കൊറോണ കാലം മനുഷ്യൻ രൂപാന്തരപ്പെടുമോ? സക്കറിയ സംസാരിക്കുന്നു

ഒരു രോഗം വരുമ്പോൾ പഥ്യം പാലിക്കുന്നത് പോലെയുള്ള ഒരു മാറ്റം ആയിട്ടേ ഇപ്പോഴത്തെ അവസ്ഥയെ കാണാൻ കഴിയുകയുള്ളു. ഈ അവസ്ഥ മാറുമ്പോൾ അന്ധവിശ്വാസങ്ങൾ തിരിച്ചു വരും, പള്ളികളും അമ്പലങ്ങളും ജനങ്ങളെ കൊണ്ട് നിറയും, പുണ്യാളന്മാരും, ആൾദൈവങ്ങളുമെല്ലാം വീണ്ടും പ്രത്യക്ഷപ്പെടും, എല്ലാം പഴയതു പോലെ തന്നെയാവും

Zacharia, Paul Zacharia, writer Zacharia, സക്കറിയ, Lockdown, Covid 19, coronavirus, Indian express malayalam, IE Malayalam

മലയാള സാഹിത്യത്തിൽ തന്റെ അത്യാധുനിക കഥകൾ, യാത്ര വിവരണങ്ങൾ എന്നിവയാൽ മലയാളികളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് സക്കറിയ. സമകാലിക സംഭവങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും, തന്റെ ചിന്തിതമായ അഭിപ്രായങ്ങൾ സത്യസന്ധമായി പറയുകയും ചെയുന്ന ഈ വിഖ്യാത എഴുത്തുകാരനെ കേരള സമൂഹം വളരെ ഗൗരവകരമായാണ് ചർച്ച ചെയ്യാറുള്ളത്.  ഈ കൊറോണ കാലത്ത് മനുഷ്യ സമൂഹത്തിനുണ്ടാകാനിടയുള്ള മാറ്റങ്ങളെ പറ്റിയും,  ഭരണകൂടത്തിന്റെ കടന്നുകയറ്റത്തിനെ പറ്റിയുമുള്ള തന്റെ നിരീക്ഷണങ്ങൾ അദ്ദേഹം ഹൃസ്വ സംഭാഷണത്തിലൂടെ മനസു തുറക്കുന്നു.  മലയാളിയുടെ പ്രിയപ്പെട്ട കഥാകൃത്തും  കേന്ദ്ര- സംസ്ഥാന സാഹിത്യ അക്കാദമി ജേതാവുമായ പോൾ സക്കറിയ കൊറോണ കാലത്തെ  കുറിച്ചുള്ള ചിന്തകൾ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളവുമായി പങ്കു വെക്കുന്നു.

കൊറോണയെത്തുടർന്ന് ലോകമെമ്പാടുമുള്ള മനുഷ്യർ ഇതുവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ലോക്ക്ഡൗണ് താങ്കളുടെ ജീവിതത്തെ ഏതെങ്കിലും തരത്തിൽ പുനഃക്രമീകരിക്കാൻ നിർബന്ധമാക്കിയിട്ടുണ്ടോ?

അങ്ങനെ പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നുള്ളതാണ് സത്യം.  ഞാൻ സാധാരണ വീട്ടിലിരുന്നു ജോലി ചെയുന്ന ആളാണ്.  നടക്കാൻ പോകുന്നത് വീടിന്റെ ടെറസിലേക്കു ചുരുങ്ങി എന്നുള്ളതാണ് ഒരു മാറ്റമായി പറയാനുള്ളത്.  ജീവിതം സാധാരണ പോലെ തന്നെയാണ് പോകുന്നത്.

പൊതുവെ ഏകാന്തത ഇഷ്ടപ്പെടുന്നവരാണ് എഴുത്തുകാർ.  ഈ നിർബന്ധിത ഏകാന്ത വാസകാലം എങ്ങനെയാണ്  ഉപയോഗപ്പെടുത്തുന്നത്?

ഇന്നത്തെ സാഹചര്യത്തിൽ പുറത്തേക്കു പോകേണ്ടി വരുന്നില്ല എന്നുള്ളതും, ആർക്കും കാണാൻ വരാൻ കഴിയില്ല എന്നതും കൂടുതൽ സമയം തരുന്നുണ്ട്.  അതെനിക്കു കുടിശ്ശിക ആയി കിടന്ന ഒരുപാടു ജോലികൾ പൂർത്തിയാക്കാൻ സഹായകമാകുന്നുണ്ട്.  സാധാരണഗതിയിൽ ഇങ്ങനെ കുടിശ്ശിക ആയി തീരുന്ന എഴുത്തുകൾ ഒരു ബുദ്ധിമുട്ടായി തീരാറുണ്ട്.  അത്തരത്തിൽ മുടങ്ങി പോയ എഴുത്തുകൾക്കായാണ് ഞാൻ ഈ സമയത്തിന്റെ നല്ലൊരു പങ്കും വിനിയോഗിക്കുന്നത്.

