scorecardresearch

Happy Mothers Day 2025: സംഭവബഹുലം, സ്നേഹനിർഭരം, സംഘർഷഭരിതം

Happy Mothers Day 2025: 'ഭർത്താവിന്റെയോ മക്കളുടെയോ കൂട്ടുകാരുടെയോ സ്വന്തം അപ്പന്റെയോ അമ്മയുടെയോ ഇഷ്ടം പിടിച്ചു പറ്റാൻ വേണ്ടി ജീവിച്ച ഒരു സ്ത്രീയെ ആയിരുന്നില്ല എന്റെ മമ്മി,' മാതൃദിനത്തില്‍ പ്രിയ ജോസഫ് എഴുതുന്നു

Happy Mothers Day 2025: 'ഭർത്താവിന്റെയോ മക്കളുടെയോ കൂട്ടുകാരുടെയോ സ്വന്തം അപ്പന്റെയോ അമ്മയുടെയോ ഇഷ്ടം പിടിച്ചു പറ്റാൻ വേണ്ടി ജീവിച്ച ഒരു സ്ത്രീയെ ആയിരുന്നില്ല എന്റെ മമ്മി,' മാതൃദിനത്തില്‍ പ്രിയ ജോസഫ് എഴുതുന്നു

author-image
Priya Joseph
New Update
priya joseph, memories, mothers day,iemalayalam

Mothers Day 2025: പ്രിയ ജോസഫ് 'മമ്മിയുടെ റെസിപ്പി ബുക്ക്'

Happy Mothers Day 2025: ഇടയ്ക്കിടയ്ക്ക്‌ അമേരിക്കയിൽ വന്നു പോയി കൊണ്ടിരുന്ന മമ്മിയ്ക്ക്‌ ഒരു തവണ വന്നപ്പോൾ വല്ല്യ ഒരാഗ്രഹം. മമ്മിയുടെ റെസിപ്പി ബുക്ക്‌ ഞങ്ങൾ നാല്‌ പെണ്മക്കൾക്കായി പകർത്തി വയ്ക്കണമത്രെ.

Advertisment

'നീയെനിയ്ക്ക്‌ നാല്‌ നോട്ട്ബുക്ക്‌ വാങ്ങി തരൂ,' എന്ന് പറഞ്ഞ്‌ എന്നെ നിരന്തരം ശല്ല്യപെടുത്താൻ തുടങ്ങി.

'ഇന്റർനെറ്റിൽ എന്തിനും ഏതിനും പാചക ബ്ലോഗുകൾ ചവറു പോലെ ഉള്ളപ്പോൾ ഇതിപ്പൊ ആര്‌ വായിക്കാനാ, മമ്മിയ്ക്ക്‌ വേറെ ഒരു പണിയുമില്ലേ' എന്നൊക്കെ ഞാൻ നിരുത്സാഹപെടുത്താൻ നോക്കിയെങ്കിലും 'നീയെനിയ്ക്ക്‌ നോട്ട്‌ബുക്ക് വാങ്ങിത്തരുന്നുണ്ടോ ഇല്ലയോ' എന്ന അന്ത്യശാസനഭാവവുമായി മമ്മി നിൽക്കാൻ തുടങ്ങി. തീരുമാനിച്ചുറപ്പിച്ചു തന്നെയാണിക്കാര്യത്തിൽ എന്നു തോന്നിയതു കൊണ്ട്‌ നാല്‌ നോട്ട്ബുക്ക്‌ വാങ്ങി 'എന്തെങ്കിലും ചെയ്യ്‌' എന്ന് ചുണ്ടുകോട്ടി മമ്മിയെ ഏൽപിച്ചു.

കുഞ്ഞുന്നാള്‌ തൊട്ട്‌ വീട്ടിൽ ഉണ്ടാക്കിയിരുന്ന കറികളുടെ, പരീക്ഷിച്ച്‌ വിജയം കണ്ട പലഹാരങ്ങളുടെ, ചില ഡിസ്സേട്ടുകളുടെ ഒക്കെ റെസിപ്പികൾ മമ്മി ആ മൂന്നു മാസം ഇരുന്ന് എഴുതാൻ തുടങ്ങി.

Advertisment

എഴുത്തോ എഴുത്ത്‌! ഒരോ പാചകകുറിപ്പിന്റെയും തലക്കെട്ടുകൾ അടിവരയിട്ട്‌ മോടിപിടിപ്പിക്കാൻ ചുവന്ന മഷിപ്പേനയോ, പച്ചമഷിപ്പേനയൊ ഉണ്ടൊ എന്ന് മമ്മി വീടാകെ പരതിനടന്നപ്പോൾ 'വേറൊരു പണിയുമില്ലാഞ്ഞിട്ടെന്ന്' പറഞ്ഞ്‌ ഞാൻ ആ ഭാഗത്തേയ്ക്ക്‌ നോക്കിയതു പോലുമില്ല.

ഒടുവിൽ എവിടുന്നോ ഒരു പച്ചമഷിപ്പേന കണ്ടുപിടിച്ച്‌, കറുത്ത ബോൾ പോയിന്റ്‌ പേനകൊണ്ടെഴുതിയ ഓരോ തലകെട്ടുകളും പണ്ട്‌ സയൻസ്‌ ക്ലാസ്സിൽ ലൈറ്റ്‌ വേവ്സ്‌ വരയ്ക്കുന്നതു പോലെ അടിവരയിട്ട്‌ ഒന്നുകൂടി പൊലിപ്പിച്ചെടുത്തു. ഒരു വേവ്‌ (wave) ‌ മതിയാകാഞ്ഞിട്ടാണെന്നു തോന്നുന്നു അതിന്റെ അടിയിൽ തന്നെ മറ്റൊന്നു കൂടി വരച്ചു ചേർത്ത് കൂടുതൽ മിഴിവുള്ളതാക്കി ഒരോ തലക്കെട്ടും.

