലാത്ത പുരയായിട്ടും ഒരു കള്ളൻ തിരിഞ്ഞ് നോക്കാത്തതിനെ കുറിച്ച് ഞാൻ പിന്നീട് മോഷണം എന്ന കവിതയെഴുതിയിട്ടുണ്ട്.

മീൻകാരന് പകരം കവി

പുരസ്ക്കാരം കിട്ടിയ കവിതകൾ പുസ്തകമാക്കി തരാമെന്ന് പായൽ ബുക്സിലെ കവി മനോജ് കാട്ടാമ്പള്ളിയുടെ വാഗ്ദാനത്തിൽ ഞാൻ പുസ്തക ചെലവിലേക്കുള്ള പണത്തിന് പരക്കം പാഞ്ഞു.  ഒടുവിൽ ഞാൻ ചെന്നെത്തിയത് എന്‍റെ സുഹൃത്തും നോവലിസ്റ്റുമായ രമേശൻ ബ്ലാത്തൂരിന്‍റെ അടുത്താണ്.

‘രമേശൻ, എനിക്ക് കവിതാ പുസ്തകത്തിന്‍റെ പൈസ തരണം ഞാൻ പത്ത് ദിവസത്തിനുള്ളിൽ തിരിച്ച് തരാം’, കേൾക്കേണ്ട താമസം അവൻ പതിനഞ്ചായിരം രൂപയെടുത്ത് എന്‍റെ കൈയ്യിൽ തന്നു.  അങ്ങിനെ ആഴങ്ങളിലെ ജീവിതമെന്ന എന്‍റെ ആദ്യ കവിതാ സമാഹാരം പായൽ ബുക്സിന്റെ ലേബലിൽ വെളിച്ചം കണ്ടു.

ആയിരം കോപ്പി പത്ത് ദിവസം കൊണ്ട് തീർക്കണമെന്ന വാശി എന്നിൽ നിറഞ്ഞു.   മലയാളത്തിലേയും ലോക പ്രശസ്തരുടെയും പുസ്തകങ്ങൾക്കിടയിൽ എന്‍റെ പുസ്തകവും വിൽപ്പനയിൽ സ്ഥാനം പിടിച്ചു.  പത്ത് ദിവസം കൊണ്ട് ആയിരം കോപ്പി വിറ്റ് തീർന്നതിൽ എന്‍റെ ജീവിതത്തിനും വലിയ പങ്കുണ്ട്.  ചിലർ എന്നെ സഹാക്കാൻ വേണ്ടി അഞ്ചും ആറും പുസ്തങ്ങൾ വാങ്ങി.  ഇപ്പോൾ രണ്ടാo പതിപ്പിന്‍റെ വിൽപ്പനയിലാണ്.  അതും വളരെ കുറഞ്ഞ പുസ്തകമേയുള്ളു കൈയ്യിൽ.  അപ്പോഴാണ് പുസ്തകത്തിന്‍റെ പ്രകാശനo എൻ. പ്രഭാകരൻ മാഷെ കൊണ്ട് നടത്തിക്കണമെന്നുള്ള ആഗ്രഹം ഉള്ളിൽ നുരഞ്ഞ്‌ പൊങ്ങിയത്.

jayamohan, shukur, writer,
ജയമോഹനും ഷുക്കൂറും

പ്രണയ വിവാഹം പോലെയാണ് ആദ്യ പുസ്തക പ്രകാശനം.  മധുവിധുവിന്‍റെ കോരിത്തരിപ്പിൽ ഞാൻ മീനുമായി നടന്നു.  മീനിലും കവിതയിലുമുള്ള എന്‍റെ നടത്തങ്ങളിലേക്ക് പല മീൻ കൂവലുകളുടെ ചൊറിപ്പിൽ പടർന്നു.  ഞാൻ അവർക്ക് പിറകേയും.  എന്‍റെ നടത്തങ്ങളുടെ ദൂരം കുടുകയാണ്.  ഇരിക്കുറിലെ മീൻകാരന് ഞാനൊരു ഒഴിയാബാധയാണെന്ന തോന്നലിലായിരിക്കാം ഒരു ദിവസം എന്‍റെ തലയിലെ മീൻ പെട്ടി തളളി താഴെയിട്ട് എന്നെ അടിക്കാൻ നോക്കി.  ഞാൻ അവനെതിരെ പോലീസിൽ പരാതി പറഞ്ഞു.

