‘ഡാഡി കൂൾ,’ ‘1983,’ ‘ബെസ്റ്റ് ആക്ടർ,’ ‘പാവാട,’ ‘സൈറാ ബാനു’ എന്നീ ജനപ്രിയ ഹിറ്റുകളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ തിരക്കഥാകൃത്തും പ്രശസ്ത കോളമിസ്റ്റും ‘ഇരട്ടച്ചങ്ക്, മമ്മൂട്ടി: കാഴ്ചയും വായനയും,’ ‘ഓർമ്മയുണ്ടോ ഈ മുഖം- മലയാളി മറക്കാത്ത സിനിമാ ഡയലോഗുകൾ’ എന്നീ പുസ്തകങ്ങളുടെ രചയിതാവുമായ ബിപിൻ ചന്ദ്രൻ എഴുതുന്ന പംക്തി ‘ചന്ദ്രപക്ഷം.’
സംസ്കാരം, സാഹിത്യം, കല, സിനിമ എന്നീ മേഖലകളിലെ മാറ്റങ്ങളെയും പ്രവണതകളെയും സ്വതസിദ്ധമായ നർമ്മക്കണ്ണാൽ നോക്കി ആഴത്തിൽ വിലയിരുത്തി കറുപ്പും വെളുപ്പും ചാലിച്ചെഴുതുന്ന വാങ്മയ ചിത്രങ്ങൾ. ചുറ്റുപാടുകളുടെ നേർക്കാഴ്ചകൾ, അപൂർവ്വങ്ങളായ നിഗമനങ്ങൾ, ജീവിതത്തോട് ഒട്ടി നിൽക്കുന്ന വഴിച്ചാലുകൾ. ഒരു പേന അതിന്റെ ഉൾക്കണ്ണടയ്ക്കാതെ ചലിക്കുമ്പോൾ കോറിയിടപ്പെടുന്ന വാഗ്‌വിലാസങ്ങൾ. ഇതിലെല്ലാം തന്നെ അക്ഷരങ്ങൾ, ഇന്നിന്റെ പരിസരങ്ങളുമായി യോജിച്ചും വിഘടിച്ചും അതാതു കാലങ്ങളെ സ്വാംശീകരിച്ച് ഒരു കുത്തൊഴുക്കായിത്തീരുമ്പോൾ, വായനക്കാർക്ക് ഈ ചന്ദ്രപക്ഷ വഴികളിലേക്ക് സ്വാഗതം…
‘ആ കുട്ടി ആരാ, മാധവിക്കുട്ടിയോ? അതോ കടത്തനാട്ട് മാധവിയമ്മയോ? ഇങ്ങനെ സാഹിത്യഭാഷയിൽ മൊഴിയാൻ?’
തട്ടുതകർത്തോടിയ ഒരു മോഹൻലാൽ സിനിമയിൽ രഞ്ജിത് എഴുതിയ സംഭാഷണമാണിത്. കടത്തനാട്ട് മാധവിയമ്മയെ എട്ടാം തരത്തിലെ പഴയ മലയാളം പാഠപുസ്തകത്തിലാണ് പരിചയം. അതിലെ അവസാന പദ്യമായിരുന്നു ‘കാളിയമർദ്ദനം.’
‘ധിമി ധിമ നൃത്തം തുടരുക ചഞ്ചൽ-
ക്കര ചരണഭൂഷണക്വണന്നാദം’
എന്നു തുടങ്ങുന്ന വരികളുള്ള പാഠം പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടൊരു കൊല്ലം. പള്ളിക്കൂടത്തിൽ പഠിക്കുന്ന കാലത്ത് കാർന്നോരായ നാലപ്പാട്ട് നാരായണമേനോന്റെ ‘കണ്ണുനീർത്തുള്ളി’യിൽ കൂട്ടിയിടിച്ചിട്ടുണ്ടെങ്കിലും പുള്ളിക്കാരന്റെ അനന്തരവളുടെ മകളായ മാധവിക്കുട്ടിയെ പാഠത്തിനകത്തു വച്ചൊന്നും കണ്ടുമുട്ടിയ ഓർമയില്ല. പഠിപ്പിക്കാൻ തുടങ്ങിയ സമയമായപ്പോഴേക്കാണ് ‘നെയ്പ്പായസ’വും ‘കോലാടു’മൊക്കെ കേരളത്തിലെ ടെക്സ്റ്റ്ബുക്ക് കമ്മറ്റിക്കാരുടെ കണ്ണിൽപ്പെട്ടു തുടങ്ങിയത്.
