scorecardresearch
Latest News

മാധവിക്കുട്ടി: വായിക്കപ്പെടാതെ പോകുന്ന പകർന്നാട്ടങ്ങൾ

‘മാധവിക്കുട്ടിയെ മലയാളി എത്രത്തോളം മനസ്സിലാക്കിയിട്ടുണ്ട്? അവർ കമല സുരയ്യ എന്ന മുസ്‌ലിം സ്ത്രീയോ ആമി എന്ന നീർമാതള നൊസ്റ്റാൾജിയ സ്വരൂപമോ അല്ല. മലയാളി ആൺപേടിയുടെ ആഖ്യാനങ്ങളാണ് മാധവിക്കുട്ടിയെ മനസ്സിലാക്കുന്നതിൽ നിന്നും മലയാളിയെ പിന്തിരിപ്പിച്ചത്,’ എതിരന്‍ കതിരവന്‍ എഴുതുന്നു

മാധവിക്കുട്ടി: വായിക്കപ്പെടാതെ പോകുന്ന പകർന്നാട്ടങ്ങൾ

മാധവിക്കുട്ടിക്ക് പല സ്വത്വങ്ങളാണ് മലയാളി ചാർത്തിക്കൊടുത്തിരിക്കുന്നത്. ചിലവ അവർ സ്വയം സൃഷ്ടിച്ചവയുമാണ്. കമലാ ദാസ് എന്ന ഇംഗ്ളീഷ് കവയത്രി, മാധവിക്കുട്ടി എന്ന മലയാളം കഥയെഴുത്തുകാരി, കമലാ സുരയ്യ എന്ന മുസ്‌ലിം എന്നിവ അവർ തന്നെ പുറത്തെത്തിച്ച സ്വരൂപങ്ങളാണെങ്കിൽ മലയാളം വായനക്കാർ മാധവിക്കുട്ടിയുടെ കൃതികളുടെ ശൈലിയും ഉള്ളടക്കവും അനുസരിച്ച് പലേ എഴുത്തുകാരി പ്രതിരൂപങ്ങളാണ് കൽപ്പിച്ചരുളിയത്. കാലഘട്ടത്തിന്‍റെ ആവശ്യവും നിർമ്മിതിയും അനുസരിച്ച് മാറിയും മറിഞ്ഞും ഇരുന്നിട്ടുണ്ട് അവരുടെ പ്രതിച്ഛായകൾ. ‘എന്‍റെ കഥ’ എഴുതപ്പെട്ടപ്പോഴാണ് അവരുടെ സഹിതീപ്രതിരൂപം ആദ്യം മാറ്റപ്പെട്ടത്. ‘നീർമാതളം പൂത്തകാലം’ പോലത്തവ എഴുതിയ കാലത്ത് അതനുസരിച്ച് ഒരു നൊസ്റ്റാൾജിയ എഴുത്തുകാരിയായി മാത്രം അവർ ആ തലമുറയ്ക്ക് അനുഭവപ്പെട്ടു. സ്വയം കമല സുരയ്യ ആയപ്പോൾ പ്രണയവിവശയായ  സ്ത്രീ എന്ന ലേബലിനു പിറകിലെ സ്വരൂപം എന്നു മാത്രമായി ചുരുക്കി അവരെ.

അധികമായ വായനാശീലം മനസ്സിൽ കൊളുത്തിപ്പിടിയ്ക്കുന്ന കാലങ്ങളിൽ എറ്റവും സ്വാധീനിക്കുന്ന എഴുത്തുകാരെ അവരുടെ അന്നന്നത്തെ കൃതികളിലൂടെയാണ് അതതു തലമുറ അറിയുന്നത്. മാധവിക്കുട്ടിയുടെ കഥാകാലവും ഇപ്രകാരമാണ് പല തലമുറകളെ സ്വാധീനിച്ചത്, അതനുസരിച്ച് എഴുത്തുകാരിയുടെ സ്വത്വം പലതായി വിഭജിക്കപ്പെടുകയും അവരുടെ പൂർണ്ണസ്വരൂപം വിച്ഛിന്നമാക്കപ്പെടുകയും ചെയ്തു, മാധവിക്കുട്ടിയെ പൂർണ്ണമായും ഏകശിലാരൂപമായി മനസ്സിലാക്കാൻ ഇതൊരു പ്രതിസന്ധിയും സൃഷ്ടിച്ചു. എഴുത്തിലെ വൈവിദ്ധ്യം സങ്കീർണ്ണമാകയാൽ ഇത് എളുപ്പമുള്ള വഴിയും ആയിരുന്നില്ല. ഇംഗ്ലീഷിലെഴുതുന്ന കമലാ ദാസും മലയാളത്തിലെ മാധവിക്കുട്ടിയും തമ്മിൽ ബന്ധിപ്പിക്കാനും വഴി തെളിഞ്ഞില്ല. മാധവിക്കുട്ടി എന്ന ലാളിത്യമിയന്ന നാടൻ പേര് അവർ സ്വീകരിച്ചത് കമലാ ദാസിൽ നിന്നും അകൽച്ച മനഃപൂർവ്വം സൃഷ്ടിക്കാനുമായിരുന്നിരിക്കണം. ഇംഗ്ളീഷ് കവിതകൾ അധികം വായിക്കാത്ത മലയാളം വായനക്കാർക്ക് കമലാ ദാസിനെ അറിയേണ്ടിയും വന്നില്ല.

