പുതുകഥകൾ പുതുവഴികളാണ് . കാലത്തിന്റെ പ്രവാഹത്തിനൊപ്പം, പുതിയ ശൈലികളും നൂതന സാങ്കേതികവിഷയങ്ങളും സ്വായത്തമാക്കി, പുഴ പോലെ അനസ്യൂതം ഒഴുകുന്നു, മലയാളകഥാസാഹിത്യം. എങ്കിലും എപ്പോഴൊക്കെയോ അറിയാതെ മനസ്സു തിരഞ്ഞുപോകാറുണ്ട്, ഒരിറ്റു ‘നെയ്പായസം,’ ‘പക്ഷിയുടെ മണം’ അല്ലെങ്കിൽ ‘ചുവന്ന പാവാട!’
പഴമയുടെ ചരിത്രത്തെ മഹത്വവല്ക്കരിക്കുകയോ പുതുനാമ്പുകളെ തള്ളിപ്പറയുകയോ അല്ല തന്നെ! അവാച്യമായ മറ്റേതോ വികാരമാണ് ഇളംനീലച്ചട്ടയുള്ള ആ പുസ്തകം പരതി കണ്ടുപിടിക്കാൻ എന്നെ പ്രേരിപ്പിച്ചത്, വീണ്ടും മാധവിക്കുട്ടിയെ വായിക്കാൻ.
ഏതൊരു പെൺകുട്ടിയെയും പോലെ അന്ന് ഞാനും കൊണ്ടുനടന്നിരുന്നു ഹൃദയത്തിൽ ഒരു ആരാധനാസൗഭഗം. മാധവിക്കുട്ടിയുടെ ബാല്യകാല സ്മരണകളും കഥകളും വായിച്ചത് ആ ആരാധനയുടെ നിഴലിൽ നിന്നു കൊണ്ടുതന്നെയാണ്.
പതിവുപോലെ, ഒരു ശർക്കരത്തുണ്ട് നുണഞ്ഞു കൊണ്ട് അച്ഛന്റെ ചാരുകസേരയിൽ ചാഞ്ഞിരുന്നായിരുന്നു ‘നെയ്പായസ’ത്തിന്റെ ആദ്യവായന.
“അവർ കഴിക്കട്ടെ. ഇനി ഒരിക്കലും അവളുണ്ടാക്കിയ ആഹാരം അവർക്കു കിട്ടുകയില്ലല്ലോ.” കുട്ടികൾ പായസം കഴിച്ചു തുടങ്ങി. അയാൾ അതു നോക്കിക്കൊണ്ട് നിശ്ചലനായി ഇരുന്നു. കുറേ നിമിഷങ്ങൾക്കു ശേഷം അയാൾ ചോദിച്ചു:
‘ചോറു വേണ്ടേ ഉണ്ണീ?’
‘വേണ്ട, പായസം മതി, നല്ല സ്വാദ്ണ്ട്,’ ഉണ്ണി പറഞ്ഞു.
രാജൻ ചിരിച്ചു കൊണ്ട് പറഞ്ഞു: ‘ശരിയാ… അമ്മ അസ്സല് നെയ്പ്പായസമാ ഉണ്ടാക്ക്യേത്.’
തന്റെ കണ്ണുനീർ കുട്ടികളിൽ നിന്നു മറച്ചു വെയ്ക്കുവാൻ വേണ്ടി അയാൾ പെട്ടെന്ന് എഴുന്നേറ്റു കുളിമുറിയിലേക്കു നടന്നു.