മദേഴ്സ്‌ ഡേയുടെ അന്ന് മമ്മിയുടെ ഡബിൾ ലെയർ പുഡ്ഡിംഗ്‌ ഉണ്ടാക്കാം എന്നു് മനസ്സിൽ പ്ലാൻ ചെയ്ത്‌ മമ്മിയുടെ റെസിപ്പി ബുക്ക്‌ തുറന്നപ്പോൾ മമ്മി വാശിപിടിച്ച്‌, ‌പച്ചമഷിപ്പേന കൊണ്ട്‌ ആവശ്യത്തിലധികം ചിത്രപ്പണികൾ ചെയ്തു് മോടിപിടിപ്പിച്ച്‌, സ്നേഹിച്ചെഴുതിയ റെസിപ്പികൾ...priya joseph, mothers day, memories,iemalayalam

അതിലെ അക്ഷരങ്ങളുടെ ചായ്‌വും ചെരിവും നോക്കി ഞാൻ വെറുതെ ഇരുന്നു. ഇടതുവശത്തേയ്ക്ക്‌ അൽപം ചെരിച്ച്‌, വള്ളികൾക്ക്‌ നീളം കൂട്ടി, 'ന' യുടെ രണ്ടാമത്തെ കുനിപ്പ്‌ ആദ്യത്തെ കുനിപ്പിനെക്കാൾ വലുതാക്കി ഇട്ടിട്ടുള്ള മമ്മിയുടെ കൈയക്ഷരം.

ചില പാചകകുറിപ്പുകൾ എന്നോട് എന്തൊക്കെയോ സംസാരിക്കുന്നതു പോലെ... മമ്മിയത്‌ ആദ്യമായി രുചിച്ചത്‌, ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചതിന്റെ കാരണങ്ങൾ, അതിന്റെ ചില പിന്നാമ്പുറക്കഥകൾ, അതുണ്ടാക്കിയ സന്ദർഭങ്ങളിൽ അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങൾ.

ആ ബുക്കിലെ ഓരൊ റെസിപ്പിയ്ക്കും പറയാനുണ്ടായിരുന്നു ഓരൊ നുറുങ്ങുകഥകൾ. വേറെ പണിയൊന്നുമില്ലെ എന്ന് നിഷ്ക്കരുണം നിരുത്സാഹപ്പെടുത്താൻ നോക്കിയ ഈ സാധനം തന്നെ എന്റെ ഏറ്റവും വലിയ ഓർമ്മപുസ്തകമായി മാറുമെന്ന് ഞാൻ ഒരിയ്ക്കലും കരുതിയിരുന്നില്ല.‌

ഞങ്ങൾ നാലു പേർക്കുമായി മമ്മി പകർത്തി വച്ചിരിക്കുന്നത്‌ ഓർമ്മകളാണ് എന്ന് ഞാൻ എത്ര വൈകിയാണ്‌ മനസ്സിലാക്കിയത്‌. പാചകം ചെയ്ത്‌ എന്റെ ജീവിതം വെറുതെ തീർക്കുന്നു എന്ന് ഇന്നെന്നോട് ആരെങ്കിലും പരാതി പറഞ്ഞാൽ, 'നമ്മൾ വെറും പാചകം ചെയ്ത്‌ ജീവിതം തീർക്കുന്നവരല്ല, പാകത്തിന്‌ എരിവും, പുളിയും, മധുരവും, കയ്പ്പും, ചവർപ്പും ചേർത്ത്‌ ഓർമ്മകൾ സൃഷ്ടിച്ച്‌, അത്‌ സ്നേഹപൂർവ്വം തീന്മേശയിൽ വിളമ്പി, വയറും മനസ്സും നിറച്ച്‌, അടുത്ത തലമുറയിലേയ്ക്ക്‌ പടർത്താൻ മാന്ത്രികസിദ്ധി കൈവരിച്ച ഫെയറീസാണ്‌ നമ്മൾ,' എന്ന് ഞാൻ എന്റെ മമ്മിയുടെ റെസിപ്പി ബുക്കിന്റെ തണുപ്പിലലിഞ്ഞു പറയുമെന്നെനിയ്ക്കുറപ്പുണ്ട്‌.

പാചകം, വീടൊരുക്കൽ ഇതൊന്നും ഇഷ്ടമില്ലാത്ത ആളാണ്‌ നാലു മക്കൾക്കുമായിട്ട്‌ വാശിപിടിച്ചിരുന്ന് പാചകപുസ്തകം പകർത്തി എഴുതി വച്ചത്‌. മമ്മിയുടെ അടുക്കളസഹായികൾ ഒന്നു വീട്ടിൽ പോയിരുന്നെങ്കിൽ മമ്മിയുണ്ടാക്കുന്ന സ്വാദുള്ള ഭക്ഷണം കഴിയ്ക്കാമായിരുന്നു എന്ന് ആഗ്രഹിച്ച നാളുകളുണ്ട്‌. സ്കൂൾ വിട്ട്‌ വരുന്ന ഞങ്ങളെ നല്ല പലഹാരങ്ങളുണ്ടാക്കി ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഒരു അമ്മ സങ്കൽപം, പുറത്താരോടും പറഞ്ഞിട്ടില്ലെങ്കിലും, കുഞ്ഞുന്നാളിൽ മനസ്സിൽ കൊണ്ടു നടന്നിരുന്നു.

പക്ഷേ കൂടുതൽ ദിവസങ്ങളിലും അടുക്കള സഹായി ഉണ്ടാക്കിയ ആറിതണുത്തകാപ്പിയും രാവിലത്തെ പുട്ട് വൈകുന്നേരം ഉപ്പുമാവായും അപ്പം വട്ടേപ്പമായും 'വേണേൽ കഴിച്ചാൽ മതി' എന്ന ഭാവത്തിൽ, കൂസലന്യേ തീന്മേശയിൽ ഞങ്ങളെ കാത്തിരുന്നു.

അടുക്കള സഹായിയുടെ മൂഡ്‌ വ്യതിയാനമനുസരിച്ച്‌ വട്ടത്തിലും നീളത്തിലും, പിന്നെ വേറെയും ചില ആകൃതിയിൽ കൊഴുക്കട്ടയും, പീച്ചിയ്ക്കയും ഞങ്ങളുടെ നാലുമണിപലഹാരക്കൊതിയെ ഉദാസീനഭാവത്തിൽ തന്നെയാണ്‌ എതിരേറ്റത്‌. പക്ഷേ ചില ദിവസങ്ങളിൽ മാത്രം 'ഇന്ന് മമ്മിയ്ക്കെന്തു പറ്റീ' എന്നു ഞങ്ങളെ അത്ഭുതപെടുത്തിക്കൊണ്ട്‌ ഞങ്ങൾക്കിഷ്‌ടമുള്ള പഫ്സ്‌, കട്ലറ്റ്, ഏത്തയ്ക്കാപ്പം ഇതൊക്കെ ഉണ്ടാക്കി മമ്മി അക്ഷമയോടെ ഞങ്ങളെ കാത്തിരുന്നു. അന്നേ ദിവസം മുൻപിലെടുത്തുവച്ചിരിക്കുന്ന വെള്ളത്തിനു വരെ 'നല്ല ടേസ്റ്റ്‌ അല്ലേ' എന്നു ചോദിച്ച്‌ ഞങ്ങളെ ശ്വാസം മുട്ടിച്ചു.priya joseph, memories,mothers day,iemalayalam

പെട്ടന്നുള്ള ഒരു സ്നേഹത്തള്ളലിൽ അതീവ ശ്രദ്ധയോടെ മമ്മി ഉണ്ടാക്കുന്ന ചില വിഭവങ്ങളുണ്ടായിരുന്നു. അതുണ്ടാക്കികഴിഞ്ഞാൽ പിറകെനടന്ന് സ്വൈര്യം തരാതെ ചോദിയ്ക്കും

'എന്റെ ചിക്കൻ കറി ഇഷ്ടപ്പെട്ടൊ?'

'ചിക്കൻ വറുത്തതാണൊ, വറുക്കാത്തതാണൊ നല്ലത്‌?, ഉരുളക്കിഴങ്ങും
സവാളയും കാരാമലൈസ്‌ ചെയ്തിട്ടതു കൊണ്ട്‌ രുചി കൂടുതലില്ലേ?'

എന്നും പാചകം ചെയ്യുന്നവർക്ക്‌ അത്‌ ചിലപ്പോൾ ഒരു ശീലമോ അനുഷ്ടാനമോ, ചടങ്ങ്‌ തീർക്കലോ ആയിരിക്കാം. പാചകം ചെയ്യാൻ ഇഷ്ടമില്ലാത്തവർ, ചെയ്യാൻ തോന്നി ഇഷ്ടത്തോടെ കൈയും മെയ്യും മനസ്സും അർപ്പിച്ച്‌ ചെയ്യുന്നതിന്റെ സ്വാദ്‌ അറിയണമെങ്കിൽ മമ്മിയുടെ കൂർക്ക മെഴുക്കു പുരട്ടിയതും, ചെമ്മീൻ തേങ്ങാക്കൊത്തിട്ട്‌ ഉലത്തിയതും, ചിക്കൻ കറിയും കഴിക്കണമായിരുന്നു. പിന്നെയുമുണ്ടായിരുന്നു മമ്മിയുടെ മാന്ത്രിക സ്പർശത്താൽ മാത്രം രുചി കൊണ്ട്‌ നിറയുന്ന കുറേ കുറെ നാടൻ വിഭവങ്ങൾ... വാഴചുണ്ട്‌ കട്ലറ്റ്‌, കോവയ്ക്ക വറുത്തത്‌, കായതോരൻ. ഇങ്ങനെ പലതും.

നിനക്കിഷ്ടമുള്ളത്‌ എന്നു പറഞ്ഞ്‌ എന്തെങ്കിലും ഭക്ഷണം മമ്മിയെനിയ്ക്കു കുഞ്ഞുന്നാളിൽ പ്രത്യേകമായി ഉണ്ടാക്കി തന്നതായി എനിയ്ക്ക്‌ ഓർമ്മയേ ഇല്ല. മറ്റൊരാളുടെ ഭക്ഷണ സാധനത്തിലേയ്ക്ക്‌ ഒരിയ്ക്കൽ മാത്രമേ കൊതിയോടെ നോക്കി അതു പോലെ എനിയ്ക്കും വേണമെന്ന് ഞാൻ മമ്മിയോട്‌ ആവശ്യപ്പെട്ടിട്ടുള്ളു. കഴിയ്ക്കാത്ത സാധനമൊന്നുമല്ല. അത് അവതരിപ്പിച്ചിരിയ്ക്കുന്ന രീതിയാണ്‌ എന്നെ മോഹിപ്പിച്ചത്‌.

രണ്ടാം ക്ലാസ്സിൽ എന്റെ തൊട്ടടുത്തിരുന്നത്‌ തടിച്ചുരുണ്ട, ഹബി കാസ്സിം എന്ന ഒരാൺകുട്ടിയായിരുന്നു. ഹബി കാസ്സിമിന്റെ വട്ടസ്റ്റീൽ ചോറ്റുപാത്രത്തിലെ പെർഫെക്‌റ്റ്‌ ഓംലറ്റാണ്‌ എന്നെ വല്ലാതെ കൊതിപ്പിച്ചത്‌.

ചോറ്റുപാത്ര വായുടെ അതേഅതെ വിസ്താരത്തിൽ കിടക്കുന്ന, എല്ലാം കൊണ്ടും തികഞ്ഞ, നൂറിൽ നൂറു മാർക്കും കൊടുക്കാവുന്ന ഓംലറ്റ്‌. ചുവന്നുള്ളിയും തേങ്ങാപ്പീരയും നിറയെ ഇട്ട്‌‌ നല്ല കട്ടിയിൽ ഉണ്ടാക്കിയിരിക്കുന്ന ഈ മുട്ട പൊരിച്ചത്‌ ചോറിനെയൊക്കെ മുഴുവൻ മറച്ച്‌ മുകളിലങ്ങനെ രാജകീയമായി കിടക്കുന്നു!

ഇവിടെ എന്റെ ചോറ്റുപാത്രം തുറക്കുമ്പോൾ, നാലായി പകുത്തതിലെ ഒരു ചെറിയ കഷണം ചുരുണ്ടുകൂടി ചോറിനിടയിലേയ്ക്ക്‌ നൂണ്ടു കയറി മറ്റു കറികളുമായി കൂടികലർന്ന് യാതൊരു വ്യക്തിത്ത്വവും നിലപാടും ഇല്ലാത്തവരെ പോലെ ചുമ്മാ അങ്ങ്‌ കിടക്കുന്നു.