എഴുത്തിലെ ഞാൻ, ഞാനിലെ എഴുത്ത്

ആത്മാവിഷ്കാരമാണ് കല. ആന്തരികസത്യത്തിന്‍റെ ദർശനവും. തീർച്ചയായും കലാകാരന്‍റെ/കലാകാരിയുടെ സത്ത പ്രതിബിംക്കുന്നത് അനുവാചകൻ അനുഭവിക്കാനിടം വരും. കഥ പറയുന്നവൻ കഥാപാത്രവുമായി ഒത്തു ചേരുന്നതിൽ പരകായപ്രവേശം ഒരു മിത്ത് എന്ന പോലെ ഇണങ്ങിച്ചേർന്നിരിക്കും. കഥയിൽ എഴുത്തുകാരൻ തന്നെ ബലതന്ത്രത്തോടെ പ്രവേശിക്കുന്ന മെറ്റാഫിക്ഷൻ വാൽമീകിയും വ്യാസനും തുടങ്ങി വച്ചിട്ടുണ്ട് താനും. സത്യം പുറത്തെടുക്കാനുള്ള യത്നത്തിനു ഭാവന തുണയാകുമെങ്കിലും ഭാഷയുൾപ്പടെ പരിമിതികളേറെ. “അനുഭവത്തിന്‍റെ ബിംബങ്ങൾക്കും മനസ്സിന്‍റെ മൂശയ്ക്കും കലയുടെ കണ്ണാടിയ്ക്കുമിടയ്ക്ക് അഗാധ ഗർത്തങ്ങൾ അനവധിയാണ്. അവയ്ക്കുമീതെ എഴുത്തുകാരന്‍റെ സത്യം ഒരു നൂൽ‌പ്പാലത്തിലെന്നപോലെയാണ് ചരിയ്ക്കുന്നത്,” എന്ന് സക്കറിയ.

Read Here: കമലക്കടൽ

madhavikutty ,malayalam writer,ethiran kathiravan

 

ഈ മരണക്കിണർക്കളിയിൽ സത്യം കോരിയെടുക്കാൻ ഭാവനയെ കെട്ടിവലിയ്ക്കും എങ്കിലും എഴുത്തുകാരന് തൃപ്തി പോര. അവനവനെത്തന്നെ കഥയിൽ പ്രതിഷ്ഠിയ്ക്കുകയാണ് ഒരു എളുപ്പ വഴി. കഥകളിൽ അനുഭവം അനുവാചകന്റേതു കൂടി ആയിരിക്കണം. അതിനു കഥാകാരൻ/കാരി സ്വന്തം അനുഭവം എന്ന് വിശ്വസിപ്പിക്കുകയാണ്.  ഭാവനയിൽ കോരിയ വെള്ളത്തിൽ ഞാൻ എന്ന മധുരം അലിഞ്ഞു കിടന്നാൽ അത് മോന്തുന്നവന് തൃപ്തിയേറുകയും ചെയ്യും…ആത്മരസമോഹനം കുളിർ തണ്ണീർ തന്നെ ഇത്. എഴുത്തുകാരന്‍റെ സാകാരപദാർത്ഥ സംബന്ധി ആയിരിക്കണമെന്നില്ല അത്. ഒരു കാര്യത്തെ ജയിക്കാൻ അതിനെ അനുകരിക്കുകയാണ് വേണ്ടത് എന്ന യുക്തി അനുസരിച്ച് എഴുത്തുകാരൻ ‘ഞാനി’ നെ അനുകരിച്ച് മറ്റൊരു ‘ഞാനി’നെ അവതരിപ്പിക്കും. കഥാപാ‍ത്രത്തിൽ കയറിയും ഇറങ്ങിയും മായക്കളി കളിയ്ക്കും. അനുവാചകന് വിഭ്രാന്തി തോന്നാത്ത വിധത്തിൽ അവതരിപ്പിക്കുക കൂടെ ആകുമ്പോൾ കളിയിൽപ്പെടുന്നത് ഈ വായനക്കാരൻ തന്നെ. എഴുത്തുകാരന് ഇത് സാകാരലബ്ധിയാണ്, അരൂപത്തിൽ നിന്നും രൂപത്തിലേക്കുള്ള കുറുക്കു വഴിയാണ്.