മീൻ വിൽപ്പനയിലും പുസ്തകവുമായുള്ള നടത്തങ്ങളും.  ഇതിനകം വരാന്ത എന്ന നോവലും നിലവിളികളുടെ ഭാഷ, മഴപ്പൊള്ളൽ എന്നീ രണ്ട് കവിതാസമാഹാരവും ഇറങ്ങിയിരുന്നു.  വാക്കും പരാതിയും കലമ്പലുമായി മീൻ വിൽപ്പന എനിക്ക് മടുത്തു.  ഞാനന്ന് പെട്ടി താഴെ വെച്ചു.  അതിന് പിറകിൽ മറ്റൊരു കഥയുണ്ട്.  അതിനെ കുറിച്ച് ഞാൻ മറ്റൊരിടത്ത് എഴുതിയിട്ടുണ്ട്.  അതിനാൽ ഞാൻ ആ വിഷയം വിടുകയാണ്.  ഞാൻ പുസ്തക വിൽപ്പനയുടെ സ്വീകാര്യതയിൽ ജീവിക്കാമെന്ന വിശ്വാസത്തിൽ പുസ്തകവും പേറി നടന്നു.  ജില്ലക്കുളളിലും പുറത്തുമുള്ള എന്‍റെ അലച്ചിലിൽ ശരീരം മനസ്സിനോട് ചേർന്ന് പോകാൻ മടിച്ച് കൊണ്ടിരുന്നു.  അങ്ങിനെയാണ് എന്‍റെ നോവലിന്‍റെ പേരിൽ വരാന്ത ചായപ്പീടിക തുടങ്ങുന്നത്.  വളരെ കുറച്ച് ചായ ചെലവാകുന്ന ഒരു പിടിക.  ചായ വിൽപ്പനയും എന്‍റെ വായനയും കഴിഞ്ഞാലും പിന്നെയും സമയം ബാക്കി.  ഇങ്ങിനെ കുത്തിയിരുന്നിട്ടെന്താണ് കാര്യം, എന്‍റെ മനസ്സിലേക്ക് പല ചിന്തകളും വന്ന് നിലവിളിച്ചു.

അവസാനം ഒരു തീരുമാനത്തിലെത്തി.  ഞാൻ എൻ. പ്രഭാകരൻ മാഷെ ഒരു ദിവസം ഫോണിൽ വിളിച്ചു, ‘മാഷെ എന്‍റെ ചായപ്പീടികയിൽ ഒരു പുസ്തക ചർച്ച വെച്ചാലോ? മാഷ് വരുമോ?’,

‘നല്ല ആശയം ഞാൻ വരാം’.

മാഷ് എനിക്ക് പിന്തുണയേകി അങ്ങിനെ ഞാൻ ആദ്യത്തെ പുസ്തകം തിരഞ്ഞെടുത്തു.  ഞാൻ ഏറ്റവും കുടുതൽ വിറ്റ പുസ്തകം.  വിനോയ് തോമസിന്‍റെ കരിക്കോട്ടക്കരി എന്ന നോവൽ – ഞാൻ വിനോയ് തോമസിനെ വിളിച്ച് വിവരം പറഞ്ഞു.  അദ്ദേഹത്തിനും സന്തോഷം.  കുടിയേറ്റവും ദലിത് ജീവിതവുമാകട്ടെ ആദ്യത്തെ പുസ്തക ചർച്ച.  എൻ പ്രഭാകരൻ ചർച്ച ഉദ്ഘാടനം ചെയ്ത് കൊണ്ട് വായനയുടെ വ്യത്യസ്ത മുഖങ്ങളെക്കുറിച്ച് നന്നായി സംസാരിച്ചു.  ചർച്ച വളരെ ഇഷ്ടമായെന്ന് അവിടെ കൂടിയിരുന്നവരുടെ മുഖങ്ങളിൽ നിന്ന് ഞാൻ വായിച്ചെടുത്തു.  അവരുടെ പ്രോത്സാഹനത്തിൽ അടുത്ത പുസ്തക ചർച്ചയിലേക്ക് ഞാൻ നിർബന്ധിതനായ്.