എത്രയാന്നുവച്ചാ ഞാൻ എന്റെ മുട്ട പൊരിച്ചത്‌ നോക്കി നെടുവീർപ്പിടുകയും ഹബി കാസ്സിമിന്റെ പൂർണ്ണതയിലേയ്ക്കു നോക്കി കൊതിക്കുകയും ചെയ്യുന്നത്‌?

ഹബി കാസ്സിമിന്റെ ഉമ്മ ഉണ്ടാക്കുന്നതുപോലുള്ള ഓംലറ്റ്‌ എനിയ്ക്ക്‌ വേണമെന്ന എന്റെ തീവ്രമോഹം ഞാൻ മമ്മിയുടെ അടുത്ത്‌ അവതരിപ്പിച്ചു.

അതിന്‌ എത്രമാത്രം കട്ടിയുണ്ടെന്ന് മമ്മിയ്ക്ക്‌ മനസ്സിലായില്ലെങ്കിലോ എന്നു കരുതി 'നമ്മൾ കള്ളപ്പം ഉണ്ടാക്കുമ്പോൾ ഉള്ള കട്ടി' എന്ന് ഞാൻ കൂടുതൽ വ്യക്തമാക്കി കൊടുത്തു. മമ്മി അതിന്റെ വിശദാംശങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കിയപ്പോൾ എന്റെ പ്രതീക്ഷ വാനോളമായി. അടുത്ത ദിവസം ഉച്ചയൂണിനു് സമയമായപ്പോൾ ഞാൻ നല്ല ആത്‌മവിശ്വാസത്തിലാണ്‌.

ഹബി കാസ്സിം ചോറ്റുപാത്രം തുറന്ന് അടപ്പിലേയ്ക്ക്‌ തന്റെ പൂർണ്ണതയുള്ള ഓംലറ്റ്‌ എടുത്തു വച്ചപ്പോൾ ഞാൻ എന്നത്തേയും പോലെ അതിലേയ്ക്ക്‌ നോക്കിയതു പോലുമില്ല. എന്റെ ചോറ്റുപാത്രം തുറക്കുമ്പോൾ ഇതു പോലെയോ ഇതിനെക്കാൾ മികച്ചതോ ആയ മുട്ട പൊരിച്ചതുള്ളപ്പോൾ ഞാനെന്തിനു നോക്കണം.

തികഞ്ഞ ആത്‌മവിശ്വാസത്തിൽ ചോറ്റുപാത്രം തുറന്നപ്പോൾ ദാ എന്റെ ഓംലറ്റിന്റെ ഒരു തുമ്പ്‌ എന്നത്തേയും പോലെ വെളുത്ത ചോറിനിടയിലൂടെ 'ഒളിച്ചേ കണ്ടേ' എന്ന മട്ടിൽ ഇരിയ്ക്കുന്നു. അന്നുണ്ടായ നിരാശ!

priya joseph, memories,mothers day,iemalayalam

ആരിൽ നിന്നും ഒന്നും പ്രതീക്ഷിയ്ക്കേണ്ടതില്ല, സ്വന്തം അമ്മയിൽ നിന്നു പോലും എന്ന ബാലപാഠം മനസ്സിൽ പിച്ചവച്ചു തുടങ്ങിയത്‌ രണ്ടാം ക്ലാസ്സിൽ.

വൈകുന്നേരം മുഖം വീർപ്പിച്ച്‌ വീട്ടിലെത്തിയപ്പോൾ മമ്മിയ്ക്ക്‌ ഒരു പശ്ചാത്താപവുമില്ല. 'പിന്നേ...രാവിലെ ഓരോരുത്തർക്കും അവര്‌ പറയുന്ന ഷേയ്പ്പിലും കനത്തിലും മുട്ട പൊരിയ്ക്കാൻ ഇവിടാർക്ക്‌ നേരം.'

'നീ വലുതാകുമ്പോൾ നിനക്കിഷ്ടമുള്ള ആകൃതിയിൽ- വട്ടത്തിലൊ നീളത്തിലൊ ഒക്കെ മുട്ടപൊരിച്ച്‌ കഴിച്ചോളൂ' എന്നു പറഞ്ഞ്‌ എന്റെയാ രണ്ടാം ക്ലാസ്സ് ആഗ്രഹത്തിന്റെ മൂടിയിൽ അവസാന ആണിയും കൂടി മമ്മി തറച്ചു.

'ജീവിതം നൽകാത്തതൊക്കെയും ചോദിച്ചു വാങ്ങീടും ഞാൻ ജീവിതത്തോട്‌,' എന്ന കവി ഭാവനയും കൊണ്ടിരിയ്ക്കാതെ എന്തും ഏതും ആരെയും ആശ്രയിക്കാതെ, ആരോടും ചോദിയ്ക്കാതെ തനിയെ നേടിയെടുക്കാൻ പ്രാപ്തിയുള്ളവരാകുക എന്ന ചിന്തയുടെ ഒരു ചെറുകനൽ ‌ അന്ന് അവിടെ വച്ച്‌ ഉള്ളുപൊള്ളിച്ച് തന്നെ മനസ്സിലേയ്ക്കിട്ടു തന്നു മമ്മി.

എന്തായാലും ഡീപോള്‌ വിടുന്നവരെ ഹബികാസ്സിമിന്റെ 'പെർഫക്റ്റ്‌ ഓംലറ്റ്‌' സ്വപ്നമായി തന്നെ തുടർന്നു. ഓരൊരുത്തരുടെയും ഇഷ്ടം നോക്കൽ പരിപാടി ഒരുകാലത്തും ഞങ്ങളുടെ വീടിന്റെ ഉമ്മറം കയറിയിട്ടില്ല.