എന്നാൽ ആത്മദർശനം പുറത്താക്കുന്ന, അകം പുറം തിരിയുന്ന വിദ്യ കൊണ്ടാണ് എഴുത്തുകാരൻ ചെപ്പും പന്തും കളിയ്ക്കുന്നത്. അകത്തെ ചങ്ക് പുറത്തുകീറിയെടുത്ത് ചെമ്പരത്തിപ്പൂ അല്ലേ എന്നു തുറന്നു ചോദിക്കുന്ന നിഷ്ക്കളങ്ക ജാലവിദ്യ തന്നെ ഇത്. ഇതൊരു ഒളിച്ചു കളിയാണെങ്കിലും എഴുത്തുകാർക്ക് അങ്ങനെ അങ്ങ് ഒളിയ്ക്കാൻ പറ്റുകയില്ല. അകത്തു കൊട്ടുന്ന ഉടുക്കിന്‍റെ പുറത്തു കേൾക്കുന്ന താളം സ്വന്തം ഹൃദയ താളമാണ്, തിരിച്ചറിയപ്പെടും. അവരുടെ മനഃപുസ്തകം ആണു വായിക്കാനിടുന്നത്. അകത്ത് മനനത്താൽ അലക്കിയ സ്വത്വം എന്ന മുണ്ട് പുറത്തുണക്കാനിടുക തന്നെ ഇത്. സ്വന്തം നിലപാടുകളുടെ കര തെളിഞ്ഞു കാണുന്ന മുണ്ട്.

സ്വന്തം ചോരപ്പശിമയാൽ കുഴച്ചു പതം വരുത്തിയ ഈ നിലപാടുതറയിൽ ആണ് എഴുത്തുകാരനെ അനുവാചകൻ കാണുന്നത്. പ്രത്യയശാസ്ത്രത്തിന്‍റെ പുതപ്പിനുള്ളിൽ മാത്രം എഴുത്തുകാരനെ കാണുന്നതിൽ പക്ഷേ തെറ്റിദ്ധാരണകൾ ഉളവെടുക്കുന്നുണ്ട്. മാധവിക്കുട്ടിയെ ഈ പുതപ്പു പുതപ്പിച്ചിട്ട് ഏറെ നാളായി. ‘എന്‍റെ കഥ‘ എഴുതിയതോടെയാണ് അനുവാചകൻ സ്വന്തം തൊഴുത്തിൽ കെട്ടാൻ മാത്രം ആനയെ മെലിയിച്ചു തുടങ്ങിയത്. ഏട്ടിലെ പശുവിനെക്കൊണ്ട് പുല്ലു തീറ്റിക്കുന്ന കഥ മെനയൽ. അവരിലെ കാവ്യഭാവന തൊട്ടു രുചിക്കാനോ, കഥകളിലെ ആന്തരിക ചൈതന്യം തെല്ല് ആവാഹിക്കാനോ മനസില്ലാതെ കൊട്ടിയടച്ച് ജനൽ‌പ്പഴുതിലൂടെ മാത്രം നോക്കുന്ന ഒളിച്ചു കളിയിൽ രസിച്ചമരാമെന്നാണ് മലയാളി തീരുമാനിച്ചത്. സ്ത്രീ-ലൈംഗികത-ദാമ്പത്യ രഹസ്യങ്ങൾ എന്ന സങ്കരപ്രമേയം അവനെ തന്‍റെ ഒളിനോട്ടദാഹത്തിനു ശമനിയാക്കാൻ പഴുത് കണ്ടു. മാധവിക്കുട്ടിയുടെ നിലപാട് ഇതാണ്, ഇതു മാത്രമാണ് എന്ന് മലയാളി വായനക്കാർ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു.

ഒരു പെണ്ണ് ദാമ്പത്യരഹസ്യങ്ങൾ, പ്രത്യേകിച്ചു ലൈംഗികതാനിബദ്ധമായത് തെളിച്ചു പറയുന്നതിൽ ഭീതിയാർന്ന പുരുഷന്മാർക്ക് അവരെ ഒരു “ലൂസ് വുമൻ’ ബ്രാൻഡ് അംബാസഡറാക്കി നിശ്ചയിപ്പെടേണ്ടത് അത്യാവശ്യമായും വന്നു. സ്വാതന്ത്ര്യബോധം, അതും ഉൽക്കടമായത്, വിഭ്രാത്മകമായ ഭാവന, ആത്മപ്രഹർഷണത്തിന്‍റെ ഉച്ചകോടിയിലെത്താനുള്ള വീറും വാശിയും ആർജ്ജവവും, കാവ്യഭാവനയുടെ പരിപൂർണ ഗഗനസഞ്ചാരം ഇതൊക്കെ ഞെക്കിച്ചവിട്ടി ഇനിയൊരിക്കലും ശ്വാസം തിരിച്ചു കിട്ടാതിരിക്കാൻ മാത്രം കുറെ യത്നിച്ചു ഈ ഭവ്യാ‍രാധകർ.. എഴുത്തുകാരന്‍റെ/കാരിയുടെ സ്വകാര്യജീവിതം അല്ല അവരുടെ എഴുത്തു ജീവിതം. സ്വകാര്യജീവിതവിവരണം കലാത്മകമല്ല. സ്വന്തം മാനസിക ജീവിതത്തിന്‍റെ സംവേദനപ്രമാണങ്ങൾ ആണു കഥാപാത്രങ്ങൾ എങ്കിലും മാധവിക്കുട്ടിയിലെ ‘ഞാൻ’ എഴുത്തിലെ ‘ഞാൻ‘ എന്നീ സങ്കീർണ്ണ ദ്വന്ദങ്ങൾ ചിലപ്പോൾ ഒന്നാകാറുണ്ട്. എന്നാൽ ഈ ഒന്നിനെ രണ്ടായി കാണാനുള്ള വിവേകമില്ലാഞ്ഞൊന്നുമല്ല അറിഞ്ഞുകൊണ്ടുള്ള ഈ വ്യാജക്കളി. ‘ഗുരുവായൂരിൽ ശ്രീകൃഷ്ണനില്ല, എന്‍റെ കൂടെ ഇറങ്ങിപ്പോന്നു’ എന്നതിലെ കാവ്യഭാവന മനസ്സിലായില്ലെന്നു നടിച്ചു ഇക്കൂട്ടർ.