അടുത്ത പുസ്തകം ഏതെന്ന് എനിക്ക് ആലോചിക്കേണ്ടി വന്നില്ല.  ‘നൂറ് സിംഹാസനങ്ങൾ’, ഞാൻ മനസ്സിൽ ഉറപ്പിച്ചു.  ഞാൻ തമിഴ് എഴുത്തുകാരൻ ജയമോഹൻ സാറിനെ വിളിച്ചു.  അദ്ദേഹവുമായി എനിക്ക് ഈ പുസ്തകം വായിച്ചിട്ട് എന്‍റെ അനുഭവം പറഞ്ഞ ഒരു കഥയുണ്ട്.  നോവൽ വായിച്ച് ഭ്രാന്ത് വന്ന കഥ.  നൂറ് സിംഹാനസങ്ങൾ വായിച്ചപ്പോൾ എന്‍റെ ഉറങ്ങിക്കിടന്ന ഭ്രാന്ത് പുറത്ത് ചാടി ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ടു.  ശരീരം ശോഷിച്ചു.  വല്ലാത്തൊരു ചിന്തയിൽ ഞാൻ വെന്തു.  അങ്ങിനെ വീണ്ടും ഡോക്ടറെ സമീപിക്കേണ്ടി വന്നു.  ഈ കഥ അദ്ദേഹവുമായി പങ്ക് വെച്ചപ്പോൾ അദ്ദേഹത്തിന്‍റെ സ്നേഹം ഞാനറിഞ്ഞു.  ആ സ്നേഹം കണ്ടാണ് ഞാൻ ജയമോഹൻ സാറിനെ വിളിച്ചത്.  ഫോണിന്‍റെ മറുതലക്കൽ ജയമോഹന്‍റെ ശബ്ദം.  ഞാൻ എന്‍റെ പീടികയുടേയും എന്‍റെ ജീവിതാവസ്ഥയും പീടികയിൽ നടക്കുന്ന പുസ്തക ചർച്ചയേ കുറിച്ചെല്ലാം വിശദമായി പറഞ്ഞു.

‘ഷുക്കറേ ഈ മാസം എനിക്ക് പറ്റില്ല.  ഒരു യാത്രയുണ്ട്.  അടുത്ത മാസം – ഞാൻ വരാം തിയതി നിശ്ചയിച്ചോളൂ’

‘സാറിന്‍റെ സമയം പറഞ്ഞാൽ മതി’, ഞാൻ പറഞ്ഞു.

ഞാൻ തിയതി കണ്ടു.  അദ്ദേഹം സമ്മതിച്ചു.  അപ്പോഴും എന്റെ ഉള്ളിന്‍റെ ഉള്ളിൽ ഒരു സംശയം. യാത്ര ചെലവും വാഹനവുമെന്നുമില്ലാതെ അദ്ദേഹം വരുമോ?

ആധി മൂത്ത് ഭ്രാന്തോളം 

രണ്ടാമത്തെ പുസ്തകമായി പ്രകാശൻ മടിക്കൈയുടെ ഗ്രീൻ ബുക്സ് അവാർഡ് നേടിയ ‘കോരു വാനത്തിലെ പൂതങ്ങൾ’ ഞാൻ തിരഞ്ഞെടുത്തു.  ഈ പുസ്തകവും ഒരു ദേശം പ്രധാന കഥാപാത്രമായി മാറുന്ന നോവലാണ്.  പുസ്തകത്തെക്കുറിച്ച് ഇ പി.രാജഗോപാലൻ സംസാരിച്ചപ്പോൾ ചർച്ചയ്ക്ക് പുതിയൊരു ദിശ കൈ വന്നു.  അപ്പോഴും മുന്നാമത്തെ ചർച്ചയുടെ നടത്തിപ്പിന്‍റെ ആധി എന്നിൽ നിന്ന് ഒഴിഞ്ഞ് പോയതേയില്ല.  ഒന്നിനും ഒരു ഉന്മേഷവും തോനുന്നില്ല.  ഇനിയാകെ അഞ്ച് ദിവസം മാത്രം.  ഞാൻ ഇതിനകം എഫ്.ബി യിലും മറ്റുമായി നല്ല പരസ്യവും ചെയ്തിരുന്നു.

e. santhosh kumar, shukkor, writer,
ഇ സന്തോഷ്‌കുമാർ ചായക്കട ചർച്ചയ്ക്കെത്തിയപ്പോൾ സമീപം ഷൂക്കൂർ

‘ജയമോഹൻ വരാനാ? അവൻ വെറുതേ പറയുന്നതാ’, കേൾക്കാതേയും കേട്ടും ചിലരുടെ കുശുക്കലിൽ ഞാൻ തളർന്നു.  അങ്ങിനെയിരിക്കെ ഒരു സന്ധ്യക്ക് ഒരാൾ ഫോണിൽ വിളിക്കുന്നു.

‘ഷുക്കൂറേ ഞാൻ വിശ്വനാഥൻ.  മാതൃഭൂമിയിൽ നിന്നാ.  ജയമോഹൻ വരുന്നുണ്ടല്ലേ നിന്‍റെ ചായപ്പീടികയിൽ.  അന്ന് ഞാനുമുണ്ടാകും,’

‘സാർ എനിക്ക് എന്തോ ഒരു പേടി’, ഞാൻ പറഞ്ഞു.