മഹാമാരികളും, മഹായുദ്ധങ്ങളും സാഹിത്യത്തിലും കലയിലും വല്യ രീതിയിൽ സ്വാധീനം ചെലുത്തിയതായി കാണാനാകും.  ഈ കൊറോണ കാലം അത്തരത്തിൽ സാഹിത്യകാരിലും കലാകാരിലും സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

യുദ്ധവും രോഗവുമായി ഒരുതരത്തിലും താരതമ്യം ചെയ്യാൻ കഴിയില്ല, യുദ്ധമെന്നു പറയുന്നത് സർവ്വനാശമാണ്. മഹായുദ്ധങ്ങൾ അല്ലാതെ തന്നെ ലോകത്തെമ്പാടും പ്രാദേശികമായും  അന്താരാഷ്ട്ര അതിർത്തികളിലും മറ്റും കാലാകാലങ്ങളായി പല തരത്തിലുള്ള യുദ്ധങ്ങൾ, പല കാരണങ്ങൾക്കായി നടക്കുന്നുണ്ട്, നടന്നു വരികയാണ്. എന്നാൽ രോഗമെന്ന് പറയുന്നത്,  രോഗം വരുന്നവർക്ക് മാത്രം വരുന്ന ഒരു വിഷയമാണ്.  ഇപ്പോൾ കോറോണയുടെ കാര്യത്തിൽ തന്നെ,  ആ രോഗത്തിന്റെ മരണ നിരക്ക് എന്ന് പറയുന്നത് ഒന്നോ രണ്ടോ ശതമാനം മാത്രമാണ്. എന്നാൽ യുദ്ധം ഒരു പ്രദേശത്തെയാകെ ഇല്ലാതാക്കുന്ന ഒന്നാണ്.  ഇത്തരം ദുരന്തങ്ങൾ കലയെയും സാഹിത്യത്തെയും പ്രചോദിപ്പിക്കുമോ എന്നുള്ളത് വ്യക്തിപരമായ കാര്യമാണ്.  ഓരോ എഴുത്തുകാരനെയും, കലാകാരനേയും സാധീനിക്കുന്നത് വ്യത്യസ്തമായ വിഷയങ്ങളായിരിക്കും.  ഈ കാലം പ്രത്യേകമായി ഒരു സ്വാധീനം ചെലുത്തുന്നുണ്ടോ എന്ന് പറയാനാകില്ല.  ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചൊരു സിനിമയൊക്കെ വരാൻ സാധ്യതയുണ്ട്.

ഈ ലോക്ക്ഡൗണ് കാലത്ത് പൗരന്റെ സ്വകാര്യതയിലും  മൗലികാവകാശങ്ങളിലും മേൽ ഭരണകൂടത്തിന്റെ പലതരത്തിലുള്ള കടന്നു കയറ്റം നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോഴത്തെ അടിയന്തരാവസ്ഥ കണക്കിലെടുത്ത് ജനങ്ങൾ അതിനു അനുവാദവും നൽകുന്നുണ്ട്. എന്നാൽ ഈ കാലം കഴിഞ്ഞാലും ഇത്തരം അപകടകരമായ ജനാധിപത്യ വിരുദ്ധ പ്രവണതകൾ തുടരുമെന്ന് ഭയപ്പെടേണ്ടതുണ്ടോ?

അത് ഓരോ സമൂഹത്തേയും ഭരണാധികാരികളെയും ആശ്രയിച്ചിരിക്കും. ജനാധിപത്യ വിരുദ്ധ നയങ്ങൾ തുടരണമെന്നുള്ള ഭരണാധികാരികൾ ഉണ്ടെങ്കിൽ അവർ ഇതിനെ ഒരു അവസരമായി കണ്ടു അത് തുടർന്നുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അത്തരം അധികാര പ്രവണതകളെ എതിർക്കേണ്ടത് രണ്ടു കൂട്ടരാണ്,  പ്രതിപക്ഷവും  മാധ്യമങ്ങളും. പ്രതിപക്ഷവും മാധ്യമങ്ങളും അത്തരം പ്രവണതകളെ എതിർക്കുന്നില്ലെങ്കിൽ ഭരണാധികാരികൾ ഈ അവസ്ഥയെ മുതലെടുക്കുക തന്നെ ചെയ്യും.  ജനാധിപത്യത്തിലൂടെ അധികാരത്തിൽ വരികയും എന്നാൽ ജനാധിപത്യ വ്യവസ്ഥിതികളോട് താല്പര്യമില്ലാത്തതുമായ ഭരണാധികാരികളുള്ള ധാരാളം സമൂഹങ്ങൾ ലോകത്തെമ്പാടും കാണാൻ സാധിക്കും, അവർ ഈ കാലത്തെ കൂട്ടുപിടിച്ചു ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിച്ചേക്കാം.