പുസ്തകം നെഞ്ചിൽ കമഴ്ത്തിവെച്ച് നിശബ്ദമായി തേങ്ങിയിരുന്നു, ഓരോ വായനക്കൊടുവിലും. മാധവിക്കുട്ടിയുടെ ‘നെയ്പായസം’ എന്ന കഥയിൽ ആകസ്മികമായി മരണം വന്നു തൊടുന്നതിനു മുൻപ് രാത്രിഭക്ഷണത്തോടൊപ്പം കുട്ടികൾക്കായി അമ്മ ഒരുക്കി വെച്ചിരുന്നു, ഒരു സ്ഫടിക പാത്രത്തിൽ അല്പം നെയ്പ്പായസം. ഇതിനുമുൻപ് നെയ്പായസ ഓർമ തികട്ടി വന്നത് ഒരുച്ചക്ക് അമ്മയുടെ ഫോൺ വന്നപ്പോഴാണ്.
“നിനക്കോർമേണ്ടോ, ഷൈനിയെ? നിന്റെ കൂടെ തയ്യൽ ക്ലാസിനുണ്ടായിരുന്ന ഷൈനി. അവള് പോയി. രണ്ടു ചെറിയ കുട്ട്യോളാ.”
“ന്റെ ദൈവേ…” ഫോൺ പിടിച്ച് സ്തബ്ധയായി നില്ക്കുന്നതിനിടയിൽ അമ്മ പിന്നീട് പറഞ്ഞതൊന്നും മനസ്സിൽ വീണില്ല.
ഒരു നിമിഷം ഓർമകൾ പത്താം ക്ലാസു കഴിഞ്ഞുള്ള നേരമ്പോക്ക് തയ്യൽ ക്ലാസിലെ തുന്നൽ യന്ത്രത്തോട് മല്ലിടുന്ന ദിനങ്ങളിലേക്ക് പെയ്തിറങ്ങി. നഴ്സറി സ്കൂളിന്റെ ആസ്ബറ്റോസ് വാതിൽ ബലമായി തള്ളിപ്പിടിച്ച് ,ഇടയിലുള്ള ചെറിയ വിടവിലൂടെ വേണം ഉളളിൽ കയറാൻ. ഒരു നിമിഷത്തെ അശ്രദ്ധ പറ്റിയാൽ കരഞ്ഞു കണ്ണും മൂക്കും ചുവപ്പിച്ചിരിക്കുന്ന കൊച്ചു കുട്ടികൾ വാതിലിന്റെ വിടവിലൂടെ ഓടി റോഡിലെത്തും. അനിയനും ഞാനും സ്ലേറ്റും പെൻസിലും മഷിത്തണ്ടുമായി കരഞ്ഞും കരയാതെയും ഇരുന്നു പഠിച്ച കുഞ്ഞു ബഞ്ചുകളും കടന്ന് മേലോട്ട് കയറിയാൽ സുമതി ടീച്ചറുടെ തുന്നൽ ക്ലാസ്സായി.
പെഡലും ചക്രവും സമരസപ്പെട്ടു പോവാതെ കഷ്ടപ്പെട്ട ആദ്യ ദിവസങ്ങളിലൊന്നിൽ പ്രസന്നഭരിതയായ ഒരു പെൺകുട്ടി ആശ്വാസവചനവുമായെത്തി.
“ടീച്ചർ ടെ മോളാലെ? കൊറച്ചൂസം കഴിഞ്ഞാൽ ശരിയാവും”
ഷൈനിയെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ടെന്നതും അവളുടെ ജീവിതത്തിന്റെ ഇരുണ്ട യാഥാർത്ഥ്യങ്ങളും അമ്മ പറഞ്ഞിട്ടാണ് പിന്നീടറിയുന്നത്. ഭൂരിഭാഗം സ്ത്രീകളും ജീവിതോപാധിക്കു വേണ്ടിയായിരുന്നു തുന്നൽ ക്ലാസിൽ വന്നിരുന്നത്, ഷൈനിയും.
തുണി വെട്ടുന്നതിലും തയ്ക്കുന്നതിലും പിഴവു പറ്റിയാൽ സുമതിടീച്ചർ ഒരു ദാക്ഷിണ്യവുമില്ലാതെ വഴക്കു പറയും. ഷൈനി പോയിക്കഴിഞ്ഞാൽ അവളുടെ കഥയിൽ സഹതപിച്ചു കൊണ്ടിരിക്കും. ആ തുന്നൽ ക്ലാസ് ചർച്ചകളിലെ പ്രായം കുറഞ്ഞ കേൾവിക്കാരിയായി വേണ്ടതും വേണ്ടാത്തതും ഞാൻ മനസിൽ നിറച്ചു കൊണ്ടിരുന്നു.
പിന്നീടുള്ള ഓരോ കൂടിക്കാഴ്ചകളിലും കളിചിരികളിൽ ജീവിതം ഉല്ലാസഭരിതമാക്കുന്ന ഷൈനിയെയാണ് കണ്ടത്, യാഥാർത്ഥ്യം മറ്റൊന്നാണെങ്കിൽ കൂടി. ഓർമയിൽ ചിരിയുടെ നെയ്പായസ മധുരം മാത്രം കുഞ്ഞുങ്ങൾക്കു നീക്കിവെച്ച് അറിയപ്പെടാത്ത ആഴങ്ങളിലേക്ക് അവൾ പോയതെന്തിനായിരിക്കും, ഒരിത്തിരി വിഷത്തിന്റെ പിൻബലത്തോടെ!
‘നെയ്പായസം’ ഷൈനിയുടെ ദു:ഖസ്മരണ ഉണർത്തുന്നുവെങ്കിൽ, മുത്തശ്ശിമാരുടെ നിർമല സ്നേഹത്തിന്റെ ഓർമ പുതുക്കലാണ് എനിക്ക് ‘വേനലിന്റെ ഒഴിവ്’ എന്ന കഥ.
മുത്തശ്ശിയും അമ്മുവും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഉൾതുടിപ്പുകൾ മാധവിക്കുട്ടിയുടെ ‘വേനലിന്റെ ഒഴിവ്’ എന്ന കഥയിൽ ഉടനീളം പ്രകടമാണ്. കഥയിലേക്കിറങ്ങി സ്വയം അമ്മുവായി ആ ഉൾതുടിപ്പുകൾ ഏറ്റുവാങ്ങുന്നത് മുത്തശ്ശിമാർ വളർത്തിയ കുട്ടി ആയതു കൊണ്ടാവണം!
മുത്തശ്ശിയുടെ മുണ്ടിന്റെ അറ്റം പിടിച്ച് നീളൻ മുറിയിലെ കോസടിയിൽ ചേർന്നു കിടന്നു പേടിസ്വപ്നം കണ്ടുറങ്ങുമ്പോൾ മുത്തശ്ശിയുടെ കൈവിരലുകൾ എന്റെ മുടിയിഴകൾക്കിടയിലൂടെ വാത്സല്യത്തിന്റെ ഉറവ ചുരത്താറുണ്ട്.
വേനലവധിക്ക് അമ്മയുടെ വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ അവിടത്തെ കുട്ടികളെ മൂച്ച് കൂട്ടിക്കാൻ അമ്മ പറയും, മുത്തശ്ശിയെ കൂടെ കൊണ്ടു പോവ്വാ എന്ന്. ‘മുത്തശ്ശി പോവ്വോ, പോവ്വോ’ എന്ന് ചോദിച്ച് അവർ മുത്തശ്ശിക്ക് ചുറ്റും കൂടും. ഒടുവിൽ മുത്തശ്ശി പറയും,
“ഇല്യാ,ഞാൻ എങ്ങട്ടും പോണില്ല്യ.”
അമ്മക്ക് പോവാന്ന് പറഞ്ഞൂടെ, ഒരു തമാശക്ക് എന്ന് ചോദിക്കുമ്പോൾ മുത്തശ്ശി പറയും
“കുട്ട്യോളോട് നൊണ പറയാമ്പറ്റില്ല്യ.”
മുത്തശ്ശിയോടുള്ള കുട്ടികളുടെ വിശ്വാസത്തിന്റെ ഉദാത്ത ഓർമ ഒരു വിങ്ങലോടെ മാത്രം മനസിൽ ചേർത്തു പിടിക്കുന്നു.
വേനലിന്റെ ഒഴിവിൽ അമ്മു ചോദിക്കുന്നുണ്ട്,
“മുത്തശ്ശി അടുത്ത് മരിയ്ക്കോ?”
“മരിക്കില്ലാന്ന് പറയോ. മുത്തശ്ശി മരിക്കില്ലാന്ന് പറയോ. എന്നോട് സത്യം ചെയ്യണം മരിക്കില്യാന്ന്.”
മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു. പക്ഷെ, ചിരിച്ചു കൊണ്ട് അവർ പറഞ്ഞു: “ശരി, അമ്മോ, ശരി. മുത്തശ്ശി മരിക്കില്യാ. ന്നാൽ പോരെ?”
ഞരമ്പുകൾ പൊങ്ങി, ശുഷ്കിച്ച സ്ഥൂല ശരീരവും ഉള്ളിൽ നിരുപാധിക സ്നേഹത്തിന്റെ അമൂർത്തതയുമായി മുത്തശ്ശിമാർ രോഗശയ്യയിലായപ്പോൾ മനസു ആകുലപ്പെട്ടിരുന്നു , മുത്തശ്ശി മരിയ്ക്യോ?
ഒടുവിൽ വലിയ മുത്തശ്ശിയും ചെറിയ മുത്തശ്ശിയും അമ്മവീട്ടിലെ മുത്തശ്ശിയും ഒരു നാൾ ഓർമയായപ്പോൾ, അതിനോടൊപ്പം ഒരു ബാല്യവും ഉപാധികളില്ലാത്ത അവരുടെ കുളിർ സ്നേഹ സ്പർശവും ഒരു നീണ്ട നിലവിളിയായി എന്നെ വിട്ടകന്നു.
“അച്ഛൻ എന്നെ എടുത്ത് മടിയിൽ വച്ച് എന്റെ മുഖത്ത് ഉമ്മ വെച്ചു. എന്നിട്ട് നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ഞാൻ സത്യം ചെയ്യാം. മോള് ടെ മുത്തശ്ശി മരിക്കില്യാ. ഒരിക്കലും മരിക്കില്ല്യ.”
തീവണ്ടിയുടെ ചക്രങ്ങൾ ഗർജ്ജിച്ചു: ‘മരിക്കില്യാ…. മരിക്കില്യാ…”
ജീവിതവും കഥയും കത്തുന്ന വിളക്കിലെ നല്ലെണ്ണ പോലെ മിശ്രിതപ്പെട്ടിരിക്കുന്നു എന്നത് മാധവിക്കുട്ടി കഥകളെ വീണ്ടും വീണ്ടും നെഞ്ചോട് ചേർക്കുന്ന ഘടകമാവുന്നു.
നഗരജീവിതത്തിന്റെ യാന്ത്രികമായ താളക്രമങ്ങളിൽ വിരസത വന്നുമൂടുമ്പോൾ പിന്തിരിഞ്ഞു നോക്കുന്നത് ഒരു നാൾ ഭാവനാലോകത്ത് മായിക കാഴ്ചകൾ കാണിച്ച പ്രിയപ്പെട്ട കഥകളിലേക്കും കഥാകാരിയിലേക്കുമാണ്.
മകളെ ആമി എന്നു ഓമനിച്ചു വിളിക്കുകയും, അവളെ മലയാളവും മലയാള കവിതകളും പഠിപ്പിച്ച്, ചൊല്ലി കേട്ട് നിർവൃതി അടയുകയും ചെയ്യുമ്പോൾ അവളിലൂടെ ഞാൻ കാണുന്നൂ, പ്രിയപ്പെട്ട കഥകളുടെ സ്വപ്ന ലോകത്ത് പറന്നു നടന്ന എന്റെ ബാല്യം.