Read Here: കമലയുടെ കബറിടം കാണാന്‍ പോയവര്‍

madhavikutty ,malayalam writer,ethiran kathiravan
നേരത്തെ എഴുതിയ കഥകളിൽ നിന്നും ‘എന്‍റെ കഥ’ യിലേയ്ക്ക് അധികം ദൂരം നടക്കേണ്ടി വന്നിട്ടില്ല മാധവിക്കുട്ടിയ്ക്ക്. മദ്ധ്യവർഗ്ഗക്കാരുടെ ആത്മവഞ്ചനകൾ, പ്രത്യേകിച്ചു ദാമ്പത്യബന്ധങ്ങളിലേത്, സ്നേഹരാഹിത്യമനുഭവിക്കുന്ന ഭാര്യമാരുടെ സ്വകാര്യദുഃഖങ്ങൾ, അഗമ്യഗമനങ്ങൾ, ദാമ്പത്യബാഹ്യമായ സ്നേഹബന്ധങ്ങൾ-അതും പലതും പരിപൂർണ്ണതയിൽ എത്തപ്പെടുന്നവ-, സൂക്ഷ്മമായ രതി വിവരണങ്ങൾ ഇവയൊക്കെ അവർ ആവർത്തിച്ച് കഥകളിൽ നിബന്ധിച്ചിരുന്നു. സ്വവർഗാനുരാഗം പണ്ടേ കഥകളിൽ പ്രമേയമാക്കപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ ‘എന്‍റെ കഥ’ യിൽ പ്രഥമപുരുഷനാമത്തിൽ വന്ന കഥാപാത്രം മറ്റു കഥകളിൽ വന്നവരുടെ പ്രതിബിംബമോ തന്മയീഭാവമൊ ആണ്. ഇവയിലേക്ക് സ്വയം സന്നിവേശിപ്പിച്ച് യഥാതതത്വവും വിശ്വസനീയതയും നേടുവാനുള്ള നൈപുണ്യത്തിന്‍റെ പ്രദർശനവുമായിരുന്നു ഇത്. അവരുടെ ഇംഗ്ലീഷ് കവിതകളിലെന്ന പോലെ ആത്മാന്വേഷണത്തിനു സ്വയം സമർപ്പിച്ച് ബലി നൽകുന്ന വിചിത്രാനുഷ്ഠാനജാലവിദ്യ. ഈ സമർപ്പണം അവരുടെ പല കവിതകളിലും കാണാം.

“Benefit of soul
My body shall be bare
Benefit of body
My soul shall be bare
I throw the bodies out…only the souls know
How to sing.”

ഇംഗ്ളീഷ് കവിതകൾ പലതും ആത്മരോദനപ്രകാശനങ്ങളായി ആണ് നില കൊണ്ടത്. ഇതൊരു കുറച്ചിലായി കണ്ട നിരൂപകരും ഉണ്ട്. ജീവിതത്തോടുള്ള ആസക്തി രത്യുന്മുഖമായാണ് വെളിപ്പെട്ടത്, ലളിതമനസ്കർക്ക് തെറ്റിദ്ധരിക്കാൻ ഇതു ധാരാളം എന്ന മട്ടിൽ. മാധവിക്കുട്ടി സ്വയം നിർമ്മിച്ച സ്വത്വങ്ങളും അനുവാചകർ നിർമ്മിച്ചവയും പരസ്പരബന്ധിതവുമല്ലായിരുന്നു. ഇംഗ്ളീഷിൽ എഴുതുന്ന കമലാ ദാസിൽ നിന്നും ഏറേ മാറിയിരുന്നാണ് മാധവിക്കുട്ടി എഴുതിയിരുന്നത്. ഇംഗ്ളീഷ് കവിതകൾ വായിക്കുന്നത് മദ്ധ്യമാന മലയാളിയുടെ ഔൽസുക്യങ്ങളിൽ പെടുന്നതല്ലാതിരുന്നത് കമലാ ദാസിനെ അപ്രാപ്യമേഖലയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. സ്ത്രീയ്ക്ക് നിഷിദ്ധമായ ആശയങ്ങൾ, തോന്നലുകൾ പലതും അവർ ഇംഗ്ളീഷിൽ മനസ്സു തുറന്ന് വരഞ്ഞിരുന്നു.

