scorecardresearch

എന്‍റെ ഉള്ളിലെ പ്രണയത്തിന്‍റെ സംഗ്രഹമാണ് മാധവിക്കുട്ടി

മറ്റാരും ഒരിക്കലും യാത്ര ചെയ്തിട്ടില്ലാത്ത പ്രണയവും ഒറ്റപെടുത്തലും നിരാശയും തീവ്രതയും നിറഞ്ഞ കലാ സാമ്രാജ്യം അവർ കെട്ടിപടുത്തത് ഒരു കലാവിപ്ലവം തന്നെയാണ്. കേരളം രണ്ടായി പിളർന്ന പോലെ, മാധവിക്കുട്ടിക്കൊപ്പവും അല്ലാതെയും

മറ്റാരും ഒരിക്കലും യാത്ര ചെയ്തിട്ടില്ലാത്ത പ്രണയവും ഒറ്റപെടുത്തലും നിരാശയും തീവ്രതയും നിറഞ്ഞ കലാ സാമ്രാജ്യം അവർ കെട്ടിപടുത്തത് ഒരു കലാവിപ്ലവം തന്നെയാണ്. കേരളം രണ്ടായി പിളർന്ന പോലെ, മാധവിക്കുട്ടിക്കൊപ്പവും അല്ലാതെയും

author-image
Vinaya Kuttimalu Raghavan
അപ്‌ഡേറ്റ് ചെയ്‌തു
New Update
madhavikutty ente katha, madhavikutty my story, madhavikutty story, madhavikutty kavitha, kamala das poems, madhavikutty, മാധവിക്കുട്ടി, kamaladas, കമലാ ദാസ്, kamala surayya, കമല സുരയ്യ, vinaya kuttimalu raghavan, വിനയകുട്ടിമാളു രാഘവൻ, iemalayalam, ഐഇ മലയാളം, മാധവിക്കുട്ടി കഥ, മാധവിക്കുട്ടി കവിത, മാധവിക്കുട്ടി ചന്ദനമരങ്ങള്‍, മാധവിക്കുട്ടി എന്റെ കഥ

കേരളത്തിൽ ഒരു പ്രത്യേക കാലഘട്ടത്തിൽ വളർന്നത് കൊണ്ടാവാം, സാഹിത്യ വൃത്തങ്ങളിൽ, മാധവിക്കുട്ടി എന്ന എഴുത്തുകാരിയെ പ്രണയിക്കുന്നവരും വെറുക്കുന്നവരും സുലഭമായിരുന്നു. എനിക്ക് മാധവിക്കുട്ടിയുടെ എഴുത്തിനോട് പ്രണയമായിരുന്നു. അവർ എന്ന എഴുത്തുകാരി തെറ്റോ ശരിയോ എന്നല്ല, അവരുടെ എഴുത്ത് തിരമാല പോല അലയടിച്ചിരുന്ന എന്‍റെ ഉള്ളിലെ ആശയകുഴപ്പത്തിന് ഒരു തണലായിരുന്നു. സ്വത്വം ഇല്ലാത്ത എന്‍റെ അവസ്‌ഥ അവരുടെ കഥകളിലൂടെയും എഴുത്തുകളിലൂടെയും പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ അനുഭൂതി പോലെ എന്‍റെ ചിന്തകളിൽ ഞാന്‍ അനുഭവിച്ചു കൊണ്ടിരുന്നു.

Advertisment

അങ്ങനെ ഞാൻ എന്‍റെ ജീവിതത്തെയും മരണത്തെയും അവരുടെ കവിതകളിലൂടെ പ്രണയിച്ചു. ഞാൻ ഒരു പ്രണയിനിയായി. ഒരിക്കലും മാധവികുട്ടി ആകാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ എന്‍റെ ജീവിതം അവരുടെ കവിതകൾ പോല ആകണമെന്ന് എന്നെത്തന്നെ വിശ്വസിപ്പിച്ചു. അങ്ങനെ ആണ് 'ദി പ്ലേ ഹൗസ്' എന്ന ഹ്രസ്വ ചിത്രത്തിന്‍റെ ആശയം മനസ്സിൽ എപ്പോഴോ കടന്ന് വന്നത്. ഒരു കാർ യാത്രയിൽ ഞാൻ എന്‍റെ പ്രിയപ്പെട്ടവനോട് അതിനെ കുറിച്ച് സംസാരിച്ചു. അവരുടെ കലാസൃഷ്ടിയിൽ നിറഞ്ഞു നിൽക്കുന്ന 'മാജിക്കൽ റിയലിസം' അന്ന് നമ്മളെ വാചാലമാക്കി.

ആ ഹ്രസ്വ ചിത്രം എന്‍റെ മനസിനെയും മാധവിക്കുട്ടിയുടെ കവിതകളെയും ഞാൻ കാണുന്ന, അനുഭവിക്കുന്ന എനിക്ക് ചുറ്റുമുള്ള ലോകവും കടലും മലകളും കാടുകളും സാഗരവും ഒന്നായി അലിയണം എന്നായിരുന്നു ആഗ്രഹിച്ചത്. എന്‍റെ ഉള്ളിലെ പ്രണയത്തിന്‍റെ ഒരു സംഗ്രഹം.

Read Here: കമലക്കടൽ

madhavikutti, kamaladas,kamala surayya,

Advertisment

ഒരുപക്ഷേ, ധീരവും സുന്ദരവുമായ വിവാദങ്ങൾ അവരുടെ എഴുത്തിനെ നോവിപ്പിച്ചിരിക്കണം. എന്നാലും അനേകം പാമ്പുകളുടെ വിഷം പോലെ ശക്തമായിരുന്നു അവരുടെ കലാസൃഷ്ടി. മറ്റാരും ഒരിക്കലും യാത്ര ചെയ്തിട്ടില്ലാത്ത പ്രണയവും ഒറ്റപെടുത്തലും നിരാശയും തീവ്രതയും നിറഞ്ഞ കലാ സാമ്രാജ്യം അവർ കെട്ടിപടുത്തത് ഒരു കലാവിപ്ലവം തന്നെയാണ്. കേരളം രണ്ടായി പിളർന്ന പോലെ, മാധവിക്കുട്ടിക്കൊപ്പവും അല്ലാതെയും.

നാം മാത്രം സ്പർശിക്കുന്ന, അറിയുന്ന, ആന്തരിക സ്വാർത്ഥ വ്യക്തിതവത്തെ - നമ്മൾ മൂടിവെക്കുന്നതും ഒളിപ്പിച്ചുവെക്കുന്നതും നമ്മളെ പരിഭ്രാന്തരാക്കുന്നതുമായ നമ്മുടെ ചിന്തകളും ആഗ്രഹങ്ങളും, തെറ്റായതും യുക്തിക്ക് എതിരായതുമെല്ലാം അടങ്ങുന്ന, നാം മാത്രം അറിയുന്ന സ്വത്വമാണ് മാധവിക്കുട്ടി നമ്മളോട് എഴുത്തിലൂടെ കണ്ടെത്താൻ പറഞ്ഞത്‌.

madhavikutty,kamaldas, kamala surayya

'മലബാറിലെ ലവ് ക്യൂൻ' എന്ന മാധവിക്കുട്ടി നമ്മളെ ഇന്നും ആകർഷിക്കുന്നു. ഒരിക്കലും എരിഞ്ഞു തീരാത്ത ഒരു മെഴുകുതിരി ആയി കത്തി ജ്വലിച്ചു കൊണ്ടേയിരിക്കുന്നു. കേരളത്തിലെ സമകാലീന സാഹിത്യ പ്രസ്ഥാനത്തിൽ അവർ ശക്തമായ ഒരു തൂണായി ഇന്നും നിലനിൽക്കുന്നു, അതും ഒരു സ്ത്രീ.

ഭാര്യയും, പ്രണയിനിയും, അമ്മയുമെല്ലാമായപ്പോഴും, മാധവികുട്ടി എന്ന എഴുത്തുകാരി ഒന്നിലും ഒതുങ്ങാത്ത ഒരു ചിത്രശലഭമായി നമ്മളെ ആകർഷിച്ചു. സ്വാതന്ത്യാനന്തരകാലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ത്രീ എഴുത്തുകാരിയായി ഇന്നവരെ നമ്മൾ ഓർമിക്കുകയും പ്രണയിക്കുകയും ചെയുന്നു.

ഞാൻ മലബാറിലെ തീരദേശ പട്ടണമായ തലശ്ശേരിക്കടുത്തുള്ള ഒരു ഗ്രാമത്തിൽ ആണ് വളർന്നത് . സമുദ്രവുമായി എനിക്കുണ്ടായിരുന്ന സങ്കീർണമായ ബന്ധം മാധവിക്കുട്ടിയുടെ കടലിനഭിമുഖമായുള്ള കവിതകളിൽ ചിത്രീകരിച്ചത്‌ എനിക്ക് ആവേശം പകർന്നു. കടലിന്‍റെ ചൂട് അറകള്‍ പോലെയാണ് വിചിത്രമായ വികാരങ്ങളുള്ള നമ്മുടെ മനസ്സ്.

സമുദ്രത്തിന്‍റെ അഗാധ ഗർത്തങ്ങൾ ചിലപ്പോൾ അഗ്നിപർവതം പോലെ പൊട്ടിത്തെറിക്കും, ചിലപ്പോൾ മരിച്ചു പോയ മത്സ്യത്തെ പോലെ ശാന്തമാവും. കടൽ എന്നെ എല്ലായിപ്പോഴും ഒരേ സമയം സന്തോഷിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തു, അതിനൊപ്പം ഞങ്ങളുടെ ചെറിയ ജീവിതം എത്രമാത്രം നിസ്സാരമാണെന്നും എന്നെ ഓർമിപ്പിച്ചു. ഒരു കവിത പോലെ ജനിക്കുകയും മരിക്കുകയും ചെയ്യാൻ ഈ ജീവിതം, എത്ര ചെറുതാണ്, എത്ര നിസ്സാരമാണ്.

The Suicide - Poem by Kamala Das

With joy I discover

The sea's hostile cold

Is after all skin-deep.

The sea's inner chambers

Are all very warm.

There must be a sun slumbering

At the vortex of the sea.

O sea, i am happy swimming

Happy, happy, happy ...

The only movement i know well

Is certainly the swim.

It comes naturally to me.

നമ്മളും മറ്റുള്ളവരും തമ്മിലുള്ള മതിലുകൾ ഉറപ്പിക്കുക തന്നെയാണ് മാധവികുട്ടി ചെയ്തിട്ടുള്ളത്. നമുക്ക് ചുറ്റുമുള്ള ലോകം നമ്മളെ ഒറ്റപെടുത്തുമ്പോൾ ആർക്കും തകർത്താനാവാത്ത ഒരു സ്വത്വത്തിലൂടെ, ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരാൻ നമുക്ക് കഴിയണം. അതാണ് മാധവിക്കുട്ടിയുടെ കല എനിക്ക് തന്നത്. അവരുടെ സാഹിത്യം എനിക്ക് തന്നത്.

മാധവിക്കുട്ടിയുടെ 'എന്‍റെ കഥ' ശ്രദ്ധേയമാകുന്നത് ഒരു സ്ത്രീ എഴുത്തുകാരി എന്നത് കൊണ്ടു മാത്രമല്ല; കാലത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും അതീതമായ, അതുല്യമായ കലാസൃഷ്ടിയാണത് എന്നത് കൊണ്ടാണ്. കലയ്ക്ക് മതിലുകളില്ല, അതിരുകളും. ഗാഢവും അസംസ്കൃതവും ആയ സൃഷ്‌ടികൾ  യാഥാർഥ്യബോധത്തോടെ എഴുതിയത് അവരെ എന്നും വേട്ടയാടിയിട്ടേ ഉള്ളൂ. അതു തന്നെയാണ് മാധവിക്കുട്ടിയുടെ വിജയവും.

വെറുക്കപെടുമ്പോഴും അതിൽ കൂടുതൽ അനുയോജ്യമല്ലാത്ത ശൈലിയുടെ അത്യുച്ചത്തിൽ അവരുടെ സൃഷ്ടികൾ നമ്മുടെ മനസ്സിൽ തിളങ്ങി നിൽക്കുന്നത് തന്നെയാണ് അവരുടെ വിജയം.

വെറുക്കപെടുമ്പോഴും ആദരിക്കപ്പെടുന്നതാണ് മാധവിക്കുട്ടിയുടെ എഴുത്ത്. പുരുഷന്മാർക്ക് നിഗൂഢതയുടെ കലവറയും എന്നാൽ ദൂരെ നിന്ന് ആരാധിക്കുന്ന മറക്കാനാവാത്ത കവയത്രിയും. സ്ത്രീകൾക്ക് അപൂർണതകളുള്ള നായിക.

Read Here: മാധവിക്കുട്ടി: വായിക്കപ്പെടാതെ പോകുന്ന പകർന്നാട്ടങ്ങൾ

(ദ് പ്ലേ ഹൗസ്/ ഹ്രസ്വചിത്രം)

മനുഷ്യ മനസുകൾ എല്ലായിപ്പോഴും യുക്തിയോടെയല്ല പ്രവർത്തിക്കുന്നത് എന്നും, നമ്മൾ തന്നെ ഉണ്ടാക്കുന്ന ചങ്ങലകളിൽ നിന്നും നമ്മളുടെ ശരീരത്തെയും കാമത്തെയും ചിന്തകളെയും മോചിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അസംസ്കൃതവും ഭ്രാന്തവുമായ ഒരു സ്വത്വം നമ്മളിൽ ഉണ്ടെന്നും അറിയുമ്പോൾ, മാധവികുട്ടി എന്ന എഴുത്തുകാരി നമ്മുടെ കൂടെ സഞ്ചരിക്കുന്നത് പോലെ തോന്നും. കവിതയായി, കഥകളായി.

അവരുടെ സാഹിത്യസൃഷ്ടികൾ അളന്ന് നോക്കുന്നത് അവരുടെ കവിതകളിലൂടെയും കഥകളിലൂടെയും ആയിരിക്കണം, വ്യക്തിജീവിതം നോക്കിയാവരുത് . മാധവിക്കുട്ടി  ഇന്ന് ഒരു വ്യക്തി അല്ല, ഒരു പ്രതിഭാസമാണ്. അവരുടെ സൃഷ്ടികൾ പലപ്പോഴും മനസ്സിന്‍റെ വേദനയുടേയും, ഒറ്റപെടലിന്‍റെയും വിരഹത്തിന്‍റെയും കുട്ടികാലത്തിന്‍റെയും പ്രതിഛായകളാണ്. അതിൽ യുക്തി ഇല്ല, പ്രണയം മാത്രം. പ്രണയം യുക്തിയാണെന്ന് ആർക്കാണ് പറയാനാവുക ?

madavikutty, kamaladas, kamala surayya

Read Here: ദുഃഖം രുചിക്കുന്ന നെയ്‌പായസവും മരണം മണക്കുന്ന വേനലിന്‍റെ കഥയും

'I have ceased to fear death...' അവർ എഴുതി. കറങ്ങുന്ന ഫാനിൽ തട്ടി മരിച്ച് വീഴുന്ന ഒരു കുരുവിയെ പോലെയാണ് നിസ്സാരമായ നമ്മുടെ ജീവിതം. 'എന്‍റെ കഥ' തുടങ്ങുന്നത് അങ്ങനെയാണ്. നിസ്സാരമായ ജീവിതത്തിലെ തീവ്രമായ നിമിഷങ്ങൾ കവിത മുത്തുകൾ പോലെ കോർത്തിണക്കിയ അധ്യായങ്ങൾ.

മരണഭയത്തെ അതിജീവിക്കുമ്പോൾ ഒരാൾ ജീവിക്കാൻ തുടങ്ങുന്നു. മരണം ഒരു അനിവാര്യമായ ആചാരം മാത്രം ആകുമ്പോൾ, ജീവിതം ഒരു കവിതയായി മാറുന്നു. ജീവിതത്തെ പ്രണയിച്ച മാധവിക്കുട്ടി 'എന്‍റെ കഥ' എന്ന നോവലിൽ അവരുടെ ജീവിതം ജീവിച്ചു കാണിക്കുന്നു, മരണഭയം ഇല്ലാതെ. 'എന്‍റെ കഥ' വായിച്ചു കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത ഒരു ശൂന്യത തോന്നി. ഒരിക്കലും പൂർത്തിയാകല്ലേ എന്നാഗ്രഹിച്ച നോവൽ, വായിച്ചു തീർന്നു പോയല്ലോ എന്ന് വിലപിച്ച രണ്ടു ദിവസങ്ങൾ ഇന്നും ഞാൻ ഓർക്കുന്നു. വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത ഒരു ശൂന്യത.

പ്രണയത്തെ അനന്തമായി സ്നേഹിച്ച മാധവിക്കുട്ടി, സാമൂഹിക മാനദണ്ഡങ്ങളിൽ നാം ഒതുക്കാൻ നിർബന്ധിതരാകുന്ന പ്രണയസങ്കൽപ്പത്തിനും അപ്പുറത്തെവിടെയോ എന്നെ കൊണ്ടെത്തിച്ചു. എനിക്ക് മാധവിക്കുട്ടി കവിതയാണ്, പ്രണയമാണ്. ഒരു വ്യക്തിയല്ല. പ്രണയം തേടിയുള്ള യാത്രയിൽ ഒരു തണുത്ത കാറ്റുപോലെ കൂടെ സഞ്ചരിക്കുന്ന അവരുടെ കവിതകളും കഥകളും തിരിഞ്ഞു നോക്കുമ്പോൾ ഓർമകളിലെ കൊച്ചു ബിന്ദുവായി, ചുവന്ന സിന്ദൂരപൊട്ടായി തിളങ്ങി നിൽക്കുന്നു.

ബ്രിട്ടനിൽ ഐ ടി പ്രൊജക്റ്റ് മാനേജരാണ് ലേഖിക.

മാധവിക്കുട്ടിയുടെ കവിതകളെ ആധാരമാക്കി

'ദ് പ്ലേ ഹൗസ്' എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു

Madhavikutty Kamala Das Kamala Surayya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: