ഇപ്പോള്‍ അവാര്‍ഡ് കിട്ടിയതുകൊണ്ടൊന്നുമല്ല, ഞാന്‍ മുന്‍പേ പറയുന്ന കാര്യമാണ്. ‘ആദ’ത്തിന്‍റെ ആ മുഖവുരയില്‍ കഥയുടെ കെണിയില്‍പെട്ട് കിടക്കുന്ന മനുഷ്യര്‍ എന്ന് പുള്ളി പറഞ്ഞുവെച്ച ആ വെപ്പുണ്ടല്ലോ അതിന് എന്നെ കഥയെഴുത്തുകാരനാക്കുന്നതില്‍ വലിയ പങ്കുണ്ട്. അല്ലെങ്കില്‍ ബ്രഹ്മാണ്ഡ തത്വവിചാരങ്ങളുടെ നെടുങ്കന്‍ വാചക കസര്‍ത്തുകള്‍ വെച്ച് കുട്ടികള്‍ക്ക് വേണ്ടി ഞാനിപ്പോഴും എഴുതിക്കൊണ്ടേയിരിക്കുമായിരുന്നു.
‘ആദ’വും ‘മാവോയിസ്റ്റു’മൊക്കെ മാതൃഭൂമിയില്‍ വരുന്ന കാലത്തു തന്നെ വായിച്ച് നിത്യാരാധന തുടങ്ങിയതാണ്. വിളിപ്പേടികൊണ്ട് നമ്പര്‍ തിരയാന്‍ പോയില്ല. ‘അപ്പനും’ ‘പൈഡ്പൈപ്പറും’ കൂടിയായപ്പോള്‍ ആരോടോ നമ്പര്‍ മേടിച്ച് വിളിച്ചു. തനി ഒരു കോട്ടയംകാരന്‍. ‘ഓ എന്നതാടാ ഉവ്വേ’ന്ന് ഒരു മനോഭാവമാണ് ഫോണില്‍ കേട്ടത്. കഥയിലും അതുതന്നെയാണല്ലോ.
കെ വി മണികണ്ഠന്‍ പറഞ്ഞതുപോലെ പൊട്ടിത്തെറിക്കാനുള്ള വകയെല്ലാം കൂടി കഥയില്‍ കുഴിച്ചിട്ടിട്ട് അതിന്‍റെ മുകളില്‍ നിസ്സാരമായിട്ട് ഒരു ഇരിപ്പ്. മറ്റാര്‍ക്ക് അത് കഴിയും?

ഒരു വായനാദിനത്തില്‍ കുറേ പറഞ്ഞപ്പോള്‍ വാട്സാപ് വഴി എന്‍റെ സ്ക്കൂളിലെ കുട്ടികള്‍ക്ക് ഒരു സന്ദേശമയച്ചുതന്നു. വെള്ളാപ്പള്ളിയുടെ സ്വരം കുറേക്കൂടി തുറന്നു വന്നാല്‍ അത് ഹരീഷാകും. ആ സ്വരത്തില്‍ പുള്ളി പിള്ളേരോട് പറഞ്ഞത് കഥയിലെ ജീവിതത്തേപ്പറ്റി തന്നെയാണ്. അതൊക്കെക്കൂടി കേട്ടപ്പോള്‍ നീണ്ടൂരിന്‍റെ കഥയോനെ നേരിട്ട് കാണാന്‍ ഒരു വൈകുന്നേരം ഇരിട്ടിയില്‍ നിന്നും കോട്ടയം ഫാസ്റ്റില്‍ കയറിയിരുന്നു. വെളുപ്പിനെ അവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഇയ്യാള് എത്രയോ പണ്ടേ എന്‍റെ അയല്‍പക്കത്ത് ഉണ്ടായിരുന്ന ആളാണ്. രാവിലേ ഞങ്ങളൊക്കെ ജോസു ചേട്ടന്‍റെ കടയില്‍ വന്നിരുന്ന് ചായയും കലത്തപ്പവും കഴിച്ചിട്ട് പത്രവുമെടുത്തുപിടിച്ച് കാച്ചുന്ന കഥകളൊക്കെ ഇയ്യാളെഴുതി പുസ്തകമാക്കിയതാണ്.
പിന്നെയാ സ്കൂട്ടറില്‍ കയറി ചിറകളിലൂടെ ഒരു പോക്കായിരുന്നു. ‘പൈഡ്പൈപ്പറി’ലെ കരാട്ടെക്കാരനും ‘ചപ്പാത്തിലെ കൊലപാതക’ത്തിലെ റൗഡിയും ‘നിര്യാതരായി’യിലെ മാഷും ഒക്കെ ദാണ്ടെ വഴിയരുകില്‍ നില്‍ക്കുന്നുണ്ട്. സാധാരണപോലെ എല്ലാവരോടും ലോഹ്യം പറഞ്ഞ് ആക്ടീവ മുന്നോട്ട് പോയി. ഒരിടത്ത് വണ്ടി നിര്‍ത്തിയപ്പോഴാണ് അവരെ കണ്ടത്. ആയിരക്കണക്കിന് പക്ഷികള്‍ ഭൂഗോളത്തിന്‍റെ പല ഭാഗത്തുനിന്നും ഹരീഷിന്‍റെ കഥയില്‍ കൂടു വെച്ച് മുട്ടയിടാന്‍വേണ്ടി വന്നിരിക്കുകയാണ്. ഞാനതുങ്ങളുടെ തൂക്കത്തേപ്പറ്റിയും ഇറച്ചിയേപ്പറ്റിയുമൊക്കെ ചോദിച്ചപ്പോള്‍ അവയുടെ ജനിതകപത്രങളില്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പേ വരച്ചിട്ട യാത്രാവഴികളേപ്പറ്റിയാണ് ഹരീഷ് പറഞ്ഞത്. അപ്പോള്‍ ആ ആമയെ ഇറച്ചിയാക്കാന്‍ വേണ്ടി ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ചതും ഓഫീസില്‍ കൊണ്ടു വരുന്ന വെടിയെറച്ചി വാങ്ങി തിന്നതും ഇങ്ങേരല്ലേ എന്ന് എനിക്ക് സംശയം വന്നു.