“Ask me, everybody, ask me
What he sees in me in me, ask me why he is called a lion,
A libertine, ask me why his hand sways like a hooded snake
Before it clasps my pubis. Ask me why like
A great tree, felled, he slumps against my breast
And sleeps.”

Read Here: സ്നേഹത്തിന്റെ ഹിമാലയം, ഭാഷയുടെ ലാവണ്യം

madhavikutty ,malayalam writer,ethiran kathiravanമലയാളത്തിൽ സാദ്ധ്യമാകാത്ത ഉക്തികളും ഇമേജറികളും ഇംഗ്ളീഷിൽ എഴുതാൻ സാദ്ധ്യമായത് കമലാ ദാസ് എന്ന വ്യക്തിത്വത്തെ മാധവിക്കുട്ടിയിൽ നിന്ന് തെല്ലു ദൂരെ കഥാസ്ഥലികളിൽ കൊണ്ടിരുത്താൻ പര്യാപ്തവുമാക്കി.

‘The musk of sweat between breasts The warm shock of menstrual blood…’ എന്നതിലെ സത്യസന്ധത മലയാളി ആൺവായനയുടെ ക്ലിഷ്ടതകളിൽ പെട്ട് അടിഞ്ഞിരിക്കയാണ്, ഉപരിതലത്തിലേയ്ക്കുയർന്ന് ഈ കുമിള പൊട്ടാൻ ഇനിയും സമയമെടുത്തേയ്ക്കും.1960 കളിലും 70കളിലും ഇത്തരം കവിതകൾ എഴുതുമ്പോൾ കാവ്യത്തിലെ ധ്വനിയെപ്പറ്റിയോ രസസിദ്ധാന്തങ്ങളെക്കുറിച്ചോ ഗൗനിക്കാൻ കൈരളീ സഹൃദയരുടെ മനസ്സ് വളർന്നിരുന്നില്ല എന്നത് സത്യമാണ്. ഒരു സ്ത്രീ ഇതു പറയുമ്പോൾ അടങ്ങാത്ത കാമാഭിനിവേശം മാത്രം എന്ന് ലൈംഗികതയിൽ അപാരന്യൂനതകളുള്ള മലയാളി ആൺ പ്രസ്താവിക്കുന്നത് അവന്‍റെ ഒളിയ്ക്കലാണ്. ആത്മദാഹത്തിന്‍റെ ബാഹ്യപ്രകടനങ്ങൾ കവിതയായോ കഥയായോ വെളിപാടുണർത്തിക്കുന്നത് അവന് അന്യമായിരുന്നു. ചുംബനസമരത്തിനു നാൽപ്പതോ അൻപതോ വർഷങ്ങൾ പിന്നെയും കാത്തിരിക്കേണ്ടി വന്നു എന്നത് സാംസ്കാരികചരിത്രസൂചകമാണ്.

ഈ അകം-പുറം കളിയിലൂടെ വിഭ്രാന്തി സൃഷ്ടിക്കലാണ് അതിവിദഗ്ദ്ധമായി മാാധവിക്കുട്ടി ജാലവിദ്യ എന്നവണ്ണം കൈകാര്യം ചെയ്തത്, അനുവാചകർ എളുപ്പം വശംവദരായത് ഈ ഭ്രമജാലക്കളിക്കും. ‘എന്‍റെ കഥ’ എഴുതുന്നതിനു വളരെ മുൻപു തന്നെ കഥകളിൽ പ്രത്യക്ഷപ്പെട്ട ചില പ്രസ്താവനകൾ ചില സത്യങ്ങളുടെ മൂടി തുറക്കാൻ ശ്രമിച്ചതായി ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല:

“എന്‍റെ ഭാവന മത്തുപിടിച്ച ആനയെപ്പോലെ എവിടെയെല്ലാം ഓടി നടന്നു, എന്തെല്ലാം തകർത്തു വീഴ്ത്തി! അദ്ദേഹവും ഞാ‍നും കൂടി നടത്തിയ പ്രേമരംഗങ്ങളെപ്പറ്റിയും കാമരംഗങ്ങളെപ്പറ്റിയും എന്‍റെ കള്ളത്തൂലിക എത്ര തന്നെ വർണ്ണിച്ചു! എന്നാൽ വാസ്തവം എന്തായിരുന്നു?” (കാലൊച്ച, 1966)