നാലപ്പാട്ടെ കമല, മാധവിക്കുട്ടി, കമല ദാസ്, കമല സുരയ്യ… എല്ലാം ഒരാൾ ആയിരുന്നു. ഒന്നായതിനെ രണ്ടായി കണ്ടാൽത്തന്നെ ഇണ്ടലാണ്. എന്നാൽ കേരളീയർ അവരെ കാക്കത്തൊള്ളായിരം കണ്ണുകളിലൂടെയാണ് നോക്കിയത്. എംപി നാരായണപിള്ളയുടെയും സുലാചന നാലപ്പാടിന്റെയും മെറിലി വെയ്സ്ബോർഡിന്റെയും പികെ പാറക്കടവിന്റെയും സുജ സൂസൻ ജോർജിന്റെയും രാജൻ തിരുവോത്തിന്റെയുമൊക്കെ കമലയെഴുത്തുകൾ മറക്കുന്നില്ല. ജോയ് മാത്യുവിന്റെ ‘പ്രണയത്തിന്റെ ചതുരനെല്ലിക്കകളെ’ എങ്ങനെ എടുത്തു പറയാതിരിക്കും. മാധവിക്കുട്ടിയോടുള്ള മലയാളിയുടെ ഇഷ്ടത്തെ അതിലുമപ്പുറമെങ്ങനെ ഭംഗിയായി എഴുതിയാവിഷ്കരിക്കാനാവും. വായിച്ചു ചൂടാറും മുൻപേ ഫോൺ വിളിച്ചു കൊടുത്തതാണ് ജോയ് ഏട്ടന് അതിനുള്ള ഉമ്മ.
ഇതൊക്കെയുണ്ടെങ്കിലും മാധവിക്കുട്ടിയുടെ എഴുത്തിന്റെ ആലക്തിക സൗന്ദര്യത്തെക്കുറിച്ചുള്ള ചർച്ചകളേക്കാൾ മലയാളിക്കു കൂടുതൽ താൽപര്യം ‘എന്റെ കഥ’ കല്ലുവച്ച നുണയോ നിറം പിടിപ്പിച്ച നുണയോ നേരുള്ള ഭാവനയോ ഭാവനാ സത്യമോ എന്നൊക്കെയുള്ള കൊച്ചു വർത്തമാനങ്ങളിലായിരുന്നു. ആത്മകഥയുടെ അരികുകളിൽ നിന്ന് വിടർത്തി ഫിക്ഷന്റെ അവതാര ലീലയായി വളർത്താൻ മാത്രമല്ല ‘ഭ്രാന്തിന്റെ’ അതിർവരകൾക്കുള്ളിൽ അതിനെ കൊണ്ടു ചെന്നു കെട്ടാനും ഒരുപാട് പേരുണ്ടായിരുന്നു. താത്രിക്കുട്ടി ആയാലും മാധവിക്കുട്ടി ആയാലും സ്മാർത്തന്മാർക്ക് ലക്ഷ്യം ഒന്നല്ലേയുള്ളൂ. പ്രശസ്തിയുടെ പൂമഴയും പരദൂഷണത്തിന്റെ പേമഴയും നനഞ്ഞ് മുള്ളും മലരും കനിവും കുപ്പിച്ചില്ലും നിറഞ്ഞ നിരത്തുകളിലൂടെ മാധവിക്കുട്ടിയെപ്പോലെ നടന്ന മറ്റൊരു സാഹിത്യകാരിയും മലയാളത്തിലുണ്ടാകില്ല.
Read Here: സ്നേഹത്തിന്റെ ഹിമാലയം, ഭാഷയുടെ ലാവണ്യം
തികഞ്ഞൊരു മേയ്ൽ ഷോവനിസ്റ്റ് സമൂഹത്തിൽ ഉണ്ടു പുലർന്നു തിടം വച്ച എന്റെ ‘പുരുഷു’ ബോധത്തിന് എന്തു കൊണ്ടോ ആയമ്മയെ തീരേ ഇഷ്ടമായിരുന്നില്ല പണ്ടൊക്കെ. അതു കൊണ്ടു തന്നെ അവരുടെ കൃതികളിൽ നിന്ന് വായനയെ അകറ്റി നർത്തുന്നതിൽ മതനിഷ്ഠപോലെ ശ്രദ്ധയും ശാഠ്യവും പുലർത്തിയിരുന്നു ഞാൻ. ഡി.സി.കിഴക്കേമുറിയുടെയൊക്കെ മുൻകൈയിൽ പ്രവർത്തനമാരംഭിച്ച ‘സഹൃദയ’ എന്ന പഴയ ഗ്രന്ഥശാലയിൽ നിന്ന് ‘1988ലെ തിരഞ്ഞെടുത്ത കഥകൾ’ വായിക്കാനെടുത്തത് പത്തിലോ മറ്റോ പഠിക്കുമ്പോഴാണ്. ഡി.സി.യുടെ സ്ഥാപനം തന്നെയാണാ പുസ്തകം പുറത്തിറക്കിയതും. അതിൽ മാധവിക്കുട്ടിയുടെ ഒരു കഥയുണ്ടായിരുന്നു. പരിപാവനനായ ഒരു ഹൈസ്കൂൾ പയ്യൻ ‘ചന്ദന മരങ്ങൾ’ വായിച്ചപ്പോൾ സംഭവിച്ചതെന്തായിരിക്കുമെന്ന് ഊഹിക്കാൻ സാമാന്യബുദ്ധി മതിയാകുമല്ലോ. വിറകിൻമുട്ടിക്ക് അടി കിട്ടിയപോലെ തരിച്ചിരുന്നുപോയി അന്ന്. മാധവിക്കുട്ടി എന്നല്ല ‘മ’ എന്നു കേട്ടാൽ പോലും ഒരു മാതിരി മറ്റേ ഫീലിങ്ങ് ആകുന്ന നിലയായെന്നു പറഞ്ഞാൽ മതിയല്ലോ. കഥ തിരഞ്ഞെടുത്തവതരിപ്പിച്ച സ്കറിയ സക്കറിയയോടു പോലും ഒടുങ്ങാത്ത കലിയായി എന്നിലെ സദാചാര വാദിക്ക്. പക്ഷേ കൂട്ടുകാരോടൊപ്പമുള്ള കൊച്ചുവർത്തമാനങ്ങൾക്കിടെ കമലയെന്ന കേസുകെട്ടിനെ പലവിധ തെറികളാൽ അലങ്കരിച്ചവതരിപ്പിക്കാൻ ആർഷസംസ്കാരവാദിയായിരുന്ന എനിക്ക് മടിയൊന്നും തോന്നിയിരുന്നില്ല. സ്കൂളിൽ നിന്നു കോളേജിലെത്തിയിട്ടും അവരോടുള്ള വിരോധം കൂടിയതല്ലാതെ കഴഞ്ചിനു പോലും കുറഞ്ഞില്ല. അങ്ങനെ കമലക്കലി കൊണ്ടു കണ്ണും മൂക്കും നിറഞ്ഞിരുന്ന കാലത്താണ് അവരെ ആദ്യമായി കാണുന്നത്.