‘ഒന്നും പേടിക്കേണ്ട. നല്ല ആളാണ്’

എനിക്ക് കുറച്ച് സമാധാനമായി.  ഞാൻ ആയിഷയോട് അന്ന് ഉച്ചക്കുള്ള ഭക്ഷണത്തിന്‍റെ കാര്യം പറഞ്ഞിരുന്നു.

ഉച്ചക്ക് 2.30നുള്ള പരിപാടിയിലേക്ക് ജയമോഹനും കൂട്ടുകാരും 11 മണിയോടെ എത്തി.  എന്‍റെ നാട് ചുറ്റിക്കാണാനായിരുന്നു നേരെത്തെ എത്തിയതെന്ന് പറഞ്ഞപ്പോൾ എന്‍റെ ഉള്ളിലെ പേടി അയഞ്ഞു.  എന്‍റെ ചുണ്ടിൽ പുഞ്ചിരി വന്ന് നിറഞ്ഞു.  പിന്നെ ഒരു ആഘോഷമായിരുന്നു.  ഒന്നുമല്ലാത്ത എന്‍റെ ചായപ്പീടികയിൽ ഒരു പാട് ദൂരം യാത്ര ചെയ്ത് വന്നെത്തിയ ഇഷ്ട എഴുത്തുകാരനെ ഞാൻ ഉള്ള് കൊണ്ട് നമിച്ചു.

zacharia, vinoy thomas, shukkur,
സക്കറിയ്ക്കും വിനോയ് തോമസിനും ഒപ്പം ഷുക്കൂർ

പിന്നെ ചായപ്പീടികയിലേക്ക് എഴുത്തുകാരുടേയും വായനക്കാരുടേയും ഒരു ഒഴുക്ക് തന്നെയായിരുന്നു.  ഞാൻ വിളിക്കുന്ന എഴുത്തുകാരെല്ലാം എന്നോട് സ്നേഹം കാണിച്ചു.  ഞാൻ അവരോടും.  എം.മുകുന്ദനും, സക്കറിയയും, ബെന്യാമിനും, വീരാൻ കുട്ടിയും യുവ എഴുത്തുകാരായ പി.വി ഷാജികുമാറും, അബിൻ ജോസഫും, പി. പി.രാമചന്ദ്രനും, വി.ജെ. ജെയിംസും, പി. എഫ് മാത്യൂസും, താഹാ മാടായിയും, കെ.ടി ബാബുരാജും, വി.എസ് അനിൽകുമാറും, ശിഹാബുദ്ദീൻ പൊയ്ത്തുംകടവും, ഇ സന്തോഷ് കുമാറും, ടി.പി രാജീവനും വിനോയ് തോമസും, കൽപ്പറ്റ നാരായണനും, പ്രകാശൻ മടിക്കൈയും, എൻ.ശശിധരനും രമേശൻ ബ്ലാത്തുരും, എന്‍റെയും വായനക്കാരുടേയും സ്നേഹം അറിഞ്ഞവരാണ്.

ഓരോ പുസ്തക ചർച്ചയിലും സ്ത്രീകൾക്ക് മുഖ്യസ്ഥാനം കൊടുക്കാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ പുസ്തക ചർച്ചയുടെ വിജയമായി കണക്കാക്കുന്നത്.  ഇതുവരെ 26 സ്ത്രീകൾ എന്‍റെ ചായപ്പീടികയിൽ വന്ന് പുസ്തകങ്ങളെ കുറിച്ച് ആധികാരികമായി സംസാരിച്ചു.  ഇതിന് മുമ്പ് നടന്ന ഇ. സന്തോഷ് കുമാറിന്‍റെ പുസ്തകത്തെക്കുറിച്ച് സംസാരിച്ച യുവനിരൂപകനൊപ്പം സംസാരിച്ചതും സ്ത്രീകളായിരുന്നു.  എസ്. ഹരീഷ് വന്നപ്പോൾ അദ്ദേഹത്തിന്‍റെ ആദത്തെക്കുറിച്ച് സംസാരിച്ചതും വിദ്യാർത്ഥിനിയായിരുന്നു.  വരാന്ത പുസ്തക ചർച്ചയുടെ ചരിത്രവും ഓർമ്മയും എഴുതി വെക്കാൻ കഴിയാഞ്ഞതിനാൽ ആരൊക്കെ വന്ന് പോയെന്ന് കൃത്യമായി പറയാൻ കഴിയുന്നില്ല.

 

Stay updated with the latest news headlines and all the latest Features news download Indian Express Malayalam App.

Web Title: Shukkur pedayangode varantha chayapeedika pustaka charcha