‘എന്‍റെ കഥ’ മാധവിക്കുട്ടിയെ ചാപ്പ കുത്തിച്ച് “ബ്രാൻഡെഡ്” ആക്കാനുള്ള ശ്രമമായി ഇന്നും നിലനിൽക്കുന്നു. അവരിലെ എഴുത്തുകാരിയെ നിരാകരിയ്ക്കലാണിത്. ശക്തവും നിശിതവും ആയ കഥകളെല്ലാം ‘എന്‍റെ കഥ’യ്ക്കു മുൻപേ എഴുതപ്പെട്ടിരുന്നു. ഭാവനാലോലയായി ഏകയായി അവർ ഏറെ ദൂരം പോയിരുന്നു. മരണവും മാതൃത്വവും കെട്ടുപിണഞ്ഞ കഥകൾ, ഇഹലോകത്തിൽ തിരിച്ചറിയാൻ പറ്റാതെ പോകുന്ന നിർമ്മലബന്ധങ്ങൾ, സ്നേഹത്തിന്റേയും പ്രേമത്തിന്റേയും സാർവ്വലൗകികത ഇവയൊക്കെ ഒളിഞ്ഞും തെളിഞ്ഞും ആ കഥകളിൽ നീളേകുറുകേ പാഞ്ഞു. ജൈവികതയേയും മനുഷ്യനേയും തന്നെ നിരാകരിയ്ക്കുന്ന മതഭ്രാന്തുകൾ പ്രമേയമായ കഥകൾ പ്രവചനാത്മകമായിരുന്നു. ചില കഥകൾ വിചിന്തനം ചെയ്യപ്പെടാതെ, പക്വമായി വായിക്കപ്പെടാതെ പുസ്തകത്താളുകളിൽ അടഞ്ഞുപോയിരിക്കയാണ്.

Read Here: ദുഃഖം രുചിക്കുന്ന നെയ്‌പായസവും മരണം മണക്കുന്ന വേനലിന്‍റെ കഥയും

madhavikutty ,malayalam writer,ethiran kathiravan

നാവികവേഷം ധരിച്ച കുട്ടി

മാധവിക്കുട്ടിയുടെ ഏറ്റവും നല്ല അഞ്ചു കഥകളെടുത്താൽ അതിൽ‌പ്പെടുന്ന അതുല്യ കഥയാണ് ‘നാവിക വേഷം ധരിച്ച കുട്ടി.’ നേരത്തെ ‘നെയ്പ്പായസ’ ത്തിലൂടെ മാതൃസ്നേഹത്തിന്‍റെ മാധുര്യം ദാരുണമായി അനുഭവഭേദ്യമാക്കിയിട്ടുണ്ടെങ്കിലും ‘നാവിക വേഷം ധരിച്ച കുട്ടി’ യിൽ അമ്മ സങ്കൽ‌പ്പം ലോകനിയമങ്ങളെയും സ്ഥലകാല നിബന്ധനകളേയും ഭേദിച്ച് പ്രചണ്ഡമാവുകയാണ്. ഡൽഹിയിൽ ജോലിചെയ്യുന്ന മലയാളി ചെറുപ്പക്കരന്‍റെ നവവധു കൊച്ചമ്മിണി അയാളുടെ മേലുദ്യോഗസ്ഥന്‍റെ ചെറുപ്പത്തിലുള്ള ഫൊട്ടോ കാണാനിടവരുന്നതും അതു വഴി അമ്മയും മകനും തെല്ലു വിസ്മയത്തിന് പോലും ഇടകൊടുക്കാതെ തങ്ങൾ ജന്മാന്തരബന്ധങ്ങളുടെ നിതാന്തസ്വരൂപങ്ങളാണെന്ന് തിരിച്ചറിയപ്പെടുകയുമാണ്.