ഞാൻ എന്റെ വീട്ടിലും അതുതന്നെ കുട്ടികളേ ശീലിപ്പിച്ചു. ഞാനെന്തുണ്ടാക്കുന്നോ അത്‌ പരാതി പറയാതെ കഴിയ്ക്കുക. പക്ഷേ ഞങ്ങളുടെയെല്ലാം ഭർത്താക്കൻന്മാരുടെ കാര്യത്തിൽ കഥ മാറി. അവരെയെലാം മമ്മി വാരിക്കോരി സത്ക്കരിച്ചു. അവർക്കിഷ്ടമുള്ളത്‌ എന്നൊരു ഹിന്റ്‌ കിട്ടിയാൽ ആ വിഭവങ്ങളെല്ലാം ടേബിളിൽ നിരന്നു. സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു അത്‌.

സാമ്പാറില്ലാതെ ദോശ‌ കഴിയ്ക്കാൻ എനിയ്ക്ക്‌ പറ്റില്ലാ എന്ന് നന്നായി അറിയാവുന്ന മമ്മി ഒരിയ്ക്കൽ പോലും അതുണ്ടാക്കാൻ മുതിർന്നിട്ടില്ല. റോബിനും അങ്ങനെ തന്നെ എന്നറിഞ്ഞപ്പോൾ മുതൽ ദോശയ്ക്ക്‌ ചട്നിയുടെ കൂടെ സാമ്പാറില്ലാത്ത പരിപാടിയില്ലാന്നായി.

'എനിയ്ക്കിഷ്ടമുള്ളത്‌ ഉണ്ടാക്കിത്തരാതെ അങ്ങനിപ്പോ റോബിന് ഉണ്ടാക്കി കൊടുക്കണ്ട' എന്നു ഞാൻ വാശിപിടിച്ചപ്പോൾ ചെവി കേൾക്കാത്തവളെപോലെ മമ്മി നിന്നു.priya joseph, memories,mothers day,iemalayalam

ഇഷ്ടമുള്ളത്‌ ചെയ്യാൻ തോന്നുമ്പോൾ മാത്രം ചെയ്യുന്നവളായി ഞങ്ങൾ മമ്മിയെ കുഞ്ഞുപ്രായം തൊട്ടെ അംഗീകരിച്ച്‌ കഴിഞ്ഞിരുന്നതു കൊണ്ട്‌ ഇതൊക്കെ ഞങ്ങളുടെ വീട്ടിലെ തമാശകളായി. പകരം മമ്മി ഞങ്ങളോടു വർത്തമാനം പറഞ്ഞു. ധാരാളം.

സ്കൂൾ വിട്ട്‌ വരുമ്പോൾ,കോളേജു ഹോസ്റ്റലിൽ നിന്ന് വീട്ടിലെത്തുമ്പോൾ, കല്യാണം കഴിച്ച്‌ പോയിട്ട്‌ ഫോൺ ചെയ്യുമ്പോൾ... ഒക്കെ ഓരോ കുഞ്ഞുവിശേഷങ്ങളും ഓർത്തെടുത്ത്‌ ചോദിച്ചു, പറഞ്ഞു.

ഡീപോളിൽ പഠിയ്ക്കുന്ന കാലത്ത്‌ മാത്‌സ്‌ മേരി ടീച്ചറും മലയാളം മേരി ടീച്ചറും ഓരോ ദിവസവും ഉടുത്ത സാരിയുടെ നിറം വരെ മമ്മി ചോദിയ്ക്കുമായിരുന്നു.  ഈ സാരിയുടെ നിറമെല്ലാം അറിഞ്ഞിട്ട്‌ എന്തിനായിരുന്നോ? സാരിയുടെ അതേ നിറത്തിൽ മാത്‌സ്‌ മേരി ടീച്ചർ തൊടുന്ന പൊട്ട്‌ എന്റെ കണ്ണിൽ പതിഞ്ഞിരുന്നത്‌ അത്യാകാംഷയോടെ മമ്മി ചോദിയ്ക്കുന്ന ഈ ചോദ്യങ്ങൾ കാരണമായിരുന്നു.

ബായ്ക്ക്‌ ഓപ്പൺ ബ്ലൗസ്സ്‌‌ ഇടുന്ന മാർത്താ ടീച്ചർ, നട്ട ചെടി വേരു പിടിച്ചൊ എന്നു ഇടയ്ക്കിടെ പറിച്ചെടുത്ത്‌ പരിശോധിയ്ക്കുന്ന ഏയ്ഞ്ചൽ മേരി സിസ്റ്റർ, കറുത്ത കൂളിംഗ്‌ ഗ്ലാസ്സ്‌ വച്ച്‌ ഡീപോൾ വരാന്തയിലൂടെ റോന്തു ചുറ്റുന്ന പന്തയ്ക്കലച്ചൻ എന്ന ആജാനബാഹു ഹെഡ്മാസ്റ്റർ ഇവരെയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നത്,‌ ഇവരുടെ പ്രത്യേകതകൾ വൈകുന്നേരങ്ങളിൽ മമ്മിയെ വിശദമായി പറഞ്ഞ് ‌കേൾപ്പിയ്ക്കാൻ വേണ്ടി മാത്രമായിരുന്നു.

'അപ്പോ അന്നക്കുട്ടി ടീച്ചറെന്തുചെയ്തു?'
'അതു കേട്ടപ്പോൾ പുതുശേരി സാറെന്തുപറഞ്ഞു?'
എന്നിട്ട്‌ നീയപ്പോൾ എന്തു പറഞ്ഞു?'
'അയ്യോ അങ്ങനെ പറഞ്ഞപ്പോൾ ജയ്മരിയ സിസ്റ്റർ അതു കണ്ടുപിടിച്ചില്ലേ?'

എന്നൊക്കെ ഉത്സാഹത്തോടെ മറുചോദ്യങ്ങൾ ചോദിച്ച് കേൾക്കാനാഗ്രഹിച്ച പ്രതികരണങ്ങൾ നടത്തി, തല പിറകോട്ടു താഴ്ത്തി ഉറക്കെയുറക്കെ ചിരിച്ച്, മമ്മി ഞങ്ങളുടെ ഉത്സാഹത്തിൽ എണ്ണയൊഴിച്ച്‌ അതു വീണ്ടും വീണ്ടും ജ്വലിപ്പിച്ചു കൊണ്ടിരുന്നു. അതു് ഞങ്ങൾ നാലു മക്കളെയും കൂടുതൽ കൂടുതൽ വിശേഷങ്ങൾ കണ്ടുപിടിച്ച്‌ പറയുന്നവരാക്കി മാറ്റി.