ഡി.സി. ബുക്സിന്റെ ഇരുപതാം വാർഷികമായിരുന്നു പരിപാടി. കോട്ടയത്തെ മാമ്മൻ മാപ്പിള ഹാളായിരുന്നു സ്ഥലം. കേരളത്തിലെ തലയെടുപ്പുള്ള പല എഴുത്തുകാരും അവിടെ പരസ്പരം കുശലം പറഞ്ഞു നിരന്നു നില്പുണ്ട്. അവരെ കാണാൻ കൊതി മൂത്ത് പ്രീഡിഗ്രിക്കാരനായ ഞാൻ കോളേജ് ഹോസ്റ്റലിൽ എന്തോ അമറൻ നുണയും പറഞ്ഞ് ചാടി വന്നിരിക്കുകയാണ്. കൊമ്പന്മാരിൽ ഗുരുവായൂർ കേശവൻ എന്നു പറഞ്ഞ മാതിരി അതാ നിൽക്കുന്നു എം.ടി. വാസുദേവൻ നായർ. കടുപ്പക്കാരനെന്നു വായിച്ചു കേട്ടിട്ടുണ്ട്. ലോഹ്യം പറയാൻ പോയിട്ട് ചിരിക്കാൻ പോലും മടിയുള്ളയാളാണെന്നാണ് കരക്കമ്പി. എഴുത്തുകാരുടെ സ്കെച്ചുകൾ സ്പോട്ടിൽ വരച്ച് അതിൽ അവരുടെ ഒപ്പു വാങ്ങുകയെന്നൊരു ഹോബി എനിക്ക് അക്കാലത്തുണ്ടായിരുന്നു. കിട്ടിയ തക്കത്തിന് അല്പം മാറി നിന്ന് എംടിയെ നോക്കി വരയ്ക്കാൻ തുടങ്ങി. വെട്ടിയെടുത്ത കട്ടിക്കടലാസിൽ മൈക്രോ ടിപ്പ് പെൻ കൊണ്ട് കിളച്ചു കിളച്ചു തെളിച്ചെടുത്ത് ആ കൃഷി ഏതാണ്ട് വിളവെടുക്കാറായപ്പോഴാണ് ഒരു സ്ത്രീ ശബ്ദം പിന്നിൽ നിന്ന് കേട്ടത്.
‘ഹായ് നോക്കൂ വാസൂ, ഈ കുട്ടി എത്ര രസായിട്ടാ വരയ്ക്കുന്നതെന്നു കണ്ട്വോ?’
വെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അതാ നിൽക്കുന്നു ആ അവതാരം. കമലാദാസെന്ന മാധവിക്കുട്ടി. എന്റെ വായിലെ വെള്ളം വറ്റിപ്പോയി. അടുക്കാൻ പേടിച്ച് ആരുടെ അടുത്തു നിന്നാണോ ഞാൻ അകലം പാലിച്ചു നിന്നത് അതേ എഴുത്തുകാരന്റെ അടുത്തേക്കവരെന്നെ കൂട്ടിക്കൊണ്ടുപോയി. യാന്ത്രികമായി ഞാൻ പടം വരച്ച കടലാസും പേനയും അദ്ദേഹത്തിന് നേർക്ക് നീട്ടി.
‘വളരും. വളർന്നു വലിയ ആളാവും. കൈകൾക്കു നല്ല കരുത്തുണ്ടാവും’
‘കടലിന് കറുത്ത നിറമായിരുന്നു’
‘സേതൂന് എന്നും ഒരാളോടേ ഇഷ്ടംണ്ടായിരുന്നുള്ളൂ. സേതൂനോടു മാത്രം’
‘ഞാനാണ് താഴത്തേലെ ഗോയിന്ദുട്ടി’
‘പത്താള് ചേർന്ന് ഒരുത്തനെ തല്ലിക്കൊല്ലുമ്പോ അതിനിയ്ക്കു കാര്യാ. ഓടിനെടാ ബലാല്കളെ, അല്ലെങ്കി ഓരോരുത്തരായി വരി’
‘ചന്തുവിനെ തോൽപിക്കാൻ നിങ്ങൾക്കാവില്ല’
സ്കൂൾ കാലത്തു തന്നെ ചങ്കോടു ചേർത്ത ഒരുപാട് വാക്കുകൾ അന്തരീക്ഷത്തിലെങ്ങും മുഴങ്ങുന്ന പോലെ തോന്നി. അതാ, പ്രിയപ്പെട്ട കഥാകാരൻ ഞാൻ വരച്ച പടത്തിനടിയിൽ കൈയ്യൊപ്പിടുന്നു. എന്നിട്ട് തിരിച്ച് എനിക്കു നേരെ നീട്ടുന്നു ആ കടലാസ്. അത് സത്യമോ സ്വപ്നമോ എന്ന സന്ദേഹത്തിലായിപ്പോയി ഞാൻ. മീശയ്ക്കടിയിലൂടെയന്ന് കണ്ട് ആ ചെറിയ ചുണ്ടനക്കത്തെ ചിരിയെന്നു തർജ്ജമ ചെയ്യാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ചിറി ചെറുതായൊന്നനങ്ങുന്നതിനെ ചിരി എന്നു പറയാനാവുമോ? ആവോ ? ആർക്കറിയാം.