“എനിയ്ക്ക് ഇന്നലെ ആളെ മനസ്സിലായില്ല” എന്ന ലളിതവാചകത്തിലൂടെയാണ് ഈ സാർവ്വലൗകികബന്ധ വെളിപാട് പ്രകമ്പനം കൊള്ളുന്നത്. കഥാകഥന സാങ്കേതികതയുടെ അപൂർവ്വ ട്രിക്ക്. ‘കവിയുടെ ഭാര്യ’ (1967) യിലും സ്ത്രീ-പുരഷബന്ധത്തിലെ മാതൃ-പുത്രാംശം ഏറേ തിളക്കിയെടുക്കുന്നുണ്ട്. ‘പദ്മാവതി എന്ന വേശ്യ’യിൽ ഈശ്വരസാക്ഷാത്ക്കാരം നേടുന്ന വേശ്യ- ഒരു ദാമ്പത്യവേഴ്ചയുടെ സ്വഭാവമുണ്ടിതിന് – ലോകമാതാവായി പരിണമിക്കുകയാണ്. കാമുക-കാമുകി ബന്ധത്തിൽ അന്തർലീനമായത് പിതൃ-പുത്രി ബന്ധമാണെന്നു സമർത്ഥിയ്ക്കുകയാണ് ‘റാണി’ (1968) എന്ന കഥയിൽ. നിരാകരിക്കപ്പെട്ടതും അവഹേളിക്കപ്പെട്ടതുമായ മാതൃത്വം പ്രതികാരഗർവ്വോടെ പ്രയോക്താവിന് വിഭ്രാന്തി സമ്മാനിച്ച് പിന്തുടരുന്നതാണ് ‘വെള്ളിത്തകിട്’ (1968) എന്ന കഥ. സ്വയേച്ഛയോടെ സ്വീകരിക്കുന്ന സ്വന്തം മരണത്തിലൂടെ പേരക്കുട്ടിയുടെ അന്ത്യം നിഷേധിയ്ക്കുകയാണ് ‘മുത്തശ്ശി’ (1966). പരിപൂർണ്ണമായ അമ്മജീവിതം നയിച്ചുവെന്ന സത്യം തന്നെ തട്ടിത്തെറിപ്പിച്ച കറുത്ത കാറിനു മാത്രം അറിയാമായിരുന്നു എന്ന സത്യത്തിൽ അത്യാ‍ഹ്ലാദം കൊള്ളുന്ന, മക്കൾ ഉപേക്ഷിച്ച വൃദ്ധയെ ‘അമ്മ’ (1965) യിൽ കാ‍ണാം. ബോധസ്വരൂപമായും അബോധസ്വരൂപമായും വിളങ്ങുകയാണ് ഈ കഥകളിലെ അമ്മമാർ.

സ്വയംവരം

പല വായനകൾ ആവശ്യമായ കഥയാണ് ‘സ്വയംവരം’ (1968). അവന്തി രാജകുമാരിയാണെന്നു വിശ്വസിക്കുന്ന ഭ്രാന്തിവൃദ്ധയെ മൂന്നുപേർ ബലത്സംഗം ചെയ്തു കൊല്ലുന്നതാണ് കഥാതന്തു. രതിയുടെ നൃശംസത ഇതിൽ‌പ്പരം പ്രത്യക്ഷമാക്കാനില്ല തന്നെ. കൂടാതെ വിവാഹാനന്തരമായ രതി കീഴടക്കലിന്‍റെ പര്യായമായി മാറുന്നതും അശ്ലീലവുമാ‍കുന്നതും മറച്ചു വച്ച പ്രതിപാ‍ദ്യമാണ്.

വൃദ്ധപീഡനത്തിന്‍റെ ബീഭത്സതയും നികൃഷ്ടതയും വെളിവാക്കുന്നതാണ് പ്രമേയാടിസ്ഥാനം. ഒരു ഭ്രാന്തായി പരിലാളിച്ച വിവാഹാഭിലാഷം കല്യാണത്തോടെ, പ്രത്യേകിച്ചും ബലാല്‍ക്കാരരതിയോടെ മാറിപ്പോകുന്നതും സ്വബോധം വന്നുഭവിക്കുന്നതും കഥയുടെ മറ്റൊരു പ്രബോധനതലം. ബലാത്സംഗത്തിലൂടെ ഇരയുടെ ഭ്രാന്ത് വേട്ടക്കാരനിലേക്ക് മാറ്റപ്പെടുകയാണെന്ന ഗൂഢാർത്ഥവും വായിച്ചെടുക്കാം.

Read Here: മരണത്തിന്റെ മയൂര നൃത്തം

madhavikutty, kamaladas, kamala surayya

കുറച്ചു മണ്ണ്

ഒരു നാടൻ കഥയിൽ അത്യദ്ഭുതകരമായി സംശയത്തിന്‍റെ വിഭ്രാന്തിയിൽ ഉഴലുന്ന സ്ത്രീയുടെ മനഃശാസ്ത്രം ഒളിപ്പിച്ചു വയ്ക്കുന്ന കഥയാണ് ‘കുറച്ചു മണ്ണ്‌’ (1961). ഒരു കൊലപാതകം ഇത്രയും ലളിതവും നിശബ്ദവും വികാരരഹിതവും ആയി ചിത്രീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയം. അടുത്തവീട്ടിലെ സുന്ദരിയായ സ്ത്രീയിൽ ഭർത്താവ് ആകൃഷ്ടനാകുന്നെന്ന സംശയവും ആ വീട്ടിലെ പറമ്പിൽ നിന്നും മണ്ണു മോഷ്ടിച്ചു തിന്നു തുടങ്ങുന്ന മുത്തച്ഛനും പ്രവൃത്തിയിൽ സമാന്തരങ്ങളെന്നു സമർത്ഥിയ്ക്കുകയാണ് കഥനസങ്കേതത്തിന്‍റെ പ്രത്യേകതയിൽക്കൂടി. പ്രതീകാത്മകമായി മുത്തച്ഛനെ കൊന്നു കിണറ്റിലിടുമ്പോൾ അവൾ അയൽക്കാരിയോടുള്ള ഭർത്താവിന്‍റെ ആഭിമുഖ്യത്തെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. തന്‍റെ തന്നെ വൈരൂപ്യവും യാതനകളും കാർക്കശ്യവുമാണ് ഭർത്താവിന് മറ്റൊരുവളിൽ ആഭിമുഖ്യം വളർത്തിയേക്കാമെന്ന പാരവശ്യമാണ് അവളെ ഇതിനു പ്രേരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ആത്മബലിയുടെ അംശവും പേറുന്നു. കുടുംബത്തോടുള്ള പ്രതിബദ്ധത, പ്രത്യേകിച്ചും സ്വന്തം വയറ്റിലുള്ള കുഞ്ഞിനോടടുള്ളത് നിറവേറ്റാൻ അനിവാര്യമാ‍വുന്നു, അവളെ സംബന്ധിച്ചിടത്തോളം മുത്തച്ഛന്‍റെ അസ്വാഭാവികതയെ ഇല്ലാതാക്കൽ.

വിശുദ്ധ പശു, ദൈവത്തെ ധിക്കരിച്ച കുട്ടിയുടെ കഥ

മാധവിക്കുട്ടി അറുപതുകളിൽ നീട്ടിയെറിഞ്ഞ ഈ കഥകൾ ഇക്കാലത്താണ് വന്നു വീണ് നവപ്രസക്തിയാർജ്ജിക്കുന്നത്. ജീവന്‍റെയും നിഷ്ക്കളങ്കതയുടെയും നിരാകരണം മാത്രമല്ല ഉന്മൂലനാശമാണ് മതശാഠ്യങ്ങൾ അവയുടെ കടും പിടിത്തം മൂലം വരുത്തിത്തീർക്കുന്നതെന്ന് കുട്ടിയും സന്യാസിയും എന്ന ദ്വന്ദങ്ങളുപയോഗിച്ച് വരച്ചു കാട്ടപ്പെടുകയാണ് ഈ രണ്ടു കഥകളിലും. ഈ പൈശാചികത്വത്തെ പെരുപ്പിച്ചുകാട്ടാൻ നേർവിപരീതമായ അതിലളിത ഭാഷയിലാണ് ആഖ്യാനം. ‘വിശുദ്ധപശു’വിൽ കുപ്പത്തൊട്ടിയിൽ പഴത്തൊലിയ്ക്ക് മത്സരിക്കുന്ന പശുവിനെ ഓടിച്ച കുട്ടിയെ കൊന്നുകളയുകയാണ് ‘ഓം നമശ്ശിവായ’ യും ‘അങ്ങയുടെ തിരുനാമം വാഴ്ത്തപ്പെടട്ടെ’ യും ജപിയ്ക്കുന്ന സന്യാസിമാർ. രണ്ടാമത്തെ കഥയിൽ ‘ദൈവത്തിന് വേണ്ടി നീ നിന്‍റെ അമ്മയെ കൊല്ലുവാൻ കൂടി തയാറാകണം‘ എന്ന് നിഷ്ക്കർഷിക്കുന്ന സന്യാസിയോട് അമ്മയെ കൊല്ലുകയില്ല എന്ന് കുട്ടി പറയുന്നതോടെ ദൈവപ്രസാദമാണെന്ന വ്യാജേന വിഷം നിറച്ച മിഠായി കൊടുത്ത് അവനെ കൊല്ലുകയാണ്. ഇവിടെയും സന്യാസി ജപിയ്ക്കുന്ന ‘ഓം നമശ്ശിവായ’ യിലാണ് കഥ അവസാനിക്കുന്നത്. ഒരു നീതികഥയുടെ ആഖ്യാനരീതി അവലംബിച്ച് സംഭവഗതിയ്ക്ക് ചിരസ്ഥായി പരിവേഷം ഉത്പന്നമാക്കിയിട്ടുണ്ട്.

മാധവിക്കുട്ടിയുടെ നിലപാടുകളോ പ്രത്യയശാസ്ത്രമോ പരിശോധിക്കേണ്ടത് അവരുടെ വിപുലവും വൈവിദ്ധ്യമാർന്നതുമായ കഥകളിലാണ്. ഇംഗ്ലീഷ് കവിതകളിലും. ദീപ്തമായ ആത്മവത്ത തിളങ്ങിവിളങ്ങുന്നവയാണവ. അവർക്കു പറയാനുണ്ടായിരുന്നത് ‘എന്‍റെ കഥ’യ്ക്കു മുൻപേ പറഞ്ഞും കഴിഞ്ഞിരുന്നു. അവർ കമല സുരയ്യ എന്ന മുസ്‌ലിം സ്ത്രീയോ ആമി എന്ന നീർമാതള നൊസ്റ്റാൾജിയ സ്വരൂപമോ അല്ല.

Read Here: ആമിയുടെ ചോപ്പ് റോസാപ്പൂക്കാരന്‍

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: The many worlds of madhavikutty kamala das aami ethiran kathiravan