ഇത്ര സരസമായി സംസാരിക്കുന്നതു കൊണ്ടായിരിക്കും ഇപ്പൊ മമ്മി
സംസാരിയ്ക്കാനില്ലാത്തതു കൊണ്ട്‌ ജീവിതം പെട്ടെന്ന്‌ വിരസമായതു പോലെ. ആമി കോളേജിലെ വിശേഷങ്ങൾ പറഞ്ഞ്‌ ഫോൺ വയ്ക്കുമ്പോൾ അപ്പൊത്തന്നെ മമ്മിയെ വിളിച്ച്‌ ആ വിശേഷങ്ങൾ ചൂടാറാതെ പറയാനാണ്‌ ഇപ്പോഴും തോന്നുക.

അതിരാവിലെ മൂന്നുമണിയ്ക്ക്‌ വിളിച്ചെഴുന്നേൽപിച്ച്‌
'നീ ഉറങ്ങുവാണോ? എന്നാ ഉറങ്ങിയ്ക്കോ, അല്ലെങ്കിൽ വേണ്ടാ ഒരഞ്ചു മിനിറ്റ്‌ വർത്തമാനം പറഞ്ഞിട്ട്‌ നീ ഉറങ്ങിക്കൊ' എന്നു പറഞ്ഞ്‌ എന്റെ ഉറക്കം കളയാൻ മമ്മിയെക്കഴിഞ്ഞെ മറ്റാരുമുണ്ടായിരുന്നുള്ളു.priya joseph, memories,mothers day,iemalayalam

കഴിഞ്ഞ വർഷം ആഗ്രഹിച്ച്‌ നട്ട ട്യൂളിപ്സ്‌ ഒന്നു പൊലും പൊങ്ങിയില്ല എന്ന സില്ലി പരാതി മമ്മിയോടു് പറയുമ്പോൾ കിട്ടുന്ന ആ ഒരു മനസ്സുഖം വേറെ ആരോടു് പറഞ്ഞാലും കിട്ടില്ല.

അമ്മ -മകൾ, അപ്പൻ-മകൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ- ഇങ്ങനെ ഏത് ബന്ധത്തിനിടയിലും എന്തും സംസാരിയ്ക്കാൻ പറ്റുന്ന സൗ‌ഹൃദമെന്ന നനുത്തനൂലിന്റെ ഇഴയടുപ്പമുണ്ടെങ്കിൽ ജീവിതം എത്ര വർണ്ണശബളമായിരിക്കും എന്ന് മമ്മി ജീവിതം കൊണ്ടു തന്നെയാണ്‌ കാണിച്ചു തന്നത്‌.

നന്നേ ചെറുപ്പത്തിൽ ഉള്ളിൽ കയറിക്കൂടുന്ന ചില ഉപദേശങ്ങൾ, കാഴ്ചകൾ - ഇതൊക്കെ നമ്മൾ എത്ര കുടഞ്ഞെറിയാൻ ശ്രമിച്ചാലും പോകാതെ മരിയ്ക്കുന്നതു വരെ കൂടെ തന്നെയുണ്ടാവും.

സിനിമാതാരങ്ങളോട്‌, ക്രിക്കറ്റ്‌ കളിക്കാരോട്‌, എഴുത്തുകാരോട്‌, ആൾദൈവങ്ങളോട്‌-പ്രശസ്തരായ ആരോടും അവരുടെ സെലിബ്രിറ്റി സ്റ്റാറ്റസ്‌ കണ്ട്‌ അമിത ആരാധനയോ, ഇഷ്ടമോ, വിധേയത്വമോ, ഭക്തിയോ പാടില്ലായെന്നുള്ളത്‌ ഇത്തരത്തിൽ മമ്മി ആണിയടിച്ചു
‌ കയറ്റുന്നതു പോലെ ഞങ്ങളുടെ തലയിൽ കയറ്റിയിരുന്ന ഉപദേശമായിരുന്നു. ഓട്ടൊഗ്രാഫിനായി ആർക്കു മുന്നിലും ചെന്ന് കൈ നീട്ടാൻ പാടില്ലായെന്നുള്ളത്‌ മമ്മിയുടെ അലിഖിത നിയമങ്ങളിലൊന്നായിരുന്നു.

വാസിം അക്രത്തിന്റെ പടമുള്ള പേജു കൊണ്ട്‌ നോട്ട്‌ ബുക്ക്‌‌ പൊതിഞ്ഞ് ക്ലാസ്സിൽ വന്നിരുന്ന ഒരു സുഹൃത്തുണ്ടായിരുന്നു സ്കൂളിൽ. നോട്ട്ബുക്കിന്റെ പിറകിലത്തെ പേജ് മുഴുവൻ വാസിം അക്രം വാസിം അക്രം എന്ന് കുനുകുനെ എഴുതി സായൂജ്യമടഞ്ഞിരുന്നു ഈ സുഹൃത്ത്‌. എന്റെ ഉള്ളിൽ മമ്മി വിതച്ച വിത്തുകൾ ആഴത്തിൽ വീണ്‌ മുള പൊട്ടിയിരുന്നതു കൊണ്ട്‌ ഈ അന്ധമായ ആരാധന എനിയ്ക്ക്‌ വല്ല്യ അത്ഭുതമായിരുന്നു.

പ്രീഡിഗ്രി തൊട്ട്‌‌ ഡിഗ്രി വരെ സെന്റ്‌ തെരേസാസിൽ കൂടെ പഠിച്ച എന്റെ ഒരു ആത്മസുഹൃത്ത്‌ ദേഹം മുഴുവൻ രോമക്കാടുമായി നിൽക്കുന്ന അനിൽ കപൂറിന്റെ ഷർട്ടിടാത്ത ഫോട്ടൊ നോക്കി നെടുവീർപ്പിടുമ്പോഴും, ഉമ്മ വയ്ക്കുമ്പോഴും എന്റെ ഉള്ളിൽ മമ്മി പാകിയ വിത്തുകൾ വളർന്ന് ആഴത്തിൽ വേരോടിയ വൻമരമായി ക്കഴിഞ്ഞിരുന്നു.