‘എന്നിട്ടുമുണ്ട് താമരപൊയ്കകള്‍ അല്ലേ’ എന്ന് ഞാന്‍ ചോദിച്ചപ്പോഴേ സ്ക്കൂട്ടര്‍ അയ്മനത്തേക്കുള്ള താര്‍വഴിയില്‍ കയറി അതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ സൗമ്യമായി ഓടിത്തുടങ്ങി. നരച്ച് ആഴത്തില്‍ വേരുകളുള്ള ഒരു ക്രിസ്തുമസ് മരത്തിന്‍റെ ചുവട്ടിലാണ് അത് പോയി നിന്നത്.
ജോണ്‍സാര്‍ ഞങ്ങളെ മറ്റെവിടേക്ക് കൊണ്ടുപോകാന്‍. ആറ്റിറമ്പില്‍ മീനച്ചിലാറിന്‍റെ ചരിത്രവും വര്‍ത്തമാനവും കണ്ടും കേട്ടും ആ രണ്ടു ജൈവപ്രതിഭകളോടൊപ്പം നിന്ന നില്‍പ്പാണ് കോട്ടയം ജില്ലയില്‍ നിന്ന് ഇന്നോളം എനിക്ക് കിട്ടിയിട്ടുള്ള ഏറ്റവും ദൈവികമായ അനുഭവം എന്ന് ഞാന്‍ ആണയിട്ട് പറയുന്നു.

ഹരീഷും ഞാനും പിന്നെയും പലവട്ടം കണ്ടുമുട്ടി. ആറളംഫാമില്‍ ഹരീഷ് വന്നപ്പോള്‍ ഞങ്ങളുടെയൊപ്പം ഉണ്ടായിരുന്ന ഒരു യുവകഥാകൃത്തിനോട് ഹരീഷ് ആദ്യം ചോദിച്ചത് ‘എന്തിനാടാ ഉവ്വേ ഇങ്ങനെ സിഗരറ്റ് വലിക്കുന്നത്?’ എന്നായിരുന്നു. അന്ന് അയാള്‍ സിഗരറ്റുവലി ഉപേക്ഷിച്ചു. ശേഷം രണ്ട് നല്ല കഥകളും എഴുതി.
അതിന്‍റെ തലേദിവസം വീരാജ്പേട്ട ടൗണില്‍ നിന്ന നില്‍പ്പില്‍ കാവി മുണ്ടില്‍ നിന്നും പാന്റിലേക്ക് മാറി തനി കുടകനായി തെളിഞ്ഞ് വിളിക്കാത്ത കല്ല്യാണത്തിനു കയറി ആ നാടന്‍ വാദ്യങ്ങള്‍ക്കൊപ്പം വിവാഹനൃത്തം ചവിട്ടി അയാള്‍ കുടകിന്‍റെ ഉള്ളിലായി. നിര്‍ത്തുകയാണ്. ഇങ്ങനെ പറഞ്ഞുപറഞ്ഞു പോയാല്‍ അയാള്‍ വല്യബിംബമാകും. അത് വേണ്ട.
പുതിയെ കഥാകൃത്തുക്കളെയെല്ലാം തന്‍റെ ചുറ്റും ആകര്‍ഷിച്ചു നിര്‍ത്താനുള്ള എന്തോ ഒരു മായാവ്യക്തിത്വം ഹരീഷിനുണ്ട്. എനിക്ക് തോന്നിയ ഒരു കാര്യം അയാള്‍ സൗമ്യനും ദയാലുവും നന്മയുള്ളവനും മനുഷ്യസ്നേഹിയുമാണെങ്കിലും അതിനപ്പുറം ഓരോ മനുഷ്യജന്മത്തിന്‍റെയും കഥകള്‍ തിരഞ്ഞ് നടക്കുന്നവനാണ്. അങ്ങനെ കിട്ടുന്ന കഥകള്‍ ഒരുതരം ആഘോഷപരമായ നിസംഗതയോടെ നമ്മുടെ മുന്‍പില്‍ വിളമ്പുക എന്നതാണ് അയാളുടെ അവതാരലക്ഷ്യം. അതങ്ങനെ നിര്‍ബ്ബാധം തുടര്‍ന്നുകൊണ്ടിരിക്കട്ടെ എന്ന് ഈ അവാര്‍ഡുകാലത്ത് ആശംസിക്കുന്നു.
വിനോയ് തോമസ് എഴുതിയ മറ്റ് ചിലത് ഇവിടെ വായിക്കാം: ഞങ്ങള്‍ പഠിക്കുകയാണ്
ബലൂൺ ഒളിപ്പിച്ചുവെയ്ക്കാത്ത എലിപ്പെട്ടി – വിനോയ് തോമസ് എഴുതുന്നു