മനുഷ്യ സഹജമായ ധാരാളിത്തവും, ആർഭാട ജീവിത രീതികളും, പ്രകൃതി ചൂഷണവും, അന്ധ വിശ്വാസങ്ങളുമെല്ലാം കൊറോണ ഭീതിയെ തുടർന്നുണ്ടായ ലോക്ക് ഡൗൺ മൂലം ഒരു പരിധി വരെയെങ്കിലും കുറഞ്ഞതായി കാണാൻ സാധിക്കും. ഇത്തരം പുരോഗനപരമായ, ലാളിത്യത്തിലൂന്നിയുള്ള ജീവിത രീതികൾ ഈ കാലം കഴിഞ്ഞാലും മനുഷ്യർ തുടരുമെന്ന് കരുതാനാകുമോ?

ഇല്ല,  അത്തരം മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഒരു രോഗം വരുമ്പോൾ പഥ്യം പാലിക്കുന്നത് പോലെയുള്ള ഒരു മാറ്റം ആയിട്ടേ ഇപ്പോഴത്തെ അവസ്ഥയെ കാണാൻ കഴിയുകയുള്ളു.  ഈ അവസ്ഥ മാറുമ്പോൾ എല്ലാവരും പഴയ ജീവിത രീതികളിലോട്ടു തന്നെ തിരിച്ചു പോകും. അന്ധവിശ്വാസങ്ങൾ തിരിച്ചു വരും, പള്ളികളും അമ്പലങ്ങളും ജനങ്ങളെ കൊണ്ട് നിറയും,  പുണ്യാളന്മാരും,  ആൾദൈവങ്ങളുമെല്ലാം വീണ്ടും പ്രത്യക്ഷപ്പെടും, എല്ലാം പഴയതു പോലെ തന്നെയാവും. പണത്തിനോടും, ബാക്കി സുഖ സൗകര്യങ്ങളോടുമുള്ള ആർത്തിയുമെല്ലാം തിരിച്ചു വരും. ലഭ്യത ഇല്ലാത്തതുകൊണ്ട് നിയന്ത്രണം പാലിക്കുന്നു എന്നുള്ളത് മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. അടുത്ത വർഷം ഈ സമയം കൊറോണ ഭീതിയൊന്നുമില്ലെങ്കിൽ മനുഷ്യർ പഴയതു പോലെ, അല്ലെങ്കിൽ അതിലും മോശമായ ആർഭാട ജീവിതവും  ചൂഷണങ്ങളും നടത്തുന്നത് നമുക്ക് കാണാൻ സാധിക്കും.

മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളിൽ കൂടുതൽ ആഴം തിരിച്ചറിയാനുള്ള അവസരമായി ഈ കാലത്തെ ആളുകൾ ഉപയോഗപ്പെടുത്തുമെന്നു പ്രത്യാശിക്കാമോ?

ഇല്ല, അത്തരം മാറ്റങ്ങളും ഉണ്ടാവുമെന്ന് വിശ്വസിക്കുന്നില്ല. പരമ്പരാഗത വിശ്വാസികളാണ് മനുഷ്യർ. അവരവരുടെ വിശ്വാസങ്ങൾ അനുസരിച്ചുള്ള ബന്ധങ്ങളും വിദ്വേഷങ്ങളും അവർ ഇനിയും വെച്ച് പുലർത്തും. രോഗം വന്നതുകൊണ്ടൊന്നും മനുഷ്യന്റെ സഹജമായ സ്വഭാവങ്ങളിൽ മാറ്റം ഉണ്ടാവില്ല.  ആരും അത്തരം സ്വയം നിര്ണയത്തിനുള്ള അവസരമാക്കി ഈ ലോക്ക്ഡൗൺ കാലത്തെ ഉപയോഗിക്കുമെന്നും കരുതാനാവില്ല. ഇതൊക്കെ ഒരു അഞ്ചോ ആറോ മാസത്തെ പ്രതിഭാസമായേ കാണാനാകൂ, അതുകഴിയുമ്പോൾ എല്ലാം പഴയതു പോലെയാകും.

ലോക്ക്ഡൗൺ കഴിഞ്ഞുള്ള പദ്ധതികൾ?

കുറെ യാത്രകൾ മനസ്സിലുണ്ടായിരുന്നു. ഇനിയിപ്പോ കുറച്ചു കാലത്തേക്ക് അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല.

Get the latest Malayalam news and Blog news here. You can also read all the Blog news by following us on Twitter, Facebook and Telegram.

Web Title: Writer zacharia on lockdown life corona virus

Next Story
ഇനി എവിടെ ‘കാണാപ്പൊന്ന്’ തേടും? ആശങ്കയുടെ പ്രവാസജീവിതങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com