ആരോടും ആരാധനയില്ലാത്ത, ഭക്തിയില്ലാത്ത, വിധേയത്വം തോന്നാത്ത ഉറച്ച മനസ്സ്. എങ്കിലും എന്റെ ഈ പ്രിയപ്പെട്ട കൂട്ടുകാരി കാണിയ്ക്കുന്ന കോപ്രായങ്ങൾ ക്ഷമയോടെ, ചിരിയോടെ കണ്ടിരിയ്ക്കാനുള്ള കുട്ടിത്തം മനസ്സിൽ അപ്പോഴും അവശേഷിച്ചിരുന്നു.

അങ്ങനെ, നസ്രത്‌ ഹോസ്റ്റലിലെ ചുവരിൽ ഞാനുറങ്ങുന്നതും പഠിക്കുന്നതും പ്രേമപുരസ്സരം നോക്കിയിരിയ്ക്കാൻ ഒരു സിനിമാതാരമോ, പോപ്‌ ഗായകനോ ഇല്ലാതെ എന്റെ കോളേജ്‌ ജീവിതം കടന്നു പോയതിന് മമ്മിയ്ക്ക്‌ തന്നെയാണ്‌ ഒരു വലിയ നന്ദി.

'സിനിമ കണ്ടോളൂ, പുസ്തകം വായിച്ചോളൂ, പക്ഷേ അവിടെ തീർന്നോണം ഇഷ്ടം,' എന്ന് കർശനമായി ഞങ്ങളോട്‌ പറഞ്ഞ മമ്മി സിനിമാനടൻ ജയൻ മരിച്ചപ്പോൾ രണ്ടാഴ്ച കിടക്കയിൽ നിന്നു് എഴുന്നേറ്റില്ല!

അന്ന് മാർക്കറ്റിൽ കിട്ടുന്ന സകല സിനിമാ വാരികകളും വാങ്ങി വായിച്ച്‌ കരഞ്ഞുകിടക്കുന്ന മമ്മിയെ ഇപ്പഴും ഓർമ്മയുണ്ട്‌.priya joseph ,memories, mothers day,iemalayalam

മാധവിക്കുട്ടിയുടെ കോളിളക്കം സൃഷ്ടിച്ച 'എന്റെ കഥ' പുറത്തിറങ്ങിയപ്പോഴും മമ്മി സ്വഭാവവൈരുദ്ധ്യം കൊണ്ട്‌ എന്നെ വീണ്ടും അമ്പരപ്പിച്ചു.

ആത്മസുഹൃത്തായ വത്സമ്മാന്റിയുമായി ഫോണിലൂടെ മണിക്കൂറുകളാണ്‌ അതിനെകുറിച്ചു് സംസാരിച്ചത്‌. മമ്മിയും വത്സമ്മാന്റിയും ഒരു വിദഗ്ധ മനശാസ്ത്രജ്ഞന്റെ പാടവത്തോടെ അതിലെ പല വരികളും നുള്ളിക്കീറി അപഗ്രഥിയ്ക്കുമ്പോൾ ഞാനപ്പുറത്തെ മുറിയിലിരുന്ന് 'ഈ മാധവിക്കുട്ടി ആള്‌ ചില്ലറക്കാരിയല്ലലോ, ഇങ്ങനെ ദിവസങ്ങളോളം ദീർഘമായി ചർച്ച ചെയ്യാൻ മാത്രം എന്താണിത്ര എഴുതിവച്ചിരിക്കുന്നത്‌?' എന്നാലോചിച്ച്‌ തലപുണ്ണാക്കുകയായിരുന്നു. വൈരുദ്ധ്യങ്ങളുടെ ഒരു കലവറയായിരുന്നു മമ്മി. ഞങ്ങളോട് പറയുന്നതൊന്ന്, പ്രവർത്തിയ്ക്കുന്നത്‌‌ വേറൊന്ന്.

ഈ വൈരുദ്ധ്യങ്ങൾ തന്നെയാണ്‌ മമ്മിയെ ഈ ലോകത്തിൽ എനിയ്ക്കേറ്റവും ഇഷ്ടമുള്ള വ്യക്തിയാക്കി തീർത്തതും. ഒരുത്തമ കുടുംബിനിയുടെയോ, മാതൃകാ അമ്മയുടെയോ ലക്ഷണങ്ങൾ കാണിച്ച്‌ മമ്മി ഒരിയ്ക്കലും ഞങ്ങളേ ബോറടിപ്പിച്ചിട്ടില്ല. ഒരമ്മ എന്തായിരിക്കണം എങ്ങനെ ആയിരിക്കണം എന്ന് എന്തെങ്കിലും മുൻവിധിയോ സങ്കൽപങ്ങളോ ഉള്ളവർക്ക്‌ മമ്മി ശരിയ്ക്കും ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റായിരുന്നു.

മമ്മി കിടക്കുന്ന ബെഡ്ഡിലും,കട്ടിലിന്റെ അടിയിലും, മുറിയിലും എല്ലാം പുസ്തകങ്ങളും മാസികകളും അടുക്കും ചിട്ടയുമില്ലാതെ നിറഞ്ഞ്‌ ചിതറികിടന്നു. തൊടുപുഴ അമ്പലത്തിനടുത്തുള്ള പബ്ലിക്ക്‌ ലൈബ്രറിയിലെ സ്ഥിരം സന്ദർശകയായിരുന്നു മമ്മി. അവിടെ മമ്മി വായിക്കാത്ത പുസ്തകങ്ങളുണ്ടായിരുന്നു എന്നെനിയ്ക്കു് തോന്നുന്നില്ല. പുസ്തകം കൈയിൽ കിട്ടിയാൽ പിന്നെ ചുറ്റുപാടെല്ലാം മറന്ന് വായനയിൽ ലയിച്ചിരിയ്ക്കുമായിരുന്നു.

ഞാൻ പ്രീഡിഗ്രിയ്ക്ക്‌ പഠിയ്ക്കുമ്പോൾ ഗൃഹലക്ഷ്മി നടത്തിയ ചെറുകഥാമത്സരത്തിൽ സമ്മാനാർഹമായ 'സ്വപ്നങ്ങളിലെ തുളസി' എന്ന ചെറുകഥയിലെ പുസ്തകഭ്രാന്തിയായ അമ്മയെ പറ്റി എഴുതാൻ എനിയ്ക്കെവിടെയും പോകേണ്ടായിരുന്നു.