എംടി ഒരു വാക്കു പോലും പറഞ്ഞില്ലന്ന്. പക്ഷേ ഞാൻ നന്നായി അധിക്ഷേപിച്ചിട്ടുള്ള മാധവിക്കുട്ടി നന്നായി വരുമെന്ന് എന്നെ അനുഗ്രഹിച്ചു. പ്രിയ കഥാകൃത്തിനെ പരിചയപ്പെടുത്തുകയും പടം വരച്ചതിനടിയിൽ ഒപ്പു വാങ്ങിത്തരികയും ചെയ്ത കഥാകാരിയോടുള്ള കലിപ്പും കല്മഷവുമെല്ലാം നിമിഷ നേരം കൊണ്ടലിഞ്ഞു പോയി. കുറ്റബോധത്തിന്റെ കൂടായി മാറി ഞാൻ. അതു പരിഹരിക്കാൻ മനസ്സുപദേശിച്ചു തന്ന ഒരു മരുന്ന് പടം വരപ്പു തന്നെയായിരുന്നു. മാമ്മൻ മാപ്പിള ഹാളിന്റെ മതിൽ മറവിൽ നിന്ന്, മാധവിക്കുട്ടിയെ നിരീക്ഷിച്ച് ഒരു കാരിക്കേച്ചർ രൂപമൊക്കെ ഏകദേശം ഒപ്പിച്ചെടുത്തെന്നു പറയാം. വരച്ചു തീർന്നതും അവരുടെ അടുത്തേക്ക് അതും കൊണ്ട് പാഞ്ഞ് ചെന്നു. അഭിനന്ദനം കൊണ്ടു മൂടുമെന്നുറപ്പായിരുന്നു. പക്ഷേ ആ ക്യാരിക്കേച്ചറിലേക്ക് തുറിച്ചു നോക്കിയിട്ട് എഴുത്തുകാരി പറഞ്ഞു.
‘ഇത് ഞാനല്ല, ഇതിലും എത്രയോ സുന്ദരിയാ ഞാൻ. ഇതിൽ ഞാൻ ഒപ്പിട്ടു തരില്ല.’
Read Here: മാധവിക്കുട്ടി: വായിക്കപ്പെടാതെ പോകുന്ന പകർന്നാട്ടങ്ങൾ
കുത്തബ് മിനാറിനു മുകളിൽ നിന്ന് കുണ്ടിയും കുത്തി വീണ് എന്റെ പ്രതീക്ഷകളുടെ നടുവൊടിഞ്ഞു. ചമ്മി നാറിപ്പോയ ഞാൻ പിടിച്ചു നിൽക്കാൻ വേണ്ടി ചോദിച്ചു.
‘എങ്കിലതിന്റെ പുറകു വശത്ത് ഒപ്പിട്ടു തരുമോ?’
ആ പടത്തെക്കുറിച്ചു തോന്നിയ പിടിയ്ക്കാഴിക വീണ്ടു വീണ്ടും പിറുപിറുത്തു കൊണ്ട് അവർ കടലാസിന്റെ മറുപുറത്ത് മനസ്സില്ലാ മനസ്സോടെ കൈയ്യൊപ്പിട്ടു തന്നു. അതും വാങ്ങി വിളറി വെളുത്ത പോലൊരു ചിരിയും പാസ്സാക്കി ഞാനവിടുന്ന് ഒറ്റപ്പോക്ക് വച്ചു കൊടുത്തു. പോയ കലിയൊക്കെ കടന്നൽക്കൂട്ടിൽ ഏറ് കിട്ടയാലെന്ന പോലെ ഇളകിയാർത്തു തിരിച്ചു വന്നു. മനസ്സിൽ ഞാനവരെ മതിയാവോളം പള്ളു വിളിച്ചു.
‘എംടിയ്ക്കില്ലാത്ത ജാടയാണോ തള്ളയ്ക്ക്. പിന്നേ, ഒരു സുന്ദരി വന്നിരിക്കുന്നു.’
ഇഷ്ടത്തിന്റെ ലിസ്റ്റിലെ പുതിയ എൻട്രി ഞാൻ നിഷ്കരുണം വെട്ടി തോട്ടിൽ കളഞ്ഞു. നദീൻ ഗോർഡിമർക്കും ഡോറിസ് ലെസ്സിങ്ങിനുമൊപ്പം നൊബേൽ സമ്മാനത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച കമലാ ദാസിന് എന്റ ഇഷ്ടപ്പട്ടികയിൽ നിന്നു പുറം തള്ളപ്പെട്ടാൽ വല്യ കുറച്ചിലായിരുന്നല്ലോ. ഞാൻ കലിച്ചാൽ രണ്ട് കുമ്പളങ്ങയായിരുന്നവർക്ക്.
‘എന്റെ കവിത’ എന്ന തലക്കെട്ടിൽ പുസ്തക പ്രസാധക സംഘം 1985ൽ മാധവിക്കുട്ടിയുടെ ഒരു സമാഹാരം പുറത്തിറക്കിയിരുന്നു. കൈയിൽ കുറേക്കാലമായിട്ടുണ്ടായിരുന്ന ആ കവിതകൾ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് മനസ്സിരുത്തിയൊന്നു വായിക്കാൻ തോന്നിയത്. ആ വായനാനുഭവത്തെക്കുറിച്ചോർക്കുമ്പോൾ, അടുത്തിടെ മ്യൂസ് മേരി ടീച്ചർ എഴുതിയ ഒരു പഠനത്തിന്റെ തലക്കെട്ടാണ് മനസ്സിൽ തെളിഞ്ഞു വരുന്നത്. ‘രക്ത നദിക്കരയിൽ’. ആ ഒഴുക്കിലാണ് ‘പക്ഷിയുടെ മണം’ പോലുളള കഥകൾ വായിച്ചത്. അതോടെ അനിഷ്ടമൊക്കെ മാറ്റിവച്ച് മാധവിക്കുട്ടിയെന്ന മറുകരയിലേക്ക് ആരാധനയുടെ പാലം പണി തുടങ്ങി. അപ്പുറം ചെന്നപ്പോഴാണ് പ്രതീക്ഷിച്ചതു പോലൊരു കാണാത്തുരുത്തിലല്ല, മറിച്ച് വാക്കിന്റെ കലയുടെ പുത്തൻ വൻകരയിലാണെത്തിപ്പെട്ടതെന്നു പിടി കിട്ടിയത്.
എവിടെയോ മറന്നിട്ടിരുന്ന ആ ക്യാരിക്കേച്ചർ ഞാൻ പിന്നെയും തപ്പിപ്പൊക്കിയെടുത്തു. അവരതിൽ ഒപ്പിട്ടു തരാത്തതിൽ ഒരതിശയവും ഇല്ലായിരുന്നു. ഒടുക്കത്തെ സൗന്ദര്യമുണ്ടായിരുന്ന ഒരു സ്ത്രീയെ മെനകെട്ട പരുവത്തിൽ വരച്ചു വെച്ചത് അക്രമമായിപ്പോയെന്നെനിക്കു തോന്നി. പക്ഷേ ഒന്ന് സൂക്ഷിച്ചു നോക്കിയാൽ ഒരു ‘ചായകാച്ചലൊ’ക്കെ ചെറുതായി തോന്നുന്നുണ്ടു താനും. ഇച്ചിരി വൈകല്യമുണ്ടെന്നു കരുതി സ്വന്തം കുഞ്ഞിനെ തന്ത തന്നെ തള്ളിപ്പറഞ്ഞാലെന്തു ചെയ്യും. അതു കൊണ്ടു കീറിക്കളഞ്ഞില്ല. പകരം പിൻവശത്തു നിന്നാ സുന്ദരിക്കമലയുടെ കൈയ്യൊപ്പ് വെട്ടിയെടുത്ത് പടത്തിന്റെ മുകൾ വശത്തായി ഒട്ടിച്ചു വച്ചു. ഞാനാരാണ് മോൻ. എഴുത്തുകാരുടെ കൈയൊപ്പുള്ള എന്റെ ക്യാരിക്കേച്ചർ ആൽബത്തിൽ ഒട്ടിക്കാതെ ഞാനത് മേശവലിപ്പിനുള്ളിലേക്ക് മാറ്റി. ആ ആൽബത്തോടെ ഏതോ ഒരു സാമദ്രോഹി സ്കൂളിൽ നിന്ന് അടിച്ചോണ്ട് പോയപ്പോഴും കമലപ്പടം മാത്രം രക്ഷപ്പെട്ടു കിട്ടിയതങ്ങനെയാണ്. അത്രയും ആശ്വാസം.
Read Here: എന്റെ ഉള്ളിലെ പ്രണയത്തിന്‍റെ സംഗ്രഹമാണ് മാധവിക്കുട്ടി
മാധവിക്കുട്ടിയുടെ മാജിക്കിൽ ഒഴുകിത്തുടങ്ങിയ കാലത്ത് തന്നെയാണ് കോളേജിൽ സീനിയറായി പഠിച്ച ഒരു പെൺകുട്ടിയോടുള്ള പറയാപ്രണയത്തിൽ തലയും കുത്തി വീണതും. മൂക്കിന്റെ കീഴെ പുരികം കിളിർക്കുമ്പോൾ ചിലർക്ക് കണ്ണ് വായ്ക്കകത്തായിപ്പോകുമെന്ന് സിവി രാമൻപിള്ള എഴുതിയതെത്ര സത്യം. പ്രേമച്ചെടിക്ക് വെള്ളം കൊരാനും വളമിടാനും ഒത്തിരിപ്പേരുണ്ടായിരുന്നെങ്കിലും ഉള്ളിലിരിപ്പു വെളിവാക്കാൻ വല്ലാത്ത വൈക്ലബ്യമായിരുന്നു. ഇംഗ്ലീഷ് എം.എ.യ്ക്ക് പഠിച്ചു കൊണ്ടിരുന്ന പെൺകൊച്ചിനോട് മിണ്ടിപ്പറയാൻ സാഹിത്യമായിരുന്നു ബെസ്റ്റ് വഴി. ഹെമിങ്ങ്‌വേ മുതൽ ദാരിയോ ഫോ വരെയും സിൽവിയ പ്ലാത്ത് മുതൽ അരുന്ധതി റോയി വരെയും അവളോട് ചർച്ചിച്ചു കഴിഞ്ഞപ്പോഴാണ് അറ്റ കൈയ്ക്ക് ഒരു ഐഡിയ പ്രയോഗിക്കാൻ തീരുമാനിച്ചത്. കമലാദാസിന്റെ കവിതകളുടെ പുതിയൊരു സമാഹാരം പുറത്തിറങ്ങിയിരുന്നു ആ സമയത്ത്.
ONLY THE SOUL KNOWS HOW TO SING.
എന്തൊരു ഭംഗിയായിരുന്നതിന്റെ കവർച്ചിത്രത്തിന്. തൊണ്ണൂറ്റഞ്ച് രൂപയായിരുന്നു പുസ്തകത്തിന്റെ വില. തരക്കേടില്ലാത്തൊരു പൈന്റ് കിട്ടുമായിരുന്നു അന്നാ കാശിന്. വണ്ടിക്കൂലി മുടക്കി കോട്ടയം പട്ടണത്തിൽ ചെന്ന് രണ്ടും കല്പിച്ചും പുസ്തകം വാങ്ങി തിരിച്ചു വന്നു. ആദ്യ പുറത്തിന്റെ വശത്തെ വെളുത്ത താളിൽ തച്ചിനിരുന്നൊരു കാർട്ടൂൺ വരച്ചു. പട്ടി പോസ്റ്റിൽ മുള്ളി വെയ്ക്കുന്നതു പോലെ സ്വന്തമായൊരു മുദ്ര പതിപ്പിച്ചപ്പോൾ ആശ്വാസമായി. അന്ന് ചിത്രക്കടലാസിൽ പൊതിഞ്ഞ് വർണറിബൺ കൊണ്ട് വരിഞ്ഞ് കെട്ടി വച്ചത് കമലാദാസിന്റെ കവിത മാത്രമായിരുന്നില്ല, പാവം പിടിച്ച എന്റെ ഹൃദയം കൂടായിരുന്നു. അവളത് സഞ്ചിയിലിട്ടു കൊണ്ടു പോയി. പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. അതിൽ വലിയ അദ്ഭുതമൊന്നുമില്ലായിരുന്നു. പ്രണയത്തിൽ അദ്ഭുതങ്ങൾ സംഭവിക്കണമെങ്കിൽ കവിത പൊതിഞ്ഞു കെട്ടിക്കൊടുത്തിട്ടൊന്നും കാര്യമില്ലെന്നു പഠിച്ചതങ്ങനെയാണ്. വ്യംഗ്യത്തിലും വളച്ചുകെട്ടിലുമല്ലാതെ ഉള്ളിലുള്ളത് വാ തുറന്നു പറയണം. അങ്ങനെ പേച്ചിലും പ്രവൃത്തിയിലുമൊക്കെ ഓട്ടോമാറ്റിക്കായിട്ട് കവിത വിരിയുമ്പോഴാണ് രണ്ടു പേർക്കുള്ളിൽ ഒരേ കടൽ അലയടിക്കാൻ തുടങ്ങുന്നത്. കുളത്തിലും കായലിലുമൊന്നുമല്ല കടലിലാണ് തിരയടിക്കുന്നതെന്നൊക്കെ മനസ്സിലാക്കാനുള്ള കോമൺ സെൻസുണ്ടായിരുന്ന പെൺമണീ, കെട്ടിയിരുന്നെങ്കിൽ കരയിൽത്തന്നെ നമ്മളൊരു പ്രണയത്തിന്റെ ടൈറ്റാനിക്ക് ഓടിക്കില്ലായിരുന്നോ? പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു ദേവസ്ത്രീയാക്കില്ലായിരുന്നോ? തൽക്കാലം നീയൊരു മനുഷ്യ സ്ത്രീയായിട്ടങ്ങ് ജീവിക്ക്. കമലാ ദാസിന്റെ ‘പ്രേമം’ എന്ന കവിത നിന്നോടു പറയാതിരുന്നത് എത്ര നന്നായല്ലേ.
‘നിന്നെ കണ്ടെത്തും മുൻപ് ഞാൻ കവിതയെഴുതിയിരുന്നു, ചിത്രം വരച്ചിരുന്നു,
സുഹൃത്തുക്കൾക്കൊത്ത് നടക്കാനിറങ്ങിയിരുന്നു.
ഇപ്പോൾ നിന്നെ ഞാൻ പ്രേമിക്കാൻ
തുടങ്ങിയിരിക്കെ
എന്റെ ജീവിതം
നിന്നിൽ ചുരുണ്ടുറങ്ങുന്ന ഒരു നായയെപ്പോലെ
സ്വാസ്ഥ്യം കണ്ടെത്തുന്നു’
ഇതൊക്കെ ഇന്ന് പറയുന്നതിന്റെ സംഗതിയെന്തെന്നറിയാമോ? മേയ് 31 കമല സുരയ്യയുടെ ചരമദിനമാണ്. എന്റെ ജന്മദിനവും. കമലയുടെ കവിതയുടെ മറ്റൊരു കോപ്പി ഞാൻ വാങ്ങിയിരുന്നു. മറ്റൊരാത്മാവിന്റെ കടലിൽ കുതിർന്നലിഞ്ഞിന്ന് ഞാൻ വീണ്ടും വായിക്കുന്നത് അതിലെ വരികളാണല്ലോ.
‘Only the soul knows how to sing
At the vortex of the sea.’
കമലയോടുള്ള കലിയൊക്കെ എന്നേ കാലക്കടൽത്തിരകളിൽ മാഞ്ഞു പോയി. അല്ലെങ്കിൽത്തന്നെ കലിസന്തരണമല്ലാതെ മറ്റെന്താണ് കല.