'നീല നിറത്തെ ഇഷ്ടപെട്ട, നെറ്റിയിൽ വല്ല്യ പൊട്ടുതൊട്ട, പുസ്തകങ്ങളെ, വായനയെ പ്രണയിച്ച എന്റെ അതിസുന്ദരിയായ അമ്മ' എന്നു ഞാനെഴുതിയത്‌ എന്റെ മമ്മിയെ കുറിച്ചുതന്നെയായിരുന്നു. അതിന്റെ കൂടെ അൽപം ഭാവനയുംകൂടെ ചേർന്നപ്പോൾ അത്‌ സമ്മാനർഹമായ കഥയായി മാറി.

കഥ അവാർഡിനർഹമായപ്പോൾ ആ അമ്മയെക്കുറിച്ചു വാരിക്കോരിയെഴുതിയ നീണ്ടകത്തുകൾ വരാൻ തുടങ്ങി. കഥയിലെ അമ്മ ഇഷ്ടപെട്ടിരുന്ന നീല നിഷേധത്തിന്റെ നിറമാണെന്നും, അമ്മയുടെ നെറ്റിയിലെ ആ വലിയ പൊട്ട്‌ ഈ കാലഘട്ടത്തിന്റെ തന്നെ വിപ്ലവമാണെന്നും ആരോ എഴുതിയത്‌ വായിച്ച്‌ തലകുത്തികിടന്ന് മമ്മി ചിരിച്ചു. 'നിന്റെ ഇപ്രാവശ്യത്തെ ഫൊട്ടൊ നല്ലതായതുകൊണ്ടാണ്‌ ഇത്രയും കത്തുകൾ' ‌ എന്ന് പറഞ്ഞ്‌ ഉള്ളിൽ തോന്നിയ സകല അഹങ്കാരത്തെയും മമ്മി തട്ടി തകർത്തു കളഞ്ഞു.

എല്ലാ അർത്ഥത്തിലും മമ്മി മമ്മിയുടെ ടേംസിൽ മാത്രം ജീവിച്ച ഒരു സ്ത്രീ ആയിരുന്നു. ഭർത്താവിന്റെയോ മക്കളുടെയോ കൂട്ടുകാരുടെയോ സ്വന്തം അപ്പന്റെയോ അമ്മയുടെയോ ഇഷ്ടം പിടിച്ചു പറ്റാൻ വേണ്ടി ജീവിച്ച ഒരു സ്ത്രീയെ ആയിരുന്നില്ല എന്റെ മമ്മി.

മമ്മിയ്ക്ക്‌ എന്താണോ ഇഷ്ടം അതു മാത്രം ചെയ്തു. എന്ത് മനസ്സിൽ തോന്നുന്നോ അതപ്പോ പുറത്തു കാണിച്ചു.

ഒരേ സമയം തന്നെ കർക്കശകാരിയും, അലിവുള്ളവളും, മുൻകോപക്കാരിയുമായി. മമ്മിയുടെ ഈ വേഷപ്പകർച്ച ഞങ്ങൾ കുട്ടികൾ പൂണ്ണമായും ഉൾക്കൊണ്ടിടത്താണ്‌ മമ്മിയിലെ അമ്മ വിജയിച്ചത്‌.

എന്റെ രണ്ടാമത്തെ മകൾ മിയയ്ക്ക്‌ അവളുടെ സ്കൂൾ കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള ആപ്പ്ളിക്കേഷൻ ഫോമിൽ ഒരു ചോദ്യമുണ്ടായിരുന്നു.

'ഹൂ ഈസ്‌ ദ പേർസ്സൺ യു അഡ്മയർ ദ മോസ്റ്റ്‌ ആന്റ്‌ വൈ??' അതിനവൾ എഴുതിയ ഉത്തരം ഇപ്രകാരമായിരുന്നു-

'My grand mother (my mom’s Mom). She is very opinionated, spirited, lovingly nagging, judgmental, but never ever a dull moment when she is around.'

അവളെഴുതിയിരുന്ന ഉത്തരത്തിലേയ്ക്ക്‌ നോക്കി നോക്കി ഞാനെത്രനേരം ഇരുന്നെന്ന് എനിയ്ക്കുതന്നെ അറിയില്ല. എത്ര കൃത്യമായിട്ടാണ്‌ എന്റെ മമ്മിയെ എന്റെ മകൾ മനസ്സിലാക്കിവച്ചിരിയ്ക്കുന്നത്‌.

മിയ എഴുതിയതുപോലെ-കൂടെ ജീവിച്ചവർക്കറിയാം -ബോറിംഗ്‌ ആയിട്ടുള്ള ഒരു നിമിഷം പോലുമില്ലാത്ത ജീവിതം!

മമ്മിയുടെ കൂടെക്കഴിഞ്ഞിരുന്ന ഒരോ ദിവസവും വിശേഷിപ്പിക്കാവുന്നത്‌ ഇങ്ങനെ മാത്രം- സംഭവബഹുലം, സ്നേഹനിർഭരം, സംഘർഷഭരിതം!

കഴിഞ്ഞുപോയ ജീവിതത്തിന്റെ എരിവും പുളിയും നുണഞ്ഞ്‌, മമ്മിയെ തീവ്രമായി മിസ്സ്‌ ചെയ്യുമ്പോഴെല്ലാം ഞാൻ മമ്മിയുടെ ഈ റെസിപ്പി ബുക്ക്‌ ഇടയ്ക്കിടയ്ക്കിടെ ഇനിയും തുറക്കും... അടയ്ക്കും... പിന്നെയും തുറക്കും... ഞാൻ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തിരുന്നു് വേറെയും മൂന്നു പേർ കണ്ണു നിറച്ച്‌ ഇതുതന്നെ ചെയ്യുന്നുണ്ടെന്ന് എനിയ്ക്ക്‌ ഉറപ്പുണ്ട്‌.

Read More:

Memories Mothers Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: